'ഞാനാണ് എന്റെ മാതാപിതാക്കളുടെ ലോകം, ആ സമയത്ത് എനിക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യും'; വിവാഹത്തെ കുറിച്ച് മേഘ്ന
2020ൽ സിനിമാ ലോകത്തെ ആകെ ഞെട്ടിച്ച ഒരു മരണവാർത്തയായിരുന്നു കന്നഡ നടൻ ചിരഞ്ജീവി സർജയുടേത്. വെറും മുപ്പത്തിയാറ് വയസ് മാത്രം പ്രായമുള്ളപ്പോഴാണ് ഹൃദയാഘാതം ചിരുവിന്റെ വേർപാട് സംഭവിക്കുന്നത്.
ചിരുവിന്റെ മരണവാർത്ത കേട്ടപ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം ഓടി എത്തിയത് താരത്തിന്റെ ഭാര്യയും നടിയുമായ മേഘ്ന രാജിന്റെ മുഖമായിരുന്നു. അഞ്ച് മാസം ഗർഭിണിയുമായിരുന്നു ആ സമയത്ത് മേഘ്ന. സംസ്കാര ചടങ്ങിൽ പങ്കെടുക്കാൻ എത്തിയവരെല്ലാം കരഞ്ഞത് മേഘ്നയുടെ സങ്കടം കണ്ടിട്ടായിരുന്നു.
ചിരുവിനൊപ്പം രണ്ട് വർഷത്തെ ദാമ്പത്യ ജീവിതം മാത്രമെ മേഘ്നയ്ക്ക് ലഭിച്ചുള്ളു. ചിരു പോയതോടെ ജീവിതത്തോട് പോരാടാനും സന്തോഷം കണ്ടെത്താനും തുടങ്ങി മേഘ്ന. ഒരു മകനെ ചിരു മേഘ്നയ്ക്ക് നൽകിയിരുന്നു. അതുകൊണ്ട് തന്നെ ചിരു പോയശേഷമുള്ള ജീവിതത്തിന് മേഘ്നയ്ക്ക് കരുത്ത് പകർന്നതും മകന്റെ സാമീപ്യമായിരുന്നു.

മൂന്ന് വർഷമായി സിംഗിൾ പാരന്റായി ജീവിക്കുകയാണ് മേഘ്ന. താരം വീണ്ടും ഒരു വിവാഹത്തിന് തയ്യാറെടുക്കുന്നുവെന്ന തരത്തിൽ നിരവധി വാർത്തകൾ ഇടയ്ക്ക് വരാറുണ്ടായിരുന്നു. എന്നാൽ അതിൽ കഴമ്പില്ലെന്ന് മേഘ്ന തന്നെ പിന്നീട് വ്യക്തമാക്കിയിരുന്നു.
ഇപ്പോഴിതാ ചിരുവിന്റെ വേർപാടിന് ശേഷമുള്ള തന്റെ ജീവിതം എങ്ങനെയായിരുന്നുവെന്ന് മേഘ്ന വെളിപ്പെടുത്തിയിരിക്കുകയാണ്. താൻ എങ്ങനെയാണ് പഴയ ജീവിതം തിരികെ പിടിച്ചതെന്നും അതിന് പിന്തുണ നൽകിയവർ ആരൊക്കെയാണെന്നും മേഘ്ന അടുത്തിടെ നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി.
'ഞാനായിരുന്നു എന്റെ മാതാപിതാക്കളുടെ ലോകം. ഞാൻ വേദനിക്കുന്നത് അവരെയാണ് ഏറ്റവും കൂടുതൽ സങ്കടപ്പെടുത്തിയത്. ഞാൻ പറയുന്നത് പരുഷമായി തോന്നാം... പക്ഷേ പോയവരെക്കാൾ അതിജീവിക്കുന്നവർക്കാണ് കൂടുതൽ ബുദ്ധിമുട്ട്.'
'സാഹചര്യങ്ങൾ മാനസികമായും ശാരീരികമായും നമ്മളെ വേദനിപ്പിക്കും. വേദനമറക്കാൻ പാട്ടുകൾ ഞാൻ ഉപയോഗിച്ചു. പക്ഷെ ഹൃദയം വേദനിക്കുമ്പോൾ ശാരീരികമായ തകർച്ചയുമുണ്ടായി അതും ഞാൻ ശരിക്കും അനുഭവിച്ചു. നമ്മുടെ വികാരങ്ങൾ ശാരീരിക വേദനയായി മാറുന്നു. വേദന സുഖപ്പെടുത്താൻ സമയം സഹായിച്ചു.'

