'പൃഥ്വിരാജിന് ഇതൊന്നും വിഷയമല്ല'; അവരുടെ ഉദ്ദേശം അറിയില്ലായിരുന്നു, നിരുപാധികം മാപ്പ്: മൈത്രേയൻ ചർച്ചയാകുന്നു
പൊതുബോധത്തിൽ നിന്നും മാറി പുരോഗമന ചിന്തകളെ മുറുകെ പിടിച്ച് എന്നും വേറിട്ട വഴികളിലൂടെ ജീവിക്കുന്ന വ്യക്തിത്വമാണ് സാമൂഹിക പ്രവർത്തകനും എഴുത്തുകാരനും ശാസ്ത്രപ്രചാരകനുമെല്ലമായ മൈത്രേയൻ. അദ്ദേഹത്തിന്റെ വാക്കുകൾ പലപ്പോഴും ചർച്ചകളിൽ നിറയുകയും വിവാദമായി മാറുകയും ചെയ്യാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം മൈത്രേയൻ നൽകിയൊരു അഭിമുഖം വൈറലാവുകയും സോഷ്യൽമീഡിയയിൽ പുതിയ ചർച്ചകൾക്ക് കാരണമാവുകയും ചെയ്തിരുന്നു.
എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് പ്രതികരിക്കവെ പൃഥ്വിരാജ് സുകുമാരനെന്ന സംവിധായകനിൽ വിശ്വാസമില്ലെന്നും അതുകൊണ്ട് എമ്പുരാൻ സിനിമ കാണില്ലെന്നുമായിരുന്നു മൈത്രേയൻ പറഞ്ഞത്. പൃഥ്വിരാജ് ഇതുവരെ നല്ലൊരു സിനിമ എടുത്തതായി താൻ കേട്ടിട്ട് പോലുമില്ലെന്നും അയാൾ സംവിധായകനായി മാറിയ ഒരു സിനിമയും താൻ കണ്ടിട്ടില്ലെന്നുമാണ് മൈത്രേയൻ പറഞ്ഞത്.

ഈ അഭിമുഖം ചർച്ചയായതോടെ പൃഥ്വിരാജിനെ കുറിച്ച് പറഞ്ഞ കാര്യങ്ങളിൽ മാപ്പ് പറഞ്ഞ് രംഗത്തെത്തിയിരിക്കുകയാണ് മൈത്രേയൻ. അഭിമുഖം എടുത്തവരുടെ ഉദ്ദേശം അറിയില്ലായിരുന്നുവെന്നും താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി മാറിയതിൽ ഖേദിക്കുന്നുവെന്നുമാണ് മൈത്രേയൻ പറഞ്ഞത്.
മൈത്രേയന്റെ കുറിപ്പിലൂടെ തുടർന്ന് വായിക്കാം... ബഹുമാനപൂർവം പൃഥ്വിരാജിന്, മൂന്നുപേർ എന്നെ അഭിമുഖ സംഭാഷണം ചെയ്യാൻ വന്നു എന്നുള്ള കാര്യം സത്യമാണ്. പല വിഷയങ്ങൾ സംസാരിച്ചിരുന്നതിൽ സിനിമ, സംവിധാനം, അഭിനയം എന്നിവ കൂടി ചർച്ച ചെയ്തുവെന്ന കാര്യവും സത്യമാണ്. താങ്കൾ സംവിധാനം ചെയ്ത സിനിമകളെപറ്റിയും സംസാരിച്ചിരുന്നു എന്നതും സത്യമാണ്. ഈ പോസ്റ്ററിൽ ഉള്ളവരി ഞാൻ പറഞ്ഞതും സത്യമാണ്.
പക്ഷെ ഇത്തരം ഒരു പോസ്റ്റർ ഇറക്കാനുള്ള ഉദ്ദേശത്തോടെയാണ് അവർ ആ ചോദ്യങ്ങൾ ചോദിച്ചതെന്ന കാര്യം അറിയില്ലായിരുന്നു. താങ്കളെ അടിക്കാൻ പാകത്തിലൊരു വടിയായി ഞാൻ മാറിയതിൽ ഖേദിക്കുന്നു. നിരുപാധികം മാപ്പ് ചോദിക്കുന്നു. നിങ്ങളുടെ സിനിമ ഞാൻ കാണുന്നതായിരിക്കും എന്നാണ് മൈത്രേയൻ മാപ്പ് ചോദിച്ച് കുറിച്ചത്. എമ്പുരാൻ കാണാൻ തിയേറ്ററിൽ പോകുമോയെന്ന് ചോദിച്ചപ്പോൾ തന്റെ പരിചയത്തിൽ സിനിമ സംസ്കാരമുള്ളവരുണ്ടെന്നും അവരോട് ചോദിച്ചിട്ടാണ് സിനിമ കാണുന്നതെന്നുമാണ് മൈത്രേയൻ പറഞ്ഞത്.
സിനിമയെ കുറിച്ച് ആളുകൾ എഴുതുന്നതും പറയുന്നതും വായിച്ചിട്ടാണ് താൻ അത് കാണാൻ പോകുന്നതെന്നും മൈത്രേയൻ പറഞ്ഞിരുന്നു. മോഹൻലാലിന്റെയോ മമ്മൂട്ടിയുടേയോ സിനിമ കാണാൻ ഞാൻ പോകാറില്ല. സിനിമകളെ കുറിച്ച് ആളുകൾ ഡിസ്കസ് ചെയ്യുകയും പറയുകയും ചെയ്യുമ്പോഴാണ് അത് കാണണോ വേണ്ടയോ എന്ന് ഞാൻ തീരുമാനിക്കു.

