'ഇനി സംസാരിച്ചാൽ വീണ്ടും ക്രൂശിക്കപ്പെടും, ജീവിക്കണ്ടെന്ന് തോന്നിയ സമയങ്ങൾ, അദ്ദേഹം എനിക്കായി ജീവിച്ചു'
മിൻമിനി എന്ന പേര് കേൾക്കുമ്പോൾ സംഗീതപ്രേമികളുടെ മനസിലേക്ക് ആദ്യം ഓടിവരിക ചിന്ന ചിന്ന ആസൈ എന്ന ഗാനമാകും. റോജയ്ക്ക് മുമ്പ് നിരവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ടെങ്കിലും മിൻമിനി എന്ന ഗായികയെ ലോകം അറിഞ്ഞത് ഈ ഗാനത്തിലൂടെയാണ്. ഒരു ദിവസം പതിമൂന്ന് പാട്ടുകള്‍ വരെ പാടിയ കാലം പിന്നണി ഗായിക മിന്‍മിനിക്കുണ്ട്. മലയാള സിനിമക്ക് ഒരു പിടി നല്ല ഗാനങ്ങൾ സമ്മാനിച്ച ഗായിക. ഒട്ടുമിക്ക മ്യൂസിക് ഡയറക്ടേഴ്സിനൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. പിജെ റോസ്ലി എന്നാണ് എന്റെ യഥാർത്ഥ പേര്. മൂന്ന് വയസ് മുതൽ പാടുമായിരുന്നുവത്രെ.
എന്റെ മോൾ ജനിച്ചശേഷമാണ് ഞാൻ അത് വിശ്വസിച്ചത്. കാരണം അവൾക്ക് ഒന്നര വയസ് മാത്രമുള്ളപ്പോൾ ഞങ്ങളുടെ വീട്ടിൽ അവളെ കുളിപ്പിക്കാനും മറ്റും വരുന്ന ഒരു ചേച്ചി മോൾക്ക് മാതാവിന്റെ പാട്ട് പാടി കൊടുക്കുമായിരുന്നു. അവൾ അത് ആ ചെറിയ പ്രായത്തിൽ ഏറ്റുപാടി. അന്ന് ഞാൻ വണ്ടറടിച്ച് നിന്നു. അന്നാണ് എനിക്ക് മനസിലായത് ഞങ്ങളുടെ ബ്ലെഡ്ഡിൽ സംഗീതമുണ്ടെന്നും ചെറുപ്രായത്തിൽ പാടാൻ കഴിയുമെന്നും.

എല്ലാ കലയും എന്റെ അപ്പച്ചന് ഒത്തിരി ഇഷ്ടമായിരുന്നു. എല്ലായിടത്തും എനിക്കൊപ്പം വന്നിരുന്നത് അപ്പച്ചനായിരുന്നു. പ്രോഗ്രാമുള്ളപ്പോൾ അപ്പച്ചൻ ജോലിയിൽ നിന്ന് ലീവെടുക്കുമായിരുന്നു. ശമ്പളം കുറഞ്ഞാലും ഞങ്ങളെ ഒന്നും അറിയിച്ചിരുന്നില്ല. എന്നെ നോക്കി സംസാരിക്കുമ്പോൾ അടുത്ത അപ്പച്ചൻ നിൽക്കുന്നത് പോലെ ഫീൽ ചെയ്യാറുണ്ടെന്ന് ഞങ്ങളെ അറിയാവുന്ന പല ഗായകരും ഇപ്പോഴും പറയും. എന്നോട് അപ്പച്ചന് ഒരുപാട് സ്നേഹമായിരുന്നു. എല്ലാ മ്യുസിഷൻസിനോടും അത്രയധികം ബഹുമാനം അപ്പച്ചനുണ്ടായിരുന്നു മൈൽസ്റ്റോൺ മേക്കേഴ്സിന് നൽകിയ അഭിമുഖത്തിൽ മിൻമിനി പറഞ്ഞു.
റോജയിലെ ചിന്ന ചിന്ന ആസൈ എന്റെ ആദ്യത്തെ പാട്ടാണെന്ന് കരുതുന്ന പലരുമുണ്ട് നൂറ്റമ്പതിൽ പരം പാട്ടുകൾ അതിന് മുമ്പ് ഞാൻ പാടിയിട്ടുണ്ട്. ബ്ലെസ്സിങ്സ് ഉള്ള പാട്ടാണ് അതെന്ന് എനിക്കെപ്പോഴും തോന്നാറുണ്ട്. എന്നെ സ്നേഹിക്കുന്ന ആളുകളുടെ എണ്ണം വർധിച്ചത് ഈ പാട്ടിന്റെ റിലീസിനുശേഷമാണ്.
വേൾഡ് വൈഡായി ആളുകൾ എന്നെ തിരിച്ചറിഞ്ഞതും ഈ പാട്ടിലൂടെയാണ്. റഹ്മാൻ സാറിനേക്കാൾ അദ്ദേഹത്തിന്റെ അമ്മയോടായിരുന്നു എനിക്ക് അടുപ്പം. സാറിനെ സ്റ്റുഡിയോയിൽ വെച്ച് മാത്രമെ കാണാറുണ്ടായിരുന്നുള്ളു. അമ്മ റെക്കോഡിങിന് മുമ്പ് എന്നോടൊപ്പം നിന്ന് പ്രാർത്ഥിക്കും. ശേഷമാണ് സ്റ്റുഡിയോയിലേക്ക് കൊണ്ടുപോവുക. അങ്ങനൊരു ശീലം അദ്ദേഹത്തിന്റെ അമ്മയ്ക്കുണ്ടായിരുന്നു. എനിക്ക് വയ്യാതായപ്പോൾ ഏറ്റവും കൂടുതൽ വിഷമിച്ചതും അമ്മയാണ്.
ഇപ്പോൾ റഹ്മാൻ സാറുമായി കോൺടാക്ടില്ല. പണ്ട് പോയ സ്വാതന്ത്ര്യത്തോടെ ഇപ്പോൾ എനിക്ക് ആ വീട്ടിലേക്ക് പോകാൻ പറ്റില്ല. ആ വീടിന്റെ അന്തരീക്ഷം തന്നെ മാറി. ഈസിയായി കാണാൻ പറ്റുന്ന ദൂരത്തിലല്ലല്ലോ ഇപ്പോൾ അദ്ദേഹം എ.ആർ റഹ്മാനെ കുറിച്ചുള്ള ഓർമകൾ പങ്കിട്ട് പറഞ്ഞു. സ്റ്റുഡിയോയിൽ എത്തിയാൽ ഞാൻ വേറൊരാളാണ്. വിശപ്പും ദാഹവും പോലും ഉണ്ടാവില്ല. പുറത്തെ കാര്യങ്ങളും ചിന്തയിലുണ്ടാവില്ല.

