'മമ്മൂക്കയ്ക്ക് പ്രായമായത് കൊണ്ട് കുഴപ്പമില്ല, മൈഥിലിയോട് ബലാത്സംഗ സീനിനെക്കുറിച്ച് ഞാൻ; പ്രശ്നമായി'
ഗാന രംഗത്ത് വർഷങ്ങളായി തുടരുന്ന എംജി ശ്രീകുമാറിന് മലയാളത്തിലെ സൂപ്പർസ്റ്റാറുകളുമായി അടുത്ത സൗഹൃദമുണ്ട്. മോഹൻലാലിന് വേണ്ടി എംംജിു ശ്രീകുമാർ പാടിയ സൂപ്പർഹിറ്റ് പാട്ടുകൾ ഏറെയാണ്. പാട്ടുകളിൽ മോഹൻലാലിന് ഏറ്റവും അനുയോജ്യമായ ശബ്ദമായി ഏവരും പറയാറുള്ളത്. എംജി ശ്രീകുമാറിന്റെ ശബ്ദമാണ്. മോഹൻലാലും മമ്മൂട്ടിയുമായുള്ള സൗഹൃദത്തെക്കുറിച്ചും മമ്മൂട്ടിയുമായുണ്ടായ പ്രശ്നത്തെക്കുറിച്ചും സംസാരിക്കുകയാണ് എംജി ശ്രീകുമാറിപ്പോൾ. സിനിമാതെക്കുമായുള്ള അഭിമുഖത്തിലാണ് ഗായകൻ മനസ് തുറന്നത്.
'മോഹൻലാലിനും എനിക്കും മുൻജന്മ ബന്ധമുള്ളത് പോലെയാണ്. ഏത് പാതി രാത്രി വിളിച്ചാലും വർക്കിൽ അല്ലെങ്കിൽ ഫോൺ എടുക്കും. കാര്യങ്ങൾ സംസാരിക്കും. മോഹൻലാലിന്റെ ഒരു പടത്തിൽ പാടിച്ചില്ലെങ്കിൽ അണ്ണാ, എന്നെ എന്തുകൊണ്ട് പാടിച്ചില്ല എന്ന ചോദ്യമാെന്നും ഇല്ല. ഉണ്ടെങ്കിൽ ഉണ്ട്. ഇല്ലെങ്കിൽ ഇല്ല. അത്ര ക്ലോസ് ആണ്. എല്ലാ കാര്യങ്ങളും അങ്ങോട്ടും ഇങ്ങോട്ടും തുറന്ന് പറയാനും സംസാരിക്കാനും പറ്റും'
'പ്രിയനും അത് പോലെയാണ്. ഒരു മനുഷ്യനും ആ ബന്ധം തകർക്കാൻ പറ്റില്ല. മോഹൻലാലിന്റെ എത്രയോ സിനിമകളിൽ ഞാൻ പാടിയിട്ടില്ല. എനിക്ക് പാട്ട് തരുന്നത് കൊണ്ടുള്ള ബന്ധമാെന്നും അല്ല. അതിനും മേലയാണ്. വിദേശത്ത് പ്രോഗ്രാമിന് പോകുമ്പോൾ മോഹൻലാൽ പാടണമെന്നുണ്ടെങ്കിൽ ഞാൻ കൂടെ ചെന്ന് നിൽക്കണം. ഞങ്ങൾ രണ്ട് പേരും രേവതി നക്ഷത്രക്കാരാണ്'
'മോഹൻലാൽ പബ്ലിക്കിന് മുന്നിൽ ഒതുങ്ങി നിൽക്കുന്ന ആളാണ്. പക്ഷെ സുഹൃത്തുക്കളെല്ലാം റൂമിൽ ഇരിക്കുകയാണെങ്കിൽ അർമാദിക്കും. ഭയങ്കര രസമായിരിക്കും. മമ്മൂക്കയും ഞാനും ചിലപ്പോൾ ഇരിക്കുമ്പോൾ ദേഷ്യപ്പെട്ട് സംസാരിക്കും. കുറച്ച് കഴിയുമ്പോൾ എന്റെയടുത്ത് വന്ന് ഭയങ്കര സ്നേഹമായി സംസാരിക്കും. അവരൊക്കെ ജെനുവിൻ ആർട്ടിസ്റ്റുകളാണ്'

