'നിരന്തരമായി ഫ്രൂട്ടി കുടിച്ച് രഞ്ജിനിക്ക് അൾസറായി ഷൂട്ട് മുടങ്ങി, അന്ന് ലാൽ വന്ന് ചെവിയിൽ ചീത്ത വിളിച്ചു'
മോഹൻലാൽ-പ്രിയദർശൻ കൂട്ടുകെട്ടിൽ പുറത്തിറങ്ങിയ എക്കാലത്തെയും ഹിറ്റ് സിനിമയാണ് ചിത്രം. സിനിമ റിലീസ് ചെയ്ത് 34 വർഷം പിന്നിടുന്ന സാഹചര്യത്തിലും ചിത്രത്തിനുള്ള റിപ്പീറ്റ് വാല്യു വളരെ വലുതാണ്. മലയാള സിനിമ ചരിത്രത്തിലെ എക്കാലത്തെയും വലിയ ബ്ലോക്ക്ബസ്റ്റർ സിനിമ ഏത് എന്ന ചോദ്യത്തിനുള്ള ഉത്തരവും പ്രിയദർശൻ-മോഹൻലാൽ ടീമിന്റെ ചിത്രം എന്നത് തന്നെയാണ്.
ലോകത്ത് എവിടെയും നടക്കാൻ സാധ്യതയില്ലാത്ത ആരോടെങ്കിലും പറഞ്ഞാൽ ഒരിക്കലും വിശ്വസിക്കാൻ കഴിയാത്ത ലോജിക്കിന്റെ ഒരു അംശം പോലും ഇല്ലാത്ത ഒരു കഥയാണ് ചിത്രം സിനിമയുടേത്. ഇത്തരത്തിലുള്ള ഒരു കഥ ഇത്ര മനോഹരമായി അവതരിപ്പിക്കാനും പ്രേക്ഷകന്റെ ഇഷ്ട സിനിമയാക്കാനും പ്രിയദർശൻ എന്ന സംവിധായകന് കഴിഞ്ഞു... അല്ലെങ്കിൽ പ്രിയദർശനെ കഴിയൂവെന്ന് പറയാം.

ചിത്രം എന്ന സിനിമയുടെ മുഖ്യ ആകർഷണം മോഹൻലാൽ തന്നെയാണ്. വിഷ്ണു എന്ന കഥാപാത്രമായി മികച്ച പെർഫോമൻസ് കാഴ്ചവെച്ചു. കുസൃതിയും തമാശയും ചമ്മലും സെന്റിമെന്റ്സുമൊക്കെ ചേരുംപടി ചേർത്ത് അതിമനോഹരമായിട്ടാണ് വിഷ്ണുവിനെ പ്രിയദർശൻ പ്രേക്ഷകർക്ക് മുന്നിൽ അവതരിപ്പിച്ചത്. ശരിക്കും ഒരു വൺമാൻ ഷോ പെർഫോമൻസായിരുന്നു മോഹൻലാലിന്റേത്.
അതിഗംഭീരം എന്നൊന്നും പറഞ്ഞാൽ പോരാ ആ ലാൽ ഭാവങ്ങളെ. ചിത്രം സിനിമ കാണുമ്പോൾ ഇന്നും ആളുകൾ അതിശയിക്കുന്നത് സ്വാമിനാഥ എന്ന് തുടങ്ങുന്ന ഗാനത്തിലെ മോഹൻലാലിന്റെ പ്രകടനമാണ്. അത്രത്തോളം മനോഹരമായാണ് ആ ഗാനരംഗത്തിൽ മോഹൻലാൽ ലിപ്സിങ്ക് ചെയ്തിരിക്കുന്നത്. മറ്റേതെങ്കിലും ഒരു നടന് അത് സാധ്യമാകുമോയെന്ന് സംശയമാണ്.
സംഗീതം അഭ്യസിച്ചിട്ടില്ലാത്ത മോഹൻലാൽ വർഷങ്ങളായി സംഗീതം അഭ്യസിക്കുന്ന ഒരാൾ പാടുംപോലെയാണ് പാടി മനോഹരമാക്കിയത്. ഇപ്പോഴിതാ സ്വാമിനാഥ... എന്ന് തുടങ്ങുന്ന ഗാനം ചിത്രം സിനിമയിൽ ഉൾപ്പെടുത്തിയതിന്റെ കഥ വെളിപ്പെടുത്തിയിരിക്കുകയാണ് പിന്നണി ഗായകൻ എം.ജി ശ്രീകുമാർ. 'രഞ്ജിനിയാണ് ചിത്രത്തിലെ നായിക. സിനിമയുടെ ഷൂട്ടിങ് പുരോഗമിക്കുമ്പോൾ രഞ്ജിനിക്ക് ആ സമയത്ത് കുറച്ച് വണ്ണം വെച്ചു.'
'പലരും ഇത് രഞ്ജിനിയോട് പറയാൻ തുടങ്ങിയതോടെ അവർ ഫ്രൂട്ടി മാത്രം കുടിക്കുന്ന രീതിയിലേക്ക് മാറി. ദിവസവും മണിക്കൂറുകൾ ഇടവിട്ട് നിരന്തമായി ഫ്രൂട്ടി മാത്രം കുടിച്ച് അവസാനം രഞ്ജിനിക്ക് വയറ്റിൽ അസുഖമായി അൾസർ വന്ന് ഓപ്പറേഷനൊക്കെ വേണ്ടി വന്നു. അതോടെ സിനിമയുടെ ഷൂട്ട് മുടങ്ങി.'

