'രണ്ട് വർഷത്തെ ജീവിതം മുഴുവൻ ടെൻഷൻ മാത്രമായിരുന്നു, ഭാഷ അറിയാതെ ബുദ്ധിമുട്ടി'; ബ്രൂസ്‌ലി ബിജി പറയുന്നു
ഒരുപാട് പേരുടെ വർഷങ്ങളുടെ പ്രയത്നവും സ്വപ്നവുമെല്ലാമാണ് മിന്നൽ മുരളി എന്ന സൂപ്പർ ഹീറോ ചിത്രം റിലീസ് ചെയ്തപ്പോൾ പൂവണിഞ്ഞത്. ബേസിൽ ജോസഫിന്റെ സംവിധാനത്തിൽ ടൊവിനോ തോമസ് നായകനായ സിനിമ ഇപ്പോഴും ലോകത്തിന്റെ വിവിധ രാജ്യങ്ങളിൽ സ്ട്രീം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇത്രയേറെ പരിമിതികൾ ഉള്ളപ്പോൾ മലയാള സിനിമയിൽ നിന്ന് ഒരു സൂപ്പർഹീറോ ചിത്രം വരികയെന്നത് എങ്ങനെ സാധ്യമാകുമെന്നാണ് സിനിമയുടെ പ്രഖ്യാപനം മുതൽ എല്ലാവരും ചിന്തിച്ചിരുന്നത്. എന്നാൽ സിനിമ പുറത്തിറങ്ങിയപ്പോൽ പുതിയൊരു അനുഭവമാണ് പ്രേക്ഷകർക്ക് ലഭിച്ചത്.
ബേസിൽ സിനിമകളിലെ നായികമാരെല്ലാം സ്വന്തമായി അഭിപ്രായമുള്ളവരും തല ഉയർത്തി സമൂഹത്തിൽ നിലകൊള്ളുന്നവരുമാണ്. അതിനുള്ള ഏറ്റവും പുതിയ ഉദാഹരണമാണ് മിന്നൽ മുരളിയിലെ ബ്രൂസ്‌ലി ബിജി എന്ന കഥാപാത്രം. വിവാഹത്തിന് ശേഷം കരാട്ടെ ചെയ്യാൻ സമ്മതിക്കില്ലെന്ന് പറഞ്ഞതിന്റെ പേരിലാണ് ബ്രൂസ്‌ലി ബിജി തന്റെ പ്രണയം പോലും ഉപേക്ഷിക്കുന്നത്. പിന്നീട് കല്യാണം ക്ഷണിക്കാനെത്തിയ കാമുകനെ ബ്രൂസ്‌ലി ബിജി കിക്ക് ചെയ്ത് റോഡിലേക്ക് ഇടുന്ന രംഗങ്ങളെല്ലാം എല്ലാവരും രോമാഞ്ചത്തോടെയാണ് വീക്ഷിച്ചത്. മിന്നൽ മുരളിക്കും ഷിബുവിനും ഒപ്പം തന്നെ ബ്രൂസ്‌ലി ബിജിക്കും സിനിമ പുറത്തിറങ്ങിയപ്പോൾ വലിയ ആരാധകരാണുണ്ടായത്.

