'ഭക്ഷണമുണ്ടാക്കാനും തുണി തേക്കാനും പെട്ടി ചുമക്കാനും മടിയില്ല, കൈയിൽ കിട്ടുന്നതെല്ലാം ഭക്ഷണത്തിലിടും'; ലിസി
മോഹൻലാൽ-ലിസി കോമ്പോ ഇഷ്ടമല്ലാത്ത സിനിമാ പ്രേമികൾ ഉണ്ടാകില്ല. താളവട്ടം, ചിത്രം പോലുള്ള സിനിമകൾ ഇന്നും മടുക്കാതെ ആവർത്തിച്ച് ആസ്വദിച്ച് കാണുന്നവർ നിരവധിയാണ്.
മോഹൻലാലിന്റെ സിനിമാ ജീവിതം പരിശോധിച്ചാൽ അദ്ദേഹത്തിന്റെ റൊമാന്റിക്ക് ഭാവം ഏറ്റവും കൂടുതൽ പുറത്ത് വന്ന എൺപതുകളിലേയും തൊണ്ണൂറുകളിലേയും പ്രണയ ചിത്രങ്ങൾക്കായിരിക്കും ആരാധകർ കൂടുതൽ. വിവാഹശേഷം അഭിനയം ഉപേക്ഷിച്ച് ചെന്നൈയിൽ സെറ്റിൽഡാണ് ലിസി. പക്ഷെ എന്നിരുന്നാലും സോഷ്യൽമീഡിയയിൽ സജീവമാണ് ലിസി.
ഒരു കാലത്ത് ചെറുപ്പക്കാരുടെ ഇഷ്ട നടിയായിരുന്നു ലിസി. സിനിമാക്കാരുടെ വിവാഹങ്ങളിലും മറ്റും പങ്കെടുക്കാൻ കേരളത്തിൽ എത്തുമ്പോഴാണ് മലയാളികൾ ലിസിയെ കാണുന്നത്. ഒരു അഭിമുഖത്തിൽ പോലും ലിസി അടുത്തൊന്നും പ്രത്യക്ഷപ്പെട്ടിട്ടില്ല. സൂപ്പർ സ്റ്റാറുകളുടെ സാധാരണ ജീവിതം പ്രേക്ഷകർ അറിയുന്നത് അവരുടെ പ്രിയപ്പെട്ടവർ അതേ കുറിച്ച് മനസ് തുറക്കുമ്പോഴാണ്.
അത്തരത്തിൽ ക്യാമറയ്ക്ക് പിന്നിൽ തനിക്ക് ഏറ്റവും വേണ്ടപ്പെട്ടവർക്ക് ഇടയിൽ നിൽക്കുമ്പോൾ മോഹൻലാൽ എങ്ങനെയാണ് വെളിപ്പെടുത്തിയിരിക്കുകയാണ് നടി ലിസി. മാതൃഭൂമിക്ക് നൽകിയ അഭിമുഖത്തിലാണ് തനിക്ക് ഏറ്റവും പ്രിയപ്പെട്ട ഓൺസ്ക്രീൻ നായകനെ കുറിച്ച് ലിസി സംസാരിച്ചത്.

ഭക്ഷണമുണ്ടാക്കാനും തുണി ഇസ്തിരിയിടാനും പെട്ടി ചുമക്കാനും മടിയില്ലാത്ത ഒരു മോഹൻലാലിനെ തനിക്ക് പരിചയമുണ്ടെന്നാണ് ലിസി പറയുന്നത്. വളരെ കുറച്ച് മലയാള സിനിമകളിലേ ഞാൻ അഭിനയിച്ചിട്ടുള്ളൂ. അതിൽ കൂടുതൽ തവണയും ലാലേട്ടന്റെ നായിക. ആ കംഫർട്ട് ലെവൽ അന്നും ഇന്നും അദ്ദേഹത്തോടൊപ്പമുണ്ട്. അദ്ദേഹത്തിന്റെ അത്രത്തോളം ക്ഷമ മറ്റാരിലും ഞാൻ കണ്ടിട്ടില്ല.
കൂടെ അഭിനയിക്കുന്നവർ തെറ്റുവരുത്തുമ്പോഴും ഒരു രംഗം തന്നെ വീണ്ടും വീണ്ടും ചിത്രീകരിക്കേണ്ടി വരുമ്പൊഴുമൊക്കെ ക്ഷമയോടെ പ്രോത്സാഹിപ്പിക്കുന്ന സന്തോഷത്തോടെ സഹകരിക്കുന്ന ലാലേട്ടനെയാണ് കണ്ടിട്ടുള്ളത്. പലപ്പോഴും നൃത്തരംഗങ്ങളും മറ്റും ചിത്രീകരിക്കുന്നത് നട്ടുച്ചയ്ക്കായിരിക്കും. എന്നാലും പരാതികളില്ലാതെ ഉത്സാഹത്തോടെ കൂടെ നിൽക്കുന്ന നടനാണ് അദ്ദേഹം.
ലാലേട്ടന്റെ കുടുംബവുമായും എനിക്ക് അടുത്ത ബന്ധമുണ്ട്. അദ്ദേഹത്തിന്റെ ഭാര്യ സുചിത്ര എന്റെ അടുത്ത കൂട്ടുകാരിയാണ്. ഞങ്ങളുടെ കുടുംബങ്ങൾ ഇന്നും ഇടയ്ക്കിടെ പരസ്പരം സന്ദർശിക്കാറുണ്ട്. രണ്ട് കുടുംബങ്ങളും ചേർന്ന് ഷൂട്ടിങ്ങിനും അവധിക്കാലത്തുമായി നിരവധി യാത്രകൾ നടത്തിയിട്ടുണ്ട്. ലാലേട്ടൻ ഷൂട്ടിങ്ങ് തിരക്കിലാകുമ്പോൾ ഞാനും സുചിത്രയും മക്കളെയും കൂട്ടി യാത്രകൾ നടത്തും.
ഒരുമിച്ചുള്ള യാത്രകളിൽ നടനെന്ന വേഷമൊക്കെ അഴിച്ചുവെച്ച് സുചിത്രയ്ക്കൊപ്പം കൂടുന്ന ലാലേട്ടനെ കണ്ടിട്ടുണ്ട്. ഭക്ഷണമുണ്ടാക്കാനും തുണി ഇസ്തിരിയിടാനും പെട്ടി ചുമക്കാനുമൊന്നും ലാലേട്ടന് മടിയില്ല. കുട്ടികൾക്കുള്ള ഷോപ്പിങ് കഴിഞ്ഞ് കൈനിറയെ പെട്ടികളുമായി മടങ്ങുമ്പോൾ മലയാളത്തിന്റെ സൂപ്പർ താരത്തെയാണ് നിങ്ങൾ പെട്ടി ചുമപ്പിക്കുന്നതെന്ന് തമാശ പറഞ്ഞ് ചിരിക്കുന്ന ലാലേട്ടന്റെ അത്ര സിംപിളായി വേറാരുമില്ല.