'പക്ഷെ പാട്ടുകളൊക്കെ നേരത്തെ റെക്കോർഡ് ചെയ്തിരുന്നു. അതുകൊണ്ട് അവയെല്ലാം ചേർത്ത് കാസറ്റായി ഇറക്കാൻ തീരുമാനിച്ചു. പക്ഷെ പാട്ടുകൾ ഒരുമിച്ച് ചേർത്തപ്പോൾ നാൽപ്പത് മിനിറ്റ് മാത്രമെ ഉണ്ടായിരുന്നുള്ളു. കാസറ്റിലാകുമ്പോൾ അമ്പത് മിനിറ്റോളം വേണം. അങ്ങനെയാണ് കാസറ്റിന് വേണ്ടി സ്വാമിനാഥ എന്ന കീർത്തന പാടിയത്. കാസറ്റ് റിലീസായശേഷം അഞ്ച് ലക്ഷത്തോളം വിറ്റുപോയി. ശേഷം കാസറ്റ് നിരന്തരമായി കേട്ടപ്പോൾ പ്രിയന് തോന്നിയ ഐഡിയയാണ് ഇതും സിനിമയുടെ ക്ലൈമാക്സിൽ ഉൾപ്പെടുത്താമെന്നത്.'
'അത് പ്രിയന്റെ ചങ്കൂറ്റമാണ്. പാട്ട് റെക്കോർഡ് ചെയ്തശേഷം ഞാൻ ലാലിനെ കണ്ടു. എന്നെ കണ്ടപാടെ ഞാൻ ചെമ്മാകുടിയാണെന്ന് നീ കരുതിയോ എന്നൊക്കെ ചോദിച്ച് ലാൽ ഒരു പതിനഞ്ച് ചീത്ത ചെവിയിൽ പറഞ്ഞു. സ്വരം ഒറ്റയടിക്ക് പാടാൻ ലാലിനോട് പ്രിയൻ പറഞ്ഞപ്പോൾ ലാൽ നിർബന്ധിച്ചിട്ട് ഞാൻ പേപ്പറിൽ സ്വരങ്ങൾ എഴുതി ക്യാമറയ്ക്ക് താഴെ ഇരുന്ന് കാണിച്ച് കൊടുത്തു.'
'ഇടയ്ക്ക് ചുണ്ടനക്കി പാടികൊടുക്കുകയും ചെയ്തു. ലാൽ അത് ഒറ്റടേക്കിൽ പാടി ഓക്കെയാക്കി. അത് ആരും പറഞ്ഞാൽ വിശ്വസിക്കില്ല. ചായകൊടുക്കുന്നവർ വരെ ലാലിന്റെ പ്രകടനം കണ്ട് കയ്യടിച്ചു. ഇതുകൊണ്ടൊക്കെയാണ് ലാലിനെ കംപ്ലീറ്റ് ആക്ടറെന്ന് വിശേഷിപ്പിക്കുന്നതെന്നാണ്', എം.ജി ശ്രീകുമാർ പറഞ്ഞത്.


Click it and Unblock the Notifications