കൊച്ചിക്കാരിയായ ഫെമിന ജോർജാണ് ബ്രൂസ്‌ലി ബിജിക്ക് ജീവൻ പകർന്നത്. സിനിമയുടെ ഷൂട്ടിങ് തടസപ്പെട്ടപ്പോഴും പിന്നീട് റിലീസ് വൈകിയപ്പോഴും വലിയ ടെൻഷനിലൂടെയായിരുന്നു താൻ കടന്നുപോയത് എന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഫെമിന ഇപ്പോൾ. രണ്ട് വർഷം തന്റെ ഉള്ളിൽ ഭയവും ടെൻഷനുമായിരുന്നുവെന്നും ആ ടെൻഷനോടെയാണ് രണ്ട് വർഷത്തെ ഓരോ ദിവസവും കടന്നുപോയതെന്നും ഫെമിന ജോർജ് പറയുന്നു. '2019ലാണ് മിന്നൽ മുരളിയുടെ ഓഡിഷൻ നടക്കുന്നതും അതിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നതും. ഓഡിഷനിൽ തന്നെ ചെറിയ രീതിയിൽ അടിയും ഇടിയുമെല്ലാം ഉണ്ടായിരുന്നു. ഓഡിഷൻ കഴിഞ്ഞ് കഥാപാത്രത്തിനായി തടി കുറച്ച് കുറയ്ക്കണെന്നും പറഞ്ഞിരുന്നു. ഒരു മാസം കൊണ്ട് 6-7 കിലോ കുറച്ചു. കൂടാതെ കിക് ബോക്സിങ്ങും പഠിച്ചു. ആദ്യം ബ്രൂസ്‍ലി ബിജിയുടെ കഥാപാത്രമാണ് ഞാൻ ചെയ്യുന്നതെന്ന് അറിയില്ലായിരുന്നു. ഈ പറഞ്ഞ കാര്യങ്ങളൊക്കെ ചെയ്ത് കഴിഞ്ഞപ്പോഴാണ് ബേസിൽ ചേട്ടൻ എന്നോട് ഞാനാണ് മിന്നൽ മുരളിയിലെ ഈ കഥാപാത്രം ചെയ്യുന്നതെന്ന് പറഞ്ഞത്.'

'കഴിഞ്ഞ രണ്ട് വർഷങ്ങൾ ജീവിതത്തിലെ വലിയൊരു വിഷമഘട്ടമായിരുന്നു. രണ്ട് വർഷത്തോളമുളള കാത്തിരിപ്പ്. ആദ്യ ചിത്രമെന്നത് ഒരുവശത്ത്. കൊറോണയും ലോക്ഡൗൺ നിയന്ത്രണങ്ങളും ചിത്രത്തിന് പ്രശ്നമായപ്പോൾ റീലിസ് നീണ്ടുപോയപ്പോൾ അങ്ങനെ കഴിഞ്ഞ രണ്ട് വർഷങ്ങൾ കുറേ ടെൻഷനുകളിലൂടെയാണ് കടന്നുപോയത്. ഒടുവിൽ ഈ ഡിസംബറിൽ ചിത്രം ഒടിടിയിൽ റിലീസ് ചെയ്തതും പ്രേക്ഷകർ ഇരുകൈയ്യും നീട്ടി സ്വീകരിച്ചതുമെല്ലാം ആ വിഷമകാലത്തിന്റെ പര്യവസാനമായിട്ടാണ് കണക്കാക്കുന്നത്. രണ്ട് വർഷം വെറുതെയൊന്നുമിരുന്നിട്ടില്ല. എംകോം പഠിച്ചു. എന്ത് ചെയ്യുമ്പോഴും ഉള്ളിന്റെയുള്ളിൽ എപ്പോഴും ഒരു ടെൻഷനുണ്ടായിരുന്നു. ഏതായാലും അതെല്ലാം മിന്നൽ മുരളി മാറ്റി. യാത്രകളോട് എന്നും പ്രിയമുള്ള ആളാണ് ഞാൻ. എന്നാൽ ഇതുവരെ ഒറ്റയ്ക്ക് യാത്ര ചെയ്യാൻ സാധിച്ചിട്ടില്ല. ഇതുവരെ പോയിട്ടുള്ള യാത്രകളെല്ലാം കൂട്ടുകാർക്കും വീട്ടുകാർക്കും ഒപ്പമാണ്. പാരീസാണ് ഡ്രീം ഡെസ്റ്റിനേഷൻ' ഫെമിന പറയുന്നു. ബാംഗ്ലൂരിലേക്ക് പഠനത്തിന്റെ ഭാഗമായി ഒരിക്കൽ മാത്രം ഒറ്റയ്ക്ക് യാത്ര നടത്തിയ അനുഭവങ്ങളെ കുറിച്ചും ഫെമിന പറയുന്നു.