എനിക്ക് തന്ന പാട്ട് നന്നായി പാടുക എന്നത് മാത്രമാകും. തൊണ്ടയ്ക്ക് പ്രശ്നങ്ങൾ വന്നപ്പോൾ ഒരുപാട് സങ്കടപ്പെട്ടിരുന്നു. ജീവിക്കണ്ടെന്ന് തോന്നിയ സമയങ്ങൾ വരെയുണ്ട്. ഓർമവെച്ച കാലം മുതൽ പാട്ട് പാടുന്നുണ്ട് ഞാൻ. പാടികൊണ്ടിരിക്കുമ്പോൾ പെട്ടന്ന് ശബ്ദം പോകുമായിരുന്നു. എന്താണ് സംഭവിച്ചതെന്ന് ആദ്യം ഒരു ചോദ്യ ചിഹ്നമായിരുന്നു. മൈക്ക് കാണുമ്പോൾ എനിക്ക് പാടാൻ പറ്റാത്ത അവസ്ഥയായിരുന്നു. ഇളയരാജ സാർ പുറത്ത് പോയി പാടരുതെന്ന് പറഞ്ഞതുകൊണ്ടുള്ള ട്രോമയാണോയെന്ന് ചോദിച്ചാൽ ഇനി അതേ കുറിച്ച് സംസാരിച്ചാൽ വീണ്ടും ക്രൂശിക്കപ്പെടും.
അദ്ദേഹം എനിക്ക് പ്രിയപ്പെട്ട സംഗീത സംവിധായകനാണ്. നല്ല ഒരുപാട് പാട്ടുകൾ എനിക്ക് തന്നയാളാണ്. സാറിനോട് ദേഷ്യമോ വെറുപ്പോ എനിക്കില്ല. ഞാൻ പറഞ്ഞത് എനിക്കുണ്ടായ ഒരു ഇൻസിഡന്റാണ്. ഇഷ്ടം പോലെ ഷോകൾ കിട്ടി കൊണ്ടിരുന്ന സമയത്താണ് എന്റെ ശബ്ദം പെട്ടന്ന് പോയത്. വല്ലാത്തൊരു അവസ്ഥയിലായിരുന്നു. പറഞ്ഞ് മനസിലാക്കി തരാൻ പറ്റില്ലെന്നും മിൻമിനി പറഞ്ഞു.
ഭർത്താവ് ജോയ് തന്നിട്ടുള്ള പിന്തുണയെ കുറിച്ചും ഗായിക സംസാരിച്ചു. ചിരിച്ചുകൊണ്ട് പറഞ്ഞുവെന്നേയുള്ളു അത് ഫണ്ണൊന്നുമല്ല. അത് സത്യമാണ്. ഐസിയുവിൽ വെച്ചാണ് ഞാനും ജോയിയും തമ്മിലുള്ള വിവാഹം തീരുമാനിച്ചത്. അച്ഛൻ അന്ന് വയ്യാതെ അഡ്മിറ്റായിരുന്നു. അതാണ് അങ്ങനെ സംഭവിച്ചത്. ശബ്ദം പോയ സമയത്ത് എനിക്ക് കരുത്തായി ഒപ്പം നിന്നത് ജോയി ചേട്ടനാണ്.
അദ്ദേഹം അസാധ്യ കീബോർഡിസ്റ്റാണ്. 1995ൽ ആയിരുന്നു ഞങ്ങളുടെ വിവാഹം. ശബ്ദമില്ലാത്ത ഗായികയെയാണ് അദ്ദേഹം വിവാഹം ചെയ്തത്. ഞാൻ അസുഖവും അസ്വസ്ഥതകളുമായി ഇരിക്കുമ്പോൾ ചേട്ടന് എന്നെ ഇട്ടിട്ട് പ്രോഗ്രാമിന് പോകാൻ പോലും പറ്റിയിരുന്നില്ല. അദ്ദേഹം എന്തായിരുന്നുവോ അതൊക്കെ എനിക്ക് വേണ്ടി ചേട്ടന് മറക്കേണ്ടി വന്നു. എനിക്ക് വേണ്ടി അദ്ദേഹം അതെല്ലാം മറന്ന് ജീവിച്ചുവെന്നും മിൻമിനി പറയുന്നു.


Click it and Unblock the Notifications











