സണ്ണിയും ഭരത പിഷാരടിയും ബാലചന്ദ്രനും വരെ; മോഹൻലാൽ ചെയ്തതുകൊണ്ട് മാത്രം അണ്ടറേറ്റഡായിപോയ കഥാപാത്രങ്ങൾ!

എത്ര കണ്ടാലും മതിവരാത്ത കടലുപോലെയാണ് മോഹൻലാൽ എന്ന നടന വിസ്മയം... കമൽഹാസന്റെയും മണിരത്നത്തിന്റേയും അടക്കം ഇന്ത്യൻ സിനിമയുടെ ഭാ​ഗമായി പ്രവർത്തിക്കുന്ന ഭൂരിഭാ​ഗം കലാകാരന്മാർക്കും ഏറ്റവും പ്രിയപ്പെട്ട അഭിനേതാവ്. ഫഹദ് ഫാസിലിന്റെ വാക്കുകൾ കടമെടുക്കുകയാണെങ്കിൽ... മോഹൻലാലിനുശേഷം എന്നൊന്നില്ല. ആ പ്രതിഭയ്ക്ക് പകരമാകാൻ മറ്റൊരാൾക്കും കഴിയുകയുമില്ല. അഭിനയം അനായാസമായ ജോലിയായി ആളുകൾക്ക് തോന്നുന്നത് മോഹൻലാൽ സിനിമകൾ കാണുമ്പോൾ മാത്രമാണ്. നിമിഷങ്ങൾക്കുള്ളിൽ മിന്നിമായുള്ള ഭാവപ്രകടനങ്ങൾ. ഒരോന്നും ഇഴകീറി പരിശോധിച്ചാൽ ആയിരമായിരം അർത്ഥതലങ്ങൾ. ഡയലോ​ഗ് ഇല്ലാത്ത സീനിൽ പോലും കഥാപാത്രമായി ജീവിക്കുന്നു. റിഹേഴ്സലുകളുടെ ആവശ്യമോ ഒറ്റയ്ക്കിരുന്നുളള തയ്യാറെടുപ്പകളോ ആവശ്യമില്ല. ക്ലാപ് ബോർഡിന്റെ ശബ്ദത്തിനും കട്ടിനും ഇടയിൽ സംവിധായകന് വേണ്ടതെല്ലാം മോഹൻലാൽ നൽകി കഴിയും.

മോഹൻലാൽ സിനിമകൾ സിനിമയും അഭിനയവും പഠിക്കാൻ ആ​ഗ്രഹിക്കുന്നവർക്ക് എന്നേക്കും ഉപകാരപ്രദമാകുന്ന ഒന്നാണ്. മലയാളികൾക്ക് ഒരിക്കലും മറക്കാനും വെറുക്കാനും കഴിയാത്ത പേരാണ് മോഹൻലാൽ. അതുകൊണ്ട് കൂടിയാണ് അ​ദ്ദേഹത്തിന്റെ സിനിമകൾ നല്ലതാണെന്ന അഭിപ്രായങ്ങൾ വന്നാൽ പ്രായഭേദമന്യേ ആളുകൾ തിയേറ്ററിലേക്ക് ഒഴുകി എത്തുന്നത്. തുടരും സിനിമയ്ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നതും നടനോട് മലയാളികൾക്കുള്ള അതേ സ്നേഹമാണ്. താരം അറുപത്തിയഞ്ചാം പിറന്നാൾ ആഘോഷിക്കുന്ന സാഹചര്യത്തിൽ മോഹൻലാൽ ചെയ്തതുകൊണ്ട് മാത്രം അണ്ടറേറ്റഡായിപോയ ചില കഥാപാത്രങ്ങൾ പരിശോധിക്കാം...

