പേരെടുത്ത് വിളിച്ച് അസിസ്റ്റന്റ് ഡയറക്ടർ, സീനിയറാണെന്ന് അറിയില്ലായിരുന്നുവത്രെ, മമ്മൂക്ക ദേഷ്യപ്പെട്ടപ്പോൾ..!
നിരവധി സിനിമകളിൽ നായകനും നായികയുമായി പ്രവർത്തിച്ചിട്ടുള്ളവരാണ് മമ്മൂട്ടിയും മേനകയും. ഒരു കാലത്ത് മലയാളികൾക്ക് പ്രിയപ്പെട്ട ജോഡിയുമായിരുന്നു ഇരുവരും. സിനിമാ സെറ്റിൽ സഹപ്രവർത്തകരുടെ കാര്യത്തിൽ മമ്മൂട്ടിക്കുള്ള കരുതലിനെ കുറിച്ച് മേനക വെളിപ്പെടുത്തിയ വീഡിയോയാണ് ശ്രദ്ധ നേടുന്നത്. നിരന്തരം തന്നെ പേരെടുത്ത് വിളിച്ചിരുന്ന അസിസ്റ്റന്റ് ഡയറക്ടറെ മമ്മൂക്ക എങ്ങനെയാണ് തിരുത്തിയതെന്നും വർഷങ്ങൾക് മുമ്പുള്ള അഭിമുഖത്തിൽ മേനക വെളിപ്പെടുത്തി.
താൻ കുറേ വർഷമായി മലയാള സിനിമയുടെ ഭാഗമാണെന്ന് മനസിലാക്കാതെയാണ് അയാൾ എന്നെ പേര് വിളിച്ചിരുന്നതെന്നും മേനക പറയുന്നു. ഐവി ശശി സംവിധാനം ചെയ്ത ഇടനിലങ്ങൾ എന്ന മമ്മൂക്കയുടെ പടത്തിൽ ഞാൻ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ ഒരു അസിസ്റ്റന്റ് ഡയറക്ടർ എന്നെ പേര് വിളിച്ചു.

'മേനക ഷോട്ട് റെഡി' എന്നാണ് അയാൾ എന്നെ ഷോട്ടിന് വിളിച്ചുകൊണ്ട് പറഞ്ഞിരുന്നത്. ആ പടത്തിൽ ആദ്യം മുതൽ അവസാനം വരെ ഞാൻ ഗർഭിണിയായാണ് അഭിനയിക്കുന്നത്. വയറൊക്കെ വെച്ച് കെട്ടിയിരിക്കുന്നത് കൊണ്ട് തന്നെ ഇടയ്ക്കിടെ പെട്ടന്ന് എഴുന്നേറ്റ് പോകാനും കഴിയില്ല. ആ അൺഈസിനസ്സോടെയാണ് ഞാൻ ഇരിക്കുന്നത്.
ഒരുപാട് സിനിമകൾ ചെയ്തശേഷമാണ് ഞാൻ ഇടനിലങ്ങൾ ചെയ്യുന്നത്. അയാൾ എന്നെ നിരന്തരം പേരെടുത്ത് വിളിക്കുന്നത് അമ്മയും ശ്രദ്ധിച്ചിരുന്നു. പുതിയ പയ്യൻ, ചെറിയ പയ്യൻ... എന്താണ് അയാൾ നിരന്തരം നിന്നെ മേനകയെന്ന് പേരെടുത്ത് വിളിക്കുന്നതെന്ന് അമ്മ ചോദിച്ചു. വിട്ടേക്ക് അമ്മ... എങ്ങനെ എങ്കിലും വിട് എന്ന് പറഞ്ഞ് അമ്മയെ സമാധാനിപ്പിച്ച് ആ സംഭവം വിട്ടു. ഒന്നും പറയാനോ തിരുത്താനോ പോയില്ല.
പക്ഷെ ഞാൻ അറിയാതെ ഈ വിഷയം സെറ്റിലെ രണ്ട്, മൂന്നുപേർ ചർച്ച ചെയ്തു. കുറച്ച് കഴിഞ്ഞപ്പോൾ ആ പയ്യൻ എന്റെ അടുത്ത് വന്ന് സോറി പറഞ്ഞു. ക്ഷമിക്കണം. എനിക്ക് അറിയില്ലായിരുന്നു. അബദ്ധം പറ്റിപോയതാണെന്ന് പറഞ്ഞു. അസിസ്റ്റന്റ് ഡയറക്ടറാണ്. മലയാളിയുമാണ് ആ പയ്യൻ. അവൻ ക്ഷമ പറഞ്ഞപ്പോൾ ഞാൻ അവനോട് ചോദിച്ചു. ആര് പറഞ്ഞിട്ടാണ് സോറി പറയുന്നതെന്നും ചേച്ചിയെന്ന് വിളിക്കാൻ തീരുമാനിച്ചതെന്നും. മമ്മൂക്ക എന്നെ വിളിച്ച് ഫയർ ചെയ്തു.
അവർ എത്ര സീനിയറായ ആർട്ടിസ്റ്റാണെന്ന് അറിയാമോ..? അവരുടെ അടുത്ത് ഇന്നലെ വന്ന പയ്യനായ നീ ഇങ്ങനെയാണോ സംസാരിക്കേണ്ടത്?. പോയി ആദ്യം മാപ്പ് പറയുക. പിന്നെ ചേച്ചിയെന്ന് മാത്രമെ അവരെ ഇനി വിളിക്കാവൂവെന്നും മമ്മൂക്ക ആ പയ്യനോട് പറഞ്ഞു. എനിക്ക് വേണ്ടി അങ്ങനെ സംസാരിക്കേണ്ട ആവശ്യം മമ്മൂക്കയ്ക്ക് ഇല്ല.

