'സ്നേഹ കൂടുതലുള്ളവർക്ക് ഉമ്മ കൊടുക്കുന്നത് ലാലേട്ടന്റെ ശീലമാണ്'; ലാലിന് മനസറിഞ്ഞ് ഇന്ദ്രൻസിന്റെ സ്നേഹചുംബനം!
മോഹൻലാലിനെ അടുത്തറിയാവുന്നവരും അദ്ദേഹത്തിന്റെ സ്നേഹവും സൗഹൃദവും അനുഭവിച്ചിട്ടുള്ളവരും നിരന്തരമായി പറയാറുള്ള ഒരു കാര്യമാണ് അദ്ദേഹത്തിന്റെ ലാളിത്യം. ലൂസിഫെറിൽ വരെ ഒരു ഈഗോയും കൂടാതെ സെറ്റിൽ ഒരു അസിസ്റ്റന്റെ ജോലി വരെ ലാൽ ചെയ്യുന്നത് നമ്മൾ എല്ലാവരും പൃഥ്വിരാജ് പുറത്ത് വിട്ട വീഡിയോയിലൂടെ കണ്ടിട്ടുളതാണ്. ഒരു കാലി ചായയും കസേരയും കിട്ടിയാൽ പോലും മോഹൻലാൽ എന്ന മനുഷ്യൻ ജീവിതത്തിൽ ഹാപ്പിയാണെന്നാണ് തെലുങ്ക് സൂപ്പർ സ്റ്റാർ ജൂനിയർ എൻടിആർ ഒരിക്കൽ പറഞ്ഞത്.
കൂടെ വന്നവർക്കും ഒപ്പം മത്സരിച്ചവർക്കും അടി തെറ്റിയപ്പോഴും ഈ മനുഷ്യൻ മാത്രം ഒറ്റക്ക് ഒരു ഇൻഡസ്ട്രി മുഴുവൻ രാജാവിനെ പോലെ ഇന്ന് അടക്കി ഭരിക്കുന്നുണ്ടെങ്കിൽ അതിൽ ഇങ്ങേരുടെ കഴിവുകൊണ്ടും കഷ്ടപാട് കൊണ്ടും മാത്രമല്ല സഹ ജീവികളോടുള്ള തന്റെ സ്നേഹത്തിനും വളരുന്തോറും ചെറുതാകാൻ കഴിയുന്ന അദ്ദേഹത്തിന്റെ മനസിനും വലിയ പങ്കുണ്ട്.

മോഹൻലാലിനെപ്പോലെ തന്നെയാണ് ലാളിത്യത്തിന്റെയും എളിമയുടെയും കാര്യത്തിൽ നടൻ ഇന്ദ്രൻസും. സിനിമയിൽ വസ്ത്രാലങ്കാരം ചെയ്ത് തുടങ്ങിയതാണ് ഇന്ദ്രൻസിന്റെ കരിയർ. എന്നാൽ ഇപ്പോൾ അദ്ദേഹം നായക വേഷങ്ങൾ അതിമനോഹരമായി കൈകാര്യം ചെയ്ത് വിസ്മയിപ്പിക്കുന്നുണ്ട്. ദേശീയ ചലച്ചിത്ര പുരസ്കാര ജേതാവായിട്ടുപോലും ഇന്നും എളിമയോടെയാണ് അദ്ദേഹത്തിന്റെ പെരുമാറ്റം.
യുവതാരങ്ങൾ മാതൃകയാക്കേണ്ട രണ്ട് മുതിർന്ന താരങ്ങളുടെ പേരുകൾ പറയാൻ പറഞ്ഞാൽ ഒട്ടുമിക്ക സിനിമാപ്രേമികളും മോഹൻലാലിന്റെയും ഇന്ദ്രൻസിന്റെയും പേരുകളാകും പറയുക. ഇരുവരിലേയും പ്രതിഭയെ മാത്രമല്ല പ്രൊഫഷനോടും ജീവിതത്തോടും അവർക്കുള്ള ആത്മ സമർപ്പണത്തെ കൂടിയാണ്. ഇപ്പോഴിതാ മലയാളികൾ എന്നും ഒരുപോലെ ഇഷ്ടപ്പെടുന്ന ഈ രണ്ട് താരങ്ങളുടെയും ഒരു വീഡിയോ സോഷ്യൽമീഡിയയിൽ വലിയ രീതിയിൽ വൈറലാകുന്നുണ്ട്.
കഴിഞ്ഞ ദിവസം നടന്ന അമ്മ സംഘടനയുടെ നറൽബോഡി യോഗത്തിൽ നിന്നുള്ളതാണത്. നടന്മാരായ മോഹൻലാലും ഇന്ദ്രൻസും പരസ്പരം സ്നേഹചുംബനങ്ങളേകുന്ന കാഴ്ചയാണ് സോഷ്യൽ മീഡിയയുടെ ഹൃദയം കീഴടക്കിയത്. ജനറൽബോഡി യോഗത്തിൽ ചലച്ചിത്ര പുരസ്കാരജേതാക്കൾക്ക് ഒരുക്കിയ ആദരവിൽ ഇന്ദ്രൻസിന് ഉപഹാരം സമ്മാനിച്ചതിനുശേഷം മോഹൻലാൽ ചുംബിച്ചു. പിന്നാലെ ഇന്ദ്രൻസും മോഹൻലാലിന് തിരികെ ചുംബനം നൽകുകയായിരുന്നു.
ഞാൻ എല്ലാവർക്കും ഉമ്മ നൽകും എനിക്ക് ആരും തരാനില്ലെന്ന് മോഹൻലാൽ പറഞ്ഞപ്പോഴായിരുന്നു ഇന്ദ്രൻസിന്റെ സ്നേഹചുംബനം. പുതിയ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ട നടൻ സിദ്ദിഖ് സമീപമുണ്ടായിരുന്നു. വേദിയിൽനിന്നുള്ള ചിത്രങ്ങൾ ചുരുങ്ങിയ നേരം കൊണ്ട് ശ്രദ്ധ നേടുകയും ചെയ്തു. ഇന്ദ്രൻസ് വേദിയിലേക്ക് വരുന്നത് സ്നേഹം നിറഞ്ഞ കണ്ണുകളോടെയും കുസൃതി ചിരിയോടെയും മോഹൻലാൽ നോക്കി നിൽക്കുന്നതും കൗതുക കാഴ്ചയാണ്.

