'നടിമാരുടെ യഥാർത്ഥ സ്വഭാവം അറിയാതെ വിവാഹം കഴിക്കരുത്'; ശ്രദ്ധ നേടി സെന്തിലിന്റെ വാക്കുകൾ
തമിഴ് സീരിയൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ടവരാണ് താരദമ്പതികളായ സെന്തിലും ശ്രീജയും. വിജയ് ടിവിയിലെ 'ശരവണൻ മീനാക്ഷി' എന്ന സീരിയലിലൂടെ ജനപ്രീതി നേടിയ രണ്ട് പേരും ജീവിതത്തിലും ഒന്നിച്ചപ്പോൾ ആരാധകർ ആഘോഷമാക്കി. മലയാളിയായ ശ്രീജ തമിഴ് ടെലിവിഷൻ രംഗത്താണ് ശ്രദ്ധിക്കപ്പെട്ടത്. ശരവണൻ മീനാക്ഷി എന്ന സീരിയലിലെ നായകനും നായികയുമായ ശ്രീജയും സെന്തിലും ഷൂട്ടിംഗിനിടെ പ്രണയത്തിലാവുകയും വിവാഹത്തിലേക്ക് കടക്കുകയുമായിരുന്നു. 2014 ലായിരുന്നു വിവാഹം. വിവാഹ ശേഷം ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിൽ ഈ വർഷമാണ് സെന്തിലിനും ശ്രീജയ്ക്കും കുഞ്ഞ് പിറന്നത്.
വിവാഹം കഴിഞ്ഞതോടെ അഭിനയ രംഗത്തെ തിരക്കുകളിൽ നിന്നും മാറിയ ശ്രീജയെ ഇന്നും തമിഴ് പ്രേക്ഷകർ ഓർക്കുന്നത് ശരവണൻ മീനാക്ഷി എന്ന സീരിയലിലൂടെയാണ്. 2011 ലാണ് സീരിയൽ സംപ്രേഷണം ചെയ്ത് തുടങ്ങിയത്. മൂന്ന് സീസണുകൾ വന്ന സീരിയലിലെ ആദ്യ സീസണിലാണ് ശ്രീജയും സെന്തിലും അഭിനയിച്ചത്.

സീരിയലിനെക്കുറിച്ചും ശ്രീജയെക്കുറിച്ചും സെന്തിൽ പറഞ്ഞ രസകരമായ വാക്കുകളാണ് ശ്രദ്ധ നേടുന്നത്. സീരിയലിലെ മീനാക്ഷി എന്ന കഥാപാത്രത്തെ പോലെ പാവമല്ല ശ്രീജയെന്ന് സെന്തിൽ പറയുന്നു. ശ്രീജ വളരെ കണിശക്കാരിയാണ്. വീട്ടിൽ ശ്രീജയുടെ തീരുമാനങ്ങളാണ് നടക്കുക. പക്ഷെ ശ്രീജ ചെയ്ത മീനാക്ഷി എന്ന കഥാപാത്രം അങ്ങനെയല്ല. നടിമാരുടെ യഥാർത്ഥ സ്വഭാവം മനസ്സിലാക്കാതെ അവരെ വിവാഹം ചെയ്യരുതെന്നാണ് തനിക്ക് നടൻമാരോട് പറയാനുള്ളതെന്നും സെന്തിൽ തമാശയോടെ പറഞ്ഞു.
യൂട്യൂബ് ചാനലിലൂടെ തന്റെ കുടുംബ വിശേഷങ്ങൾ സെന്തിൽ പങ്കുവെക്കാറുണ്ട്. ശ്രീജയെ വിവാഹം ചെയ്ത ശേഷം ജീവിതത്തിൽ വന്ന മാറ്റത്തെക്കുറിച്ച് സെന്തിൽ സംസാരിച്ചിരുന്നു. ജീവിതത്തിന് അടുക്കും ചിട്ടയും വന്നത് ശ്രീജയുടെ വരവിന് ശേഷമാണ്. ദേഷ്യക്കാരനായിരുന്ന താൻ ശാന്തനായി. പുള്ളിക്കാരി എന്നേക്കാൾ വലിയ ദേഷ്യക്കാരിയാണ്. ആരെങ്കിലും വിട്ടു കൊടുക്കേണ്ടേ എന്ന് കരുതി ഞാൻ ശാന്തനായി. വിവാഹം കഴിഞ്ഞ ആദ്യ നാളുകളിൽ പൊരുത്തപ്പെടാൻ സമയമെടുത്തെന്നും സെന്തിൽ തുറന്ന് പറഞ്ഞു.

