'ചേട്ടൻ മരിച്ചിട്ട് കാണാൻ എത്താതിരുന്നതിന് കാരണം; മരിക്കുന്നത് വരെ പ്രശ്നമില്ല, പക്ഷെ...'
ചേട്ടൻ എംജി രാധാകൃഷ്ണന്റെ മരണത്തിന് പിന്നാലെ തന്നെക്കുറിച്ച് വന്ന മോശം പ്രചരണങ്ങളോട് പ്രതികരിച്ച് ഗായകൻ എംജി ശ്രീകുമാർ. എംജി രാധാകൃഷ്ണനും എംജി ശ്രീകുമാറും തമ്മിൽ അസ്വാരസ്യങ്ങളുണ്ടായിരുന്നെന്നും ഇത് കാരണമാണ് അദ്ദേഹം മരിച്ചപ്പോൾ എംജി ശ്രീകുമാർ സംസ്കാര ചടങ്ങിന് എത്താതിരുന്നതെന്നുമായിരുന്നു ഒരു കാലത്തുണ്ടായ സംസാരം. എന്നാൽ സത്യാവസ്ഥ ഇതല്ലെന്ന് എംജി ശ്രീകുമാർ പറയുന്നു. താനും ചേട്ടനും തമ്മിൽ മരിക്കുന്നത് വരെ പ്രശ്നമൊന്നും ഉണ്ടായിട്ടില്ലെന്നും ഗായകൻ വ്യക്തമാക്കി.
സിനിമാതെക്കുമായുള്ള അഭിമുഖത്തിലാണ് പ്രതികരണം. ചേട്ടനുമായി കൂടുതൽ അടുക്കാൻ വേണ്ടി മറ്റ് പലരും പറഞ്ഞുണ്ടാക്കിയതാണത്. ഞാനും ചേട്ടനും തമ്മിൽ മരിക്കുന്നത് വരെ ഒരു പ്രശ്നവുമില്ല. പക്ഷെ ഒരു ചെറിയ പ്രശ്നമുണ്ടായത് എവിടെയാണെന്നാൽ ചേട്ടൻ ആശുപത്രിയിൽ കിടക്കുന്ന സമയത്ത് എനിക്ക് അമേരിക്കൻ പ്രോഗ്രാമാണ്. സാധാരണക്കാരന് അമേരിക്കയിലെ നിയമങ്ങളും തിരിച്ച് വരുന്നതിനെക്കുറിച്ചും അറിയില്ല.

പ്രോഗ്രാമിന് പാടിക്കഴിഞ്ഞ് വന്ന് ഇരുന്നപ്പോഴാണ് ചേട്ടൻ മരിച്ചെന്ന് മെസേജ് വന്നത്. എല്ലാവരും ആശ്വസിപ്പിച്ചു. അടുത്ത ആഴ്ചത്തെ പ്രോഗ്രാം ക്യാൻസൽ ചെയ്യാമെന്നും പറഞ്ഞു. അവിടെ ഹാൾ ബുക്ക് ചെയ്ത് പരിപാടി ക്യാൻസൽ ചെയ്താൽ ലക്ഷങ്ങൾ നഷ്ടമുണ്ടാകും. എനിക്ക് അന്ന് പാടാതിരിക്കാൻ പറ്റില്ല. ഒരു ദിവസം വേണമെങ്കിൽ അഡ്ജസ്റ്റ് ചെയ്യാമെന്ന് ഡയരക്ടർ പറഞ്ഞു. പക്ഷെ ഞാൻ നാട്ടിലെത്താൻ നാല് ദിവസമെടുക്കും.
ചേട്ടന്റെ ബോഡി നാലോ അഞ്ചോ ദിവസം ഇവിടെ വെക്കേണ്ടി വരും. കണ്ട് ഉടനെ തിരിച്ച് പോയാലും അടുത്ത പ്രോഗ്രാമിന് എത്താൻ പറ്റില്ല. ഞാൻ അമ്മാവനും ബാക്കിയുള്ള ആൾക്കാരുമായും സംസാരിച്ചു. വേണ്ട മോനെ, മോന്റെ വിഷമം ഞങ്ങൾക്ക് അറിയാമെന്ന് അവർ പറഞ്ഞു. ഞാൻ വന്നില്ല. പക്ഷെ ഇവിടെയുള്ള കുറേ ആൾക്കാർ മനപ്പൂർവം താൻ ചേട്ടന്റെ അടക്കത്തിന് വന്നില്ല എന്ന് പറഞ്ഞു. അവരോട് തനിക്ക് വിരോധമുണ്ടെന്നും എംജി ശ്രീകുമാർ തുറന്ന് പറഞ്ഞു.