'ഭാഷപോലും വശമുണ്ടായിരുന്നില്ലെന്നും എന്നാൽ പഠനത്തിന്റെ ഭാഗമയിരുന്നതിനാൽ ബാംഗ്ലൂരിൽ പിടിച്ച് നിൽക്കേണ്ടത് അത്യാവശ്യമായിരുന്നതിനാലാണ് ഇംഗ്ലീഷും ഗൂഗിൾ മാപ്പും വെച്ച് ബാംഗ്ലൂരിലെ വിവിധ പ്രദേശങ്ങിൽ യാത്ര ചെയ്തതെന്നും ഫെമിന പറയുന്നു. ബാംഗ്ലൂർ നഗരത്തിലൂടെ നടന്നത് ഒരിക്കലും മറക്കാനാവില്ല. അന്ന് കുറച്ച് കഷ്ടപ്പെട്ടെങ്കിലും ഇന്ന് ഓർക്കുമ്പോൾ ജീവിതത്തിലെ ഏറ്റവും മനോഹരമായ നിമിഷങ്ങളിലൂടെയായിരുന്നു ഞാൻ കടന്നുപോയത്. ലൈഫിൽ ഞാൻ സോളോ ട്രിപ്പൊന്നും പോയിട്ടില്ല. പക്ഷേ ബാംഗ്ലൂരിലേക്കുള്ള യാത്രയെ എന്റെ ആദ്യ സോളോ ട്രിപ്പെന്ന് വേണമെങ്കിൽ വിളിക്കാം. ശരിക്കും അത് പഠനത്തിന്റെ ഭാഗമായിട്ടുള്ള യാത്രയായിരുന്നു. ഡിഗ്രികാലത്ത് ഇന്റൺഷിപ്പ് ചെയ്യാനായിട്ടാണ് ബാംഗ്ലൂർ നഗരത്തിലേക്ക് ഒറ്റയ്ക്ക് പോകുന്നത്. പോകാനുള്ള ഇടങ്ങളെല്ലാം തനിച്ച് കണ്ടുപിടിക്കണം. എനിക്കാണെങ്കിൽ ഇംഗ്ലീഷ് മാത്രമേ അറിയുള്ളൂ. അവർ പറയുന്ന തെലുങ്കും ഹിന്ദിയും എനിക്ക് മനസിലാകുന്നുമില്ല. ഞാൻ ഇംഗ്ലീഷിൽ പറഞ്ഞാൽ കിട്ടുന്ന മറുപടികളും ചുരുക്കമായിരുന്നു. ആകെ മൊത്തം ഒരു അങ്കലാപ്പിലായിരുന്നു അവിടെ ചെന്ന ആദ്യ ദിവസങ്ങൾ.'

'ടാക്സിക്കാരോട് വഴി പറഞ്ഞുകൊടുക്കാമെന്ന് വെച്ചാൽ അധികം പേർക്കും ഇംഗ്ലീഷറിയില്ല. ബസിൽ കയറിയാൽ ഞാൻ പറയുന്നത് അവർക്കും അവർ പറയുന്നത് എനിക്കും മനസ്സിലാകില്ല. പിന്നെ ഗൂഗിൾ മാപ്പും നോക്കി ഫോണും കയ്യിൽ പിടിച്ച് വിവിധ വഴികളിലൂടെ കുറേ നടന്നു. വഴിയറിയാതെ കിലോമീറ്ററുകളോളം നടന്നിട്ടുണ്ട്. കേരളത്തിന് പുറത്ത് ഞാൻ ഒറ്റയ്ക്ക് ചെലവഴിച്ച നിമിഷങ്ങൾ അതായിരുന്നു. അന്ന് ഞാൻ ഒത്തിരി കഷ്ടപ്പെട്ടപ്പോൾ എങ്ങനെ ഇതെല്ലാം തരണം ചെയ്യുമെന്നെല്ലാം ചിന്തിച്ചിരുന്നു. എന്നാലിന്ന് ഓർക്കുമ്പോൾ എനിക്കേറ്റവും ഇഷ്ടപ്പെട്ട യാത്രകളിലൊന്നാണ് ബാംഗ്ലൂരിലെ കുറച്ച് ദിവസങ്ങൾ മാത്രമായിരുന്നു. രാജഗിരിയിൽ പഠിക്കുന്ന സമയത്ത് സുഹൃത്തുക്കളെല്ലാം ചേർന്ന് വൺടേ ട്രിപ്പൊക്കെ നടത്തിയിട്ടുണ്ട്. അതും നല്ല ഓർമകൾ ആയിരുന്നു. കൊച്ചി എനിക്ക് ഏറ്റവും പ്രിയപ്പെട്ട സ്ഥലങ്ങളിൽ ഒന്നാണ്. ജനിച്ചത് ഇവിടെയല്ലെങ്കിലും ഞനൊരു കൊച്ചിക്കാരിയാണെന്ന് പറയുന്നതിൽ അഭിമാനിക്കുന്നു. ഈ നാട് എപ്പോഴും നമ്മളെ വിസ്മയിപ്പിച്ചുകൊണ്ടിരിക്കും. എനിക്കേറ്റവും പ്രിയപ്പെട്ട സ്ഥലമാണിവിടം. കൊച്ചി എന്നാൽ എന്റെ വീടാണ്. വൈറ്റിലയിലാണ് താമസം. ഞാൻ ജനിച്ചത് സൗദിയിലാണ്. ചെറിയ പ്രായം മുതൽ കൊച്ചിയിലാണ് പഠിക്കുന്നത്. ഡിഗ്രി രാജഗിരി കോളേജിലായിരുന്നു. അതുകഴിഞ്ഞ് കുറച്ചുനാൾ ഇൻഫോപാർക്കിൽ ജോലി ചെയ്തതിനുശേഷം മാസ്റ്റേഴ്സിനായി സെന്റ് തെരേസാസ് കോളജിൽ ചേർന്നു.'
Recommended Video

'മിന്നൽ മുരളിയുടെ രണ്ടാം ഷെഡ്യൂൾ കർണാടകയിലായിരുന്നു. മരംകോച്ചുന്ന തണുപ്പായിരുന്നു അവിടെ. എങ്ങനെയാണ് പുലർച്ചെ എഴന്നേറ്റ് മരംകോച്ചുന്ന തണുപ്പിൽ രംഗങ്ങൾ അഭിനയിച്ചത് എന്ന് ഇപ്പോഴും അറിയില്ല. വയനാട്ടിലും മിന്നൽ മുരളിയിലെ ചില ഭാഗങ്ങൾ ചിത്രീകരിച്ചിരുന്നു. വയനാട്ടിലെ കാലാവസ്ഥയും പ്രകൃതിയും ഒരുപാട് ഇഷ്ടമാണ്. ഇന്ത്യ മുഴുവനും കറങ്ങണം ഒറ്റയ്ക്ക് യാത്ര ചെയ്യണം. അങ്ങനെ കുറേ കാര്യങ്ങൾ ലിസ്റ്റ് ചെയ്ത് വെച്ചിട്ടുണ്ടെങ്കിലും അതിൽ പാരിസ് എന്തായാലും പോയിരിക്കും. എങ്കേയും കാതൽ എന്ന ചിത്രം കണ്ടത് മുതലാണ് പാരിസ് എന്ന നഗരത്തെ ഞാൻ പ്രണയിക്കാൻ തുടങ്ങിയത്. അത് പാരിസിൽ വച്ചാണ് ഷൂട്ട് ചെയ്തിരിക്കുന്നത്. അന്ന് ആ സിനിമ കണ്ടപ്പോൾ പാരിസ് എന്ന നഗരം അവിടുത്തെ കാഴ്ചകൾ എല്ലാം എനിക്ക് ഭയങ്കര ആശ്ചര്യമായിത്തോന്നി. സിനിമ കണ്ടതിനുശേഷം എപ്പോഴും ഉള്ളിന്റെയുള്ളിൽ എങ്ങനെയെങ്കിലും പാരിസിൽ പോകണം എന്ന ചിന്തയാണ്. എന്തായാലും ഞാൻ അവിടെ പോയിരിക്കും' ഫെമിന പറയുന്നു. മിന്നൽ മുരളി ഫെമിനയുടെ കരിയർ ബ്രേക്കായിരുന്നു. മിന്നൽ മുരളി പോലെ തന്നെ ബ്രൂസ്‌ലി ബിജിയും ഇന്ന് പ്രേക്ഷകർക്ക് പ്രിയങ്കരിയാണ്.


Click it and Unblock the Notifications