Mohanlal

സണ്ണി (സുഖമോ ദേവി)

വേണു നാഗവള്ളി സംവിധാനം ചെയ്ത് 1986ൽ റിലീസ് ചെയ്ത സിനിമയാണ് മോഹൻലാൽ കേന്ദ്രകഥാപാത്രമായ സുഖമോ ദേവി. ഇന്നും പലരും റീവാച്ച് ചെയ്യുന്ന സിനിമകളിലൊന്ന് കൂടിയാണ് ഇത്. സിനിമ എന്നതിനപ്പുറം വേണു നാഗവള്ളിയുടെ ജീവിതവുമായി ഏറെ ബന്ധപ്പെട്ട് കിടക്കുന്ന ഒന്ന് കൂടിയായിരുന്നു ഈ ചിത്രം. സണ്ണി എന്ന കഥാപാത്രത്തെ ചുറ്റിപ്പറ്റിയാണ് കഥയുടെ സഞ്ചാരം. വേണു നാ​ഗവള്ളിയുടെ സുഹൃത്തായ സൈമണ്‍ മാത്യുവിന്റെ കഥയാണ് ഈ ചിത്രത്തിലൂടെ വേണു പറഞ്ഞത്. സൈമൺ മാത്യുവിനെ സണ്ണി എന്ന പേര് നൽകിയാണ് വേണു സിനിമയിൽ അവതരിപ്പിച്ചത്. സൗന്ദര്യം കൊണ്ടും സംഗീതം കൊണ്ടും പെരുമാറ്റം കൊണ്ടും കായികമായ കഴിവുകൊണ്ടും എല്ലാവരെയും അതിശയിപ്പിച്ച സണ്ണിയായി മോഹൻലാൽ നിറഞ്ഞാടി.

സണ്ണി എന്ന കഥാപാത്രമായിരുന്നു സിനിമയുടെ നട്ടെല്ല്. അതിന് മോഹൻലാൽ ജീവൻ നൽകി മനോഹരമാക്കുകയും ചെയ്തു. റിലീസിനുശേഷം മോഹൻലാലിന്റെ കഥാപാത്രം മരിച്ചതറിഞ്ഞ് പലരും കരഞ്ഞുകൊണ്ട് തിയേറ്ററിൽ നിന്ന് എഴുന്നേറ്റ് പോയതായ കഥകളും ഈ സിനിമയുമായി ബന്ധപ്പെട്ടുണ്ട്. മോഹൻലാലിന്റെ കഥാപാത്രം മരിക്കുമെന്ന് അറിയാവുന്നതുകൊണ്ട് മാത്രം ഇന്നും ഈ സിനിമ കാണാൻ മുതിരാത്തവരുണ്ട്. മോഹൻലാലിന്റെ ഏറ്റവും മികച്ച കഥാപാത്രങ്ങളെ കുറിച്ചുള്ള ചർച്ചകൾ വരുമ്പോൾ ഭൂരിഭാ​ഗം ആളുകളും സണ്ണിയെ മറന്ന് കളയും. സിനിമയിലെ ​ഗാനങ്ങൾ ഇന്നും ഹിറ്റാണ്.

ഭരത പിഷാരടി (വടക്കും നാഥൻ)

​ഗിരീഷ് പുത്ത‍ഞ്ചേരി എന്ന മഹാപ്രതിഭയുടെ തൂലിക തുമ്പിൽ വിരഞ്ഞ കവിത എന്നാണ് വടക്കും നാഥൻ സിനിമയെ പ്രേക്ഷകർ വിശേഷിപ്പിക്കാറുള്ളത്. മണ്ണിന്റെ മണമുള്ള ശുദ്ധമായ തിരക്കഥയും സംഭാഷണങ്ങളുമായിരുന്നു സിനിമയിലേത്. 2006ൽ ഷാജൂൺ കരിയാലിന്റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തിയ സിനിമ അന്ന് പരാജയമായിരുന്നു. ചിത്രത്തിലെ പാട്ടുകൾ ഹിറ്റായിരുന്നുവെങ്കിലും മാസും ആക്ഷനും നിറഞ്ഞ മോഹൻലാലിനെ കാണാൻ സാധിച്ചില്ലെന്നതുകൊണ്ടാണോയെന്ന് അറിയില്ല അവാർഡ് പടത്തിന് ലഭിക്കുന്ന പരി​ഗണനയെ ചിത്രത്തിന് അന്ന് പ്രേക്ഷകരിൽ നിന്നും ലഭിച്ചുള്ളു.

