കാരറ്റ് അരച്ച് ചേർത്ത് എണ്ണ തേച്ച് കുളി, തലേദിവസം തിളപ്പിച്ച വെള്ളം; ലേഖയുടെ തിളങ്ങുന്ന സൗന്ദര്യത്തിന് പിന്നിൽ
ഗായകൻ എംജി ശ്രീകുമാറിനൊപ്പം എപ്പോഴും ജനശ്രദ്ധ നേടുന്നയാളാണ് ഇദ്ദേഹത്തിന്റെ ഭാര്യ ലേഖ ശ്രീകുമാറും. സന്തോഷകരമായ വിവാഹ ജീവിതം നയിക്കുന്ന ഇവരുവരും എപ്പോഴും ഒരുമിച്ചുള്ള സമയത്തിന് പ്രാധാന്യം നൽകുന്നു. ലേഖ ശ്രീകുമാറിനെ ഏവരും ശ്രദ്ധിച്ചതിന് പിന്നിലെ മറ്റൊരു പ്രധാന കാരണം ലേഖയുടെ തിളങ്ങുന്ന സൗന്ദര്യമാണ്. അവാർഡ് ഫങ്ഷനുകളിലും മറ്റും കണ്ണഞ്ചിക്കുന്ന ഗ്ലാമറോടെയാണ് ഒരു കാലത്ത് ലേഖ വന്നിരുന്നത്. ഇന്നും ഈ സൗന്ദര്യത്തിന് കോട്ടം വന്നിട്ടില്ല. ലേഖയുടെ ചിത്രങ്ങളെല്ലാം സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടാറുണ്ട്.
ഇവരുടെ സാരികളുടെയും ആഭരണങ്ങളുടെയും ആരാധകരായ സ്ത്രീകൾ ഏറെയാണ്. സ്റ്റെെലിംഗിൽ ലേഖയ്ക്ക് എന്നും തന്റേതായ വ്യത്യസ്തതയും ഭംഗിയും കൊണ്ട് വരാൻ സാധിച്ചു. സൗന്ദര്യ സംരക്ഷണത്തിന് ലേഖ പ്രാധാന്യം നൽകുന്നു. ചിട്ടയോടെയുള്ള ജീവിത രീതിയാണ് ലേഖയ്ക്ക്. ആരോഗ്യത്തിനും സൗന്ദര്യത്തിനും ഇതൊരു പ്രധാന ഘടകമാണ്. ഞാൻ വളരെ കാലത്ത് എഴുന്നേൽക്കുന്ന വ്യക്തിയാണ്, സമയം പറയുന്നില്ല, പറഞ്ഞാൽ നിങ്ങൾ ഞെട്ടിപ്പോകുമെന്ന് ലേഖ ഒരിക്കൽ പറയുകയുണ്ടായി. ലോക്ഡൗൺ സമയത്ത് കുറച്ച് മടിച്ചിയായി. എന്നാലും അഞ്ചേകാലിനും അഞ്ചരയ്ക്കുമുള്ളിൽ എഴുന്നേൽക്കും. എണ്ണ തേച്ചിട്ടാണ് സാധാരണ കുളിക്കുന്നത്.

