'ലേബർ റൂമിൽ ഞാനും കയറി, കുഞ്ഞിനായി രണ്ട് മാസം ബ്രേക്കെടുത്തു, ടൊവിക്കൊപ്പം വർക്ക് ചെയ്താൽ മെലിയും'; ബേസിൽ!
വിനീത് ശ്രീനിവാസന്റെ അസോസിയേറ്റായി മലയാള സിനിമയിലേക്ക് എത്തി പിന്നീട് തൊട്ടതൊക്കെയും പൊന്നാക്കി മാറ്റിയ സംവിധായകനും നടനുമെല്ലാമാണ് ബേസിൽ ജോസഫ്. അഭിനയത്തിലും സംവിധാനത്തിലും തന്റേതായ വ്യക്തി മുദ്ര പതിപ്പിക്കാൻ ബേസിലിന് കഴിഞ്ഞിട്ടുണ്ട്. വിനീത് ശ്രീനിവാസനെ നായകനാക്കി കുഞ്ഞിരാമായണം എന്ന ചിത്രം സംവിധാനം ചെയ്തുകൊണ്ടാണ് ബേസിൽ സംവിധാന രംഗത്തേക്ക് ചുവടുവെച്ചത്.
ടൊവിനോ നായകനായ മിന്നൽ മുരളി എന്ന തന്റെ ചിത്രത്തിലൂടെ ബേസിൽ ഇന്ത്യ ഒട്ടാകെ ഉള്ള സിനിമാ പ്രേമികൾക്കിടയിൽ താരമായി മാറി. സോഷ്യൽ മീഡിയയിലെ സജീവ സാന്നിധ്യമായ ബേസിൽ തന്റെ സിനിമാ വിശേഷങ്ങൾക്കൊപ്പം വ്യക്തി ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്.

ബേസിൽ അഭിനയിച്ച സിനിമയുടെ പ്രഖ്യാപനം വന്നാലും സംവിധാനം ചെയ്യുന്ന സിനിമയുടെ പ്രഖ്യാപനം വന്നാലും പിന്നീടുള്ള പ്രേക്ഷകന്റെ കാത്തിരിപ്പ് ആ സിനിമയുടെ റിലീസിന് വേണ്ടിയാകും. ഒരു മിനിമം ഗ്യാരണ്ടി ബേസിൽ ജോസഫ് സിനിമകൾക്കുണ്ടെന്നതാണ് സത്യം. ഈ അടുത്തിടെയാണ് ബേസിലിന് പെൺകുഞ്ഞ് പിറന്നത്.
ഹോപ്പ് എലിസബത്ത് ബേസിൽ എന്നാണ് കുഞ്ഞിന് ബേസിലും ഭാര്യയും പേരിട്ടിരിക്കുന്നത്. ഇപ്പോഴിത അച്ഛനായ ശേഷം ജീവിതത്തിൽ വന്ന മാറ്റങ്ങളെ കുറിച്ച് വെറ്റൈറ്റി മീഡിയയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിച്ചിരിക്കുകയാണ് ബേസിൽ ജോസഫ്.
പാരന്റ്ഹുഡിലേക്ക് മാറിയ ശേഷം മാറ്റങ്ങൾ തനിയെ സംഭവിച്ചുവെന്നും തനിക്ക് പോലും ആ മാറ്റം തിരിച്ചറിയാൻ പറ്റിയില്ലെന്നുമാണ് ബേസിൽ പറയുന്നത്. 'പാരന്റ്ഹുഡിലേക്ക് അഡ്ജസ്റ്റായി തുടങ്ങി. പിന്നെ നമ്മൾക്ക് മാറ്റം വന്നത് നമ്മൾ പോലും തിരിച്ചറിയില്ല. കുഞ്ഞിന്റെ ചെറിയ അനക്കം പോലും കേൾക്കുമ്പോൾ അതിന് വേണ്ടത് ചെയ്ത് കൊടുക്കാൻ നമ്മൾ റെഡിയാകും.'
'കുഞ്ഞ് കാരണം ഉറക്കം നഷ്ടപ്പെട്ടുവെന്ന തോന്നലില്ല. രാത്രിയിൽ ഞാൻ വേറെ റൂമിലാണ് ഉറങ്ങുന്നത്. എലിസബത്തിനേയും കുഞ്ഞിനേയും നോക്കാൻ ഒരു ചേച്ചി കൂടി വീട്ടിലുണ്ട്. എലിസബത്ത് അവളുടെ വീട്ടിലാണ്. അവിടെ പോയാണ് ഞാൻ കുഞ്ഞിനെ കാണുന്നത്.'

