മേഘ്ന ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ; മകളുടെ മുന്നിൽ വെച്ച് വിഷമിക്കരുതെന്ന് കരുതും, പക്ഷെ…; അമ്മ
കന്നഡ താരമായ നടി മേഘ്ന രാജ് മലയാളികൾക്കും സുപരിചിതയാണ്. യക്ഷിയും ഞാനും എന്ന സിനിമയിലൂടെ വൻ ആരാധക വൃന്ദമാണ് മേഘനയ്ക്ക് കേരളത്തിലുണ്ടായത്. മേഘ്നയുടെ ജീവിതത്തിലുണ്ടായ സംഭവങ്ങൾ ഏവരെയും വിഷമിപ്പിച്ചിട്ടുണ്ട്. അന്തരിച്ച കന്നഡ സൂപ്പർതാരം ചിരഞ്ജീവി സർജയായിരുന്നു മേഘ്നയുടെ ഭർത്താവ്. ഭർത്താവിനും കുടുംബത്തിനുമൊപ്പം സന്തോഷകരമയായി ജീവിക്കെയാണ് അപ്രതീക്ഷിതമായി ചിരഞ്ജീവി സർജ ഹൃദയാഘാതം വന്ന് മരിച്ചത്.
മേഘന ഈ സമയത്ത് ഗർഭിണിയായിരുന്നു. ഭർത്താവിന്റെ മരണം നടിയെ പിടിച്ചുലച്ചു. ജീവിതത്തിലെ ഏറ്റവും വിഷമകരമായ ഘട്ടത്തെ മേഘ്ന അതിജീവിച്ചു. ഇതിനിടെ മകൻ റയാൻ രാജ് സർജ ജനിച്ചു. കുടുംബത്തിന്റെ പിന്തുണയാണ് വിഷമഘട്ടത്തിൽ മേഘ്നയ്ക്ക് ആശ്വാസമായത്. മേഘ്നയെക്കുറിച്ച് സംസാരിക്കുകയാണ് അമ്മ പ്രമീള ജോഷി. മകൾ ഗർഭിണിയായ സമയത്തെക്കുറിച്ചും ഇതിനിടെ മരുമകൻ മരിച്ചതിനെക്കുറിച്ചുമാണ് പ്രമീള ഒരു അഭിമുഖത്തിൽ സംസാരിച്ചത്.

ഗർഭിണിയാണെന്ന് അറിഞ്ഞപ്പോൾ സന്തോഷമായിരുന്നു. അതിന് ശേഷം വേദന തോന്നി. ഇനിയെന്താണെന്ന ചിന്ത. അത് അഭിമുഖീകരിക്കുകയെന്നത് വളരെ കഷ്ടമാണ്. പക്ഷെ ഞങ്ങൾ ഫേസ് ചെയ്തു. ഇപ്പോൾ നന്നായിരിക്കുന്നു. ഇടയ്ക്ക് ചില ചിന്തകൾ വരും. അപ്പോൾ വിഷമമാണ്. ആരുമില്ലാത്ത സമയം. മകൾ ഗർഭിണിയും. പക്ഷെ മേഘ്ന വളരെ ധൈര്യമായി അതെല്ലാം അഭിമുഖീകരിച്ചു. ഞങ്ങളോട് പോലും ഒന്നും പറയില്ല. വളരെ ശക്തയായി.
അവളുടെ മുന്നിൽ ഞാൻ വിഷമിക്കാൻ പാടില്ലെന്ന് ചിന്തിക്കും. പക്ഷെ എനിക്ക് താങ്ങാൻ കഴിയില്ല. മകളുടെ മുന്നിൽ സ്ട്രോങായി നിൽക്കെന്ന് അവളുടെ അച്ഛൻ പറയും. കരയില്ലെന്ന് ഞാൻ പറയും. പക്ഷെ എന്തെങ്കിലും വിഷയം വന്നാൽ എനിക്ക് താങ്ങാൻ കഴിയില്ല. മുമ്പ് അങ്ങനെയായിരുന്നില്ല. നിങ്ങൾക്ക് തീരെ പേടിയില്ലേ എന്ന് മേഘ്ന പോലും എന്നോട് ചോദിച്ചിട്ടുണ്ട്. അത്രയും സ്ട്രോങ്ങ് ആയികുന്നു. ഇപ്പോൾ ആ ശക്തി എവിടെ പോയെന്ന് തനിക്ക് അറിയില്ലെന്ന് പ്രമീള പറഞ്ഞു.

പേരക്കുട്ടിയെ ആദ്യമായി കൈയിലെടുത്തതിനെക്കുറിച്ചും പ്രമീള സംസാരിച്ചു. ഡെലിവറി റൂമിൽ ഞാനും ഉണ്ടായിരുന്നു. പുറത്തേക്ക് പോയില്ല. ആദ്യം കുഞ്ഞിനെ എടുത്തത് ഞാനാണ്. തനിക്ക് വളരെ സന്തോഷമായിരുന്നെന്നും പ്രമീള ഓർത്തു. എന്റെ മകൾക്ക് മാത്രമല്ല, ലോകത്തിലെ എത്രയോ പെൺകുട്ടികൾക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. അത് എന്തുകൊണ്ടെന്ന് ദൈവത്തിനേ അറിയൂയെന്നും പ്രമീള ചൂണ്ടിക്കാട്ടി.
മേഘ്നയിൽ അഭിമാനം തോന്നുന്ന കാര്യം എന്നോട് ചോദിക്കാതെ ഒരു കാര്യം അവൾ ചെയ്യില്ല എന്നതാണ്. പറയാതെ ചെയ്യാൻ നോക്കിയാലും അവൾക്ക് പറ്റില്ല. അത് താൻ അഭിമാനത്തോടെ പറയുമെന്നും പ്രമീള വ്യക്തമാക്കി. ചിരഞ്ജീവി സർജ മകനിലൂടെ പുനർജനിച്ചു എന്ന് പലരും പറഞ്ഞപ്പോൾ അത് തനിക്ക് ശക്തി പകർന്നെന്ന് മേഘന വ്യക്തമാക്കി.
ചിരുവുമായി ബന്ധപ്പെട്ട എന്ത് കാര്യവും എനിക്ക് ശക്തി പകർന്നു. ചിരുവിനെ പോലെയാണ് മകനെന്ന് ആരെങ്കിലും വന്ന് പറയുമ്പോൾ അതെനിക്ക് കൂടുതൽ ശക്തി തരുന്നു. ചിരുവിന്റെ എനർജി ഞങ്ങൾക്കൊപ്പമുളളതിന്റെ ഏക കാരണം മകൻ റയാൻ ആണെന്ന് മേഘന വ്യക്തമാക്കി.


Click it and Unblock the Notifications











