ആന്റണി മോഹൻലാലിന്റെ മനസ് കണ്ടു, ഒന്നുമറിയില്ലായിരുന്നു; പിന്നെ കഥകൾ കേട്ടു: പൂജപ്പുര രാധാകൃഷ്ണൻ
മോഹൻലാൽ-ആന്റണി പെരുമ്പാവൂർ ബന്ധം സിനിമാ ലോകത്ത് എന്നും ചർച്ചയാണ്. മോഹൻലാലിന്റെ ഡ്രെെവറായി വന്ന് പിന്നീട് താരത്തിന്റെ പ്രൊഫഷണൽ കാര്യങ്ങളെല്ലാം നോക്കുന്ന ആളായി ആന്റണി പെരുമ്പാവൂർ മാറി. ആശിർവാദ് സിനിമാസ് എന്ന പ്രൊഡക്ഷൻ ഹൗസിന്റെ അമരക്കാരനാണ് ആന്റണി പെരുമ്പാവൂർ ഇന്ന്. മോഹൻലാൽ ആന്റണി പെരുമ്പാവൂരിന്റെ നിയന്ത്രണത്തിലായെന്ന വിമർശനം ഇടയ്ക്കിടെ വരാറുണ്ട്. താരത്തിന് വരുന്ന സിനിമകളുടെ കഥ കേൾക്കുന്നത് ആന്റണി പെരുമ്പാവൂരാണ്. ഇതിൽ പലർക്കും അമർഷവുമുണ്ട്. ആന്റണി പെരുമ്പാവൂരിനെക്കുറിച്ച് സംസാരിക്കുകയാണ് നടൻ പൂജപ്പുര രാധാകൃഷ്ണനിപ്പോൾ.
മോഹൻലാലുമായി സൗഹൃദമുണ്ടെങ്കിലും നേരിട്ട് അവസരങ്ങൾ ചോദിക്കാറില്ലെന്ന് പൂജപ്പുര രാധാകൃഷ്ണൻ പറയുന്നു. ആന്റണി പെരുമ്പാവൂരിനോടാണ് ചോദിക്കാറ്. ആന്റണി അദ്ദേഹത്തിനോടൊപ്പം കൂടുന്ന കാലം മുതൽ അറിയാവുന്ന ആളാണ് ഞാൻ. ഡ്രെെവർ മാത്രമായിരുന്നു ആന്റണിയെന്നത് സത്യമാണ്. അർപ്പണ ബോധമാണ് ആന്റണിയെ എന്റെ ലാൽ ജിയെ അത്രയും അടുപ്പിച്ചത്. ഞാനിന്ന് കെബി ഗണേശ് കുമാറിനൊപ്പം നിൽക്കുന്നതിന് കാരണവും അതാണ്. അവരുടെ മനസറിഞ്ഞ് നിൽക്കുക. ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടാതിരിക്കുക. പരമാവധി സമാധാനത്തിന് പ്രാധാന്യം കൊടുക്കുക. ആന്റണിയെ കാണുമ്പോൾ സിനിമകളിൽ അവസരം ചോദിക്കാറുണ്ട്. എനിക്ക് ലഭിക്കാൻ അർഹതയുള്ളതാണെങ്കിൽ എനിക്ക് തന്നെ കിട്ടും.

ആരെയും പിണക്കില്ല. ഇപ്പോഴും അങ്ങനെയാണ്. അത് അദ്ദേഹത്തിന്റെ മാത്രം പ്രത്യേകതയാണ്. സിനിമകൾ തെരഞ്ഞെടുക്കുന്നിൽ മോഹൻലാലിന് പിഴവ് പറ്റുന്നതിന് കാരണമുണ്ടെന്നും പറയുന്നു. അവിടെ അദ്ദേഹം സൗഹൃദ വലയങ്ങളെ വിലമതിക്കുന്നതാണ്. നല്ലതായി വരുന്ന എത്രയോ സിനിമയുണ്ട്. ഒപ്പം എന്ന സിനിമയിൽ എന്ത് മനോഹരമായാണ് കണ്ണ് കാണാൻ പറ്റാത്തയാളെ അവതരിപ്പിച്ചത്. മോഹൻലാലിന് വരുന്ന കഥകൾ ആന്റണി പെരുമ്പാവൂർ കേൾക്കുന്നതിന് കാരണമുണ്ട്.
എപ്പോഴും അഭിനയിക്കുന്ന ആൾക്ക് കഥ കേൾക്കാൻ പറ്റില്ല. ആന്റണി പെരുമ്പാവൂരിന് ഇതാണ് ജോലി. മുമ്പ് ആന്റണിക്ക് തന്റെ ജോലി മാത്രമേ അറിയുമായിരുന്നുള്ളൂ. സിനിമയുമായി യാതൊരു ബന്ധവുമില്ല. അദ്ദേഹത്തിന്റെ മനസ് കാണുകയും കേൾക്കുകയും ചെയ്തു. ഓരോ കഥ പറയുമ്പോഴും ഇരുന്ന് കേൾക്കും. അതിലെന്തെങ്കിലും മാറ്റങ്ങളും മറിമായങ്ങളും പറയും. ഒന്നുമറിയാത്ത ആളിൽ നിന്നായിരിക്കാം ചില അറിവുകൾ കിട്ടുന്നതെന്നും പൂജപ്പുര രാധാകൃഷ്ണൻ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോട് സംസാരിക്കുകയായിരുന്നു നടൻ.

നിലവിൽ എമ്പുരാൻ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിലാണ് മോഹൻലാലും ആന്റണി പെരുമ്പാവൂരും. സിനിമയിലെ വിവാദ സീനുകളുടെ പേരിൽ മോഹൻലാൽ ക്ഷമ ചോദിച്ചിട്ടുണ്ട്. വിവാദ സംഭാഷണങ്ങളും മറ്റും ഒഴിവാക്കി എമ്പുരാൻ തിയറ്ററിൽ പ്രദർശനം തുടരുകയാണ്. വിവാദ സീനുകൾ കാരണം പ്രിയപ്പെട്ടവർക്ക് ഉണ്ടായ മനോവിഷമത്തിൽ തനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ടെന്ന് കഴിഞ്ഞ ദിവസം മോഹൻലാൽ വ്യക്തമാക്കി.
അതിൻ്റെ ഉത്തരവാദിത്വം സിനിമയ്ക്ക് പിന്നിൽ പ്രവർത്തിച്ച എല്ലാവരുടേതുമാണ് എന്ന തിരിച്ചറിവോടെ ഈ ഭാഗങ്ങൾ നീക്കം ചെയ്യാൻ തീരുമാനിച്ചെന്നും മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ അറിയിച്ചു. ഏറെ പ്രതീക്ഷയോടെ മോഹൻലാൽ ആരാധകർ കാത്തിരുന്ന സിനിമയാണ് എമ്പുരാൻ. ആദ്യ ഭാഗം ലൂസിഫർ വൻ ഹിറ്റായിരുന്നു. രണ്ടാം ഭാഗവും വിജയമാണ്. എന്നാൽ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങൾ തുടരുകയാണ്. എമ്പുരാന്റെ സംവിധായകൻ പൃഥ്വിരാജ് ഇതുവരെ പ്രതികരിച്ചിട്ടില്ല. പൃഥ്വിരാജ് സംവിധാനം ചെയ്ത മൂന്നാമത്തെ സിനിമയാണ് എമ്പുരാൻ.


Click it and Unblock the Notifications











