ഈ ഘട്ടത്തിൽ അതിൽ തെറ്റില്ല, കംപാനിയൻ ആവശ്യമാണ്; ചിരുവിനെ വിവാഹം ചെയ്തിരുന്നില്ലെങ്കിലോ? മേഘ്ന രാജ്
ഭർത്താവ് നടൻ ചിരഞ്ജീവി സർജയുടെ മരണം നടി മേഘ്ന രാജിന് വലിയ ആഘാതമായിരുന്നു. മേഘ്ന ഗർഭിണിയായിരിക്കെയാണ് ചിരഞ്ജീവി സർജ ഹൃദയാഘാതം കാരണം മരിച്ചത്. വിഷമഘട്ടത്തെ അതിജീവിച്ച് മുന്നോട്ട് നീങ്ങുകയാണ് മേഘ്ന. പ്രണയത്തെക്കുറിച്ചുള്ള തന്റെ സങ്കൽപ്പത്തെപറ്റി നടി പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. റയാൻ മിഥുനുമായുള്ള പോഡ്കാസ്റ്റിലാണ് മേഘ്ന രാജ് മനസ് തുറന്നത്.
പ്രണയത്തെക്കുറിച്ചുള്ള എന്റെ സങ്കൽപ്പം മാറിയിട്ടില്ല. ഇന്ന് മകനോടുള്ള സ്നേഹമുണ്ട്. പ്രണയമെന്നാൽ എനിക്ക് പൂർണമായും പ്രണയത്തിലാകുക എന്നാണ്. നിയമങ്ങളോ ചട്ടങ്ങളോ ഉണ്ടാക്കി പ്രണയത്തിലാകാനാകില്ല. ഒരു വ്യക്തിയെ സ്നേഹിക്കാൻ ശരിയായ രീതി, തെറ്റായ രീതി എന്നൊന്നില്ല. എന്താണ് ചിരുവിൽ ഇഷ്ടപ്പെട്ടതെന്ന് പലരും എന്നോട് ചോദിച്ചിട്ടുണ്ട്. ഞങ്ങൾ രണ്ട് പേരും വ്യത്യസ്തരാണ്. എനിക്കറിയില്ല എന്നാണ് ഉത്തരം നൽകിയത്. അതാണ് സ്നേഹം. ഉത്തരമുണ്ടെങ്കിൽ ലോജിക്ക് വേണം. ലോജിക്ക് പ്രണയത്തിൽ കാര്യമുള്ളതല്ലെന്നും മേഘ്ന രാജ് പറയുന്നു.

ചിരുവിനെ വിവാഹം ചെയ്തില്ലെങ്കിൽ ഈ സംഭവിച്ചത് അനുഭവിക്കേണ്ടി വരില്ലായിരുന്നു എന്ന് പറയുന്നവരുണ്ട്. ശരിയാണ്, ആ ചിന്ത എന്നിലൂടെ പോയിരിക്കാം. എന്നാൽ പിന്നീട് ചിന്തിച്ചപ്പോൾ അങ്ങനെയല്ലെന്ന് മനസിലാക്കി. ഇങ്ങനെയാണ് സംഭവിക്കുകയെന്ന് 100 തവണ ആരെങ്കിലും പറഞ്ഞ് തന്നിരുന്നെങ്കിലും ഞാൻ ചിരുവിനെ തെരഞ്ഞെടുത്തേനെ. അതാണ് തന്നെ സംബന്ധിച്ച് പ്രണയമെന്നും മേഘ്ന രാജ് പറയുന്നു.
മറ്റാെരു പ്രണയത്തിലേക്ക് കടക്കാൻ താൽപര്യപ്പെടുന്നുണ്ടോ എന്ന ചോദ്യത്തിനും മേഘ്ന രാജ് മറുപടി നൽകി. ഈ ഘട്ടത്തിൽ അങ്ങനെ ചിന്തിക്കുന്നതിൽ യാതൊരു തെറ്റുമില്ല. നമ്മളെല്ലാവരും മനുഷ്യരാണ്. സ്വതന്ത്രരായ സ്ത്രീകൾ. ഒറ്റയ്ക്ക് ഉയരാമെന്ന് നമ്മൾ കരുതും. പക്ഷെ നമുക്ക് കംപാനിയൻ വേണം. ഇന്നൊരു നല്ല ദിവസമായിരുന്നു എന്നൊക്കെ ഫോൺ ചെയ്ത് പറയാൻ ഒരാൾ. മേഘ്ന രാജ് പറഞ്ഞതിങ്ങനെ.
നേരത്തെ മേഘ്നയുടെ പിതാവ് നടൻ സുന്ദർ രാജ് മേഘ്ന രണ്ടാമത് വിവാഹം ചെയ്യാനുള്ള സാധ്യതയെക്കുറിച്ച് സംസാരിച്ചിരുന്നു. ഒരു ഘട്ടത്തിൽ അവൾക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയാൽ ആരും അവളെ തടയില്ല. അവളുടെ സ്വന്തം ജീവിതമാണ്. അവളിപ്പോഴും ചെറുപ്പമാണ്. അത് നടക്കേണ്ടപ്പോൾ നടക്കും. ആര് അവളുടെ ജീവിതത്തിലേക്ക് വന്നാലും ഒരു കുഞ്ഞ് കൂടെയുണ്ടെന്ന് ചിന്തിക്കണമെന്നും പറഞ്ഞു.
മേഘ്നയെ പോലെ ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടേയില്ല. എന്റെ മകളായത് കൊണ്ട് പറയുകയല്ല. ഈ സാഹചര്യത്തിൽ പോലും അവൾ വർക്ക് ചെയ്യുന്നുണ്ട്. ഭർത്താവ് മരിച്ച ശേഷം ഒരു സ്ത്രീ ഫംങ്ഷനുകൾക്ക് വന്നാൽ ഭർത്താവ് മരിച്ചിട്ടും നാട് ചുറ്റുകയാണെന്ന് ചിലർ പറയും. അവർ ഒന്നും ചെയ്യാൻ പാടില്ലേ. അവർക്കും അവരുടേതായ ജീവിതമുണ്ട്. മേഘ്ന വർക്ഹോളിക് ആണ്. ആരെയും ആശ്രയിക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ല. വിധവയായി, എന്റെ കാര്യങ്ങൾ എല്ലാവരും നോക്കണം എന്ന് പറയുന്ന ആളല്ല മേഘ്നയെന്നും സുന്ദർ രാജ് അന്ന് പറഞ്ഞു.


Click it and Unblock the Notifications











