അക്കാര്യത്തിലൊക്കെ ആന്റണി സ്ട്രിക്റ്റാണ്; രാത്രി നോക്കിയേ പോകൂ; ലാലു ചേട്ടനൊപ്പം സെറ്റുകളിൽ നിന്നപ്പോൾ
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മലയാള സിനിമാ രംഗത്തുണ്ടായ വിവാദങ്ങൾ ചെറുതല്ല. സിനിമാ സംഘടനയായ അമ്മ അസോസിയേഷൻ ഈ വിവാദത്തോടെ തകർച്ചയുടെ വക്കിലെത്തി. ഭാരവാഹികൾ രാജി വെച്ചു. ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ച മോഹൻലാൽ വിശദീകരണം പോലും നൽകാതെ രാജി വെച്ചത് വിമർശനത്തിനിടയാക്കി. പല പ്രമുഖ താരങ്ങൾക്കെതിരെയും സ്ത്രീകളുടെ ആരോപണം വന്നു. മുകേഷ്, സിദ്ദിഖ്, ജയസൂര്യ, രഞ്ജിത്ത് തുടങ്ങിയവർക്കെതിരെ അന്വേഷണം നടക്കുകയാണ്.
ഇപ്പോഴിതാ ഈ വിവാദങ്ങളിൽ മോഹൻലാലിനെ പിന്തുണയ്ക്കുകയാണ് നടന്റെ അച്ഛന്റെ സഹോദരന്റെ മകനായ ബിജു ഗോപിനാഥൻ നായർ. മോഗൻലാലിനൊപ്പം സെറ്റുകളിൽ ഒപ്പം നിന്നിട്ടുള്ള താൻ ഒരിക്കലും ഇത്തരം കാര്യങ്ങൾ കണ്ടിട്ടില്ലെന്ന് ബിജു ഗോപിനാഥൻ പറയുന്നു. മാസ്റ്റർ ബിൻ യൂട്യൂബ് ചാനലിനോടാണ് പ്രതികരണം.

ഞാനും ലാലു ചേട്ടനും മുപ്പത്തിരണ്ടോളം ഷൂട്ടിംഗ് സെറ്റുകളിൽ താമസിച്ചിട്ടുണ്ട്. ഇന്നുവരെ എന്റെ കൺമുന്നിൽ മോശമായൊരു കാര്യം കണ്ടിട്ടില്ല. ഞങ്ങൾ ഒരുമിച്ച് ഭക്ഷണം കഴിക്കും. അല്ലാതെ ഇന്നവരെ ആരും അങ്ങനെ പറഞ്ഞ് കേൾക്കുകയോ എന്റെ കൺമുന്നിൽ കാണുകയോ ചെയ്തിട്ടില്ല. ഇങ്ങോട്ട് ഇഷ്ടപ്പെട്ട് വരുന്നവരുണ്ടാകും. എന്ന് വെച്ച് പുള്ളി മോശമായിട്ട് പെരുമാറിയിട്ടില്ല. ഖത്തറിലും ദുബായിലും പുള്ളി പോകാറുണ്ട്. പക്ഷെ അവിടെയൊന്നും
വെച്ച് ആരും മോശമായി പുള്ളിയെക്കുറിച്ച് പറഞ്ഞ് കേട്ടിട്ടില്ല.
ആന്റണി പെരുമ്പാവൂരിന്റെ പ്രൊഡക്ഷനിലുള്ള സിനിമകളിലാണ് ഞാൻ കൂടുതൽ പോകാറുള്ളത്. വേറൊരു പ്രൊഡ്യൂസറാണെങ്കിൽ നമ്മൾ മൂന്ന് നാല് ദിവസമായി പോകുമ്പോൾ എന്തായിതെന്ന് അവർ വിചാരിക്കും. എനിക്ക് ധൈര്യമായി പോകാൻ പറ്റുന്നത് ആന്റണി പെരുമ്പാവൂരിന്റെ പ്രൊഡക്ഷനിലാണ്. ഇങ്ങനെയൊരു സംഭവം ആന്റണിയുടെ സെറ്റുകളിൽ ഞാൻ കണ്ടിട്ടേയില്ല.

പുള്ളി അക്കാര്യത്തിലൊക്കെ സ്ട്രിക്റ്റാണ്. എല്ലാം നോക്കിയേ രാത്രി പോകൂ. പ്രിയദർശൻ സാറിന്റെ സെറ്റിലും അങ്ങനെയൊരു കാര്യം ഞാൻ കണ്ടിട്ടേയില്ല. ലാലു ചേട്ടനോട് ശത്രുതയില്ല. ചെറിയ പ്രശ്നമേയുള്ളൂ, ഇല്ലാത്ത കാര്യം താൻ പറയില്ലെന്നും ബിജു ഗോപിനാഥ് വ്യക്തമാക്കി. ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ മോഹൻലാൽ അമ്മ ജനറൽ സെക്രട്ടറി സ്ഥാനം രാജി വെക്കേണ്ടതില്ലായിരുന്നെന്നും ബിജു ഗോപിനാഥ് അഭിപ്രായപ്പെട്ടു. കരിയറിൽ ബുദ്ധിപരമായി മുന്നോട്ട് നീങ്ങുന്നത് മമ്മൂട്ടിയാണെന്ന് ബിജു ഗോപിനാഥൻ പറയുന്നു.
മോഹൻലാലിനെ ഒന്നിലേറെ തവണ പരസ്യമായി വിമർശിച്ച ബന്ധുവാണ് ബിജു ഗോപിനാഥൻ. അതേസമയം മോഹൻലാൽ തനിക്കെന്നും സഹോദരനാണെന്നും കരിയറിലെയും മറ്റും തീരുമാനങ്ങളിലെ വിമർശനമാണ് പറയാറെന്നും ബിജു ഗോപിനാഥ് വ്യക്തമാക്കിയിട്ടുണ്ട്. നടനുമായുണ്ടായ അകൽച്ചയെക്കുറിച്ചും ബിജു ഗോപിനാഥൻ ഒരിക്കൽ സംസാരിച്ചു.
ആന്റണി പെരുമ്പാവൂർ ചെയ്ത തെറ്റ് ഞാൻ അദ്ദേഹത്തെ കാണിച്ചു. എന്നാൽ പ്രതികരണം ഞെട്ടിക്കുന്നതായിരുന്നു. 35 വർഷമായി ആന്റണിയെ അറിയാം. നിനക്കിത് എവിടെ നിന്ന് കിട്ടി, ആര് തന്നു എന്നാെക്കെ ചോദിച്ച് വല്ലാതെ ദേഷ്യപ്പെട്ടു. അതിന് ശേഷമാണ് താനും മോഹൻലാലും തമ്മിൽ അകന്നതെന്നും ബിജു ഗോപിനാഥൻ അന്ന് വ്യക്തമാക്കി.


Click it and Unblock the Notifications











