ചിരു മരിച്ചിട്ട് അഞ്ച് വർഷം, മേഘ്നയുടെ വീട്ടിൽ ഇപ്പോഴും അതുണ്ട്, രേണുവിനെ കുറ്റപ്പെടുത്തുന്നവർ ഇതറിഞ്ഞാൽ...
പ്രേക്ഷകർക്ക് പ്രിയങ്കരിയാണ് നടി മേഘ്ന രാജ്. യക്ഷിയും ഞാനും, ബ്യൂട്ടിഫുൾ എന്നീ സിനിമകളിലൂടെയാണ് മേഘ്ന മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടുന്നത്. കർണാടക്കാരിയായ മേഘ്ന കന്നഡ സിനിമകളിലും ശ്രദ്ധേയ വേഷം ചെയ്തിട്ടുണ്ട്. മേഘ്നയുടെ ജീവിതത്തിലുണ്ടായ ദുഖം ഏവർക്കുമറിയാവുന്നതാണ്. ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണം മേഘ്നയ്ക്ക് വലിയ ആഘാതമായിരുന്നു. മേഘ്ന നാല് മാസം ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജ മരിക്കുന്നത്.
കന്നഡയിലെ സൂപ്പർതാരങ്ങളിൽ ഒരാളായിരുന്നു ചിരഞ്ജീവി സർജ. 2020 ലാണ് ഹൃദയാഘാതം വന്ന് നടൻ മരിക്കുന്നത്. അന്ന് 35 വയസാണ് ചിരഞ്ജീവി സർജയുടെ പ്രായം. സന്തോഷകരമായ വിവാഹ ജീവിതം നയിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം. ഭർത്താവിന്റെ മൃതദേഹം കണ്ട് പൊട്ടിക്കരയുന്ന മേഘ്നയുടെ ദൃശ്യങ്ങൾ പലരുടെയും കണ്ണുകൾ ഈറനണിയിച്ചു.

സിംഗിൾ മദറായ മേഘ്ന വിഷമഘട്ടങ്ങൾ അതിജീവിച്ച് ജീവിതം മുന്നോട്ട് നയിക്കുകയാണ്. തന്റെ യൂട്യൂബ് ചാനലിൽ മേഘ്ന പങ്കുവെച്ച ഹോം ടൂർ വീഡിയോ ആണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ ഓർമകൾ അങ്ങിങ്ങായി ഈ വീട്ടിൽ മേഘ്ന സൂക്ഷിച്ചിട്ടുണ്ട്. ചിരഞ്ജീവി സർജയുടെ ഫോട്ടോകൾ വീട്ടിൽ പലയിടത്തും കാണാം. ഭർത്താവിന് അനുസ്മരിച്ച് കൊണ്ട് ലഭിച്ച ഫിലിം ഫെയർ പുരസ്കാരം സ്വീകരണമുറിയിൽ മേഘ്ന വെച്ചിട്ടുണ്ട്. തനിക്കും പിതാവിനും ഉൾപ്പെടെ ലഭിച്ച പുരസ്കാരങ്ങൾ മറ്റൊരു ഷെൽഫിലാണ് മേഘ്ന സൂക്ഷിച്ചിരിക്കുന്നത്.
ചിരഞ്ജീവി സർജയുടെ പുരസ്കാരം പ്രത്യേകമായി മറ്റൊരിടത്ത് വെച്ചു. ഈ പുരസ്കാരം സ്പെഷ്യലാണെന്ന് മേഘ്ന പറയുന്നുമുണ്ട്. ഭർത്താവ് മരിച്ചിട്ട് അഞ്ച് വർഷം പിന്നിടുമ്പോഴും മേഘ്ന ചിരഞ്ജീവി സർജയുടെ ഓർമകളിലാണ് ജീവിക്കുന്നതെന്ന് ആരാധകർ പറയുന്നു. കേരളത്തിൽ രേണു സുധിയെ വിമർശിക്കുന്ന റിയാക്ഷൻ വ്ലോഗേർസ് ഇത് കണ്ടാൽ അടുത്ത കണ്ടന്റുമായെത്തുമെന്ന കാര്യം ഉറപ്പാണ്.

കാരണം അടുത്തിടെ രേണുവിന്റെ വീട്ടിലെ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ ചർച്ചയായതാണ്. വീട്ടിൽ സുധിയുടെ ട്രോഫികൾ ചാക്കിൽ കെട്ടി വെച്ചെന്നായിരുന്നു അന്ന് വന്ന വിമർശനം. ഇത് വലിയ വിവാദമായി. സുധിയെ സ്നേഹിക്കുന്ന ജനങ്ങളുടെ സംഭാവന കൊണ്ട് പണിത വീടാണിത്. സുധിയെ മരണ ശേഷം രേണു മറന്നു എന്ന് കുറ്റപ്പെടുത്തലുകൾ വന്നു. ഇതോടെ വിശദീകരണവുമായി രേണു രംഗത്ത് വന്നു. മകൻ കളിക്കുന്നതിനിടെ ട്രോഫികൾ പൊട്ടിപ്പോകാതിരിക്കാൻ ഇവ സൂക്ഷിച്ച് വെച്ചതാണെന്നായിരുന്നു രേണുവിന്റെ വിശദീകരണം. സോഷ്യൽ മീഡിയയിൽ നിരന്തരം കുറ്റപ്പെടുത്തലുകൾ രേണുവിന് നേരിടേണ്ടി വന്നിട്ടുണ്ട്. ഇതെല്ലാം അതിജീവിച്ച് രേണു മുന്നേറുന്നു. ബിഗ് ബോസ് മലയാളം ഏഴാം സീസണിൽ മത്സരാർത്ഥിയാണ് രേണുവിപ്പോൾ.
മേഘ്ന രാജിന്റെ ഇപ്പോഴത്തെ ജീവിതം
കുടുംബത്തിന്റെയും സുഹൃത്തുക്കളുടെയും പിന്തുണയാണ് ഭർത്താവ് മരിച്ച ശേഷം മേഘ്നയ്ക്ക് ആശ്വാസമായത്. ഏറെക്കാലം അഭിനയ രംഗത്ത് നിന്നും മാറി നിന്ന മേഘ്ന തദ്സമ തദ്ഭവ എന്ന സിനിമയിലൂടെ അഭിനയ രംഗത്തേക്ക് തിരിച്ച് വന്നു. തന്റേതായ തിരക്കുകളുമായി മുന്നോട്ട് നീങ്ങുകയാണ് മേഘ്ന രാജിപ്പോൾ. റയാൻ രാജ് സർജ എന്നാണ് മേഘ്നയുടെയും ചിരഞ്ജീവി സർജയുടെയും മകന്റെ പേര്. സിനിമ ഇനി ചെയ്യണമെന്ന് ചിന്തിച്ചിരുന്നത് പോലുമില്ല. വീട്ടിൽത്തന്നെ ഇരിക്കുന്നതിൽ ഞാൻ കംഫർട്ടബിൾ അല്ലെന്ന് എന്നേക്കാളും എന്റെ ചുറ്റുമുള്ളവർ മനസിലാക്കി. ക്യാമറയ്ക്ക് മുന്നിൽ നിൽക്കുകയും വർക്ക് ചെയ്യുകയും വേണമെന്ന് ഞാൻ തിരിച്ചറിഞ്ഞു. അങ്ങനെയാണ് താൻ അഭിനയ രംഗത്തേക്ക് തിരിച്ച് വരുന്നതെന്നും മേഘ്ന രാജ് വ്യക്തമാക്കി.


Click it and Unblock the Notifications











