പേടിയുണ്ടോന്ന് മാത്രം മമ്മൂട്ടി വിളിച്ച് ചോദിച്ചു; മെഗാസ്റ്റാർ നൽകിയ ഉപദേശത്തെ കുറിച്ച് അനന്തരവൻ അഷ്‌കര്‍
ദുല്‍ഖര്‍ സല്‍മാനും മക്ബൂല്‍ സല്‍മാനും ശേഷം മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ കുടുംബത്തില്‍ നിന്നുമൊരാള്‍ കൂടി സിനിമയില്‍ സജീവമാവുകയാണ്. മമ്മൂട്ടിയുടെ സഹോദരി സൗദയുടെ മകന്‍ അഷ്‌കര്‍ സൗദാന്‍ നായകനായി അഭിനയിക്കുന്ന സിനിമകളാണ് വൈകാതെ തിയേറ്ററുകളിലേക്ക് എത്തുന്നത്. മുന്‍പും പല അഭിമുഖങ്ങളിലൂടെയായി തന്റെ സിനിമാ വിശേഷങ്ങള്‍ അഷ്‌കര്‍ ആരാധകരുമായി പങ്കുവെച്ചിരുന്നു.
ബീച്ചിൽ അവധി ആഘോഷിച്ച് ജാൻവി കപൂർ, ബിക്കിനിയിലുള്ള താരപുത്രിയുടെ ഫോട്ടോസ് വൈറലാവുന്നു
മെഗാസ്റ്റാറിന്റെ സിനിമയിലൂടെ തന്നെ ബാലതാരമായി അഭിനയിച്ച് തുടങ്ങിയ അഷ്‌കര്‍ അമ്മാവാന്‍ നല്‍കിയ ചില ഉപദേശങ്ങളെ കുറിച്ച് കൂടി പറയുകയാണിപ്പോള്‍. മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലൂടെയാണ് വരാനിരിക്കുന്ന സിനിമകളെ കുറിച്ചും മമ്മൂട്ടിയുടെ പേരില്‍ സിനിമയില്‍ വളരാന്‍ താല്‍പര്യമില്ലെന്നുമുള്ള കാര്യം അറിയിച്ചത്. വിശദമായി വായിക്കാം...

തസ്‌കരവീരന് എന്ന സിനിമയില്‍ ബാലതാരമായിട്ടാണ് ഞാന്‍ തുടങ്ങിയത്. ചെറിയ വേഷമായിരുന്നെങ്കിലും അതൊരു തുടക്കമായി. എന്നെ അഭിനയിപ്പിക്കുന്നതിനെ പറ്റി സംവിധായകന്‍ മമ്മൂക്കയോട് അഭിപ്രായം ചോദിച്ചു. ഉടനെ അമ്മാവന്‍ എന്നെ വിളിച്ചു. പേടിയുണ്ടോ എന്റെ കൂടെ അഭിനയിക്കാന്‍ എന്ന് മാത്രം ചോദിച്ചു. പിന്നെ ചീത്തപ്പേര് കേള്‍പ്പിക്കരുതെന്ന് പ്രത്യേകതം പറഞ്ഞിരുന്നു.

എന്റെ സിനിമകള്‍ അദ്ദേഹം കണ്ടിട്ടുണ്ടോ എന്നറിയില്ല. അഭിപ്രായം പറഞ്ഞിട്ടില്ല, ചോദിച്ചിട്ടുമില്ല. മമ്മൂട്ടിയുടെ മകന്‍ എന്ന ലേബലില്‍ സിനിമയില്‍ എത്തിയതല്ല ദുല്‍ഖര്‍ സല്‍മാന്‍. മമ്മൂട്ടിയുടെ അനുജന്‍ ഇബ്രാഹിംകുട്ടിയുടെ മകന്‍ മക്ബൂല്‍ സല്‍മാനും മമ്മൂട്ടിയുടെ പേര് ഉപയോഗിച്ചിട്ടില്ല. ഞാനും അങ്ങനെ തന്നെയാണ് വളരാന്‍ ആഗ്രഹിക്കുന്നത്. സ്വന്തം അധ്വാനത്തിലൂടെ വേണം വിജയം നേടാന്‍ എന്ന കാഴ്ചപാടാണ് മമ്മൂട്ടിയ്ക്ക്.

