പ്രോഗ്രാമുകൾ കുറഞ്ഞു, പലരോടും അവസരങ്ങൾ ചോദിച്ചു, സംഘടനകൾ പോലും...; പെട്ടിക്കട വരുമാനമാർഗമാക്കി കണ്ണൻ സാഗർ!
മലയാളികൾക്ക് ഏറെ സുപരിചിതനാണ് മിമിക്രിയിലൂടെയും ടെലിവിഷൻ ഷോകളിലൂടെയും സിനിമകളിലൂടെയും ശ്രദ്ധേയനായ കലാകാരൻ കണ്ണൻ സാഗർ. ഒരു കാലത്ത് സ്കിറ്റുകളിലൂടെ ഈ കലാകാരൻ പ്രേക്ഷകരെ ഏറെ ആനന്ദിപ്പിച്ചിരുന്നു. എന്നാൽ ഇന്ന് ഏറെ പരിതാപകരമായ അവസ്ഥയിലൂടെയാണ് താരത്തിന്റെ ജീവിതം. സ്റ്റേജ് പ്രോഗ്രാമുകളും സിനിമാ അവസരങ്ങളും കുറഞ്ഞതോടെ വരുമാന മാർഗത്തിന് പോലും ബുദ്ധിമുട്ടുന്നു.
ഇന്ന് ഒരു പെട്ടിക്കടയെ ആശ്രയിച്ചാണ് കണ്ണൻ സാഗറിന്റെ ജീവിതം നീങ്ങുന്നത്. തട്ടിയും മുട്ടിയും ജീവിതം മുന്നോട്ട് പോകുന്നു. പ്രോഗ്രാമുകൾ കുറവാണ്. എന്തുകൊണ്ട് ഒതുങ്ങിപ്പോകുന്നുവെന്ന് ചോദിച്ചാൽ ഒരു ഗ്യാങ്ങിന്റെയും ഭാഗമല്ലെന്നത് ഒരു കാരണമാണ് കണ്ണൻ സാഗർ പറഞ്ഞ് തുടങ്ങി... ഞാൻ സ്കിറ്റ് കളിക്കുമ്പോൾ അൽപ്പം ഓവറാണ്.

എനിക്ക് തന്നെ അത് അറിയാം. അങ്ങനെ ഓവറായി ചെയ്യുന്നതിന് കാരണമുണ്ട്. സ്റ്റേജ് ഷോ കളിക്കുമ്പോൾ ഓവറായി ചെയ്തില്ലെങ്കിൽ ഏറ്റവും പിറകിലിരിക്കുന്നവർക്ക് സ്കിറ്റിന്റെ ഫീൽ കിട്ടില്ല. ഡയലോഗ് കോമഡിയല്ല എന്റെ രീതി ആക്ഷൻ കോമഡിയാണ്. എല്ലാ സമയത്തും അതുകൊണ്ട് തന്നെ അൽപ്പം ആക്ഷൻ കൂടുതൽ ഇടും. അത് കണ്ടാണ് പലരും പറയുന്നത് കണ്ണൻ സാഗർ ഭയങ്കര ഓവറാണെന്ന്.
നമുക്ക് തരുന്ന കഥാപാത്രം ഏതായാലും അത് ഉൾക്കൊണ്ട് ഞാൻ ചെയ്യും. അത് ചിലർക്ക് ബാധിക്കും. കുറ്റം പറയുകയല്ല. ഞാൻ കൂടുതൽ ഷൈൻ ചെയ്യുന്നു, ഓവറാകുന്നുവെന്ന തോന്നൽ വരും. അവരിൽ അങ്ങനൊരു ചിന്ത വരുന്നത് മനസിലാകും. പക്ഷെ പറയാൻ പറ്റില്ല. നമുക്കുള്ള അരിയിൽ നമ്മുടെ പേര് എഴുതിവെച്ചിട്ടുണ്ടാകും.
അൽപ്പം താമസിക്കും എന്നിരുന്നാലും കിട്ടും കണ്ണൻ സാഗർ പറഞ്ഞു. ചാനലിൽ അറിയാവുന്ന ഹ്യൂമർ പറഞ്ഞ് കൊടുത്ത് ഗ്രൂമറായി കേറാൻ ശ്രമിച്ചിരുന്നു. അത് വേണ്ട ചേട്ടൻ പെർഫോമറല്ലേ എന്നാണ് കിട്ടിയ മറുപടി. ഗ്രൂമറായി വരാമെന്ന് പറഞ്ഞിട്ടും ചാനലുകൾ താൽപര്യം കാണിച്ചില്ല. ഉള്ളപ്പോൾ ഇഷ്ടംപോലെയുണ്ടാകും ഇല്ലാത്തപ്പോൾ ഒന്നുമുണ്ടാവില്ല. കലാകാരന്മാരുടെ ശാപമാണത്.
സ്റ്റേജ് ഷോകൾ കുറഞ്ഞതോടെ ഒരുപാട് കലാകാരന്മാർ പ്രോഗ്രാമില്ലാതെ വരുമാനം കണ്ടെത്താനാകാതെ വിഷമിക്കുന്നുണ്ട്. ഉത്സവവും പെരുന്നാളുമെല്ലാം ചാരിറ്റിക്ക് തുല്യമാണ്. ഒരു പെരുന്നാൾ വന്ന് കഴിഞ്ഞാൽ എത്ര കലാകാരന്മാരുടെ കുടുംബമാണെന്ന് അറിയാമോ ജീവിച്ച് പോകുന്നത്. അതൊക്കെ നിന്ന് പോകുമ്പോൾ കലാകാരന്മാരുടെ വാതിൽ അടയുന്നത് പോലെയാണ്. എനിക്ക് അറിയാവുന്ന ചിലർ മെയ്ക്കാട് പണിക്ക് പോയി തുടങ്ങി.

