ചിരു പറഞ്ഞത് സത്യമായെന്ന് മേഘ്‌ന രാജ്, മകനെ അങ്ങനെ വളര്‍ത്താനാണ് ആഗ്രഹിച്ചത്, എല്ലാം വെറുതെയായി
ചിരഞ്ജീവി സര്‍ജയുടെ വിയോഗത്തില്‍ ആരാധകരും സങ്കടത്തിലായിരുന്നു. മേഘ്‌ന രാജും ചിരഞ്ജീവി സര്‍ജയും 10 വര്‍ഷത്തെ സൗഹൃദത്തിന് ശേഷമായാണ് വിവാഹിതരായത്. തെന്നിന്ത്യന്‍ സിനിമാലോകം ഒന്നടങ്കം ഇവരുടെ വിവാഹത്തില്‍ പങ്കെടുക്കാനായി എത്തിയിരുന്നു. രണ്ടാം വിവാഹ വാര്‍ഷികം ആഘോഷിച്ച് നാളുകള്‍ പിന്നിടുന്നതിനിടയിലായിരുന്നു മേഘ്‌നയ്ക്ക് ചിരുവിനെ നഷ്ടമായത്. കുഞ്ഞതിഥി എത്തും മുന്‍പായിരുന്നു ആ വിയോഗം. കുഞ്ഞിലായിരുന്നു എല്ലാവരുടേയും പ്രതീക്ഷ. ചിരു കുഞ്ഞിലൂടെ പുനര്‍ജനിക്കുമെന്നായിരുന്നു മേഘ്‌നയും പറഞ്ഞത്.
ചിരുവിന്റെ മരണത്തില്‍ മാനസികമായി തളര്‍ന്നുപോയിരുന്നെന്നും ഇനി ജീവിക്കുന്നത് മകനു വേണ്ടിയാണെന്നും മേഘ്ന പറയുന്നു. ചിരുവിന്റെ മരണശേഷമാണ് എനിക്ക് അതിന്റെ നഷ്ടം മനസ്സിലായത്. ചിരുവിന്‍റെ വിയോഗ ശേഷം ഇതാദ്യമായാണ് മേഘ്ന രാജ് മാധ്യമങ്ങള്‍ക്ക് മുന്നിലെത്തിയത്. പ്രിയപ്പെട്ടവനെക്കുറിച്ചും കുഞ്ഞിനെക്കുറിച്ചുമായിരുന്നു താരം സംസാരിച്ചത്.
മകന്‍ ചിരുവിനെപ്പോലെ തന്നെയാണ്. നമുക്ക് ആണ്‍കുട്ടി ജനിക്കുമെന്ന് ചിരു പറയുമായിരുന്നു. എന്നാല്‍ നമ്മുടേത് പെണ്‍കുട്ടിയാകുമെന്നാണ് ഞാന്‍ പറഞ്ഞിരുന്നത്. അവിടെയും ചിരു പറഞ്ഞത് സത്യമായി. ലയണ്‍കിങിലെ സിംബയെപ്പോലെ കുട്ടിയെ വളര്‍ത്തണമെന്നായിരുന്നു ചിരുവിന്റെ ആഗ്രഹമെന്നും മേഘ്ന പറയുന്നു.

ലയണ്‍കിങ് കാണുമ്പോള്‍ എനിക്ക് സങ്കടം വരുമായിരുന്നു. ഇത് ചിരു കണ്ടിട്ടുമുണ്ട്. നമ്മുടെ കുഞ്ഞ് ജനിക്കുമ്പോള്‍ സിംബയെ പരിചയപ്പെടുത്തുന്നതുപോലെ ഈ ലോകത്തിനു മുന്നില്‍ താന്‍ പരിചയപ്പെടുത്തുമെന്നും അന്ന് പറയുകയുണ്ടായി. എന്നാല്‍ ഈ ആഗ്രഹങ്ങളൊക്കെ വെറുതെയായി. വികാരഭരിതയായാണ് മേഘ്ന ഭര്‍ത്താവിനെക്കുറിച്ച് സംസാരിച്ചത്.
എനിക്ക് ഇപ്പോള്‍ എന്റെ കുഞ്ഞ് ഉണ്ട്. എന്റെ കുഞ്ഞിലൂടെ ചിരുവിന്റെ എല്ലാ സ്വപ്നങ്ങളും നിറവേറ്റാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. ചിരു എല്ലാവരുടെയും പ്രിയങ്കരനായിരുന്നു. അദ്ദേഹത്തെപ്പോലെ തന്നെ എന്റെ മകനെയും ഞാന്‍ വളര്‍ത്തും. കഴിയുന്നിടത്തോളം കാലം ഞാന്‍ സിനിമകളില്‍ അഭിനയിക്കുന്നതു തുടരുമെന്നും തീര്‍ച്ചയായും മടങ്ങിവരുമെന്നും മേഘ്ന പറയുന്നു.


Click it and Unblock the Notifications