കുഞ്ഞ് അവൾക്കൊരു ഒബ്സഷനായി മാറി, വിസിറ്റിന് ആളുകൾ വരുന്നത് പോലും ചിഞ്ചുവിന് ഇഷ്ടമായിരുന്നില്ല; മിഥുൻ രമേശ്
താരദമ്പതികളായ മിഥുൻ രമേശും ലക്ഷ്മിയും സോഷ്യൽമീഡിയ ഉപയോഗിക്കുന്നവർക്ക് സുപരിചിതരാണ്. നടൻ, അവതാരകൻ എന്നതിലുപരി റേഡിയോ ജോക്കി കൂടിയാണ് മിഥുൻ. ലക്ഷ്മിക്ക് സ്വന്തമായി ഒരു യുട്യൂബ് ചാനലുമുണ്ട്. ഭർത്താവിനും മകൾക്കുമൊപ്പം രസകരമായ റീൽ വീഡിയോകൾ ചെയ്താണ് ലക്ഷ്മി ആരാധകരെ സമ്പാദിച്ചത്. ഇരുവരുടേയും റീലിൽ സജീവ സാന്നിധ്യമായതോടെ മകൾ തൻവിക്കും ആരാധകർ ഏറെയാണ്.
ഇപ്പോഴിതാ പാരന്റിങ് എങ്ങനെയാണ് എന്നതിനെ കുറിച്ച് മനസ് തുറക്കുകയാണ് മിഥുൻ. താൻ മകൾ തൻവിക്ക് ഒരു ഫൺ അച്ഛനാണെന്ന് മിഥുൻ പറയുന്നു. തൻവിയുടെ ഒരു കാര്യവും ഞാൻ അറിഞ്ഞിട്ടില്ല. എല്ലാം ലക്ഷ്മി തന്നെയാണ് നോക്കിയിരുന്നത്. ഞാൻ തൻവിക്ക് തമാശയ്ക്ക് വേണ്ടിയുള്ള അച്ഛനാണ്.

അവൾക്കൊപ്പം കോമഡിയും തമാശയും കളിച്ച് അവൾക്ക് എന്തെങ്കിലും ആവശ്യം വന്നാൽ അത് പറയാനുമുള്ള ഒരു അച്ഛനാണ് ഞാൻ. പക്ഷെ പഠനത്തിന്റെ കാര്യത്തിലും തൻവിക്കുണ്ടാകുന്ന പ്രശ്നങ്ങളുടെ കാര്യത്തിലും കൂടുതലായും ഇടപെടുന്നത് ലക്ഷ്മിയാണ്. ഞാൻ അവളുടെ ഫൺ അച്ഛനാണ്. വലിയ പ്രശ്നം വന്നാൽ അല്ലാതെ തൻവി എന്റെ അടുത്ത് അത്തരം കാര്യങ്ങൾ സംസാരിക്കാറില്ല. അവളുടെ സപ്പോർട്ട് സിസ്റ്റം ലക്ഷ്മിയാണ്.
പാരന്റിങ് എങ്ങനെയാകണം എന്നതിനെ കുറിച്ച് ഇപ്പോഴും ഞങ്ങൾക്ക് വ്യക്തമായി അറിയില്ല. കറക്ടാണോ ഞങ്ങൾ ചെയ്യുന്നത് എന്നത് ഇപ്പോഴും ആലോചിക്കാറുണ്ട് ഞങ്ങൾ. അവൾ ചില തീരുമാനങ്ങൾ എടുക്കുന്നത് കാണുമ്പോൾ പണ്ടേ പഠിപ്പിക്കേണ്ടതായിരുന്നുവെന്ന് തോന്നാറുണ്ട്. രണ്ട് മക്കൾ ഉണ്ടെങ്കിൽ ആദ്യത്തെ കുഞ്ഞ് എപ്പോഴും ഒരു ഡ്രോയിങ് ബോർഡായിരിക്കും.
എല്ലാ തെറ്റുകളും നമ്മൾ വരുത്തും. അതെല്ലാം തിരുത്തുന്നത് രണ്ടാമത്തെ കുഞ്ഞിലാണ്. എന്ന് കരുതി രണ്ടാമത്തെ കുട്ടികൾ ഒരുപാട് അഹങ്കരിക്കേണ്ട അതോട് കൂടി നിർത്തിയെങ്കിൽ മതിയായതുകൊണ്ടാണ്. മൂന്നാമത് വീണ്ടും കുട്ടിയുണ്ടായിയെങ്കിൽ രണ്ടാമത്തെ കുട്ടി ചിന്തിക്കേണ്ടത് നിങ്ങൾ ഒട്ടും പോരാത്തത് കൊണ്ടാണ് മൂന്നാമത്തെ കുട്ടി വന്നത് എന്നാണ്. ടെക്സ്റ്റ് ബുക്ക് പാരന്റിങ് അല്ല ഞങ്ങളുടേത്.
തൻവി ജനിച്ച ആദ്യ സമയത്ത് പോസ്റ്റ് പാർട്ടം ഡിപ്രഷൻ ചിഞ്ചുവിന് ഉണ്ടായിരുന്നു. ആ ടൈമിൽ കുഞ്ഞ് അവൾക്കൊരു ഒബ്സഷൻ ആയിരുന്നു. അന്ന് ഞാൻ കോമഡി ഉത്സവമൊന്നും ചെയ്ത് തുടങ്ങിയിട്ടില്ല. ഷാർജയിലായിരുന്നു ഞങ്ങളുടെ താമസം. വീട്ടിൽ വിസിറ്റിന് ആളുകൾ വരുന്നത് പോലും ചിഞ്ചുവിന് ഇഷ്ടമായിരുന്നില്ല. കുഞ്ഞിന് അസുഖം വരുമോയെന്നുള്ള ഭയമായിരുന്നു.

