അവൾ ചെറുപ്പമാണ്; രണ്ടാമതൊരു വിവാഹം വേണമെന്ന് തോന്നിയാൽ...; മകളുടെ ഭാവിയെക്കുറിച്ച് സുന്ദർ രാജ്
നടി മേഘ്ന രാജിന്റെ ജീവിതം കീഴ്മേൽ മറിച്ച സംഭവമാണ് ഭർത്താവ് ചിരഞ്ജീവി സർജയുടെ മരണം. ഭർത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷകരമായി ജീവിക്കെയാണ് അപ്രതീക്ഷിത സംഭവങ്ങൾ മേഘ്നയുടെ ജീവിതത്തിലുണ്ടാകുന്നത്. ഹൃദയാഘാതം വന്ന് ചിരഞ്ജീവി സർജ മരിച്ചു. മേഘ്ന അന്ന് ഗർഭിണിയുമാണ്. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തെ അതിജീവിച്ച് കൊണ്ടിരിക്കുന്ന മേഘ്ന പഴയ സന്തോഷങ്ങളിലേക്ക് തിരിച്ചെത്തിക്കൊണ്ടിരിക്കുകയാണ്. സിനിമാ രംഗത്ത് സജീവമാകാനാണ് മേഘ്നയുടെ തീരുമാനം.
മകൻ റയാൻ രാജ് സർജയാണ് മേഘ്നയ്ക്ക് ഇന്ന് എല്ലാം. മകന്റെ ചിത്രങ്ങൾ താരം ഇടയ്ക്ക് സോഷ്യൽ മീഡിയയിൽ പങ്കുവെക്കാറുണ്ട്. മേഘ്നയെക്കുറിച്ച് നടിയുടെ പിതാവ് സുന്ദർ രാജ് പറഞ്ഞ വാക്കുകളാണിപ്പോൾ ശ്രദ്ധ നേടുന്നത്. ഭർത്താവിന്റെ മരണം മേഘ്നയ്ക്കുണ്ടാക്കിയ ആഘാതത്തെക്കുറിച്ച് ഇദ്ദേഹം സംസാരിച്ചു. ഗലാട്ട തമിഴ് ചാനലുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു നടി.

ചിരഞ്ജീവി സർജ മരിച്ചപ്പോൾ അവൾ അഞ്ച് മാസം ഗർഭിണിയാണ്. ജൂലൈ മുതൽ ഒക്ടോബർ വരെയുള്ള നാല് മാസങ്ങൾ നാൽപത് വർഷം പോലെയായിരുന്നു. കൊവിഡ് വ്യാപനം അന്ന് രൂക്ഷമാണ്. ആർക്കും കാണാൻ വരാനോ സംസാരിക്കാനോ പറ്റാത്ത സാഹചര്യം. ഒരു ദിവസം അവൾ മെന്റലി വളരെ അപ്സെറ്റായി. ഒരു ട്രിഗർ വന്നപ്പോൾ വണ്ടിയെടുത്ത് പുറത്തേക്ക് പോയി. വണ്ടിയുടെ സ്പീഡ് കണ്ട് അവൾ ആത്മഹത്യ ചെയ്യുമെന്ന് എനിക്ക് തോന്നിപ്പോയി. ഗേറ്റിനടുത്തേക്ക് ഓടിയ ഞാൻ കരഞ്ഞു.
അവളുടെ രണ്ട് മൂന്ന് സുഹൃത്തുക്കളെ ഫോൺ ചെയ്തു. ദയവായി അവളെ പിന്തുടരണമെന്ന് പറഞ്ഞു. പേടിക്കേണ്ട, മേഘ്ന എവിടെ പോയതാണെന്ന് അറിയാമെന്ന് സുഹൃത്ത് പറഞ്ഞു. പത്ത് സെക്കന്റിനുള്ളിൽ മേഘ്ന എന്നെ വിളിച്ചു. എന്താണ് അച്ഛാ, ഞാൻ മരിക്കുമെന്ന് കരുതിയോ അങ്ങനെയൊന്നും വിചാരിക്കരുതെന്ന് പറഞ്ഞു. വണ്ടിയുടെ സ്റ്റിയറിംഗ് ഗർഭിണിയായ അവളുടെ വയറിന് ഇടിക്കുമോ എന്ന് പേടിച്ചെന്നും സുന്ദർ രാജ് തുറന്ന് പറഞ്ഞു.

വിഷമഘട്ടങ്ങളെ അതിജീവിച്ച് മേഘ്ന രാജ് സാധാരണ ജീവിതത്തിലേക്ക് കടന്ന് വന്ന് കൊണ്ടിരിക്കുകയാണെന്നും സുന്ദർ രാജ് വ്യക്തമാക്കി. മേഘ്നയെ പോലെ ഒരു പെണ്ണിനെ ഞാൻ കണ്ടിട്ടേയില്ല. എന്റെ മകളായത് കൊണ്ട് പറയുകയല്ല. ഈ സാഹചര്യത്തിൽ പോലും അവൾ വർക്ക് ചെയ്യുന്നുണ്ട്. ഭർത്താവ് മരിച്ച ശേഷം ഒരു സ്ത്രീ ഫംങ്ഷനുകൾക്ക് വന്നാൽ ഭർത്താവ് മരിച്ചിട്ടും നാട് ചുറ്റുകയാണെന്ന് ചിലർ പറയും. അവർ ഒന്നും ചെയ്യാൻ പാടില്ലേ. അവർക്കും അവരുടേതായ ജീവിതമുണ്ട്.
മേഘ്ന വർക്ഹോളിക് ആണ്. ആരെയും ആശ്രിയിക്കാൻ അവൾ ഇഷ്ടപ്പെടുന്നില്ല. വിധവയായി, എന്നെ എല്ലാവരും നോക്കണം എന്ന് പറയില്ല. തനിയെ കാറോടിക്കും, എല്ലാ കാര്യങ്ങളും സ്വന്തം ചെയ്യും. മേഘ്നയുടെ രണ്ടാം വിവാഹമെന്ന വ്യാജ വാർത്തകളോട് ഇപ്പോൾ പ്രതികരിക്കാറില്ലെന്നും പിതാവ് വ്യക്തമാക്കി.
ഒരു ഘട്ടത്തിൽ അവൾക്ക് കല്യാണം കഴിക്കണമെന്ന് തോന്നിയാൽ ആരും അവളെ തടയില്ല. അവളുടെ സ്വന്തം ജീവിതമാണ്. അവളിപ്പോഴും ചെറുപ്പമാണ്. അത് നടക്കേണ്ടപ്പോൾ നടക്കും. ആര് അവളുടെ ജീവിതത്തിേലക്ക് വന്നാലും ഒരു കുഞ്ഞ് കൂടെയുണ്ടെന്ന് ചിന്തിക്കണം. ഒരു അച്ഛനായും നിൽക്കേണ്ടി വരും. ഭാവി എന്താകുമെന്ന് നോക്കാമെന്നും സുന്ദർ രാജ് നെടുവീർപ്പോടെ പറഞ്ഞു. 'തദ്സമ തദ്ഭവ' എന്ന സിനിമയിലൂടെയാണ് മേഘ്ന രാജ് അഭിനയ രംഗത്തേക്ക് തിരിച്ചെത്തുന്നത്. സിനിമയുടെ പ്രൊമോഷൻ തിരക്കുകളിലാണിപ്പോൾ മേഘ്ന.


Click it and Unblock the Notifications