ആളിക്കത്തിയത് ആ മനുഷ്യ സ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണ്! വൈറലായി മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുറിപ്പ്
പ്രളയ കാലത്തും കൊവിഡ് 19 പ്രതിസന്ധികള്‍ക്കിടയിലും ജനങ്ങള്‍ക്കുള്ള പിന്തുണയുമായി സിനിമാ താരങ്ങളും രംഗത്തുണ്ട്. നല്ലത് കണ്ടാല്‍ പ്രശംസയുമായി മോഹന്‍ലാലും മമ്മൂട്ടിയുമടക്കം താരരാജക്കന്മാരും എത്താറുണ്ട്. കഴിഞ്ഞ ദിവസം കേരളത്തിലുണ്ടായ ദുരന്തങ്ങള്‍ നല്‍കിയത് വലിയ ആഘാതമാണെന്ന് പറയുകയാണ് മെഗാസ്റ്റാര്‍ മമ്മൂട്ടിയിപ്പോള്‍.
ഇടുക്കി രാജമലയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂര്‍ വിമാനാപകടത്തില്‍ പെട്ടവരെ രക്ഷിക്കാനും കാറ്റും മഴയും കൊറോണയുമൊന്നും വകവെക്കാതെ വന്ന രക്ഷാപ്രവര്‍ത്തനത്തിന് മുന്നിട്ടിറങ്ങി സേവനം ചെയ്യുന്ന ആളുകള്‍ക്കും നന്ദി പറഞ്ഞ് കൊണ്ടും എത്തിയതായിരുന്നു മമ്മൂട്ടി. ഫേസ്ബുക്കിലൂടെ പങ്കുവെച്ച കുറിപ്പ് അതിവേഗമാണ് വൈറലായി മാറിയിരിക്കുന്നത്.

മമ്മൂട്ടിയുടെ കുറിപ്പ് വായിക്കാം
'നമുക്ക് ഒട്ടും പരിചിതമല്ലാത്ത, നമ്മുടെ തലമുറ ഒരിക്കല്‍ പോലും അനുഭവിച്ചിട്ടില്ലാത്ത ആതുരമായ, വേദനാജനകമായ കാലത്തിലൂടെയാണ് ലോകമിപ്പോള്‍ കടന്നു പോയ്‌ക്കൊണ്ടിരിക്കുന്നത്. മനുഷ്യരാശി ഒന്നടങ്കം നിസ്സഹായരായി സ്തംഭിച്ചു നില്‍ക്കയാണ്. നമ്മെ, കേരളത്തെ സംബന്ധിച്ചിടത്തോളം പരീക്ഷണങ്ങള്‍ക്കു കാഠിന്യമേറുന്നു.
പ്രളയം, മലയിടിച്ചില്‍, വിമാന ദുരന്തം അങ്ങനെ ഓരോന്നും കനത്ത ആഘാതമാണ് എല്‍പിച്ചു കൊണ്ടിരിക്കുന്നത്. എന്നാല്‍ പ്രതീക്ഷയുടെ വിളക്കുകള്‍ അണഞ്ഞു പോവുന്നില്ലെതാണ് ആശ്വാസകരം. പ്രളയത്തില്‍ നാമതു കണ്ടതാണ്. മനുഷ്യ സ്‌നേഹത്തിന്റെ, ത്യാഗത്തിന്റെ, ഉജ്ജ്വല ദൃഷ്ടാന്തങ്ങള്‍. ഏതാപത്തിലും ഞങ്ങള്‍ കുടെയുണ്ടെന്നു പറയുന്ന ഒരു ജനതയുടെ ഉദാത്തമായ ആത്മധൈര്യം.

Recommended Video
പെട്ടിമുടിയില്‍ ഉരുള്‍പൊട്ടിയപ്പോഴും കരിപ്പൂരില്‍ വിമാനം വീണു തകര്‍ന്നപ്പോഴും ആളിക്കത്തിയത് ആ മനുഷ്യസ്‌നേഹത്തിന്റെ തീപ്പന്തങ്ങളാണ്. ഈ കെട്ടകാലത്തെ വെളിച്ചത്തിലേക്കു നയിക്കുവാന്‍ സ്‌നേഹത്തിന്റെ ആ പ്രകാശത്തിനേ കഴിയൂ. നമുക്ക് കൈകോര്‍ത്തു നില്‍ക്കാം. നമുക്കൊരുമിച്ചു നില്‍ക്കാം. സ്‌നേഹത്തിന്റെയും കാരുണ്യത്തിന്റെയും ദീപസ്തംഭങ്ങളായി ഉയര്‍ന്നു നില്‍ക്കാം'. എന്നുമായിരുന്നു മെഗാസ്റ്റാര്‍ പറയുന്നത്.
കൊറോണ കാരണം സിനിമാ ഷൂട്ടിങ്ങുകളെല്ലാം നിര്‍ത്തിവെച്ചതോടെ കഴിഞ്ഞ മാര്‍ച്ച് മുതല്‍ വീടുകളില്‍ തന്നെ കഴിയുകയായിരുന്നു മെഗാസ്റ്റാര്‍ മമ്മൂട്ടി. വാപ്പച്ചി വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ട് നൂറ്റിയമ്പത് ദിവസമായെന്ന് അടുത്തിടെ ദുല്‍ഖര്‍ സല്‍മാന്‍ പറഞ്ഞിരുന്നു. എത്ര ദിവസം വീട്ടില്‍ നിന്നും പുറത്തിറങ്ങാതെ നില്‍ക്കാന്‍ സാധിക്കുമെന്ന് മമ്മൂട്ടി സ്വയം ഒരു വെല്ലുവിളി സ്വീകരിച്ചിരിക്കുകയാണെന്നും ദുല്‍ഖര്‍ പറഞ്ഞു.


Click it and Unblock the Notifications