'പലര്‍ക്കും അറിയേണ്ടത് ഞാന്‍ എങ്ങനെ ആ റോള്‍ ഒപ്പിച്ചുവെന്നാണ്, ആദ്യം ജയറാമിനോട് ഞങ്ങൾക്ക് ദേഷ്യമായിരുന്നു'

മലയാളികളുടെ ഹൃദയത്തെ ചിരി കൊണ്ട് കീഴടക്കിയ താരമാണ് കെ.എസ് പ്രസാദ്. കേരളത്തിന്റെ കലാരംഗത്തെ ശോഭിക്കുന്ന നക്ഷത്രം. തന്റെതായ കലാശൈലികൊണ്ട് മിമിക്രി രംഗത്ത് സ്വന്തമായ വ്യക്തിമുദ്ര ചാർത്തിയ താരമാണ് കെ.എസ് പ്രസാദ്. ഒരു കാലത്ത് കോമഡിയും മിമിക്സും പിന്നെ ഞാനും എന്ന പരിപാടിയിലൂടെ മിനിസ്ക്രീൻ‌ പ്രേക്ഷകർക്കിടയിൽ വലിയൊരു ആരാധകവൃന്ദത്തെ അദ്ദേഹം സ്വന്തമാക്കിയിരുന്നു.

മിമിക്രിയിലും സിനിമയിലും മാത്രമല്ല കലാരംഗത്ത് ഒട്ടനവധി മേഖലകളിൽ തന്റെ കൈയൊപ്പ് ചാർത്തിയ താരമാണ് ഇദ്ദേഹം. ഒന്നാം ക്ലാസ് മുതൽ നാലാംക്ലാസ് വരെ എറണാകുളം സെന്റ് തെരേസാസിലാണ് പഠിച്ചത്. ഈ കാലയളവിലുണ്ടായ ഒരു അനുഭവമാണ് കലാ ജീവിതത്തിലേക്ക് വഴിവെച്ചത്. കലാരംഗത്ത് മാത്രമല്ല ഒരു സമയത്ത് കൃഷി രംഗത്തും ചിരിയുടെ നവവസന്തം വിടർത്തിയിരുന്നു താരം.

K S Prasad

കലയും കൃഷിയും ജീവിതത്തിൽ ഒരുപോലെ മുന്നോട്ട് കൊണ്ടുപോകുന്ന താരം അടുത്തിടെ പുറത്തിറങ്ങി വലിയ വിജയമായ പ്രേമലു എന്ന സിനിമയിലും ശ്രദ്ധേയമായ വേഷം ചെയ്തിരുന്നു. നായകന്റെ അച്ഛന്റെ വേഷമാണ് കെ.എസ് പ്രസാദ് അവതരിപ്പിച്ചത്. വളരെ നാളുകൾക്കുശേഷമാണ് അത്തരമൊരു കഥാപാത്രമായി കെ.എസ് പ്രസാദിനെ പ്രേക്ഷകർ കാണുന്നത്. ഇപ്പോഴിതാ ​ഗൃഹലക്ഷ്മിക്ക് നൽകിയ ഏറ്റവും പുതിയ അഭിമുഖത്തിൽ ഇതുവരെയുള്ള തന്റെ കലാജീവിതത്തിലെ അനുഭവങ്ങൾ താരം പങ്കിട്ടു.

പ്രേമലു കണ്ട് കുറേപ്പേര്‍ വിളിച്ചുവെന്നും പലര്‍ക്കും അറിയേണ്ടിയിരുന്നത് താന്‍ എങ്ങനെ ആ റോള്‍ ഒപ്പിച്ചുവെന്നാണെന്നും കെ.എസ് പ്രസാദ് പറയുന്നു. പ്രേമലു കണ്ട് കുറേപ്പേര്‍ വിളിച്ചു. പലര്‍ക്കും അറിയേണ്ടത് ഞാന്‍ എങ്ങനെ റോള്‍ ഒപ്പിച്ചുവെന്നാണ്. സംവിധായകന്‍ എ.ഡി ഗിരീഷുമായി എനിക്ക് യാതൊരു ബന്ധവുമില്ലായിരുന്നു. അദ്ദേഹത്തിന്റെ മാനേജര്‍ വിളിച്ച് ഇങ്ങനെയൊരു റോളുണ്ടെന്ന് പറഞ്ഞു.

ഞാന്‍ ഓക്കെ പറഞ്ഞു. അങ്ങനെയാണ് ഈ സിനിമയിലേക്ക് വരുന്നത്. കലാപരമായി ഒട്ടും പാരമ്പര്യമുള്ള കുടുംബമായിരുന്നില്ല എന്റേത്. നാലാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആലിബാബയും 41 കള്ളന്മാരും എന്ന തീമില്‍ സ്റ്റേജില്‍ ഒരു പരിപാടി അവതരിപ്പിച്ചു. അതായിരുന്നു ആദ്യത്തെ അനുഭവം. അന്ന് യു.പി ക്ലാസ്സുകളില്‍ ആഴ്ചയില്‍ ഒരു പീരിഡ് കലാപരിപാടികള്‍ക്കായി മാറ്റിവെയ്ക്കുമായിരുന്നു. ഞാന്‍ എന്തെങ്കിലും തമാശകളൊക്കെ ചെയ്യും.

അങ്ങനെ സ്റ്റേജിനോടുള്ള പേടി മാറി. അക്കാലത്ത് സ്‌കൂളില്‍ മോണോ ആക്ട് മാത്രമേയുള്ളൂ. മിമിക്രി മത്സരയിനമായിട്ടില്ല. കലോത്സവത്തില്‍ മോണോ ആക്ടില്‍ സ്ഥിരമായി എനിക്കോ അല്ലെങ്കില്‍ സംവിധായകന്‍ ലാലിനോവായിരിക്കും ആദ്യ രണ്ട് സ്ഥാനം. ചിത്രരചനയിലും അങ്ങനെതന്നെ. സ്‌കൂള്‍ കാലം മുഴുവന്‍ ഈ രണ്ട് പരിപാടികളിലും ഞങ്ങള്‍ മാറിമാറി വിജയം പങ്കിട്ടു.

K S Prasad

പക്ഷെ എവിടെയും മിമിക്രി അവതരിപ്പിക്കാനുള്ള അവസരമുണ്ടായിരുന്നില്ല. കലാഭവനിൽ വന്നശേഷം കേരളത്തിനകത്തും പുറത്തും നിരവധി പരിപാടികള്‍ കിട്ടി. ഒരിക്കൽ കാലടി ശ്രീശങ്കരാചാര്യ കോളേജിലാണ് ഞങ്ങൾക്ക് പരിപാടി. കോളേജില്‍ വിദ്യാര്‍ഥിസംഘടനകള്‍ തമ്മില്‍ പ്രശ്‌നങ്ങളുണ്ട്. അതുകൊണ്ട് രണ്ട് പരിപാടികള്‍ നടക്കുന്നുണ്ട്. രാവിലെ ഒരു സംഘടനയുടേതും ഉച്ചയ്ക്ക് രണ്ടാമത്തെ സംഘടനയുടേതും.

ഞങ്ങള്‍ ഉച്ചയായപ്പോഴേക്കും അവിടെയെത്തി. അപ്പോള്‍ ആദ്യത്തെ പരിപാടി നടക്കുകയാണ്. അത് കാണാന്‍ ഞങ്ങളും നിന്നു. ഒരു ചെറുപ്പക്കാരന്‍ ഒറ്റയ്ക്ക് പരിപാടി അവതരിപ്പിക്കുന്നു. കേട്ട് തുടങ്ങിയപ്പോള്‍ എന്തോ ഒരു പന്തികേട്. ഞങ്ങളുടെ അതേ പരിപാടിയാണ് അദ്ദേഹം അവതരിപ്പിക്കുന്നത്. ഞങ്ങള്‍ക്കാകെ ദേഷ്യം വന്നു. എന്തായാലും ഉച്ചകഴിഞ്ഞ് ഞങ്ങളും പരിപാടി അവതരിപ്പിച്ചു.

കലാഭവനിലെത്തി അച്ചനെ കണ്ട് കാര്യം പറഞ്ഞു. നിങ്ങള്‍ ഇത്രയും പേര്‍ ഒരുമിച്ച് ചെയ്യുന്നത് അവന്‍ ഒറ്റയ്ക്ക് ചെയ്യുന്നുണ്ടെങ്കില്‍ അവന്‍ മിടുക്കനാ... അവനെ നമ്മുടെ ആളാക്കി മാറ്റൂ എന്നായിരുന്നു അച്ചന്റെ മറുപടി. അങ്ങനെ ഞങ്ങള്‍ ആ ആളെപ്പറ്റി അന്വേഷിച്ചു. പിന്നീട് നടനായി മാറിയ ജയറാമായിരുന്നു അന്ന് പരിപാടി അവതരിപ്പിച്ച ചെറുപ്പക്കാരൻ.

ജയറാമിന് സിനിമയിലേക്ക് അവസരം നല്‍കിയതും മിമിക്സ് പരേഡാണ്. 1987ല്‍ കലാഭവന്റെ മുഴുവന്‍ ടീമും ഗള്‍ഫ് രാജ്യങ്ങളില്‍ പരിപാടി അവതരിപ്പിച്ചു. ആ പരിപാടി ഷൂട്ട് ചെയ്ത് വീഡിയോ കാസെറ്റാക്കിയിരുന്നു. വന്‍ഹിറ്റായ ആ വീഡിയോ കാസെറ്റ് കണ്ട സംവിധായകന്‍ പത്മരാജന് ജയറാമിനെ ഇഷ്ടമായി. അങ്ങനെ അപരന്‍ എന്ന സിനിമയിലേക്ക് വിളിക്കുകയായിരുന്നു.

Read more about: actor
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X