'അദ്ദേഹം വീണശേഷം എഴുന്നേറ്റ് ചിരിക്കുന്നത് കണ്ട് ഞങ്ങൾ ഓടി, ജഗദീഷിനെ പിന്നെ സമാധാനിപ്പിച്ചു'; എം.ജി ശ്രീകുമാർ
ഊട്ടിയിൽ എല്ലാവർക്കുമൊപ്പം ഒരു വിനോദയാത്രക്ക് പോയി കളിച്ച് ചിരിച്ച് ആർത്തുല്ലസിക്കുന്ന അനുഭൂതി അതാണ് മലയാളികൾക്ക് കിലുക്കം എന്ന സിനിമ. മലയാള സിനിമയിലെ എക്കാലത്തെയും ക്ലാസിക് എൻ്റർടെയ്നർ. മുപ്പത് വർഷങ്ങൾ കഴിഞ്ഞിട്ടും കിലുക്കം എന്ന സിനിമ മലയാളികൾക്ക് മടുത്തിട്ടില്ല.
മലയാളി ഇന്നും ജോജിയുടെ നിശ്ചലിൻ്റെ നന്ദിനിയുടെ കിട്ടുണ്ണിയുടെ ജസ്റ്റിസ് പിള്ളയുടെ തമാശകൾ പുതുതലമുറയോടൊപ്പം കണ്ട് ആസ്വദിച്ച് പൊട്ടിച്ചിരിക്കുന്നു. ഇനി ഒരു ഇരുപത് വർഷം കഴിഞ്ഞാലും മലയാളികൾ കിലുക്കം എന്ന ക്ലാസിക് കണ്ട് പൊട്ടിച്ചിരിക്കുക തന്നെ ചെയ്യും.
കിലുക്കം എന്ന സിനിമയെ കുറിച്ച് ഓർക്കുമ്പോൾ എല്ലാവരുടെയും മനസിലേക്ക് ആദ്യം കടന്നുവരുന്ന ഒരു കഥാപാത്രം ഇന്നസെന്റ് അവതരിപ്പിച്ച കിട്ടുണ്ണിയുടേതാണ്. ഒരു ലോട്ടറി ടിക്കറ്റ് നമ്പറുകള്‍ വായിക്കുമ്പോള്‍ അതിന് കൊടുക്കുന്ന റിയാക്ഷനുകൾ തന്നെയാണ് കിട്ടുണ്ണി എന്ന കഥാപാത്രത്തെ ആരാധകരുടെ മനസിൽ കുടിയിരുത്തുന്നത്.

പരമാവധി എത്രത്തോളം ഇംപ്രവൈസ് ചെയ്യാം എന്ന് എല്ലാവര്‍ക്കും ഒരു കാഴ്ചപ്പാടുണ്ടാകും പക്ഷെ കിലുക്കത്തിലെ ഇന്നസെന്റിന്റെ പ്രകടനം ആദ്യമായി സിനിമ കാണുന്ന ഒരാളും ഇത്രയും പ്രതീക്ഷിച്ചുകാണില്ല. തമാശ മാത്രമായി കാണാതെ ഒന്ന് ചിന്തിച്ചാല്‍ മനസിലാകും ഇന്നസെന്റ് ചെയ്ത പ്രകടനത്തിന്‍റെ മഹത്വം. കിലുക്കത്തിലെ നാല് ഹിറ്റ് ഗാനങ്ങളും ആലപിച്ചത് എം.ജി ശ്രീകുമാറാണ്.
എം.ജിയുടെ പാട്ടുകളെ സ്നേഹിക്കുന്നവരുടെ ലിസ്റ്റിൽ എപ്പോഴും കിലുക്കത്തിലെ ഗാനങ്ങളുണ്ടാകും. കിലുക്കത്തിൽ എം.ജിയും എസ്.പി ബാലസുബ്രഹ്മണ്യവും ചേർന്ന് പാടിയ ഊട്ടിപട്ടണത്തിന് ആരാധകർ കൂടുതലും.
ഇപ്പോഴിതാ കിലുക്കം സിനിമയുടെ ലൊക്കേഷനിൽ പോയതിനെ കുറിച്ചും ഊട്ടിപട്ടണം ഗാനത്തിന്റെ ഭാഗമായപ്പോഴുള്ള അനുഭവവും പങ്കിട്ടിരിക്കുകയാണ് എം.ജി ശ്രീകുമാർ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിലൂടെ. കിലുകിൽ പമ്പരം എന്ന ഗാനം സ്റ്റുഡിയോയിൽ പ്ലെ ചെയ്തപ്പോൾ എല്ലാവരും ചേർന്ന് ഗാനത്തിന് വരികളെഴുതിയ ബിച്ചു തിരുമലയെ എല്ലാവരും ചേർന്ന് കെട്ടിപിടിച്ചുവെന്ന് എം.ജി ശ്രീകുമാർ പറയുന്നു.
നിമിഷനേരം കൊണ്ടാണ് അദ്ദേഹം ഗാനങ്ങൾക്ക് വളരെ അർഥവത്തായ വരികൾ എഴുതുന്നതെന്നും എം.ജി ശ്രീകുമാർ പറയുന്നു. 'ഊട്ടിപട്ടണം എന്ന ഗാനം എനിക്ക് ജീവിതത്തിൽ മറക്കാൻ പറ്റാത്ത ഓർമയാണ്. ഞാനും എസ്പിബി സാറും ചേർന്നാണ് അത് പാടിയത്. ഒരു വരി ചിത്രയും പാടിയിട്ടുണ്ട്.'

