മോനിഷയുടെ മരണത്തോടെ ജ്യോതിഷത്തിൽ വിശ്വാസം നഷ്ടപ്പെട്ടു: എം.ജി ശ്രീകുമാർ വെളിപ്പെടുത്തിയപ്പോൾ
മലയാള സിനിമ പ്രേക്ഷകർക്കും സംഗീത പ്രേമികൾക്കും ഏറെ പ്രിയപ്പെട്ട ഗായകനാണ് എം.ജി ശ്രീകുമാർ. തന്റെ അപാരമായ ആലാപന സിദ്ധി കൊണ്ട് മാത്രമല്ല, ടെലിവിഷൻ പരിപാടികളിലെ സാനിധ്യം കൊണ്ട് കൂടി വലിയ ആരാധക വൃന്ദം സൃഷ്‌ടിച്ച വ്യക്തിത്വമാണ് ശ്രീകുമാറിന്റേത്. മുൻപൊരിക്കൽ, ഒരു അഭിമുഖത്തിൽ, താൻ ഒരു ജ്യോതിഷ വിശ്വാസിയല്ലെന്ന് പ്രശസ്ത ഗായകൻ വെളിപ്പെടുത്തിയിരുന്നു. ആദ്യം ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്ന തനിക്ക് അത് നഷ്ടപ്പെട്ടത് പ്രശസ്ത നടി മോനിഷയുടെ മരണത്തോടെയാണെന്നാണ് ശ്രീകുമാർ പറഞ്ഞത്.
മോനിഷയുടെ മരണത്തോടെ ജ്യോതിഷവിശ്വാസം നഷ്ട്ടപ്പെട്ട എം.ജി ശ്രീകുമാർ
മുൻപ് ജ്യോതിഷത്തിൽ വിശ്വസിച്ചിരുന്ന വ്യക്തിയായിരുന്നു എം.ജി ശ്രീകുമാർ, എന്നാൽ പിന്നീട് അതിലൊന്നും കാര്യമില്ല എന്ന നിഗമനത്തിൽ പ്രശസ്ത ഗായകന് എത്തേണ്ടി വന്നു. അതിന് കാരണം, പ്രശസ്ത നടിയും, ദേശീയ അവാർഡ് ജേതാവുമായ മോനിഷയുടെ അകാല മരണമാണ് എന്നാണ് പ്രശസ്ത ഗായകൻ കൗമുദി ഓൺലൈൻ ചാനലിന് മുൻപ് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തിയത്.

"ഞാൻ അങ്ങനെ ജ്യോതിഷത്തിൽ വലുതായി വിശ്വസിക്കുന്ന ഒരാളല്ല. അധികമൊന്നും ജ്യോത്സ്യന്മാരെ പോയി കാണുകയും ചെയ്തിട്ടില്ല. പിന്നെ, നമുക്ക് വിഷമങ്ങൾ വരുമ്പോഴാണല്ലോ നമ്മൾ പെട്ടെന്ന് ജ്യോത്സ്യന്മാരുടെ അടുത്തേക്കൊക്കെ ഓടാറുള്ളത്. ശുക്രൻ എങ്ങോട്ടോ നോക്കി ഇരിക്കുകയാണ്, കേതുവിന്റെ അപഹാരം കാണുന്നുണ്ട്, എന്നൊക്കെ അവർ ചിലപ്പോൾ പറയും. പക്ഷെ ഇതിൽ ഒന്നും ഒരു കാര്യവുമില്ല. ഇത് നമ്മുടെ സമാധാനത്തിന് മാത്രമാണ്. നമുക്ക് വരേണ്ടത് വരും, കിട്ടേണ്ടത് കിട്ടും. ഒരടിയാണ് നമുക്ക് കിട്ടാൻ ഉള്ളതെങ്കിൽ, ഉറപ്പായും അത് വഴിയിൽ തങ്ങില്ല. നമ്മളെ വന്ന് അടിച്ചിട്ടേ പോവുകയുള്ളു, " എം.ജി ശ്രീകുമാർ അഭിമുഖത്തിൽ പറഞ്ഞു.
"ഇതിന് ഒരുപാട് ഉദാഹരണങ്ങൾ എന്റെ ജീവിതത്തിൽ ഉണ്ട്. നടി മോനിഷയുടെ കാര്യം തന്നെ എടുക്കാം. മോനിഷ ഉടനെ കല്യാണം കഴിക്കുമെന്നും, രണ്ടു കുട്ടികളുടെ അമ്മയാവും എന്നും ഒക്കെ ഒരു ജ്യോതിഷ പ്രവചനം ഉണ്ടായിരുന്നു. അവർ ഇങ്ങനെ ആയി തീരും എന്നൊക്കെ പ്രവചനം വന്നതിന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് ആ കുട്ടി മരിക്കുന്നത്. അത് കൊണ്ട് ആർക്കും നമ്മുടെ ലൈഫിനെ കുറിച്ച് പ്രവചിക്കാൻ പറ്റില്ല എന്ന് ഞാൻ ഉറച്ചു വിശ്വസിക്കുന്നു," എം.ജി ശ്രീകുമാർ കൂട്ടി ചേർത്തു.

മോനിഷയുടെ മരണത്തിന് ശേഷം മുപ്പത്തൊന്ന് വർഷങ്ങൾ കഴിഞ്ഞ വേളയിൽ ഗായകൻ എം.ജി ശ്രീകുമാർ പ്രശസ്ത നടിയെ കുറിച്ചുള്ള ഓർമകൾ പങ്കു വച്ചിരുന്നു. തനിക്ക് ഒരിക്കലും വിശ്വസിക്കാൻ പറ്റാത്ത മരണമായിരുന്നു മോനിഷയുടേത് എന്നാണ് എം.ജി ശ്രീകുമാർ ഒരു വിഡിയോയിൽ പറഞ്ഞത്. വളരെ മികച്ചൊരു നടി മാത്രമല്ല, നല്ല കഴിവുള്ള ഒരു ഗായിക കൂടിയായിരുന്നു മോനിഷ എന്ന് എം.ജി ശ്രീകുമാർ ഓർത്തെടുത്തു. സീനിയർ ഗായകനോടൊപ്പം പല സ്റ്റേജ് ഷോകളിലും മോനിഷ പാട്ടുകൾ പാടിയിരുന്നു.
"പുറം രാജ്യത്ത് വച്ച് നടന്ന പല ഷോകളിലും എന്റെ ഒപ്പം മോനിഷ പാട്ടുകൾ പാടിയിരുന്നു. പതിനാറ് ഷോകളിൽ മോനിഷയായിരുന്നു 'അമ്പലപ്പുഴേ ഉണ്ണിക്കണ്ണനോടു നീ' എന്ന പാട്ട് എന്റെ ഒപ്പം പാടിയിരുന്നത്. 1993ലാണ് മോനിഷയുടെ മരണം. അതിന് ശേഷം പല സ്റ്റേജിലും രാധിക തിലകായിരുന്നു പിന്നീട് എന്റെ ഒപ്പം ആ പാട്ട് പാടിയത്. പക്ഷെ, പലപ്പോഴും പല വേദികളിലും വച്ച് ഞാൻ പാടുന്നതിനിടയ്ക്ക് ആ പാട്ട് നിന്നു പോയിട്ടുണ്ട്. അത്രയും വേദന ഉണ്ടാക്കി... ഇന്നും ഒരു വിങ്ങലാണ് അത് ഓർക്കുമ്പോൾ," എം.ജി ശ്രീകുമാർ വെളിപ്പെടുത്തി.


Click it and Unblock the Notifications