ഇന്ദ്രൻസ് അടുത്ത് എത്തിയപ്പോൾ സ്നേഹത്തടെ കെട്ടിപിടിച്ചു. ശേഷം ഉപഹാരം സമ്മാനിച്ച് ഇന്ദ്രൻസിനെ ലാൽ ചുംബിച്ചു. വേദിയിലേക്ക് വന്നയുടൻ ലാലിനെ ചുംബിക്കാൻ ഇന്ദ്രൻസ് ശ്രമിച്ചിരുന്നു. എന്നാൽ അത് സാധിച്ചില്ല. പിന്നാലെയാണ് മനസ് മനസിലാക്കിയതുപോലെ മോഹൻലാൽ ഇന്ദ്രൻസിനെ ചുംബിച്ചത്.
ഇന്ദ്രൻസിനോടുള്ള മോഹൻലാലിന്റെ സ്നേഹം അദ്ദേഹത്തിന്റെ ശരീരഭാഷയിലും മുഖത്തും പ്രകടമായിരുന്നു. വീഡിയോ വൈറലായതോടെ നിരവധി ആരാധകർ കമന്റുകളുമായി എത്തി. തനിക്ക് സ്നേഹ കൂടുതലുള്ളവർക്ക് ഉമ്മ കൊടുക്കുന്നത് ലാലേട്ടന്റെ ശീലമാണ്, ലാലേട്ടന് അറിയാം ഇന്ദ്രൻസ് ചേട്ടൻ്റെ എളിമയും വിനയവും. അതാണ് ആ സ്നേഹ പ്രകടനം.
ഒരു പഴമൊഴി ഓർമ വരുന്നു... കഴിവുള്ളവന് ഉയരങ്ങളിലെത്താം. സ്വഭാവ ഗുണമുള്ളവനെ നിലനിൽക്കാൻ കഴിയൂ, ഇന്ദ്രൻസ് ചേട്ടന് ആദ്യം ഉമ്മ കൊടുക്കണം എന്നുണ്ടായിരുന്നു. പറ്റിയില്ല... പക്ഷെ അദ്ദേഹത്തിൻ്റെ മനസ് അറിഞ്ഞതുപോലെ ലാലേട്ടൻ കൊടുത്തു.
ഇത്തരം പ്രവൃത്തി മറ്റൊരു നടന്നിൽ നിന്നും കിട്ടുമെന്ന് തോന്നുന്നില്ല ലാലേട്ടനോടുള്ള സ്നേഹം വർധിക്കുന്നു, എത്ര തവണ ഈ വീഡിയോ കണ്ടുവെന്ന് പോലും അറിയില്ല. ഈയടുത്തു് കണ്ടതിൽ വെച്ച് ഏറ്റവും മനോഹരമായ വീഡിയോ എന്നിങ്ങനെ എല്ലാമാണ് മോഹൻലാലിന്റെ ഇന്ദ്രൻസിന്റെയും പുതിയ വീഡിയോയ്ക്ക് വന്ന കമന്റുകൾ.


Click it and Unblock the Notifications