'വേദന ഇല്ലാതായിട്ടില്ല. പക്ഷെ ഞാൻ അതിനൊപ്പം വളരാൻ തുടങ്ങി', എന്നാണ് മേഘ്ന പറഞ്ഞത്. പിന്നീട് താരം രണ്ടാം വിവാഹം എന്നതിനെ കുറിച്ച് തന്റെ കാഴ്ചപ്പാട് എന്താണെന്നാണ് വിശദീകരിച്ചത്. 'ഞാൻ ശക്തയായി ജീവിക്കാൻ തീരുമാനിക്കുകയായിരുന്നു. എന്ത് ബുദ്ധിമുട്ടുകൾ ഉണ്ടായാലും ഞാൻ എന്റെ ജീവിതം ചിരിച്ചുകൊണ്ട് ജീവിക്കുന്നു.'
'രണ്ടാം വിവാഹം എന്നതിന് ഞാൻ ശരിക്കും തയ്യാറാണോ എന്ന് എനിക്കറിയില്ല. എന്റെ ജീവിതത്തിലേക്ക് ആരെങ്കിലും വന്നാൽ എനിക്ക് പറയാനുണ്ട്... എനിക്ക് ഉത്തരമുണ്ട്. മറ്റൊരു വിവാഹത്തിന് മാനസികമായി ഞാൻ തയ്യാറല്ല. ആ സമയത്ത് എനിക്ക് ശരിയെന്ന് തോന്നുന്നത് ഞാൻ ചെയ്യുമെന്നാണ്', താരം പറഞ്ഞത്.
'ഒരു സഹതാപം ആവശ്യമില്ല. എന്തിനെക്കുറിച്ചാണോ വിഷമിക്കുന്നത് അതേക്കുറിച്ച് വീണ്ടും വീണ്ടും സംസാരിക്കുന്നത് എന്തിനാണെന്ന് എനിക്കറിയില്ല. ആവർത്തിച്ച് സംസാരിച്ച് വിടരാൻ തുടങ്ങുന്ന പുഷ്പത്തെ നശിപ്പിക്കേണ്ടതില്ലല്ലോ. സഹതാപം കാണിക്കേണ്ട ആവശ്യമില്ല. എന്നെ ശരിക്കും സഹായിക്കണമെന്ന് ആഗ്രഹമുണ്ടെങ്കിൽ ഈ സങ്കടങ്ങളിൽ നിന്നും പുറത്ത് കടക്കാനുള്ള വഴിയെ എന്നെ കൊണ്ടുപോവുകയാണ് ചെയ്യേണ്ടത്.'
'അല്ലാതെ വീണ്ടും നെയ് കോരി ഒഴിച്ച് വിഷമം ആളികത്തിക്കുകയല്ല വേണ്ടതെന്നും', മേഘ്ന രാജ് പറയുന്നു. മേഘ്നയുടെ മകൻ മൂന്ന് വയസുകാരൻ രായൻ സർജയ്ക്ക് നിരവധി ആരാധകരുണ്ട്. ചിരു വീണ്ടും മകനായി പിറന്നുവെന്നാണ് മേഘ്ന കരുതുന്നത്. നീണ്ട നാളത്തെ ഇടവേളയ്ക്ക് ശേഷം അടുത്തിടെയാണ് മേഘ്ന അഭിനയജീവിതം പുനരാരംഭിച്ചത്. നസ്രിയ, അഹാന തുടങ്ങിയവർ ഇടയ്ക്ക് മേഘ്നയെ കാണാൻ ബെംഗളൂരുവിൽ എത്താറുണ്ട്.


Click it and Unblock the Notifications











