'പൊതുപരിപാടിയിൽ പങ്കെടുക്കില്ലെന്നത് വർഷങ്ങൾക്ക് മുമ്പ് എടുത്ത തീരുമാനം, കാർത്തിക ഇത്രയും സംസാരിക്കുമോ?'
മലയാളത്തിന് നിരവധി ക്ലാസിക്ക് സിനിമകൾ ലഭിച്ചിട്ടുള്ള കാലഘട്ടമാണ് 1980കളും തൊണ്ണൂറുകളും. എപ്പോൾ കണ്ടാലും മനസ് നിറയുന്ന സിനിമകൾ നിരവധി ആ സമയത്ത് റിലീസ് ചെയ്തിട്ടുണ്ട്. അവയിൽ ഇന്നും ആളുകൾ സെലിബ്രേറ്റ് ചെയ്യുന്ന... പാട്ടുകൾ ആവർത്തിച്ച് കേൾക്കുന്ന ഒരു സിനിമയാണ് മോഹൻലാൽ നായകനായ ഉണ്ണികളെ ഒരു കഥ പറയാം. എബിയും ആനിയും കുട്ടികളും എന്നും പ്രേക്ഷകരുടെ മനസിൽ ഒരു നോവാണ്.
ഒരുപറ്റം കുട്ടികളുമായി നാട് ചുറ്റി നടക്കുന്ന എബിയെ സിനിമയുള്ള കാലത്തോളം മലയാളികൾ ഓർക്കും. അന്നത്തെ കുട്ടികൾ വളർന്നു... പലരും അഭിനയം തന്നെ ഉപേക്ഷിച്ചു. അടുത്തിടെ ചിത്രങ്ങളെ താരങ്ങളെയെല്ലാം ഉൾപ്പെടുത്തി സിനിമയുടെ ഗെറ്റ് ടുഗെദർ തിരുവനന്തപുരത്ത് നടന്നിരുന്നു. കാർത്തികയുടെ തല തന്നെയാണ് അതിന് പിന്നിൽ പ്രവർത്തിച്ചത്. പരിപാടി കളറാക്കാൻ മോഹൻലാലുമെത്തി. ചടങ്ങിൽ വെച്ച് പഴയ തന്റെ കുട്ടികളെ വീണ്ടും കാണാൻ സാധിച്ച സന്തോഷം മോഹൻലാൽ പങ്കിട്ടു.

ഇപ്പോഴിതാ ഗെറ്റ് ടുഗെദറിൽ പങ്കെടുത്ത് സംസാരിക്കവെ മോഹൻലാലും കാർത്തികയും പങ്കിട്ട അനുഭവങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. 37 വർഷങ്ങൾക്കുശേഷമാണ് കാർത്തിക ഒരു പൊതുപരിപാടിയിൽ സംബന്ധിക്കുന്നത്. മനോരമ ഓൺലൈന്റെ യുട്യൂബ് ചാനലിൽ പ്രത്യക്ഷപ്പെട്ട വീഡിയോ വൈറലാണ്. ആദ്യം കാർത്തികയാണ് സംസാരിച്ചത്... ആദ്യമായിട്ടാണ് എന്റെ ഭർത്താവ് ഡോ.സുനിൽ അപ്പുറത്ത് നിൽക്കുകയും ഞാൻ ഇപ്പുറത്ത് സ്റ്റേജിൽ ഒറ്റയ്ക്ക് നിൽക്കുകയും ചെയ്യുന്നത്.
അതിന്റെ ടെൻഷൻ എനിക്ക് ഭയങ്കരമായിട്ടുണ്ട്. 1987 ജൂലൈ നാലിന് ഉണ്ണികളെ ഒരു കഥ പറയാം എന്നൊരു ഭംഗിയുള്ള സിനിമ ഉടലെടുത്തു. അതിലെ കേന്ദ്രകഥാപാത്രം എബി, ഈ കൊച്ചു കുഞ്ഞുങ്ങൾ. അന്നത്തെ കുട്ടികൾ വീണ്ടുമൊത്ത് ചേരുന്ന ഈ കൂട്ടായ്മയുടെ ഭാഗമാകുന്നതിൽ സന്തോഷം. നീണ്ട 37 വർഷങ്ങൾക്കുശേഷമാണ് ഞാൻ സിനിമയുമായി ബന്ധപ്പെട്ട് ഇങ്ങനെയൊരു വേദിയിൽ വന്ന് നിൽക്കുന്നത്. 37 വർഷമെന്ന് പറയുന്നത് അത്ര ചെറിയ കാര്യമല്ല.
2021 ജൂലൈ ആറിന് ഉണ്ണികളെ ഒരു കഥ പറയാം എന്ന പേരിൽ ഒരു വാട്ട്സാപ്പ് ഗ്രൂപ്പ് ഞങ്ങൾ തുടങ്ങി. അതിൽ ആദ്യം കുറച്ചുപേരെ ചേർത്തു. പിന്നീട് എന്റെ പരിമിതമായ ബന്ധങ്ങൾ ഉപയോഗിച്ച് ബാക്കിയുള്ളവരെ അന്വേഷിച്ച് തുടങ്ങി. അപ്പോഴാണ് കമൽ സർ പറഞ്ഞത് കുട്ടികളെ നമുക്കൊരു റിയൂണിയൻ പോലെയൊന്ന് സംഘടിപ്പിച്ചാലോയെന്ന്. അപ്പോൾ അവർ ചോദിച്ചു... നമുക്ക് ലാലങ്കിളിനെ കിട്ടുമോയെന്ന്. അങ്ങനെ അദ്ദേഹം ഈയടുത്ത് ലാൽ സാറിനെ കണ്ടു.
അദ്ദേഹം താൽപര്യം പ്രകടിപ്പിച്ചു. അദ്ദേഹമാണ് ബാക്കി കാര്യങ്ങൾ സംഘടിപ്പിക്കാൻ മുൻകൈ എടുത്തത്. ഇത് അറിഞ്ഞതും പിള്ളേരെല്ലാം ഡബിൾ ഹാപ്പി. അവരുടെ സന്തോഷം കണ്ടപ്പോൾ ഞാനും വളരെ സന്തോഷിച്ചു. പക്ഷെ അതിനൊപ്പം എനിക്ക് വേറൊരു സങ്കടം കൂടിയുണ്ടായിരുന്നു. ഒരു പൊതുപരിപാടിയിൽ ഞാൻ പങ്കെടുക്കില്ലെന്നത് വർഷങ്ങൾക്ക് മുമ്പ് എടുത്ത ഒരു തീരുമാനമായിരുന്നു.
ആ തീരുമാനം ഓർത്തപ്പോൾ ഞാൻ ആകെ ആശയക്കുഴപ്പത്തിലായി. എന്ത് ചെയ്യും എന്നായി ഞാൻ. മോഹൻലാലിനെ പോലെ ഒരാൾ ഇത്തരമൊരു കാര്യത്തിന് മുൻകൈ എടുത്തിറങ്ങമ്പോൾ അതിൽ യെസ് പറയാനോ നോ പറയാനോ ഞാൻ ആളല്ല.