തൻവിയുടെ കാര്യം ആ സമയത്ത് ലക്ഷ്മി ഗംഭീരമായി മാനേജ് ചെയ്യുമായിരുന്നു. പക്ഷെ അവളെ മാനേജ് ചെയ്യേണ്ട സിറ്റുവേഷൻ കൂടി എനിക്ക് ഉണ്ടായിരുന്നു. ആ സമയത്തൊന്നും പാരന്റിങ് പഠിച്ചല്ലല്ലോ ചെയ്യുന്നത്. പിന്നെ എന്റെയും ചിഞ്ചുവിന്റേയും അമ്മമാരുണ്ടായിരുന്നു സഹായത്തിന്. പിള്ളേരെ നന്നായി സ്നേഹിച്ച് വഷളാക്കുന്നവരാണ് രണ്ടുപേരും. റീലുകൾ ചെയ്യാൻ സഹകരിക്കണമെങ്കിൽ തൻവിയുടെ ഡിമാന്റുകൾ ചെയ്ത് കൊടുക്കണം.
അതിൽ ഇപ്പോഴും മാറ്റമില്ല. പിന്നെ അവളുടെ കൂട്ടുകാരെല്ലാം ഞങ്ങളുടെ റീലുകൾ കണ്ട് തുടങ്ങിയിട്ടുണ്ട് ഇപ്പോൾ. അതുകൊണ്ട് ഇടയ്ക്ക് വന്ന് പറയും നിങ്ങളുടെ തമാശയ്ക്ക് എന്നെ വിളിക്കരുത് എന്നൊക്കെ. സൈക്കോളജിയാണ് അവൾ ഇപ്പോൾ എടുത്തിരിക്കുന്നത്. അവൾ നന്നായി വായിക്കും. ഇംഗ്ലീഷും സൈക്കോളജിയുമാണ് ഇഷ്ടപ്പെട്ട മേഖല മിഥുൻ പറഞ്ഞു.
ഡിപ്രഷൻ എന്ന വാക്ക് ആളുകൾ ഫാഷൻ സ്റ്റേറ്റ്മെന്റായി ഉപയോഗിക്കുന്നതിന് എതിരേയും മിഥുൻ സംസാരിച്ചു. പണ്ട് ഡിപ്രഷൻ എന്നല്ല മാനസീകമായി എന്ത് പ്രശ്നം വന്നാലും ആളുകൾ ഇവന് വട്ടാണ് എന്നാണ് പറയുന്നത്. ഇന്ന് കുറച്ചുകൂടി അണ്ടർസ്റ്റാന്റിങുണ്ട്. പിന്നെ വലിയൊരു ഇഷ്യുവെന്ന് പറഞ്ഞാൽ നേരത്തെ ഐ ആം മെന്റൽ എന്ന് പറയുന്നത് മോശമാണെങ്കിൽ ഇപ്പോൾ മെന്റൽ ഒരു ഫാഷൻ സ്റ്റേറ്റ്മെന്റായി എന്നും താരം പറഞ്ഞു.


Click it and Unblock the Notifications











