മെഗാസ്റ്റാറിന്റെ വമ്പന്‍ സിനിമകള്‍! മാമാങ്കവും ബിലാലുമടക്കം മമ്മൂട്ടി ചിത്രങ്ങളുടെ ഘോഷയാത്ര വരുന്നു
മമ്മൂട്ടിയ്ക്ക് വിജയങ്ങള്‍ മാത്രം സമ്മാനിച്ച വര്‍ഷമാണ് 2019. ഇതുവരെ റിലീസിനെത്തിയ സിനിമകളെല്ലാം ബോക്‌സോഫീസില്‍ ചരിത്രം സൃഷ്ടിച്ചെങ്കില്‍ ഇനി വരാനിരിക്കുന്നതാണ് അത്ഭുതം. മമ്മൂട്ടിയുടെ കരിയറിലെ ആദ്യ നൂറ് കോടി ചിത്രം പിറന്നതും ഇക്കൊല്ലമായിരുന്നു. മാത്രമല്ല വര്‍ഷങ്ങള്‍ക്ക് ശേഷം തമിഴ്, തെലുങ്ക് ഭാഷകളിലെ സിനിമകള്‍ റിലീസിനെത്തിയും ഇക്കഴിഞ്ഞ മാസങ്ങളിലായിരുന്നു.
അറിയാം ഓണത്തിനെത്തിയ പുതിയ നെക്‌ലൈസ് ട്രെന്‍ഡുകള്‍
ഇതുവരെ നേടിയതൊന്നുമല്ല വരാനിരിക്കുന്നതാണ് മെഗാസ്റ്റാറിന്റെ വിസ്മയമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. ബിഗ് ബജറ്റിലൊരുക്കുന്ന മാമാങ്കത്തിന്റെ റിലീസിന് വേണ്ടിയാണ് ആരാധകര്‍ കാത്തിരുന്നത്. ഇത് സംബന്ധിച്ച് പലതരം വാര്‍ത്തകള്‍ പ്രചരിച്ചിരുന്നെങ്കിലും അണിയറ പ്രവര്‍ത്തകര്‍ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാക്കിയിരുന്നില്ല. ഒടുവില്‍ സിനിമയുടെ റിലീസ് തീയ്യതി പുറത്ത് വന്നിരിക്കുകയാണ്.

കേരളത്തില്‍ ഇതുവരെ നിര്‍മ്മിച്ചതില്‍ ഏറ്റവും മുതല്‍ മുടക്കുള്ള സിനിമയായിട്ടാണ് മാമാങ്കം പ്രഖ്യാപിച്ചത്. ചിത്രീകരണം പൂര്‍ത്തിയാക്കി അതിവേഗം തിയറ്ററുകളിലേക്ക് റിലീസിനെത്തിക്കാനുള്ള തയ്യാറെടുപ്പിലാണ് അണിയറ പ്രവര്‍ത്തകര്‍. ഒക്ടോബറിലോ നവംബറിലോ റിലീസ് ഉണ്ടാവുമെന്ന് പറഞ്ഞെങ്കിലും കൃത്യമായൊരു ദിവസം വ്യക്തമായിരുന്നില്ല. എന്നാല്‍ നവംബര്‍ 21 ന് മാമാങ്കം റിലീസ് ചെയ്യുമെന്നാണ് അറിയുന്നത്. ഏകദേശം ഈ ദിവസങ്ങളിലായിട്ടായിരിക്കും സിനിമ എത്തുക. പോസ്റ്റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ച് കൊണ്ടിരിക്കുന്നതിനാല്‍ ഇനിയും വൈകുമോ എന്നതിനെ കുറിച്ച് വ്യക്തതയില്ല.

തിരുന്നാവായ മണപ്പുറത്ത് പന്ത്രണ്ട് വര്‍ഷത്തിലൊരില്‍ നടന്നിരുന്ന മാമാങ്കം പ്രമേയമാക്കിയാണ് എം പത്മകുമാറിന്റെ സംവിധാനത്തില്‍ സിനിമ വരുന്നത്. ബ്രഹ്മാണ്ഡമായി ഒരുക്കുന്ന ചിത്രം പ്രവാസി വ്യവസായി വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മിക്കുന്നത്. കോഴിക്കോട്ടെ സാമൂതിരിയെ വധിക്കാനായി പുറപ്പെടുന്ന ചാവേറുകളുടെ കഥയാണ് സിനിമയിലൂടെ പറയുന്നത്. മമ്മൂട്ടി, ഉണ്ണി മുകുന്ദന്‍, പ്രാചി തെഹ്ലന്‍ എന്നിങ്ങനെ ഒത്തിരി താരങ്ങളും സിനിമയിലുണ്ട്. ഇതുവരെ കേരള ബോക്‌സോഫീസില്‍ നിന്നും ലഭിച്ചിട്ടുള്ള സകല റെക്കോര്‍ഡുകളും മാമാങ്കം മറികടക്കുമെന്നാണ് പ്രതീക്ഷ.

മാമാങ്കം മാത്രമല്ല 2019-2020 ലായി മമ്മൂട്ടി നായകനായി അഭിനയിക്കുന്ന നിരവധി സിനിമകളാണ് വരാനിരിക്കുന്നത്. അതില്‍ ആദ്യമെത്തുന്നത് രമേഷ് പിഷാരടിയുടെ സംവിധാനത്തിലൊരുങ്ങുന്ന ഗാനഗന്ധര്‍വ്വനാണ്. ഓണത്തിന് റിലീസ് പ്ലാന്‍ ചെയ്തിരുന്നെങ്കിലും സെപ്റ്റംബര്‍ ഇരുപത്തിയേഴിനാണ് ഗാനഗന്ധര്‍വ്വന്റെ റിലീസ്. സാധാരണ ഗാനമേളകളില്‍ പാട്ട് പാടുന്ന കലാകാരനായിട്ടാണ് മമ്മൂട്ടി അഭിനയിക്കുന്നത്.