എന്നിട്ടും മമ്മൂക്ക എനിക്ക് വേണ്ടി ചെയ്തത് രുപാട് ഇഷ്ടമായി. ആ അസിസ്റ്റന്റ് ഡയറക്ടറാണ് പിന്നീട് ഭാവിയിൽ സംവിധായകൻ അനിലായി അറിയപ്പെട്ടയാൾ. തെറ്റാണെന്ന് അറിഞ്ഞാൽ ഉടനെ പോയി ക്ഷമ ചോദിക്കാൻ തോന്നുന്നത് തന്നെ വലിയൊരു ഗുണമാണ്. അന്നൊക്കെ സീനിയേഴ്സ് പറഞ്ഞാൽ ജൂനിയേഴ്സ് കേൾക്കുമായിരുന്നു.
പക്ഷെ ഇന്ന് സീനിയേഴ്സ് പറഞ്ഞാൽ ഇപ്പോഴത്തെ ആളുകൾ കേൾക്കുമോയെന്ന് എനിക്ക് അറിഞ്ഞുകൂടാ... അതുകൊണ്ട് ഞാൻ ഒന്നിലും ഇടപെടാറില്ലെന്നും മേനക പറയുന്നു. പഴയ അഭിമുഖം വീണ്ടും വൈറലായപ്പോൾ മേനകയെ വിമർശിച്ചാണ് പ്രതികരണങ്ങൾ വന്നത്. മാന്യമായി പേരല്ലേ വിളിച്ചത് അല്ലാതെ തെറിയൊന്നുമല്ലല്ലോ എന്നായിരുന്നു ഏറെയും പേർ ചോദിച്ചത്. വിളിക്കാനുള്ളതല്ലേ പേര് അല്ലെങ്കിൽ പിന്നെ നമ്പർ ഇടുമായിരുന്നില്ലേ?.
പേര് വിളിക്കാനുള്ളതല്ലേ?. അതിൽ ഒരു തെറ്റും ഇല്ല. മറ്റ് ഭാഷയിൽ ചേച്ചി, ചേട്ടാ എന്നെന്നും വിളിക്കില്ല. പേര് തന്നെയാണ് വിളിക്കുക, പേര് വിളിക്കുന്നത് ഏറ്റവും ആദരണീയമായ ഒരു രീതിയാണ്. അഹങ്കാരം നിങ്ങളെ മറിച്ചു ചിന്തിക്കാൻ പ്രേരിപ്പിക്കുന്നു. അസിസ്റ്റന്റ് ഡയറക്ടർ പറഞ്ഞത് പൂർണ്ണമായും ശരിയാണെന്ന് ഞാൻ കരുതുന്നു. സിനിമയിൽ ഇല്ലാത്തത് പ്രൊഫഷണലിസമാണ്. അറിവുള്ളവർ ആദരവ് ചോദിച്ച് വാങ്ങുകയില്ല. അഹങ്കാരി അത് ചെയ്യും എന്നിങ്ങനെയും കമന്റുകൾ ഉണ്ടായിരുന്നു.


Click it and Unblock the Notifications











