ഗിരീഷ് പുത്തഞ്ചേരി കാര്യം അറിയാതെ എഴുതിയ എട്ട് വരി, ലതാജിയുടെ കൂടെ പാടിയെന്ന് അറിഞ്ഞത് പിന്നീട്; എംജി
കഴിഞ്ഞ നാല് പതിറ്റാണ്ടോളമായി മലയാള സിനിമ പിന്നണിഗാന രംഗത്ത് നിറഞ്ഞ് നിൽക്കുന്ന ഗായകനാണ് എംജി ശ്രീകുമാർ. സഹോദരൻ എം.ജി രാധാകൃഷ്ണന്റെ കൂടെ കച്ചേരികൾ അവതരിപ്പിച്ചുകൊണ്ടായിരുന്നു ശ്രീകുമാർ സംഗീതത്തിൽ അരങ്ങേറ്റം കുറിച്ചത്. ചേർത്തല ഗോപാലൻ നായരുടെ കീഴിലും നെയ്യാറ്റിൻകര വാസുദേവന്റെ കീഴിലും സംഗീതം അഭ്യസിച്ചിട്ടുണ്ടെങ്കിലും ഗുരു ജ്യേഷ്ഠനായ എം.ജി രാധാകൃഷ്ണൻ തന്നെയായിരുന്നു. 1982ൽ പത്മരാജൻ സംവിധാനം ചെയ്ത് എം.ജി രാധാകൃഷ്ണൻ സംഗീതം നിർവഹിച്ച നവംബറിന്റെ നഷ്ടം എന്ന ചിത്രത്തിലൂടെയാണ് എംജി പിന്നണി ഗായകനായി അരങ്ങേറ്റം കുറിക്കുന്നത്.
എംജിയുടെ ഗാനങ്ങൾ കേൾക്കാതെ മലയാളികളുടെ ദിവസങ്ങൾ കടന്ന് പോകാറില്ല. വിവിധ ഭാഷകളിൽ നിരവധി ഗാനങ്ങൾ ആലപിച്ച ഗായകൻ ഷാരൂഖ് ഖാൻ സിനിമ ദിൽസെയിൽ പിന്നണി പാടിയ അനുഭവം പങ്കുവെച്ചതാണ് ഇപ്പോൾ വീണ്ടും വൈറലാകുന്നത്.

മണിരത്നം നിർമിച്ച് തിരക്കഥയെഴുതി സംവിധാനം ചെയ്ത് 1998ൽ പുറത്തിറങ്ങിയ ചിത്രമായിരുന്നു ദിൽ സെ. ഷാരൂഖ് ഖാൻ, മനീഷ കൊയ്രാള, പ്രീതി സിന്റ എന്നിവർ മുഖ്യവേഷങ്ങളിലഭിനയിച്ച ചിത്രം റിലീസ് ചെയ്തിട്ട് 27 വർഷം പിന്നിട്ടിരിക്കുന്നു. എ.ആർ റഹ്മാൻ ഈണമിട്ട ചിത്രത്തിലെ ഗാനങ്ങൾ ഇപ്പോഴും ആസ്വാദകർ ഏറ്റുപാടുന്നവയാണ്. തൊണ്ണൂറുകളിൽ ദിൽ സെ പുറത്തിറങ്ങുമ്പോൾ അത് കാണാത്ത യൗവ്വനങ്ങൾ ഉണ്ടായിരുന്നില്ല എന്ന് തന്നെ പറയണം.
അത് സിനിമ കാണാൻ വേണ്ടി മാത്രമല്ല അതിലെ റഹ്‌മാൻ തൊട്ട പാട്ടുകൾ കേൾക്കാനും കൂടി വേണ്ടിയായിരുന്നു. അക്കൂട്ടത്തിൽ ഏറ്റവും ഹിറ്റായ ഗാനമായിരുന്നു ജിയാ ജലേ... എന്ന് തുടങ്ങുന്ന ഗാനം. പാട്ട് ഹിന്ദിയിലാണെങ്കിൽ കൂടിയും അത് ഹിറ്റാകാൻ മറ്റൊരു കാരണം കൂടിയുണ്ട്. അത് മറ്റൊന്നുമില്ല പാട്ടിന് ഇടയിൽ വരുന്ന മലയാളത്തിലുള്ള കുറച്ച് വരികളാണ്. എംജി ശ്രീകുമാറാണ് പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ എന്ന് തുടങ്ങുന്ന ആ വരികൾ പാടിയത്.
പാട്ടിന്റെ ആത്മാവായ ആ വരികൾ എഴുതിയതാകട്ടെ മലയാളത്തിന്റെ അഭിമാനവും സ്വകാര്യ അഹങ്കാരവുമെല്ലാമായിരുന്ന ഗിരീഷ് പുത്തഞ്ചേരിയും. വളരെ അപ്രതീക്ഷിതമായാണ് ജിയാ ജലേയിൽ ലതാ മങ്കേഷ്കർക്കൊപ്പം ഡ്യൂയറ്റ് പാടാൻ അവസരം കിട്ടിയതെന്നാണ് എംജി ശ്രീകുമാർ പറയുന്നത്. ഞാൻ എവിഎം ആർആറിൽ ഒരു പാട്ട് പാടികൊണ്ടിരിക്കുകയായിരുന്നു. അപ്പോൾ ഗിരീഷ് പുത്തഞ്ചേരി എനിക്കൊപ്പമുണ്ട്. പാട്ട് പാടി കഴിഞ്ഞപ്പോൾ ഞങ്ങൾ തിരികെ ഫ്ലാറ്റിലേക്ക് പോകാൻ ഇറങ്ങി.
അതിനിടയിലാണ് താൻ ചെയ്യാൻ മറന്ന ഒരു കാര്യം ഗിരീഷ് പുത്തഞ്ചേരി ഓർത്തത്. അദ്ദേഹം എന്നോട് പറഞ്ഞു തിരികെ ഫ്ലാറ്റിലേക്ക് പോകും മുമ്പ് എആർ റഹ്മാൻ സാറിന്റെ അടുത്ത് ഒന്ന് പോകണമെന്ന്. അത് എന്താണ് അവിടെയെന്ന് ഞാൻ ചോദിച്ചപ്പോൾ ഒരു എട്ടുവരി എഴുതി തരാൻ എആർ റഹ്മാൻ തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്ന് ഗിരീഷ് പറഞ്ഞു.

