'ചെടികളോടൊക്കെ ഞാൻ സംസാരിക്കും... പിറ്റേദിവസം എല്ലാം കായ്ക്കും, ആ സമയത്ത് എന്റെ മുടിയും പുരികവും കൊഴിഞ്ഞു'
തോറ്റ് തുടങ്ങിയ ഇടത്തുനിന്ന് പതിയെ ജീവിതം തിരികെ പിടിച്ചിരിക്കുകയാണ് കുടുംബപ്രേക്ഷകർക്ക് പ്രിയങ്കരിയായ സീരിയൽ താരം മേഘ്ന വിൻസെന്റ്. ചന്ദനമഴയിലൂടെ മലയാളികളുടെയെല്ലാം അമൃത അർജുൻ ദേശായിയായി മാറിയ മേഘ്ന ഇപ്പോൾ സൂര്യ ടിവിയിൽ സംപ്രേഷണം ചെയ്യുന്ന ഹൃദയം എന്ന സീരിയലിലാണ് അഭിനയിച്ചുകൊണ്ടിരിക്കുന്നത്. സിനിമാ-സീരിയൽ താരങ്ങൾക്കെല്ലാം അഭിനയത്തിന് പുറമെ ബൊട്ടീക്ക്, തിയേറ്റർ, ഹോട്ടൽ, റിയലസ്റ്റേറ്റ് തുടങ്ങി പലവിധ ബിസിനസുകളും സൈഡായി ഉണ്ടാകും.
സിനിമയിലും സീരിയലിലും അവസരം കുറയുമ്പോഴുള്ള അവരുടെ ഒരു വരുമാന മാർഗവും ഇത്തരം ബിസിനസുകളാണ്. നടിമാർ പൊതുവെ ബൊട്ടീക്ക് പോലുള്ളവയാണ് ബിസിനസ് ചെയ്യാനായി തെരഞ്ഞെടുക്കാറുള്ളത്. എന്നാൽ മേഘ്ന അതിൽ നിന്നെല്ലാം വ്യത്യസ്തമായി കൃഷിയിലേക്കാണ് തിരിഞ്ഞത്. ഒരു ഫാമും താരം ഇപ്പോൾ നോക്കി നടത്തുന്നുണ്ട്. ഫാമിലെ പ്രധാന ജോലിക്കാരിയും മേഘ്ന തന്നെ.

ഫാമിൽ പണിയെടുക്കുന്ന മേഘ്നയെ കണ്ടാൽ ആരാധകർക്ക് മനസിലാവില്ലെന്നാണ് അമ്മ നിമ്മി പറയുന്നത്. ഒറിജിനൽസ് എന്ന യുട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലാണ് മേഘ്ന തന്റെ കൃഷിയെ കുറിച്ചും പുതിയ വീടിനെ കുറിച്ചുമെല്ലാമുള്ള വിശേഷങ്ങൾ പങ്കിട്ടത്. പണ്ട് മുതൽ കൃഷി എനിക്ക് ഇഷ്ടമാണ്. മീൻ കൃഷിയോടാണ് കൂടുതൽ താൽപര്യമെന്ന് പറഞ്ഞാണ് മേഘ്ന സംസാരിച്ച് തുടങ്ങുന്നത്. ഫാമിൽ പോയാൽ മേഘ്നയുടെ കോലം ഇതൊന്നുമല്ല.
ടീഷർട്ടും ട്രൗസറുമിട്ട് അങ്ങ് ഫാമിലേക്ക് ഇറങ്ങി പണി എടുക്കും. ഫാമിൽ പോയാൽ ചെടികളോടൊക്കെ മേഘ്ന സംസാരിക്കുമെന്ന് അമ്മ നിമ്മി പറഞ്ഞു. ഞാൻ ചെടികളോട് സംസാരിക്കും പിറ്റേദിവസം എല്ലാം കായ്ക്കും. കേൾക്കുമ്പോൾ വട്ടാണെന്ന് തോന്നും. പക്ഷെ സത്യമാണ്. മീനുകളും എന്നോട് കമ്യൂണിക്കേറ്റ് ചെയ്യാൻ ശ്രമിക്കുന്നതായി എനിക്ക് തോന്നിയിട്ടുണ്ടെന്നും മേഘ്ന പറയുന്നു.
ചന്ദനമഴ സീരിയൽ അഭിനയിച്ചശേഷമുള്ള ജീവിതത്തെ കുറിച്ചും നടി വെളിപ്പെടുത്തി. അമൃത എന്ന കഥാപാത്രമായി നാല് നാലര കൊല്ലം ഞാൻ അഭിനയിച്ചിട്ടുണ്ട്. ആറര മുതൽ രാത്രി ഒമ്പതര വരെയാണ് ഷൂട്ട്. അതുകൊണ്ട് തന്നെ ഉറങ്ങുമ്പോൾ മാത്രമാണ് ഞാൻ മേഘ്നയായി നിൽക്കുന്നത്. 365 ദിവസവും ഈ ഒരു രീതിയായതുകൊണ്ട് നാല് നാലര കൊല്ലം കഴിഞ്ഞപ്പോൾ എന്റെ ഇഷ്ടങ്ങൾ എന്താണെന്ന് വരെ ഞാൻ മറുന്നുപോയി. അമൃതയെപ്പോലെ നോ പറയാൻ പോലും പറ്റുന്നില്ലായിരുന്നു.
അതുപോലെ രാവിലെ എഴുന്നേൽക്കുമ്പോൾ പല്ല് തേക്കുന്നത് പോലെയാണ് ഞാൻ മേക്കപ്പ് ഇട്ടിരുന്നത്. പിന്നെ സീരിയൽ അവസാനിച്ചപ്പോൾ മേക്കപ്പ് ഇടാതെയായപ്പോൾ എനിക്ക് എന്തൊക്കെയോ ആയിപ്പോയി. അതുകൊണ്ട് റൂം അടച്ചിട്ട് മേക്കപ്പ് ഇട്ട് ഞാൻ തന്നെ ആക്ഷൻ പറഞ്ഞ് അഭിനയിച്ച് കട്ട് പറയുമായിരുന്നു. പറഞ്ഞാൽ ആരും വിശ്വസിക്കില്ലെന്നാണ് മേഘ്ന പറഞ്ഞത്.

