അച്ഛനെ കണ്ടപ്പോഴും വലിയ താൽപര്യം ഇല്ലാത്ത പെരുമാറ്റം; ലക്ഷ്മിയുടെ ഒറ്റപ്പെട്ട ലോകമായിരുന്നെന്ന് മിഥുനും
സോഷ്യൽ മീഡിയയിലെ പ്രിയ താര ദമ്പതികളാണ് മിഥുൻ രമേശും ലക്ഷ്മി മേനോനും. ഇവർ ഒരുമിച്ചുള്ള റീൽ വീഡിയോകൾ എപ്പോഴും ശ്രദ്ധ നേടാറുണ്ട്. ഭാര്യയും ഭർത്താവും തമ്മിലുണ്ടാകുന്ന രസകരമായ നിമിഷങ്ങളാണ് ഇവർ മിക്കപ്പോഴും കണ്ടന്റ് ആക്കാറുള്ളത്. ദുബായിൽ റേഡിയോ ജോക്കിയായ മിഥുൻ രമേശ് നിരവധി സിനിമകളിലും അഭിനയിച്ചിട്ടുണ്ട്. ടെലിവിഷൻ ഷോ അവതാരകനായാണ് മിഥുൻ കൂടുതൽ ജനപ്രീതി നേടുന്നത്.
കഴിഞ്ഞ വർഷം മിഥുന് ബെൽസി പൾസി ബാധിച്ചത് ഏവരെയും ആശങ്കപ്പെടുത്തിയിരുന്നു. എന്നാൽ മികച്ച ചികിത്സയിലൂടെ മിഥുൻ അസുഖത്തിൽ നിന്ന് മുക്തി നേടി. പ്രതിസന്ധി ഘട്ടത്തിൽ മിഥുന് ആശ്വാസമായത് ഭാര്യ ലക്ഷ്മിയും മകൾ തൻവിയുമാണ്. വിവാഹ ജീവിതത്തെക്കുറിച്ച് സംസാരിക്കുകയാണ് മിഥുൻ രമേശിപ്പോൾ. ധന്യ വർമ്മയുമായുള്ള അഭിമുഖത്തിലാണ് ലക്ഷ്മിയും മിഥുനും മനസ് തുറന്നത്. ലക്ഷ്മിയുടെ കുട്ടിക്കാലത്തേ അമ്മ വിവാഹ മോചനം നേടിയതാണ്. ഇത് തന്നെ എങ്ങനെ ബാധിച്ചു എന്നതിനെക്കുറിച്ച് ലക്ഷ്മി സംസാരിച്ചു.

അച്ഛന്റെ സ്നേഹമെന്താണെന്ന് ഞാൻ അറിഞ്ഞിട്ടേയില്ല. ഒന്നോ രണ്ടോ തവണയേ അച്ഛനെ ജീവിതത്തിൽ കണ്ടിട്ടുള്ളൂ. കണ്ടപ്പോഴും നമ്മളോട് വലിയ താൽപര്യമൊന്നും ഇല്ലാത്ത പെരുമാറ്റമായിരുന്നു. ഞാൻ മിഥുൻ ചേട്ടനെ കണ്ടപ്പോൾ എനിക്കൊരു ഫാദർ ഫിഗറ് പോലെയായിരുന്നു. ഞങ്ങൾ തമ്മിൽ എന്ത് പ്രശ്നമുണ്ടെങ്കിലും തൻവി അനുഭവിക്കാൻ പാടില്ലെന്ന് എനിക്കൊരു നിർബന്ധമുണ്ട്. അത് കൊണ്ട് തന്നെ എന്തെങ്കിലുമൊരു പ്രശ്നമുണ്ടെങ്കിൽ അത് നമ്മൾ തീർക്കാനേ നോക്കുള്ളൂ.
പകുതിക്ക് വെച്ച് ആ റിലേഷൻഷിപ്പ് വിട്ട് പോകില്ല. അതെന്റെ മനസിൽ ഉറപ്പുള്ള കാര്യമാണെന്നും ലക്ഷ്മി മേനോൻ വ്യക്തമാക്കി. മൂന്നാം വയസിലാണ് അച്ഛൻ ഒപ്പമില്ലെന്ന് മനസിലാക്കിയത്. എന്നെ സ്കൂളിൽ കൊണ്ട് വിടാറ് മുത്തശ്ശനായിരുന്നു. മുത്തശ്ശന് മുഴുവൻ നരച്ച മുടിയാണ്. എന്റെ സുഹൃത്തുക്കളുടെയൊക്കെ അച്ഛൻമാരുടെ മുടി കറുത്തിട്ടാണ്.