ആ എട്ടുവരികൾ ഞാൻ വായിച്ച് നോക്കി. പുഞ്ചിരി തഞ്ചി കൊഞ്ചിക്കോ... എന്നൊക്കെയായിരുന്നു എഴുതിയത്. പുതിയ വല്ല സിനിമയ്ക്കും വേണ്ടിയാകുമെന്ന് ഞാൻ കരുതി. അങ്ങനെ ഞങ്ങൾ എആർ റഹ്മാന്റെ സ്ഥലത്ത് എത്തി. എന്നെ കണ്ടപ്പോൾ കുശലം ചോദിച്ച റഹ്മാൻ ഒരു മണിയ്ക്ക് ഒന്ന് വരാൻ പറ്റുമോയെന്ന് ചോദിച്ചു. അർധരാത്രിക്ക് എന്താണ് പരിപാടി എന്നൊക്കെ ഞാൻ ചിന്തിച്ചു. റഹ്മാൻ എന്നെ ആക്കുകയാണോ എന്നൊക്കെ ഞാൻ ചിന്തിച്ചു. അങ്ങനെ വരാമെന്ന് റഹ്മാനോട് ഞാൻ പറഞ്ഞു.
ഗിരീഷിനോട് ചോദിച്ചപ്പോൾ അദ്ദേഹത്തിനും സംഭവം എന്താണെന്ന് അറിയില്ല. ബീറ്റിട്ട് തന്നിട്ട് വരികൾ എഴുതി കൊടുക്കാമോയെന്ന് ചോദിച്ചിരുന്നു. അങ്ങനെയാണ് താൻ എഴുതിയതെന്നായിരുന്നു ഗിരീഷിന്റെ മറുപടി. അങ്ങനെ ഞാൻ ഒരു മണിയ്ക്ക് പോയി. സകലമാന ആളുകളുമായി സ്റ്റുഡിയോ തയ്യാറായി നിൽക്കുന്നു. അങ്ങനെ നാല് മണിക്ക് റെക്കോർഡിങ് തുടങ്ങി.
മുക്കാൻ മണിക്കൂർ കഴിഞ്ഞപ്പോൾ റെക്കോർഡിങ് തീർന്നു. പുറത്ത് വന്നപ്പോൾ നല്ല പൈസയും കിട്ടി. ലതാജിയുടെ കൂടെയാണ് ഞാൻ പിന്നണി പാടിയെന്ന് അറിഞ്ഞത് പിന്നീടാണ് എന്നാണ് എംജി ശ്രീകുമാർ പറഞ്ഞത്. എംജിയുടെ വീഡിയോ വൈറലായതോടെ ഗിരീഷ് പുത്തഞ്ചേരിയും എംജി ശ്രീകുമാറുമാണ് ജിയാ ജലേയുടെ ആത്മാവെന്നാണ് ആരാധകരുടെ കമന്റുകൾ.


Click it and Unblock the Notifications