ലാലേട്ടനൊരു നല്ല പാചകവിദഗ്ധനാണെന്ന കാര്യം പലരുമറിയുന്നത് ഇപ്പോഴായിരിക്കും. എന്നാൽ ഞങ്ങൾക്കിത് നേരത്തേ അറിയാനും ആ കൈപ്പുണ്യം നേരിട്ടറിയാനുമുള്ള ഭാഗ്യം ലഭിച്ചിട്ടുണ്ട്. ആവേശത്തോടെയാണ് ലാലേട്ടൻ ഭക്ഷണമുണ്ടാക്കുന്നത്. എന്ത് ജോലി ചെയ്താലും ഇതേ ആവേശം അദ്ദേഹം കാണിക്കാറുണ്ട്. കൈയിൽക്കിട്ടുന്നതെല്ലാം അദ്ദേഹം ഭക്ഷണത്തിലിടും. രണ്ടാമതൊരിക്കൽക്കൂടി അതേ വിഭവമുണ്ടാക്കാൻ ആവശ്യപ്പെടരുതെന്നുമാത്രം.
ഓരോ തവണയും ഓരോ ചേരുവകൾ ചേർക്കുന്നതുകൊണ്ട് കൃത്യമായ റെസിപ്പിയൊന്നുമില്ലെങ്കിലും അപാര രുചിയാണ്. സിനിമാതാരങ്ങളുടെ കൂട്ടായ്മയായ ഏയ്റ്റീസിന്റെ ഒത്തുചേരലുകളിലും ഏറ്റവും സജീവമായി പങ്കെടുക്കുന്നത് ലാലേട്ടനാണ്. ഓരോ വർഷവും ഓരോ മാജിക്കുമായി അദ്ദേഹമെത്തും. നൃത്തം ചെയ്യാനും സ്കിറ്റുകളൊരുക്കാനുമൊക്കെ മുന്നിലുണ്ടാകും.
ഒരു സൂപ്പർസ്റ്റാർ എല്ലാ തിരക്കുകളും മാറ്റിവെച്ച് ഞങ്ങളോടൊപ്പം ചിരിക്കാനും കലാപരിപാടികളിൽ പങ്കുചേരാനുമൊക്കെ എത്തുന്ന അനുഭവം വളരെ സന്തോഷം നൽകുന്നു ലിസി പറയുന്നു. അടുത്തിടെ ലിസിയുടേയും മോഹൻലാലിന്റേയും കുസൃതി നിറഞ്ഞൊരു വീഡിയോ വൈറലായിരുന്നു.
ഒരു പരിപാടിയിൽ എത്തിയപ്പോൾ മോഹൻലാലിനെ പിന്നിലൂടെ വന്ന ലിസി കെട്ടിപ്പിടിക്കുന്നതും ലിസിയെ കണ്ടപ്പോൾ അത്ഭുതത്തോടെ മോഹൻലാൽ ചേർത്തുപിടിച്ച് സംസാരിക്കുന്നതുമായ ഒരു വീഡിയോയാണ് സാമൂഹിക മാധ്യമങ്ങളിൽ വൈറലായി മാറിയത്. കുറച്ച് പ്രായമായി എന്നല്ലാതെ ലിസിക്കും ലാലേട്ടനും മാറ്റം വന്നിട്ടില്ലെന്നാണ് ആ വീഡിയോ കണ്ട് ആരാധകർ കുറിച്ചത്.


Click it and Unblock the Notifications