പൊന്നിൽ കുളിച്ച് നിൽക്കുന്ന മേനക, താലിയിടാൻ പോലും സ്ഥലമില്ല; എല്ലാം പണയം വെക്കേണ്ടി വന്നപ്പോൾ; സംവിധായകൻ
മലയാള സിനിമാ രംഗത്ത് വർഷങ്ങളുടെ അനുഭവ സമ്പത്തുള്ള നിർമാതാവാണ് ജി സുരേഷ് കുമാർ. മലയാള സിനിമാ ലോകത്തിന്റെ അന്നും ഇന്നും കണ്ട നിർമാതാവ് പലപ്പോഴും പുതിയ തലമുറയിലെ താരങ്ങളുടെ മനോഭാവത്തെ വിമർശിച്ചിട്ടുമുണ്ട്. നടി മേനകയെയാണ് സുരേഷ് കുമാർ വിവാഹം ചെയ്തത്. സിനിമാ ലോകത്ത് ഒരു കാലത്ത് വലിയ ചർച്ചയായിരുന്നു ഇവരുടെ പ്രണയ വിവാഹം. മേനക അക്കാലത്ത് ഹിറ്റ് നായകൻ ശങ്കറുമായി പ്രണയത്തിലാണെന്നാണ് ആരാധകർ കരുതിയത്. ഇവർ ഹിറ്റ് ജോഡിയായിരുന്നു.
എന്നാൽ മേനക പ്രണയിച്ചത് സുരേഷ് കുമാറിനെയാണ്. 1987 ലായിരുന്നു ഇവരുടെ വിവാഹം. മകൾ കീർത്തി സുരേഷ് മാതാപിതാക്കളുടെ പാത പിന്തുടർന്ന് സിനിമാ രംഗത്തേക്ക് വന്നു. ഇന്ന് തെന്നിന്ത്യയിലെ തിരക്കേറിയ നടിയാണ് കീർത്തി. കീർത്തിയെ പോലെ നായികയായി സജീവമായിരിക്കെയാണ് മേനക വിവാഹിതയാകുന്നത്. മേനകയെയും സുരേഷ് കുമാറിനെയും കുറിച്ച് സംസാരിക്കുകയാണ് സംവിധായകൻ ആലപ്പി അഷ്റഫിപ്പോൾ.

പ്രണയ കാലത്ത് മേനകയും സുരേഷ് കുമാറും നേരം വെളുക്കുന്നത് വരെ ഫോൺ ചെയ്യുന്നത് കണ്ടിട്ടുണ്ടെന്നും അവരെക്കുറിച്ചോർക്കുമ്പോൾ ഇത് മനസിൽ വരുമെന്നും ആലപ്പി അഷ്റഫ് പറയുന്നു. അന്നത്തെ കാലത്ത് സിനിമയെടുക്കുന്നത് വളരെ അഡ‍്ജസ്റ്റ്മെന്റിലും ദാരിദ്ര്യത്തിലുമാണ്. അയൽവാസി ഒരു ദരിദ്രവാസി എന്നൊക്കെയുള്ള സിനിമകളാണ് എടുത്ത് കൊണ്ടിരുന്നത്. സാമ്പത്തികമായി അത്ര സ്റ്റേബിൾ അല്ല. ഇന്നത്തെ പോലെ ലാവിഷ് അല്ല. സുരേഷ് എപ്പോഴും സാമ്പത്തിക ഞെരുക്കത്തിലായിരിക്കും. അങ്ങനെ സുരേഷ്-മേനക കല്യാണം വരുന്നു.
കല്യാണത്തിന് ചെല്ലുമ്പോൾ ഞാൻ കാണുന്നത് മേനക പൊന്നിൽ കുളിച്ച് നിൽക്കുന്നതാണ്. താലി കെട്ടാൻ സ്ഥലമില്ല. അത്രയും സ്വർണമണിഞ്ഞാണ് മേനക നിൽക്കുന്നത്. സുരേഷ് വെള്ള ഉടുപ്പിട്ട് നിൽക്കുന്നു. ഞാൻ സുരേഷിനടുത്ത് ചെന്ന് തന്റെ വീടിനടുത്ത് ബോർഡ് വെച്ച് സ്വർണം പണയത്തിന് എടുക്കപ്പെടും എന്ന ബോർഡ് വെച്ച് കട തുടങ്ങിയാലോ എന്ന് ചെവിയിൽ പറഞ്ഞു.

പുള്ളി പോടോ എന്ന് പറഞ്ഞ് ചിരിച്ച് വിട്ടു. രണ്ട് മൂന്ന് മാസം കഴിഞ്ഞ് സുരേഷ് കുമാർ എന്നെ കണ്ടപ്പോൾ തന്റെ നാക്ക് കരിനാക്കാണെന്ന് പറഞ്ഞു. എന്തുപറ്റിയെന്ന് ഞാൻ. താനന്ന് സ്വർണം പണയം വെക്കുമെന്ന് പറഞ്ഞില്ലേ, എല്ലാം അത് പോലെ തന്നെ സംഭവിച്ചു. മിക്കവാറും എല്ലാം പണയത്തിലായി, പടം തീർക്കേണ്ടേ എന്ന് സുരേഷ് കുമാർ പറഞ്ഞെന്നും ആലപ്പി അഷ്റഫ് ഓർത്തു. തന്റെ യൂട്യൂബ് ചാനലിലാണ് പ്രതികരണം.
സുരേഷ് കുമാറുമായി വർഷങ്ങളായി സൗഹൃദമുള്ളയാളാണ് ആലപ്പി അഷ്റഫ്. കീർത്തി സുരേഷിനെക്കുറിച്ചും ഇദ്ദേഹം സംസാരിക്കുന്നുണ്ട്. പണവും പ്രശസ്തിയും വന്നപ്പോഴും കീർത്തിയുടെ സ്വഭാവത്തിൽ ഒരു മാറ്റവും വന്നില്ലെന്ന് സംവിധായകൻ ചൂണ്ടിക്കാട്ടി. ഒരുപാട് പേർക്ക് കീർത്തി സഹായങ്ങൾ ചെയ്യുന്നുണ്ടെന്നും സുരേഷ് കുമാറും നിരവധി പേരെ സഹായിച്ചിട്ടുണ്ടെന്നും ആലപ്പി അഷ്റഫ് വ്യക്തമാക്കി. സംവിധായകന്റെ വാക്കുകൾ ഇതിനോടകം ശ്രദ്ധ നേടിയിട്ടുണ്ട്. സംവിധാന രംഗത്ത് ആലപ്പി അഷ്റഫിപ്പോൾ സജീവമല്ല.


Click it and Unblock the Notifications