ആ ചിത്രത്തിൽ അഭിനേതാവ് മാത്രമല്ല മോഹൻലാൽ. നിർമാണത്തിലും പങ്കാളിയാണ്. അദ്ദേഹത്തിന് ആ സിനിമയുമായി ബന്ധപ്പെട്ട് എന്ത് കാര്യം ചെയ്യുന്നതിനും അധികാരമുണ്ട്. എല്ലാവരും ഈ ഒത്തുചേരലിനായി തിരുവനന്തപുരത്ത് വരുമ്പോൾ ഞാനെങ്ങനെ മാറി നിൽക്കും?. അങ്ങനെ ചെയ്താൽ അതെന്റെ സ്വാർത്ഥതയായി പോകും. അതുകൊണ്ട് ഈ കുഞ്ഞുങ്ങൾക്ക് വേണ്ടി മാത്രമാണ് ഞാൻ ഇന്നിവിടെ നിൽക്കുന്നത്. എന്റെ തീരുമാനത്തിന് മാറ്റമൊന്നുമില്ല.
ഞാൻ ഒരു പൊതുപരിപാടിയിലും പങ്കെടുക്കില്ല. ഒരു ഫാമിലി റിയൂണിയനായതുകൊണ്ട് മാത്രമാണ് ഞാനിവിടെ നിൽക്കുന്നതെന്ന് കാർത്തിക പറഞ്ഞു. പിന്നീട് മോഹൻലാൽ സംസാരിക്കാനായി എത്തി. ഇത് ഒരിക്കൽ മാത്രമെ സംഭവിക്കുകയുള്ളു. ഇനി ഇങ്ങനൊരു ഗാതറിങ് ഉണ്ടാവില്ല. ഇതൊരു മാജിക്കാണെന്ന് പറഞ്ഞാണ് മോഹൻലാൽ സംസാരിച്ച് തുടങ്ങിയത്.
കാർത്തികയൊക്കെയാണ് ഈ കൂട്ടായ്മയുണ്ടാകാൻ കാരണം. കാർത്തികയൊക്കെ ഇത്രയും സംസാരിക്കുമോയെന്ന് ഓർത്ത് അത്ഭുതപ്പെട്ടിരിക്കുകയാണ് ഞാൻ. ഷൂട്ടിങ് സമയത്ത് പോലും നമ്മളോടൊന്നും വന്ന് സംസാരിക്കാത്തയാളാണ് കാർത്തിക. ഡയലോഗ് പോലും പറയാൻ പ്രയാസമുള്ളയാളാണ്.
കൊടൈക്കനാലിലാണ് ഈ സിനിമയുടെ ഷൂട്ട് നടന്നത്. അന്നൊക്കെ വളരെ തണുപ്പായിരുന്നു. കുട്ടികളൊക്കെ വീട്ടിൽ പോകണമെന്ന് പറഞ്ഞ് പരാതി പറയുമായിരുന്നു. കുട്ടികളെ വെച്ച് ഷൂട്ടിങ് പ്രയാസമാണ്. ഒരു കൊച്ചിനെ വെച്ച് തന്നെ ഷൂട്ട് പ്രയാസമാണ് അപ്പോഴാണ് പത്ത് കുട്ടികളെ വെച്ച് ഷൂട്ട് നടത്തിയത്. പത്ത് പേർക്കും പത്ത് സ്വഭാവമല്ലേ.
ഈ അവസരത്തിൽ തിലകൻ ചേട്ടനേയും സുകുമാരി ചേച്ചിയേയുമെല്ലാം ഓർക്കുന്നു. തിരുവനന്തപുരത്ത് ഞങ്ങൾ ഈ പ്രോഗ്രാം വെച്ചത് തന്നെ കാർത്തികയ്ക്ക് വേണ്ടിയാണെന്നും മോഹൻലാൽ പറഞ്ഞു. ഒരു കാലത്ത് മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുണ്ടായിരുന്ന താരജോഡിയാണ് മോഹൻലാലും കാർത്തികയും.


Click it and Unblock the Notifications