കുട്ടിക്കാലം മുതൽ അമ്മ പഠിപ്പിച്ചതാണ്. ശുദ്ധമായ ആട്ടിയ വെളിച്ചെണ്ണയാണ് ഞാൻ ഉപയോഗിക്കാറ്. എണ്ണയിൽ ധാരാളം കാരറ്റ് അരച്ച് ചേർക്കാറുണ്ട്. കാരറ്റ് അരച്ച് കുറുക്കിയെടുത്ത് വെളിച്ചെണ്ണയുമായി ചേർത്ത് തേക്കും. നാൽപാമരാദിയുടെ മരക്കട്ടകളുണ്ട്. അതും പച്ചമഞ്ഞളും ആര്യ വേപ്പും തിളപ്പിച്ച് തലേ ദിവസം വെക്കും. കാലത്ത് അത് ദേഹത്തൊഴിക്കും. ഇളം ചൂടായിരിക്കും. എന്നും അങ്ങനെ ചെയ്യാറില്ലെന്നും ലേഖ ശ്രീകുമാർ അന്ന് വ്യക്തമാക്കി.
ആയുർവേദത്തിൽ വിശ്വസിക്കുന്ന ആളാണ് താനെന്നും ലേഖ അന്ന് പറഞ്ഞു. എല്ലാ മാസവും ആയുർവേദ മസാജ് ചെയ്യാൻ എനിക്കിവിടെ ഒരു കുട്ടി വരാറുണ്ട്. അല്ലെങ്കിൽ ഞാനും ശ്രീക്കുട്ടനും പോയി ചെയ്യും. എണ്ണ കഴുകിക്കളയാൻ പയർ പൊടിയും മഞ്ഞളും തെെരോ നാരങ്ങാ നീരോ ചേർത്ത് കുഴച്ച് തേക്കും. ബ്യൂട്ടിപാർലറിൽ താൻ പെഡിക്യൂറോ മാനിക്യൂറോ ചെയ്യാനേ പോകാറുള്ളൂയെന്നും ലേഖ അന്ന് വ്യക്തമാക്കി.വളരെ ലെെറ്റായാണ് മേക്കപ്പ് ചെയ്യാറ്. അല്ലെങ്കിൽ അപ്പീയറൻസിൽ എനിക്ക് വല്ലാത്ത മാറ്റമുണ്ടാക്കും.

ഇതേക്കുറിച്ചുള്ള പുസ്തകങ്ങൾ വായിക്കും. യൂട്യൂബിലും നോക്കും. അതനുസരിച്ച് ബ്രാൻഡുകൾ തെരഞ്ഞെടുക്കുമെന്നും ലേഖ ശ്രീകുമാർ വ്യക്തമാക്കി. അതേസമയം യഥാർത്ഥ സൗന്ദര്യം ഒരാളുടെ പേഴ്സണാലിറ്റിയാണെന്നും ലേഖ ശ്രീകുമാർ ചൂണ്ടിക്കാട്ടി. എല്ലാത്തിനും മുമ്പിൽ നമുക്ക് കോൺഫിഡൻസ് വേണം. കോൺഫിഡൻസ് ഇല്ലെങ്കിൽ ആരുമല്ലാതെയായിപ്പോകും. കളറിലല്ല, വ്യക്തിത്വത്തിലാണ് കൂടുതൽ സൗന്ദര്യം.
നിറം കുറഞ്ഞവരുണ്ടാകും. പക്ഷെ അവർ വളരെ അപ്പീലിംഗ് ആയിരിക്കും. അവരുടെ സംസാരത്തിലും ലുക്കിലുമെല്ലാം. വെളുക്കണം എന്ന സങ്കൽപ്പം ഇന്ത്യയിലാണ് കൂടുതലെന്നും ലേഖ ശ്രീകുമാർ ഒരിക്കൽ തന്റെ യൂട്യൂബ് ചാനലിൽ വ്യക്തമാക്കുകയുണ്ടായി. കഴിഞ്ഞ ദിവസമാണ് എംജി ശ്രീകുമാർ കൊച്ചി കായലിലേക്ക് മാലിന്യം വലിച്ചെറിഞ്ഞതിൽ പിഴയടച്ചത്. വീട്ടിലെ ജോലിക്കാരി മുറ്റത്തെ മാവിൽ നിന്ന് വീണ മാമ്പഴങ്ങൾ കായലിലേക്ക് എറിഞ്ഞതായിരുന്നു. കായലിലേക്ക് വലിച്ചെറിയുന്ന ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വെെറലായിരുന്നു.


Click it and Unblock the Notifications