പറയുന്നവർക്ക് ചുമ്മാ പറയാം. പക്ഷെ തനിക്ക് ഇന്നും സൂര്യ കിരീടം എന്ന പാട്ട് പാടുമ്പോൾ കണ്ണ് നിറയും. അച്ഛന്റെ സ്ഥാനത്താണ് തനിക്ക് ചേട്ടനെന്നും എംജി ശ്രീകുമാർ പറഞ്ഞു. കരൾ രോഗം ബാധിച്ച് ചികിത്സയിലിരിക്കെയാണ് സംഗീത സംവിധായകൻ എംജി രാധാകൃഷ്ണൻ മരിച്ചത്. എഴുപത് വയസ് പൂർത്തിയാകാൻ ഒരു മാസം ബാക്കി നിൽക്കെയായിരുന്നു മരണം. എംജി രാധാകൃഷ്ണന് കരിയറിലുണ്ടായ ചില പിഴവുകളെക്കുറിച്ചും എംജി ശ്രീകുമാർ സംസാരിക്കുന്നുണ്ട്.
ചേട്ടൻ സുഹൃത്തുക്കളോടെല്ലാം വഴക്കിടും. സിനിമയിൽ അങ്ങനെ ആവശ്യമില്ലാതെ വഴക്കിടാൻ പോകരുത്. ഒരു പടത്തിൽ വിളിച്ചിട്ട് അടുത്ത പടത്തിൽ ആ ഡയറക്ടർ വിളിച്ചില്ലെന്ന് മുഖം തിരിച്ചാൽ അയാൾ പിന്നെ വിളിക്കില്ല. ചേട്ടൻ ഒരു ട്യൂണിട്ടു. കാവാലം സാറുമായിട്ടായിരുന്നു കോംബിനേഷൻ. മനോഹരമായ പാട്ട് കേട്ട് സംവിധായകൻ ഇതത്ര പോര എന്ന് പറഞ്ഞു. ഇതെനിക്ക് ഇഷ്ടമായി, നിനക്ക് പോരെങ്കിൽ നീ എഴുന്നേറ്റ് പോയെന്ന് ചേട്ടൻ മറുപടി നൽകിയെന്നും എംജി ശ്രീകുമാർ ഓർത്തു.
അതേസമയം ചേട്ടൻ സഹൃദനായിരുന്നു. ഒരുപാട് കൂട്ടുകാരുണ്ട്. ഇപ്പോഴും ചിലർ വന്ന് ചേട്ടന്റെ കൂട്ടുകാരനായിരുന്നു, അയാളൊരു വലിയ മനുഷ്യനായിരുന്നെന്ന് പറയും. പക്ഷെ സിനിമയ്ക്ക് അകത്ത് അതെന്തോ പ്രതിഫലിച്ചില്ലെന്നും എംജി ശ്രീകുമാർ അഭിപ്രായപ്പെട്ടു. ചേട്ടന് ഡിപ്ലോമസി അറിയില്ല. ഉരുളയ്ക്ക് ഉപ്പേരി പോലെ മറുപടി പറയും. ഒരു പാട്ട് ചെയ്തു, എനിക്കിഷ്ടപ്പെട്ടു, പിന്നെ എന്തിനാണ് രണ്ടാമത് ചെയ്യുന്നതെന്ന് ചോദിക്കുമായിരുന്നെന്നും എംജി ശ്രീകുമാർ ഓർത്തു.


Click it and Unblock the Notifications