ഉടന്‍ രിലീസിനൊരുങ്ങുന്ന മൈഡിയാര്‍ മച്ചാന്‍സ് ആക്ഷന്‍ മൂവിയാണ്. ട്രെയിലറിന് നല്ല വരവേല്‍പ്പാണ് ലഭിച്ചത്. സൗക്കാര്‍ പേട്ടൈ, പൊട്ട് എന്നിവയാണ് തമിഴില്‍ പൂര്‍ത്തിയായ സിനിമകള്‍. നടി ദേവയാനിയുടെ സഹോദരന്‍ നായകനാവുന്ന മറ്റൊരു തമിഴ് പടത്തില്‍ വില്ലന്‍ വേഷം ചെയ്യുന്നു. മലയാളത്തില്‍ മറ്റൊരു ബിഗ് ബജറ്റ് പ്രൊജക്ടും ചെയ്യാനൊരുങ്ങുന്നു. ടിവിയിലെ ഫാഷന്‍ പരിപാടിയിലൂടെയാണ് ഞാന്‍ സ്‌ക്രീനിന് മുന്നിലെത്തുന്നത്. മോഡലിങ്ങിലായിരുന്നു താല്‍പര്യം. വേനല്‍മഴ, ആരോ ഒരാള്‍ എന്നീ സീരിയലുകളിലും അഭിനയിച്ചു.

തസ്‌കരവീരന് ശേഷം ഇവര്‍ വിവാഹിതരായാല്‍, കന്യാകുമാരി എക്‌സ്പ്രസ്, ഞാനാര മോന്‍, വലിയങ്ങാടി, നിന്നിഷ്ടം എന്നിഷ്ടം, ഹാപ്പി ദര്‍ബാര്‍, മേരേ പ്യാരേ ദേശ്വാസിയോം, മൂന്നാം പ്രളയം എന്നീ സിനിമകള്‍ മലയാളത്തില്‍ ചെയ്തു. വള്ളിക്കെട്ട് സിനിമയില്‍ നായകനായതോടെയാണ് എന്നെ പ്രേക്ഷകര്‍ തിരിച്ചറിഞ്ഞ് തുടങ്ങിയത്. മൈ ഡിയര്‍ മച്ചാന്‍സിന് പുറമേ, സുഗേഷിന് പെണ്ണ് കിട്ടുന്നില്ല, കൊലമാസ്, ഗസറ്റഡ് യക്ഷി, എന്നോട് ഐ ലവ് യൂ എന്ന്, ആനന്ദകല്യാണം, എന്നിവയാണ് ഇനി വരാനുള്ള ചിത്രങ്ങള്‍.

സൗദയാണ് എന്റെ ഉമ്മ. പിതാവ് അബ്ദുല്‍കരീം തലയോലപ്പറമ്പ് ഇളയസഹോദരന്‍ അസ്ലം. സഹോദരി റോസ്‌ന. ഭാര്യ സോണിയ എന്ന ശബ്‌ന. മകന്‍ അര്‍സലാന്‍ മുബാറക്. നടി കല്‍പ്പന ചേച്ചിയാണ് എന്റെ പേരിനോടൊപ്പം സൗദാന്‍ എന്ന പേര് നിര്‍ദ്ദേശിച്ചത്. അമ്മയുടെ പേര് ചേര്‍ത്ത് എനിക്ക് പേരിടാമെന്ന് കല്‍പ്പന ചേച്ചി പറഞ്ഞപ്പോള്‍ ഞാനും അത് ഉറപ്പിക്കുകയായിരുന്നു എന്നും അഷ്‌കര്‍ സൗദാന്‍ പറയുന്നു.


Click it and Unblock the Notifications











