'വിശ്വസിക്കാൻ പറ്റാത്ത മരണായിരുന്നു അത്... മോനിഷയുടെ മരണശേഷം പല വേദികളിലും പാടി... പക്ഷെ പകുതിക്ക് നിന്നുപോയി'
1992 ഡിസംബർ അഞ്ചിന് പുലർച്ചെ ആറോടെ നടന്ന ഒരു കാർ അപകടത്തിലാണ് മലയാളസിനിമയിലെ പ്രിയതാരം മോനിഷ മരിച്ചത്. ചേർത്തലയിൽ നിന്ന് ആലപ്പുഴയിലേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി ബസിൽ ബൈപാസിലെ ഡിവൈഡറിൽ തട്ടി നിയന്ത്രണം തെറ്റിയ കാർ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം. ബസിന്റെ വശത്തിടിച്ച് കാർ വലിയ ശബ്ദത്തോടെ മറിഞ്ഞ് തകർന്നു. കാറിന്റെ പിൻസീറ്റിൽ അമ്മ ശ്രീദേവി ഉണ്ണിയുടെ മടിയിൽ കിടന്നുറങ്ങുകയായിരുന്നു മോനിഷ.
കാർ ഡ്രൈവർ ശ്രീകുമാറും മോനിഷയ്ക്കൊപ്പം അപകടത്തിൽ മരിച്ചു. സിനിമാ ലൊക്കേഷനിൽ നിന്ന് കൊച്ചിയിലേക്ക് മോനിഷയും അമ്മയും മടങ്ങുമ്പോഴായിരുന്നു അപകടം. ചേർത്തല നഗരത്തിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് ദേശീയപാതയിൽ പ്രവേശിക്കുന്ന ഇടമാണ് മോനിഷയുടെ അപകടം നടന്ന എക്സറേകവല.

ചലച്ചിത്ര ലോകത്തിന് തീരാനഷ്ടമുണ്ടാക്കിയ ഈ ദുരന്തത്തിന് ശേഷമാണ് സിഗ്നൽ സംവിധാനം ഉൾപ്പെടെയുള്ള പരിഷ്‌കാരങ്ങൾ കവലയിൽ വരുത്തിയത്. ഇന്ന് ജീവിച്ചിരുപ്പുണ്ടായിരുന്നുവെങ്കിൽ ഒട്ടനവധി നല്ല കഥാപാത്രങ്ങൾ മോനിഷയിലൂടെ മലയാളികൾക്ക് ലഭിക്കുമായിരുന്നു. വളരെ ചെറിയ പ്രായത്തിൽ തന്നെ പക്വതയാർന്ന നിരവധി കഥപാത്രങ്ങൾക്ക് മോനിഷ ജീവൻ നൽകിയിട്ടുണ്ട്.
പ്രിയനടിയുടെ വേർപാടിന് 31 വയസ് പിന്നിടുമ്പോൾ ഗായകൻ എം.ജി ശ്രീകുമാർ മോനിഷയെ കുറിച്ചുള്ള ഓർമകൾ പങ്കുവെച്ചിരിക്കുകയാണ് ഏറ്റവും പുതിയ വീഡിയോയിൽ. തനിക്ക് വിശ്വസിക്കാൻ പറ്റാത്ത മരണായിരുന്നു മോനിഷയുടേത് എന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞത്. നല്ലൊരു ഗായിക കൂടിയായിരുന്ന മോനിഷയ്ക്കൊപ്പമുള്ള സ്റ്റേജ് ഷോകളെ കുറിച്ചും എം.ജി ശ്രീകുമാർ സംസാരിച്ചു.
'പുറം രാജ്യത്തുള്ള പല ഷോസിലും എന്റെ ഒപ്പം മോനിഷ പാടിയിരുന്നു. പതിനാറ് ഷോ കളിലും മോനിഷയായിരുന്നു അമ്പലപ്പുഴെ ഉണ്ണിക്കണ്ണൻ എന്റെ ഒപ്പം പാടിയിരുന്നത്. 1993ലാണ് മോനിഷയുടെ മരണം. അതിനുശേഷം പല സ്റ്റേജിലും രാധിക തിലകായിരുന്നു പിന്നെ പാടാൻ എന്റെ ഒപ്പം. പലപ്പോഴും ഞാൻ അത് പല വേദികളിലും പാടി ഇടക്ക് വെച്ച് നിന്നുപോയിട്ടുണ്ട്. അത്രയും വേദന ഉണ്ടാക്കി... ഒരു വിങ്ങലാണ് ഇപ്പോഴും അത് ഓർക്കുന്നത്.'
'ഒരു ഷോയ്ക്കായി പോയ സമയത്താണ് ഇവരുടെ മരണവാർത്ത കേൾക്കുന്നത്. അവിടെ നിന്നും വന്നിട്ട് ഇവരുടെ വിയോഗം കേട്ട് ഞാൻ ഞെട്ടിപോയി. ഞാൻ ബാംഗ്ലൂർക്ക് പോയി. ഞാനും ഹരിഹരൻ സാറും എല്ലാരും കൂടിയാണ് പോകുന്നത്. അതിൽ പിന്നെ ഏതെങ്കിലും ഷോയിൽ ഈ ഗാനം വരുമ്പോഴേക്കും എനിക്ക് വല്ലാത്ത വിഷമമാണ്.'

'പാടാൻ ആകുന്നില്ല. എനിക്ക് വിശ്വസിക്കാൻ പോലും പറ്റാത്ത പോലെയുള്ള ഒരു മരണമായിരുന്നു. അമ്പലപ്പുഴ ഉണ്ണിക്കണ്ണോട് നീ എന്ന ഗാനം ഒരിക്കലും മറക്കാൻ ആകാത്ത അനുഭവമാണ്. ഒരു മഹാഭഗ്യമാണ് അത് പാടാൻ കഴിഞ്ഞത്. പിവി ഗംഗാധരൻ... അദ്ദേഹം ഇല്ലാതെ അദ്വൈതം ഇല്ല. വുഡ്‌സ് ലാൻഡ് ഹോട്ടലിലായിരുന്നു അതിന്റെ കമ്പോസിംഗ് നടന്നത്.'
'ദൈവത്തിന്റെ കൈയ്യൊപ്പ് പതിഞ്ഞ ഒരു ഗാനം വേണം എന്നാണ് പ്രിയൻ പറയുന്നത്. അങ്ങനെയാണ് ചേട്ടൻ അമ്പലപ്പുഴ ഉണ്ണിക്കണ്ണൻ ഗാനം രചിക്കുന്നത്. നമ്മൾ അമ്പതുശതമാനം ഗാനം കൊടുത്താൽ നൂറ് ശതമാനമാക്കി തിരികെ തരും അതാണ് പ്രിയൻ മാജിക്ക്. മോഹൻലാലിന് ഭയങ്കര ഇഷ്ടമുള്ള ഒരു പാട്ട് ആണ് ഇത്. അദ്ദേഹത്തിന് ഇത് പാടി അഭിനയിക്കണം എന്ന ആഗ്രഹം കൂടിയുണ്ടായിരുന്നു' എന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞത്.


Click it and Unblock the Notifications











