'എല്ലാ മാമന്മാരും ആഗ്രഹിക്കും ഇതുപോലെ ഒരു മരുമോനെ', മിന്നൽ മുരളിയുടെ സ്വന്തം ജോസ്മോൻ!
കഴിഞ്ഞ രണ്ട് ദിവങ്ങളായി ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്നത് ഡിസംബർ 24ന് ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്ത ബേസിൽ ജോസഫ് സിനിമ മിന്നൽ മുരളിയാണ്. ഒക്കലും ഒരു സൂപ്പർ ഹീറോയുടെ മാത്രം കഥയായിരുന്നില്ല മിന്നൽ മുരളി. പടത്തിൽ രണ്ട് സൂപ്പർ ഹീറോസ് ഉണ്ട്. ഒരാൾ നാടിനും നാട്ടുകാർക്കും പ്രിയപ്പെട്ടവൻ ആകുമ്പോൾ... ഒരാൾ നാടിനും നാട്ടുകാർക്കും ആപത്തുണ്ടാക്കുന്ന വില്ലനായി മാറുന്നു. കുറഞ്ഞ ബഡ്ജറ്റിൽ വളരെ മനോഹരമായി ഇന്ത്യൻ സിനിമയ്ക്ക് ഒരു സൂപ്പർ ഹീറോ മലയാളത്തിൽ പിറക്കുകയായിരുന്നു മിന്നൽ മുരളിയിലൂടെ. ടൊവിനോ തോമസാണ് ചിത്രത്തിൽ നായക വേഷത്തിൽ എത്തിയത്.
നായകനേക്കാൾ ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്നത് സിനിമയിലെ മറ്റ് ചെറിയ കഥാപാത്രങ്ങളാണ്. അത്രത്തോളം മനോഹരമായിട്ടാണ് അവർ തങ്ങൾക്ക് കിട്ടിയ കഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്. അത്തരത്തിൽ സിനിമ കണ്ടവരുടെ മനസിൽ കയറി കൂടിയ കുട്ടി താരമാണ് ടൊവിനോയുടെ കഥാപാത്രത്തിന്റെ മരുമകൻ വേഷം ജോസ്മോൻ. സൂപ്പർമാനും ബാറ്റ്മാനും വായിച്ച് മാമന് ഐഡിയ കൊടുക്കാനും ഇത്ര വലിയ സൂപ്പർഹീറോ കയ്യിൽ ഉണ്ടായിട്ടും കൂട്ടുകാർക്ക് മുമ്പിൽ പത്രാസ് കാണിക്കാെതെ അമേരിക്കയിൽ പോയി വിലസാൻ നിന്ന മുരളിയെ കുറുക്കന്മൂലയുടെ മിന്നൽ മുരളിയാക്കി ജോസ്മോൻ മാറ്റി.

ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിൽ അജു വർഗീസിന്റെ കുട്ടിക്കാലം അവതരിപ്പിച്ച മാസ്റ്റർ വസിഷ്ട് ഉമേഷാണ് ചിത്രത്തിൽ ജോസ് മോന്റെ വേഷം കൈകാര്യം ചെയ്തിരിക്കുന്നത്. സിനിമയിലുട നീളം മാമന്റെ വലം കൈയ്യായി നിന്ന് പ്രവർത്തിക്കുന്ന ജോസ് മോനെ പോലൊരു മരുമോൻ തങ്ങൾക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഏതൊരു മാമനും ആഗ്രഹിച്ച് പോകും. കുടുക്ക് പൊട്ടിയ കുപ്പായം എന്ന പാട്ടിലെ വസിഷ്ടിന്റെ പ്രകടനം കണ്ടിട്ടാണ് ബേസിൽ സിനിമയിലേക്ക് ക്ഷണിച്ചത്. ഒരു പാട്ടിലെ ചെറിയ സീൻ കണ്ട് തന്നെ ശ്രദ്ധിച്ച് ഓഡീഷന് വിളിച്ച് അവസരം നൽകിയ ബേസിലിനോട് എന്നും താൻ കടപ്പെട്ടിരിക്കുമെന്നാണ് വസിഷ്ട് പറയുന്നത്. ആറാം ക്ലാസുകാരനായ വസിഷ്ട് നാടകങ്ങളിലൂടെയാണ് കലാരംഗത്തേക്ക് എത്തിയത്. വലിയൊരു അനുഭവം സമ്മാനിച്ച സിനിമയായിരുന്നു മിന്നൽ മുരളി എന്നാണ് വസിഷ്ട് പറയുന്നത്.