അത് കണ്ട് എന്റെ കണ്ണ് നിറഞ്ഞ് പോയി. ഇപ്പോഴുള്ള സംഘടനകൾ പോലും താൽപര്യം സംഘടനകളാണ്. ചിലരുടെ താൽപര്യങ്ങൾക്ക് അനുസരിച്ച് പ്രവർത്തിക്കുന്ന സംഘടനകളായി മാറി. സിനിമ അവസരങ്ങൾ പലരോടും ചോദിച്ചിരുന്നു. ഞാൻ 22 സിനിമയോളം ചെയ്തിട്ടുണ്ട്. പാരമ്പര്യമായി പഠിച്ച തൊഴിലുണ്ടെങ്കിലും അപ്പോഴും മനസിൽ നിറയെ കലയാണ്.
ആറ് വർഷം തബല പഠിച്ചയാൾ കൂടിയാണ് ഞാൻ. അങ്ങനെയാണ് മിമിക്രിയിലേക്ക് എത്തിയത്. കൂലിപ്പണി ചെയ്തിരുന്ന കാലത്തായിരുന്നു എന്റെ വിവാഹം. പിന്നീടാണ് കലയിലൂടെ ഉയർന്ന് വന്നതെന്നും കണ്ണൻ സാഗർ പറഞ്ഞു. കലാമേഖലയിൽ നിന്ന് കച്ചവടത്തിലേക്ക് തിരിഞ്ഞപ്പോൾ പൊരുത്തപ്പെട്ടുപോകാൻ അൽപം ബുദ്ധിമുട്ടിയെങ്കിലും ഇപ്പോൾ കച്ചവടവും ഒരു കല തന്നെയാണെന്ന് തിരിച്ചറിഞ്ഞുവെന്ന് അടുത്തിടെ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം എഴുതിയിരുന്നു.
കണ്ണൻ സാഗർ ഒരുപാട് ചിരിപ്പിച്ച കലാകാരനാണ്. ഇദ്ദേഹത്തിനെ പോലെ കഴിവുള്ളവർ ഉയർന്ന് വരാത്തത് സങ്കടകരമാണ്. കണ്ണൻ സാഗർ, മനോജ് ഗിന്നസ്, ഉണ്ണി എന്നിങ്ങനെ കുറേ നല്ല കലാകാരന്മാരുണ്ട്. കലയിൽ രക്ഷപ്പെടണമെങ്കിൽ ഭാഗ്യം വേണമെന്നത് ശരിയാണെന്ന് ഇപ്പോൾ തോന്നുന്നുവെന്നാണ് താരത്തിന്റെ അഭിമുഖം കണ്ട് പ്രേക്ഷകരിൽ നിന്നും വന്ന പ്രതികരണങ്ങൾ.


Click it and Unblock the Notifications











