പരിചയപ്പെട്ടത് മാട്രിമോണിയൽ വഴി, കണ്ടീഷനുകൾ ആദ്യമേ പറഞ്ഞു; അതിന് ശേഷമാണ് വീട്ടിൽ പറഞ്ഞത്: മീര നന്ദൻ
മുല്ല എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് വന്ന നടി മീര നന്ദൻ ഇന്ന് സിനിമാ രംഗം വിട്ട് ദുബായിൽ ആർജെയായി ജോലി ചെയ്യുകയാണ്. 2024 ലായിരുന്നു മീര നന്ദന്റെ വിവാഹം. ശ്രീജു എന്നാണ് ഭർത്താവിന്റെ പേര്. വിവാഹത്തെക്കുറിച്ചും വിവാഹ ജീവിതത്തെക്കുറിച്ചും സംസാരിക്കുകയാണിപ്പോൾ മീര നന്ദൻ. ദ മജ്ലിസ് ഷോയ്ക്ക് നൽകിയ അഭിമുഖത്തിലാണ് നടി മനസ് തുറന്നത്.
ഒറ്റയ്ക്ക് താമസിക്കുമ്പോഴും എനിക്ക് റിലേഷൻഷിപ്പുകൾ ഉണ്ടായിട്ടുണ്ട്. ഓരോ റിലേഷൻഷിപ്പ് കഴിയുമ്പോഴും ഓരോ കാര്യങ്ങൾ പഠിക്കും. നെഗറ്റീവും പോസിറ്റീവും. എനിക്ക് മതിയായി, ഒറ്റയ്ക്ക് ജീവിക്കണം എന്ന ഘട്ടത്തിലേക്ക് ഞാനെത്തി. ജീവിതം ആസ്വദിക്കുകയായിരുന്നു ഞാൻ. എന്റേതായ സ്പേസ്. എപ്പോൾ വേണമെങ്കിലും എഴുന്നേൽക്കാം. ആരും ചോദിക്കാനില്ല.

കുടുംബവുമായി ഞാൻ വളരെ അറ്റാച്ച്ഡ് ആണ്. വിവാഹം ചെയ്യാത്തതെന്തെന്ന് കുടുംബത്തിൽ നിന്ന് ചോദ്യങ്ങൾ വന്നു. 31-32 വയസായപ്പോഴാണ് ചോദ്യങ്ങൾ വന്നത്. ഞാനിപ്പോൾ വിവാഹത്തിന് തയ്യാറല്ലെന്ന് പറഞ്ഞു. പിന്നീടും സമ്മർദ്ദം വന്നു. ഞാൻ മാട്രിമോണിയൽ അക്കൗണ്ട് തുടങ്ങി. അങ്ങനെയാണ് താൻ ശ്രീജുവിനെ പരിചയപ്പെടുന്നതെന്നും മീര നന്ദൻ പറയുന്നു. മൂന്ന് നാല് മാസം ഫോണിൽ സംസാരിച്ചു. ഒരിക്കൽ ദുബായിൽ വന്നു.
ശ്രീജു ലണ്ടനിലാണ്. ജോലി വിട്ട് മറ്റൊരു നാട്ടിലേക്ക് പോകാനും വീട്ടമ്മയായിരിക്കാനും എനിക്ക് താൽപര്യമില്ലായിരുന്നു. ശ്രീജുവിനോട് പറഞ്ഞപ്പോൾ നീ മൂവ് ചെയ്യേണ്ട, ഞാനിങ്ങോട്ടേക്ക് മാറാം എന്ന് പറഞ്ഞു. അതിന് ശേഷമാണ് വീട്ടിൽ പറയുന്നത്. അങ്ങനെയാണ് വിവാഹം നടക്കുന്നതെന്ന് മീര നന്ദൻ വ്യക്തമാക്കി.

ശ്രീജു എന്റെ ബഹുമാനിക്കുന്ന രീതി ഇഷ്ടമാണ്. ഒരുപാട് വർഷം ഒറ്റയ്ക്ക് ജീവിച്ചതാണ്. എനിക്കെന്റെ സ്പേസ് ഇഷ്ടമാണ്. അത് വേണം എന്ന് ഞാൻ പറഞ്ഞിരുന്നു. ശ്രീജുവും അങ്ങനെയാണ്. കുറേക്കാലം ഒറ്റയ്ക്ക് ജീവിച്ചയാളാണ് ശ്രീജുവും. അതിനാൽ തന്റേതായ സ്പേസ് വേണമെന്നും മീര നന്ദൻ പറഞ്ഞു. സിനിമാ രംഗം വിട്ടതിനെക്കുറിച്ചും മീര സംസാരിച്ചു.
സിനിമാ രംഗം വിട്ടതിനെക്കുറിച്ചും മീര നന്ദൻ സംസാരിച്ചു. അവിചാരിതമായാണ് സിനിമാ രംഗത്തേക്ക് വന്നത്. അവസരം വന്നപ്പോൾ ഞാനെടുത്തു. സിനിമാ രംഗത്തേക്ക് വന്നപ്പോൾ ഈ ക്രാഫ്റ്റിന്റെ ആഴം മനസിലായി. മമ്മൂട്ടിയും മോഹൻലാലുമെല്ലാം കരിയറിൽ ഒരുപാട് കാര്യങ്ങൾ ചെയ്യുന്നുണ്ട്. കഠിനാധ്വാനമാണ്. ഞാൻ ഈ ക്രാഫ്റ്റിനെ ഇഷ്‌ടപ്പെടാൻ തുടങ്ങി. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുന്നത് മാത്രമല്ല ആക്ടറുടെ ജോലി. ഒരുപാട് ഉത്തരവാദിത്വമുണ്ട്. ഒരുപാട് അറ്റൻഷൻ, ബാഗേജ് എന്നിവയെല്ലാമുണ്ട്.
ഞാനതിന് തയ്യാറെടുത്തിരുന്നില്ല. ആക്ടറായിരിക്കുമ്പോൾ ഞാൻ ചാനൽ അഭിമുഖങ്ങൾക്കും റേഡിയോ അഭിമുഖങ്ങൾക്കുമെല്ലാം പോയി. റേഡിയോ ഇന്റർവ്യൂകൾ എനിക്കിഷ്ടപ്പെട്ടു. മറ്റ് ഇന്റർവ്യൂകൾ എനിക്ക് വർക്കായി തോന്നി. റേഡിയോ ജോക്കിയാകാൻ ഞാൻ ആഗ്രഹിച്ചു. എനിക്ക് ഉചിതമായ അവസരം ലഭിച്ചെന്നും മീര നന്ദൻ പറഞ്ഞു.


Click it and Unblock the Notifications