ഷൊർണൂർ സ്വദേശിയായ വസിഷ്ട് മിന്നൽ മുരളി ലൊക്കേഷനിൽ നിന്നെത്തി എൽഎസ്എസ് പരീക്ഷയെഴുതി സ്കോളർഷിപ്പ് കരസ്ഥമാക്കിയിരുന്നു. മിന്നൽ മുരളിക്ക് ശേഷം നിരവധി സിനിമകളിലേക്ക് വസിഷ്ടിന് വിളി വരുന്നുമുണ്ട്. 'ഓഡീഷന് പോയി ഡയലോഗ് പറഞ്ഞപ്പോൾ തന്നെ ബേസിൽ മാമൻ എന്നെ ഫിക്സ് ചെയ്തിരുന്നു. അന്ന് പോയപ്പോൾ ടൊവിനോ മാമനെ കാണാൻ സാധിച്ചില്ല. പിന്നീട് ലൊക്കേഷനിൽ വെച്ച് കണ്ടു. വളരെ പാവമാണ്. ഒരുമിച്ച് അഭിനയിച്ചപ്പോൾ സന്തോഷം തോന്നി. ടൊവിനോ മാമനും മിന്നൽ മുരളി ടീമിനൊപ്പവും പ്രമോഷന് പോകാൻ പറ്റിയിരുന്നു. ഏറ്റവും കൂടുതൽ സന്തോഷം തോന്നിയത് യുവരാജ് സിങ് മാമനേയും റെസ്ലിങ് താരം ഗ്രേറ്റ് ഖാലി മാമനേയും നേരിട്ട് കാണാൻ സാധിച്ചപ്പോഴാണ്. ഗ്രേറ്റ് ഖാലിയെ കണ്ടപ്പോൾ ആദ്യം പേടി തോന്നി. നല്ല പൊക്കമാണ്. ഇത്രയും മുഴുനീള കഥാപാത്രം തന്നതിന് ബേസിൽ മാമനോടാണ് നന്ദി പറയാനുള്ളത്. യുവരാജ് സിങ് മാമനെ കാണാൻ പോയപ്പോൾ ബുദ്ധിമുട്ടായി തോന്നിയത് ഇംഗ്ലീഷ് ആണ്. ഞാൻ മലയാളം മീഡിയത്തിലെ വിദ്യാർഥിയാണ്' വസിഷ്ട് പറയുന്നു.
Recommended Video

ഭാവിയിൽ നടനാകണമെന്ന് ആഗ്രഹമുള്ളതായും വസിഷ്ട് പറയുന്നു. മിന്നൽ മുരളി കണ്ട് നിരവധി പേർ നന്നായിരുന്നുവെന്ന് പറഞ്ഞിരുന്നുവെന്നും വസിഷ്ട് പറയുന്നു. മിന്നൽ മുരളിയിലെ പ്രകടനം കണ്ട് നിരവധി അവസരങ്ങളാണ് ഇപ്പോൾ വസിഷ്ടിനെ തേടി എത്തുന്നത്. വാണിയംകുളം ടിആർകെ സ്കൂള് അധ്യാപകനായ പി. ഉമേഷിൻറേയും അധ്യാപിക സി.ജ്യോതിയുടേയും മകനാണ് വസിഷ്ട്. മിന്നൽ മുരളിയുടേതായി പുറത്തിറങ്ങിയ പോസ്റ്ററുകളിലും ടീസറിലും ട്രെയ്‍ലറിലും പ്രൊമോ വീഡിയോകളിലുമൊക്കെ ടൊവിനോയോടൊപ്പം വസിഷ്ടും തിളങ്ങിയിരുന്നു. സിനിമ ഒടിടി റിലീസ് ആയിരുന്നതിനാൽ സിനിമ കണ്ട് ശേഷം പലരും തിയേറ്റർ അനുഭവം നഷ്ടപ്പെട്ടതിനെ കുറിച്ച് പരാതിപ്പെടുന്നുണ്ട്. ബേസിൽ സംവിധാനത്തിലേക്ക് ഇറങ്ങിയ ശേഷം പുറത്തിറങ്ങുന്ന മൂന്നാമത്തെ സിനിമയാണ് മിന്നൽ മുരളി.


Click it and Unblock the Notifications