എന്നാൽ ഇന്ന് വടക്കും നാഥനും ഭരത പിഷാരടിയേയും ബോറടിയില്ലാതെ ആവർത്തിച്ച് കാണുന്നവർ നിരവധിയാണ്. മോഹൻലാൽ ചെയ്തത് കൊണ്ട് മാത്രം അണ്ടറേറ്റഡായിപ്പോയ കഥാപാത്രങ്ങളിൽ ഒന്ന് കൂടിയാണ് ഭരത പിഷാരടി. മനസ് കൈവിട്ട് പോകുന്നുവെന്ന് തോന്നുന്ന നിമിഷങ്ങളിലെ ലാലിന്റെ ഭാവമാറ്റം മറ്റൊരാൾക്കും അനായാസം ചെയ്ത് ഫലിപ്പിക്കാൻ കഴിയില്ല. എത്ര കാലം കഴിഞ്ഞാലും ഭരത പിഷാരടിയുടെ ഭാവങ്ങൾ മനസിൽ നിന്ന് പോകില്ല. കാസർഗോഡ് ജില്ലയിലെ കാഞ്ഞങ്ങാട് വെച്ചാണ് ഈ സിനിമ ഷൂട്ട്‌ ചെയ്തത്. ഏച്ചിക്കാനം തറവാട്, മടിയൻ കൂലോം ക്ഷേത്രം, മടിക്കൈ, ചീമേനി, അനന്തപുരം ഇരിയ ഇല്ലം എന്നിവിടങ്ങളായിരുന്നു ലൊക്കേഷൻ.

ബാലചന്ദ്രൻ (പക്ഷേ)

പക്ഷെപോലെ പ്രണയം അത്രമേൽ മനോഹരമായി ചിത്രീകരിച്ച മറ്റൊരു മലയാള സിനിമയുണ്ടോയെന്ന് സംശയമാണ്. പക്ഷേ എന്നത് സിനിമയ്ക്ക് ഇണങ്ങി ചേർന്ന പേരായിരുന്നുവെന്ന് ക്ലൈമാക്സ്‌ എത്തുമ്പോൾ പ്രേക്ഷകന് വ്യക്തമാകും. 1994ൽ പുറത്തിറങ്ങിയ സിനിമ സംവിധാനം ചെയ്തത് മോഹനായിരുന്നു. ശോഭന, ശാന്തികൃഷ്ണ, ഇന്നസെന്റ്, സോമൻ, ജ​ഗതി തുടങ്ങിയവരായിരുന്നു ചിത്രത്തിൽ മോഹൻലാലിന് പുറമെ മറ്റ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിച്ചത്. അമ്പത്തിയഞ്ചുകാരനായ ബാലചന്ദ്രനായി പക്ഷേയിൽ മോഹൻലാൽ ജീവിക്കുകയായിരുന്നു. അന്ന് വെറും മുപ്പത്തിമൂന്ന് വയസ് മാത്രമായിരുന്നു നടന്റെ പ്രായം. പക്ഷെ വളരെ പക്വമായാണ് പ്രായമുള്ള വേഷം ഉൾപ്പെടെ ലാൽ കൈകാര്യം ചെയ്തിരിക്കുന്നത്. അസാമാന്യ നടനെന്ന് പക്ഷേ കാണുമ്പോൾ നിസംശയം പറയാൻ കഴിയും. എന്നാൽ മോഹൻലാൽ ചെയ്ത് ഫലിപ്പിച്ച മികച്ച കഥാപാത്രങ്ങളുടെ പട്ടികയിൽ പലപ്പോഴും പക്ഷേയിലെ ബാലന്ദ്രനുണ്ടാവാറില്ല.

Mohanlal

ഡോ. ബാലസുബ്രഹ്മണ്യം (സൂര്യ ​ഗായത്രി)