നിലവില്‍ മമ്മൂട്ടി ഷൈലോക്ക് എന്ന സിനിമയുടെ ഷൂട്ടിംഗ് തിരക്കുകളിലാണ്. രാജാധിരാജ, മാസ്റ്റര്‍പീസ് എന്നീ സിനിമകള്‍ക്ക് ശേഷം അജയ് വാസുദേവ്-മമ്മൂട്ടി കൂട്ടുകെട്ടിലൊരുന്ന ചിത്രമാണ് ഷൈലോക്ക്. രാജ് കിരണ്‍ ആണ് ചിത്രത്തിലെ മറ്റൊരു നായകന്‍. നെഗറ്റീവ് ഷേഡുള്ള പലിശക്കാരനായിട്ടാണ് മമ്മൂട്ടി ചിത്രത്തിലഭിനയിക്കുന്നത്. നവാഗതരായ ബിബിന്‍ മോഹന്‍-അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കുന്നത്. മീനയാണ് നായിക. ഡിസംബറോട് കൂടി ഷൈലോക്ക് തിയറ്ററുകളിലേക്ക് എത്തിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

അബ്രഹാമിന്റെ സന്തതികള്‍ക്ക് ശേഷം ഹനീഫ് അദേനിയുടെ തിരക്കഥയില്‍ ഒരുങ്ങുന്ന സിനിമയാണ് അമീര്‍. ആക്ഷന്‍ ചിത്രമായി ഒരുക്കുന്ന അമീര്‍ നവാഗതനായ വിനോദ് വിജയന്‍ ആണ് സംവിധാനം ചെയ്യുന്നത്. കണ്‍ഫെഷന്‍ ഓഫ് എ ഡോണ്‍ എന്നാണ് ഗ്യാങ്‌സ്റ്റര്‍ ചിത്രത്തിന്റെ ടാഗ് ലൈന്‍. ഇപ്പോഴുള്ള സിനിമകളുടെ ഷൂട്ടിംഗ് തിരക്കുകള്‍ കഴിഞ്ഞതിന് പിന്നാലെ അമീര്‍ ആരംഭിക്കും.

കുറ്റാന്വേഷകന്റെ വേഷത്തില്‍ മമ്മൂട്ടി അഭിനയിച്ച സിബിഐ കാറ്റഗറിയിലെ അഞ്ചാമത്തെ സിനിമ കൂടി വരികയാണ്. എസ് എന്‍ സ്വാമിയുടെ തിരക്കഥയില്‍ കെ മധു സംവിധാനം ചെയ്ത സിബിഐ ഡയറി കുറിപ്പ് എന്ന സിനിമയാണ് ഈ സീരിസില്‍ പിറന്ന ആദ്യ ചിത്രം. തുടര്‍ച്ചയായി നാല് സിനിമകളും വിജയമായതോടെയാണ് അഞ്ചാമത് ഒരു ഭാഗം കൂടി വരുന്നതായി പ്രഖ്യാപിച്ചത്. 2020 ലെ ഓണം റിലീസ് ലക്ഷ്യമാക്കിയാണ് സിനിമയുടെ ഷൂട്ടിംഗ് ആരംഭിക്കുക.

മാമാങ്കം കഴിഞ്ഞാല്‍ മമ്മൂട്ടി ആരാധകരും മലയാള സിനിമാപ്രേമികളും കാത്തിരിക്കുന്നത് ബിലാല്‍ എന്ന സിനിമയ്ക്ക് വേണ്ടിയാണ്. അമല്‍ നീരദ് സംവിധാനം ചെയ്ത് മമ്മൂട്ടി നായകനായി അഭിനയിച്ച ബിഗ് ബി യുടെ രണ്ടാം ഭാഗമായിട്ടാണ് ബിലാല്‍ ഒരുങ്ങുന്നത്. വലിയ ആകാംഷ നിറഞ്ഞതും സ്റ്റൈലിസ്റ്റിക് കഥാപാത്രമാണ് ചിത്രത്തിലെ ബിലാല്‍ ജോണ്‍ കുരിശിങ്കല്‍. ബിലാലിന് വേണ്ടി അടുത്ത വര്‍ഷം വരെ കാത്തിരിക്കേണ്ടി വരും.
Recommended Video

ബോബി-സഞ്ജയ് കൂട്ടുകെട്ടിലൊരുക്കുന്ന വണ്‍, ശ്യാം പുഷ്‌കരന്റെ തിരക്കഥിയല്‍ ആഷിക് അബു സംവിധാനം ചെയ്യുന്ന ഗ്യാങ്സ്റ്റാര്‍ 2, നാദിര്‍ഷ ഒരുക്കുന്ന അയാം എ ഡിസ്‌കോ ഡാന്‍സര്‍, കോട്ടയം കുഞ്ഞച്ചന്‍ 2, കുഞ്ഞാലി മരക്കാര്‍ എന്നിങ്ങനെ നിരവധി സിനിമകളാണ് മമ്മൂട്ടിയുടേതായി ഇനി വരാനിരിക്കുന്നത്. ബോക്‌സോഫീസില്‍ വലിയ തരംഗമുണ്ടാക്കാന്‍ സാധ്യതയുള്ള ഈ സിനിമകള്‍ അധികം വൈകാതെ തന്നെ എത്തും.


Click it and Unblock the Notifications