ഉള്ളിലെ ഈഗോ മാറി പരസ്പരം മനസ്സിലാക്കി. ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാട് ശ്രീജയുടേതിൽ നിന്നും വ്യത്യസ്തമായിരുന്നു. ഞാൻ വളരെ പ്രാധാന്യത്തോടെ കണ്ടതൊന്നും അവൾക്ക് വലിയ കാര്യമായിരുന്നില്ല. താരമായിരുന്നിട്ടും ഒരു സോഷ്യൽ മീഡിയ അക്കൗണ്ട് പോലും ശ്രീജയ്ക്കില്ല. ആഡംബരങ്ങളോട് താൽപര്യമില്ല. വിദേശത്ത് ടൂർ പോകണമെന്നില്ല. നാട്ടിലേക്ക് കൊണ്ടുപോകുക എന്നതിൽ കഴിഞ്ഞ ആഗ്രഹമൊന്നും ശ്രീജയ്ക്കില്ലെന്നും സെന്തിൽ പറഞ്ഞു.
തിരുവനന്തപുരം സ്വദേശിയായ ശ്രീജയെ ബാലചന്ദ്ര മേനോനാണ് സിനിമയിലേക്ക് കൊണ്ടു വരുന്നത്. കൃഷ്ണ ഗോപാൽ എന്ന സിനിമയിൽ നായികയാണ് തുടക്കം. പിന്നീട് വാൽക്കണ്ണാടി, സഹോദരൻ സഹദേവൻ, വടക്കുംനാഥൻ, ഭാർഗവ ചരിതം, തുടങ്ങിയ സിനിമകളിൽ ശ്രീജ അഭിനയിച്ചു. ഇവയിലെല്ലാം ചെറിയ വേഷങ്ങളാണ് നടിക്ക് ലഭിച്ചത്. തമിഴ്നാട്ടിൽ സീരിയൽ രംഗത്ത് ശ്രദ്ധിക്കപ്പെട്ടതോടെ മലയാള സിനിമകളിൽ നിന്നും ശ്രീജ മാറി നിന്നു. വിവാഹ ശേഷം ഭർത്താവിന്റെ നായികയായി മാത്രമേ സീരിയലുകളിൽ അഭിനയിക്കൂ എന്ന തീരുമാനവും ശ്രീജയെടുത്തു.
ലൈം ലൈറ്റിൽ നിന്നും മാറി സ്വകാര്യ ജീവിതം നയിക്കാനിഷ്ടപ്പെടുന്ന ശ്രീജ അടുത്തിടെ കുഞ്ഞ് പിറന്നതോടെയാണ് വീണ്ടും ജനശ്രദ്ധയിലേക്ക് വരുന്നത്. ശ്രീജയ്ക്ക് പുറമെ മറ്റ് ചില മലയാള നടിമാരും തമിഴ് സീരിയലുകളിൽ ശ്രദ്ധിക്കപ്പെട്ടിട്ടുണ്ട്. നിരവധി മലയാള സിനിമകളിൽ അഭിനയിച്ച നടി പ്രവീണ ഇതിനുദാഹരണമാണ്.


Click it and Unblock the Notifications