'ഊട്ടിപട്ടണം സോങിൽ മുഴുനീളെ നടൻ ജഗദീഷ് അഭിനയിച്ചിരുന്നു. പക്ഷെ എഡിറ്റ് ചെയ്ത് വന്നപ്പോൾ ഒരു സീനായി കുറഞ്ഞു. അത് ജഗദീഷിന് വലിയ സങ്കടമായി. പിന്നെ ഞങ്ങൾ എല്ലാവരും ചേർന്ന് ജഗദീഷിനെ സമാധാനിപ്പിച്ചു. ഞാൻ പ്രിയന്റെ സിനിമയുടെ ഷൂട്ട് ഉണ്ടാകുമ്പോൾ പത്ത് ദിവസം ഷൂട്ടിങ് ലൊക്കേഷനിൽ പോയി നിൽക്കാറുണ്ട്.'
'ഭയങ്കര രസമാണ് ലൊക്കേഷനിൽ പോയി നിൽക്കാൻ. കിട്ടുണ്ണി എന്ന ഇന്നസെന്റ് ചേട്ടന്റെ കഥാപാത്രത്തിന്റെ ഷോട്ട് എടക്കുമ്പോഴെല്ലാം അദ്ദേഹം ഓരോ സെക്കന്റിലും ഇംപ്രവൈസ് ചെയ്യും. ഒന്നും പറഞ്ഞ് കൊടുത്ത് ചെയ്യിപ്പിച്ചതല്ല. ലോട്ടറി അടിച്ചു മോളെ എന്ന് പറഞ്ഞ് നിലത്ത് വീണശേഷം ഇന്നസെന്റ് ചേട്ടൻ എഴുന്നേറ്റ് വീണ്ടും ചിരിക്കുന്നുണ്ട്. അതുകണ്ട് ഞങ്ങൾ എല്ലാവരും എഴുന്നേറ്റ് ഓടി.'
'അദ്ദേഹം നിലത്ത് വീണപ്പോൾ കട്ട് പറയാൻ നിന്നതായിരുന്നു പ്രിയൻ. പക്ഷെ അപ്പോഴാണ് ഇന്നസെന്റ് ചേട്ടൻ എഴുന്നേറ്റ് ചിരിച്ചിട്ട് വീണ്ടും കിടന്നത്. ഇനി എന്തെങ്കിലും ചെയ്താലോയെന്ന് കരുതി ഞങ്ങൾ എല്ലാവരും ബാക്കിലേക്ക് ഓടി മാറുകയായിരുന്നു', എന്നാണ് ലൊക്കേഷനിലെ അനുഭവം പങ്കുവെച്ച് എം.ജി ശ്രീകുമാർ പറഞ്ഞത്.
മലയാള സിനിമയിലെ ഐക്കോണിക്ക് സീനുകളിലൊന്നായി പലരും പറയാറുള്ളതാണ് ലോട്ടറി അടിച്ചശേഷം ഇന്നസെന്റ് കിലുക്കിൽ നടത്തുന്ന പ്രകടനം. ഇന്നസെന്റ് എന്ന പ്രതിഭ കാലയവനികയ്ക്കുള്ളിൽ മറഞ്ഞപ്പോൾ സിനിമാപ്രേമികൾക്ക് നഷ്ടമായതും ഇത്തരം മികച്ച പ്രകടനങ്ങൾ സമ്മാനിക്കാനുള്ള ഒരു പ്രതിഭയെയാണ്.


Click it and Unblock the Notifications