പോസ്റ്റർ കണ്ട് സിനിമയ്ക്ക് പോകാറില്ല. എമ്പുരാന്റെ പോസ്റ്റർ കണ്ടിരുന്നു എന്നും മൈത്രേയൻ പറഞ്ഞിരുന്നു. മാപ്പ് പറഞ്ഞ് മൈത്രേയൻ പങ്കുവെച്ച കുറിപ്പ് റെഡ്ഡിറ്റിൽ അടക്കം വൈറലാണ്. തന്റെ സംവിധാനത്തെ മറ്റുള്ളവർ ഇകഴ്ത്തി പറയുന്നതൊന്നും ശ്രദ്ധിക്കുന്നയാളല്ല പൃഥ്വിരാജെന്നും അതുകൊണ്ട് തന്നെ മൈത്രേയൻ പറഞ്ഞ വാക്കുകൾ അദ്ദേഹത്തിന് വിഷയമായിരിക്കില്ലെന്നുമാണ് ആരാധക പ്രതികരണങ്ങൾ.
അതേസമയം സ്വന്തം അഭിപ്രായം പറഞ്ഞ സ്ഥിതിക്ക് എന്തിന് മൈത്രേയൻ മാപ്പ് പറഞ്ഞുവെന്നുള്ള സംശയവും പ്രേക്ഷകരിൽ ചിലർക്കുണ്ട്. മോഹൻലാൽ, മമ്മൂട്ടി സിനിമകളെ കുറിച്ചും ഇതേ അഭിമുഖത്തിൽ മൈത്രേയൻ സംസാരിച്ചിരുന്നു. മോഹൻലാലിന് വേണ്ടി ഉണ്ടാക്കുന്ന സിനിമകളാണെന്ന് ചിലതിന്റെ പരസ്യം കാണുമ്പോൾ തന്നെ മനസിലാകും. സദയം എനിക്ക് ഇഷ്ടപ്പെട്ട സിനിമയാണ്.
മഹേഷിന്റെ പ്രതികാരം, പൊന്മാൻ, നാരായണീന്റെ മൂന്ന് ആൺമക്കൾ തുടങ്ങിയ സിനിമകൾ കാണുമ്പോൾ അവർ അത് മെനക്കെട്ട് എടുത്ത സിനിമകളാണെന്ന് തോന്നാറുണ്ട്. സംവിധാനം അറിയുന്നവരാണ് എന്നുമാണ് മൈത്രേയൻ പറഞ്ഞത്. അതേസമയം വൻ ഹൈപ്പിൽ പ്രേക്ഷകരിലേക്ക് എത്താൻ പോകുന്ന സിനിമയാണ് എമ്പുരാൻ. മാർച്ച് 27ന് സിനിമ പ്രേക്ഷകരിലേക്ക് എത്തും.


Click it and Unblock the Notifications