'ചിത്രമാണ് എൻ്റെ ജീവിതത്തിലെ നാഴികക്കല്ല്... എന്നെ ഒരു ഗായകനാക്കി മാറ്റിയത് ആ സിനിമയാണ്'; എംജി ശ്രീകുമാർ!
ബോക്സ് ഓഫീസ് കണക്കുകളെ പഴങ്കഥകളാക്കിയ ഓൾ ടൈം ബ്ലോക്ബസ്റ്റർ ചിത്രം മലയാള സിനിമയുടെ ഭാഗമായിട്ട് 35 വർഷങ്ങൾ പൂർത്തിയാക്കിയത് കഴിഞ്ഞ ദിവസമാണ്. മലയാള സിനിമയുടെ കൊമേഴ്സ്യൽ ചേരുവകൾ എല്ലാം തികച്ച് പ്രിയദർശൻ അണിയിച്ചൊരുക്കിയ സിനിമ 1988 ഡിസംബർ 23നാണ് റിലീസിനെത്തുന്നത്. അമ്പത് കോടി ക്ലബ്ബും നൂറ് കോടി ക്ലബ്ബുമെല്ലാം പുതിയകാലത്തെ പദപ്രയോഗങ്ങളാകുമ്പോൾ 366 ദിവസങ്ങളാണ് തുടർച്ചയായി ചിത്രം പ്രേക്ഷകർ കണ്ടത്.
കേരളത്തിലെ എ, ബി, സി ക്ലാസ് തിയേറ്ററുകളിൽ സിനിമയ്ക്ക് ഒരുപോലെ പ്രേക്ഷകരുണ്ടായി. വിഷ്ണുവിന്റെയും കല്യാണിയുടെയും പ്രണയവും അവരുടെ ജീവിതത്തിലുണ്ടാകുന്ന അപ്രതീക്ഷിത സംഭവങ്ങളുമായിരുന്നു ചിത്രം സിനിമയുടെ ഇതിവൃത്തം. യഥാർത്ഥ്യ ബോധത്തോടെ ചിന്തിച്ചാൽ യുക്തികൊണ്ട് അളക്കാനാകാത്ത കഥാഗതിയെ ഒരു വർഷക്കാലം തിയേറ്ററുകളിലും 35 വർഷങ്ങളായി മനസിലും കൊണ്ടുനടക്കുകയാണ് മലയാളി പ്രേക്ഷകർ.

ഇതുപോലൊരു കഥയെ വിശ്വസനീയമാം വിധം അവതരിപ്പിക്കാൻ പ്രിയദർശനല്ലാതെ മലയാള സിനിമയിൽ മറ്റാർക്കും സാധിക്കില്ല. ചിത്രത്തിന്റെ മുഖ്യ ആകർഷണം മോഹൻലാൽ തന്നെയാണ്. വിഷ്ണു എന്ന കഥാപാത്രത്തെ ഇത്രയും മനോഹരമായി അവതരിപ്പിക്കാൻ മറ്റാർക്കാണ് സാധിക്കില്ല. കുസൃതിയും തമാശയും സെൻ്റിമെൻസും ചേരുംപടി ചേരുന്ന നിഷ്കളങ്കതായാണ് കഥാപാത്രത്തിന്.
മോഹൻലാൽ തകർത്താടുമ്പോൾ രഞ്ജിനിയെനും നെടുമുടി വേണുവിനെയുമൊന്നും വിസ്മരിക്കാനുമാകില്ല. സിനിമ മാത്രമല്ല ചിത്രത്തിലെ പാട്ടുകളും ഹിറ്റാണ്. സിനിമയെത്തും മുമ്പ് റിലീസ് ചെയ്ത പാട്ട് കാസറ്റുകൾ പ്രേക്ഷകരെ തിയേറ്ററിലെത്തിക്കുന്ന കാലമായിരുന്നു അത്. എന്നാൽ എന്തുകൊണ്ടോ ചിത്രത്തിന്റെ കാസറ്റുകൾ ശ്രദ്ധിക്കപ്പെട്ടില്ല.
കണ്ണൂർ രാജൻ-ഷിബു ചക്രവർത്തി കൂട്ടുകെട്ടിലെ അതിമനോഹരമായ ഗാനങ്ങൾ ഹിറ്റുകളാകുന്നത് സിനിമ ഇറങ്ങിയതിന് ശേഷമാണ്. അഞ്ച് ലക്ഷത്തോളം ഓഡിയോ കാസറ്റുകളാണ് പിന്നീട് വിറ്റുപോയത്. എം. ജി ശ്രീകുമാറിന് മലയാള സിനിമയിൽ ഉറപ്പുള്ള ഇരിപ്പിടം കൊടുത്തതിൽ ഈ പാട്ടുകൾക്ക് പങ്കുണ്ട്. അത്രകാലം മലയാള സിനിമ കണ്ടിട്ടില്ലാത്തത് പോലെ ഫാന്റസി എലമെന്റുകളെ ചേർത്തുവെച്ച് ഔട്ട് ഡോറിലാണ് പ്രിയദർശൻ ഗാനങ്ങൾ ചിത്രീകരിച്ചത്.
ചിത്രമാണ് തൻ്റെ ജീവിതത്തിലെ നാഴികക്കല്ലെന്നത് എം.ജി ശ്രീകുമാറും സമ്മതിക്കാറുണ്ട്. അത്തരത്തിൽ ചിത്രം സിനിമയെ കുറിച്ചുള്ള ഓർമകൾ സ്വന്തം യുട്യൂബ് ചാനലിൽ പങ്കുവെച്ച വീഡിയോയിൽ പങ്കിട്ടിരിക്കുകയാണ് ഗായകൻ. തന്നെ ഒരു ഗായകനാക്കി മാറ്റിയത് ചിത്രമാണെന്നാണ് എം.ജി ശ്രീകുമാർ പറയുന്നത്.

'എന്റെ മോഹങ്ങൾ പൊട്ടി വിടർന്നതും എന്റെ ജീവിതത്തിന്റെ വഴി മാറ്റിയതും എന്നെ ഒരു ഗായകനാക്കി മാറ്റിയതുമായ സിനിമയാണ് ചിത്രം. ആദ്യം തന്നെ അതിന് നിർമാതാവിനോട് നന്ദി പറയുന്നു. നിർമാതാവ് പൈസ മുടക്കാൻ തയ്യാറായതുകൊണ്ടാണല്ലോ അങ്ങനൊരു സിനിമയുണ്ടായത്. അന്ന് എനിക്ക് ചിത്രത്തിൽ പാടിയതിന് 26000 രൂപയാണ് പ്രതിഫലം കിട്ടിയത്. അതിന് ഞാൻ എന്റെ ആദ്യത്തെ കാർ വാങ്ങി.'
'ആ വണ്ടിക്കാണ് പിന്നീട് ഞാൻ ഗാനമേളയ്ക്കും കച്ചേരിക്കുമെല്ലാം പോയിരുന്നത്. അതുപോലെ പ്രിയദർശൻ കൂടെ നിന്നതുകൊണ്ടാണ് ആ സിനിമയിൽ പാടാൻ സാധിച്ചത്. അതുകൊണ്ട് തന്നെ സിനിമയുടെ നിർമാതാവ് പിള്ളച്ചേട്ടനെയും പ്രിയദർശനയുമെല്ലാം എന്റെ ഗുരുക്കന്മാരായിട്ടാണ് ഞാൻ കാണുന്നത്', എന്നാണ് എം.ജി ശ്രീകുമാർ പറഞ്ഞത്.


Click it and Unblock the Notifications