'കുഞ്ഞിനെ കൈയ്യിൽ കിട്ടിയപ്പോൾ ഭയങ്കര സന്തോഷമായിരുന്നു. നമ്മുടെ ചോരയാണല്ലോ കൈയ്യിലിരിക്കുന്നത്. ജീവിതത്തിലെ ഏറ്റവും സന്തോഷം നിറഞ്ഞ സന്ദർഭം ഏതാണെന്ന് ഇനി ചോദിച്ചാൽ കുഞ്ഞ് പിറന്നത് എന്നാണ് പറയുക. ഞാൻ ലേബർ റൂമിൽ കയറിയിരുന്നു. വൈഫിനും വളരെ സപ്പോർട്ടാണ് അങ്ങനെ കേറുന്നത്. കുഞ്ഞിനെ നോക്കാനും കുഞ്ഞിനൊപ്പം സമനയം ചിലവഴിക്കാനുമായി രണ്ട് മാസം ബ്രേക്കെടുത്തിരുന്നു.'
'ഡയപ്പർ മാറ്റാൻ ഞാനും ഭാര്യയെ സഹായിക്കാറുണ്ട്. അച്ഛനായ ശേഷമുള്ള മാറ്റങ്ങളെ കുറിച്ച് സംസാരിച്ച് ബേസിൽ പറഞ്ഞു. ഏറ്റവും ഇഷ്ടമുള്ള കോസ്റ്റാർ ആരാണെന്ന് അവതാരക ചോദിച്ചപ്പോൾ ടൊവിനോ തോമസിന്റേ പേരാണ് ബേസിൽ പറഞ്ഞത്. ഏത് പാതിരാത്രിയിൽ വിളിച്ചാലും വന്ന് അഭിനയിക്കുന്ന നടനാണ് ടൊവിനോയെന്നാണ് ബേസിൽ പറയുന്നത് .ടൊവിനോയ്ക്ക് ഒപ്പം അഭിനയിച്ചാൽ നാല് കിലോ ശരീര ഭാരം വരെ കുറയുമെന്നും' ബേസിൽ തമാശയായി പറഞ്ഞു.
ധ്യാൻ ശ്രീനിവാസനെ ഡയറക്ട് ചെയ്യാനാണ് കഷ്ടപ്പാടെന്നും ഇന്റർവ്യൂവിന് വന്നിരിക്കുന്നത് പോലെയാണ് ധ്യാൻ ജീവിതത്തിലുമെന്നും ബേസിൽ പറഞ്ഞു. ധ്യാനിന്റെ അരങ്ങേറ്റ ചിത്രം തിരയുടെ അസിസ്റ്റന്റ് ഡയറക്ടറായിരുന്നു ബേസിൽ. കഠിന കഠോരമീ അണ്ഡകടാഹമാണ് റിലീസിന് തയ്യാറെക്കുന്ന ബേസിലിന്റെ ഏറ്റവും പുതിയ സിനിമ.
പെരുന്നാൾ റിലീസായാണ് പ്രേക്ഷകർക്ക് സിനിമ എത്തുക. നൈസാം സലാം പ്രൊഡക്ഷൻസിൻ്റെ ബാനറിൽ നൈസാം സലാമാണ് ചിത്രം നിർമിക്കുന്നത്. ഉണ്ട, പുഴു എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തായ ഹർഷദാണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത്.


Click it and Unblock the Notifications