മുത്തശ്ശനെ അച്ഛായെന്നാണ് ഞാൻ വിളിക്കാറ്. അതെന്താ എന്റെ അച്ഛന്റെ മുടി മാത്രം വെളുത്തിരിക്കുന്നതെന്ന് വീട്ടിൽ വന്ന് ചോദിച്ചു. അങ്ങനെ കുറേ പ്രാവശ്യം ചോദിച്ചപ്പോൾ ഒരു ദിവസം പറഞ്ഞ് തന്നതാണ്. അച്ഛനല്ല, മുത്തശ്ശനാണ്, അച്ഛനില്ല എന്ന സത്യം അങ്ങനെയാണ് മനസിലാക്കിയതെന്ന് ലക്ഷ്മി ഓർത്തു. അമ്മ വിവാഹമോചനം നേടി തറവാട്ടിലേക്ക് വന്ന് നിന്നപ്പോൾ ആർക്കും വലിയ താൽപര്യം ഉണ്ടായിരുന്നില്ലെന്നും ലക്ഷ്മി വ്യക്തമാക്കി.
ഇതേക്കുറിച്ച് മിഥുനും സംസാരിച്ചു. ഞാൻ വളർന്നത് കൂട്ടു കുടുംബത്തിലാണ്. ആ കൂട്ടു കുടുംബോ ഓരോ കുടുംബമായി മാറിയത് കണ്ടിട്ടുള്ള ആളുമാണ് ഞാൻ. കുടുംബം ബന്ധം തനിക്കിന്നും പ്രിയപ്പെട്ടതാണെന്ന് മിഥുൻ പറയുന്നു. ചിഞ്ചു (ലക്ഷ്മി) വളർന്നത് ഒറ്റപ്പെട്ട ലോകത്താണ്. ഞാൻ മനസിലാക്കിയിടത്തോളം ഇവർക്ക് അന്നൊന്നും റിലേഷൻഷിപ്പിലുള്ള ആൾക്കാരെയൊന്നും അടുപ്പിക്കാൻ പോലും താൽപര്യം ഉണ്ടായിരുന്നില്ല.
നമ്മുടെ കുടുംബത്തിലാണ് എല്ലാവരും കൂടുന്നത്. ലക്ഷ്മി ഏറ്റവും വൾനറബിളാകുന്ന സിറ്റുവേഷൻ സപ്പോർട്ട് ഇല്ലായ്മയാണ്. നമ്മൾ ഇട്ടിട്ട് പോയി എന്ന ഫിലീംഗ് ആയിരിക്കും. എന്നെ വിളിച്ചില്ല എന്നൊക്കെയുള്ള ചെറിയ കാര്യങ്ങളിലേ അവൾക്ക് പ്രശ്നമുള്ളൂയെന്നും മിഥുൻ രമേശ് വ്യക്തമാക്കി. രക്ത ബന്ധമല്ലാതെ നമുക്കുണ്ടാകുന്ന ബന്ധമാണ് ഭാര്യ. പ്രശ്നങ്ങൾ വരുമ്പോഴാണ് അവരുടെ മൂല്യം മനസിലാക്കുന്നതെന്നും മിഥുൻ ചൂണ്ടിക്കാട്ടി.


Click it and Unblock the Notifications