'എനിക്ക് മമ്മൂക്കയുമായി വലിയൊരു പ്രശ്നമുണ്ടായി. അബദ്ധം പറ്റിയതാണ്. പാലേരി മാണിക്യം എന്ന സിനിമ റിലീസ് ചെയ്ത സമയത്ത് ഞാൻ സരിഗമ എന്ന പ്രോഗ്രാമിലുണ്ട്. അതിലെ നായിക മൈഥിലിയോട് ആരുടെ ഫാനാണെന്ന് ചോദിച്ചപ്പോൾ മമ്മൂക്കയുടെ ഫാനാണെന്ന് പറഞ്ഞു. അപ്പോൾ മോഹൻലാൽ അല്ലേയെന്ന് ഞാൻ ചോദിച്ചു'
'പാലേരി മാണിക്ക്യത്തിൽ അഞ്ച് ബലാത്സംഘ സീനുണ്ട്. ആദ്യമായാണ് മൈഥിലി ഒരു സിനിമയിൽ അഭിനയിക്കുന്നത്. ഇങ്ങനെയൊരു ക്യാരക്ടർ എന്തുകൊണ്ട് തെരഞ്ഞെടുത്തെന്ന് ഞാൻ അവരോട് ചോദിച്ചു. മമ്മൂക്കയായത് കൊണ്ട് എനിക്ക് കുഴപ്പമില്ലെന്ന് മൈഥിലി. മമ്മൂക്കയ്ക്ക് കുറച്ച് പ്രായമായല്ലോ, അതുകൊണ്ട് പേടിക്കേണ്ട കാര്യമില്ലെന്ന് ഞാൻ പറഞ്ഞു'

'ചാനൽ കട്ട് ചെയ്യാതെ അതങ്ങ് ഇട്ടു. ഞാൻ ഐഡിയ സ്റ്റാർ സിംഗർ എന്ന ഷോയിൽ ഇരുന്നപ്പോൾ മമ്മൂക്ക വിളിച്ചു. എന്തിനായിരിക്കും, ഇപ്പോൾ എടുക്കേണ്ടെന്ന് കരുതി. കുറച്ച് കഴിഞ്ഞ് എന്നെ വിളിച്ച് കുറേയങ്ങ് പറഞ്ഞു. കുറച്ച് ദിവസം എന്ത് ചെയ്യുമെന്ന് ഒരു പിടിയും ഇല്ലായിരുന്നു, ' എംജി ശ്രീകുമാർ പറയുന്നു.
അത് കഴിഞ്ഞ് ദിലീപും ഇന്നസെന്റുമെല്ലാം കഥകളുണ്ടാക്കി. ഇവരെന്നെയങ്ങ് കൊമ്പത്ത് കയറ്റി. ഏഷ്യാവൺ അവാർഡ് എനിക്കും മമ്മൂക്കയ്ക്കുമുണ്ട്. ഞാൻ സോറി പറഞ്ഞു. ഇനി അത് കാണരുത്, വേഗം അത് കട്ട് ചെയ്യാൻ പറയെന്ന് പറഞ്ഞു. ഓൺ എയർ പോയതാണ്. കട്ട് ചെയ്യാൻ പറ്റില്ലെന്ന് ചാനൽ. അത് കഴിഞ്ഞ് മൂന്ന് നാല് മാസം കഴിഞ്ഞ് മമ്മൂക്കയെ കണ്ടപ്പോൾ അത് വിട്ടേക്കെടാ, അതൊന്നും വലിയ കാര്യമില്ലെന്ന് പറഞ്ഞെന്നും എംജി ശ്രീകുമാർ ഓർത്തു.


Click it and Unblock the Notifications