1992ൽ പി. അനിൽ സംവിധാനം ചെയ്ത് തിയേറ്ററുകളിലെത്തിയ സിനിമയാണ് സൂര്യ ​ഗായത്രി. ഡോ. ബാലസുബ്രഹ്മണ്യമെന്ന കഥാപാത്രത്തെയാണ് മോഹൻലാൽ അവതരിപ്പിച്ചത്. സിനിമയിലെ പല രം​ഗങ്ങളിലും മറ്റുള്ള അഭിനേതാക്കൾ മോഹൻലാൽ എന്ന പ്രതിഭയുടെ മുന്നിൽ കാഴ്ചക്കാരായി നിന്നുപോകുന്ന നിമിഷങ്ങൾ നിരവധി കാണാം. സൂര്യ ​ഗായത്രി അക്കാലത്ത് തിയേറ്ററിൽ വേണ്ടത്ര സ്വീകാര്യത ലഭിക്കാതെപോയ സിനിമയാണ്. കോളജ് കാമ്പസിലെ റാ​ഗിങ് അടക്കമുള്ള വിഷയങ്ങളായിരുന്നു സിനിമയുടെ പ്രമേയം. മോഹൻലാൽ ചെയ്തതിൽ വേണ്ടത്ര ശ്രദ്ധ കിട്ടാതെ പോയ ഒരു കഥാപാത്രം കൂടിയാണ് ഡോ. ബാലസുബ്രഹ്മണ്യം. വൈവിധ്യമാർന്ന വേഷങ്ങൾ അവിസ്മരണീയമാക്കാൻ അത്രത്തോളം ത്രസിപ്പിക്കുന്ന അഭിനയശൈലി ഉണ്ടെങ്കിലേ സാധ്യമാകൂവെന്ന് സൂര്യ ​ഗായത്രിയിലൂടെ വീണ്ടും ലാൽ തെളിയിച്ചു.

നരേന്ദ്രൻ, കൃഷ്ണനുണ്ണി (മായാമയൂരം)

രഞ്ജിത്ത് തിരക്കഥയെഴുതി സിബി മലയിൽ സംവിധാനം ചെയ്ത് 1993ൽ തിയേറ്ററുകളിലെത്തിയ സിനിമയാണ് മായാമയൂരം. നരേന്ദ്രൻ, കൃഷ്ണനുണ്ണി എന്നീ രണ്ട് കഥാപാത്രങ്ങളെയാണ് സിനിമയിൽ മോഹൻലാൽ അവതരിപ്പിച്ചത്. സിനിമയിലെ ഒരു സീനിൽ പോലും നരേന്ദ്രനേയും കൃഷ്ണനുണ്ണിയേയും ഒരാൾ തന്നെയാണ് അവതരിപ്പിച്ചതെന്ന് ഒരിക്കൽ പോലും പ്രേക്ഷകന് തോന്നുകയില്ല. നരന്റെ മരണശേഷം സ്ക്രീനിൽ പ്രത്യക്ഷപ്പെടുന്ന കൃഷ്ണനുണ്ണി ഞാൻ ഉണ്ണിയാണ്.. എന്ന ഡയലോ​ഗ് പറയുമ്പോൾ തന്നെ പ്രേക്ഷകന് മനസിലാവും അത് നരൻ അല്ല മറ്റൊരാളാണെന്ന്. അത്രത്തോളം ​ഗംഭീരമായും കയ്യടക്കത്തോടെയുമാണ് നരേന്ദ്രനും കൃഷ്ണനുണ്ണിക്കും സിനിമയിൽ മോഹൻലാൽ ജീവൻ പകർന്നിരിക്കുന്നത്. പക്ഷെ മായാമയൂരത്തിലെ ലാലിന്റെ പ്രകടനങ്ങളൊന്നും പലപ്പോഴും ചർച്ചകളിൽ പോലും വരാറില്ല.

ശ്രീക്കുട്ടൻ (നിന്നിഷ്ടം എന്നിഷ്ടം)

പ്രിയദർശൻ തിരക്കഥയെഴുതി ആലപ്പി അഷ്റഫ് സംവിധാനം ചെയ്ത് 1986ൽ റിലീസ് ചെയ്ത സിനിമയാണ് നിന്നിഷ്ടം എന്നിഷ്ടം. മോഹൻലാൽ അവതരിപ്പിച്ചിട്ടുള്ളതിൽ ഏറ്റവും നിഷ്കളങ്കമായ കഥാപാത്രമായിരുന്നു ഈ സിനിമയിലെ ശ്രീക്കുട്ടൻ. അടുത്തിടെയായി സിനിമയിലെ മസാലദോശ സീൻ സോഷ്യൽമീഡിയയിൽ വൈറലാകുന്നുണ്ട്. അത് കണ്ട് നിരവധി പേർ സിനിമ റീവാച്ച് ചെയ്യാൻ എത്തുന്നുമുണ്ട്. അണ്ടറേറ്റഡായി പോയ മോഹൻലാൽ കഥാപാത്രങ്ങളിൽ ഒന്നാണ് ശ്രീക്കുട്ടനും.

Read more about: mohanlal mohanlal birthday
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+
X