ഉണ്ടായിരുന്ന വീട് വിറ്റിരുന്നു. അതുകൊണ്ടാണ് പുതിയ വീട് വെച്ചത്. എനിക്ക് നഷ്ടപ്പെട്ടതെല്ലാം തിരിച്ച് എടുക്കണമെന്ന് എനിക്കുണ്ടായിരുന്നു. ആദ്യം ആരോഗ്യമാണ് ഞാൻ വീണ്ടെടുത്തത്. അതിന് ഒരുപാട് കഷ്ടപ്പെട്ടു. ഡിപ്രഷന്റെ സമയത്ത് ഞാൻ പത്ത് കിലോ കുറഞ്ഞു. കൂടാതെ മുടിയും പുരികവും വരെ കൊഴിഞ്ഞു. ആ സമയത്ത് പെൻസിൽ ഉപയോഗിച്ച് ഞാൻ പുരികം വരയ്ക്കുകയാണ് ചെയ്തിരുന്നത്. കൂടാതെ കാലും ഒടിഞ്ഞു.
ആരോഗ്യം വീണ്ടെടുത്തശേഷം ഞാൻ കരിയർ സ്ട്രോങ്ങാക്കിയെടുത്തുവെന്നും മേഘ്ന പറയുന്നു. മേഘ്ന കുടുംബമായി ജീവിക്കുന്നത് കാണാനാണ് ആഗ്രഹമെന്നാണ് അമ്മ പറഞ്ഞത്. മേഘ്ന കുടുംബമായി ജീവിക്കുന്നത് കാണാനാണ് എനിക്ക് ആഗ്രഹം. എന്തൊക്കെ നഷ്ടപ്പെട്ടോ അതൊക്കെ ബെസ്റ്റായി ദൈവം അവൾക്ക് തിരികെ കൊടുത്തിട്ടുണ്ട്. അതുകൊണ്ട് തന്നെ അവൾ വിവാഹം കഴിച്ച് കാണണമെന്ന് ആഗ്രഹമുണ്ട്. അതും ബെസ്റ്റായി കിട്ടണമെന്ന് ആഗ്രഹമുണ്ട്.
അവളെ വിവാഹം ചെയ്യാൻ പോകുന്നയാൾ ജെനുവിനായിരിക്കണം എന്ന കണ്ടീഷൻ മാത്രമെയുള്ളു. പങ്കാളിയെ കുറിച്ച് സങ്കൽപ്പമുണ്ടോയെന്ന ചോദ്യത്തിന് പാട്നറെ കുറിച്ച് സങ്കൽപ്പമില്ലെന്നും അതേ കുറിച്ച് താൻ ചിന്തിച്ചിട്ടേയില്ലെന്നുമായിരുന്നു മേഘ്നയുടെ മറുപടി.


Click it and Unblock the Notifications











