ദിലീപിനോട് മമ്മൂട്ടിയും മോഹന്‍ലാലും ഏറ്റുമുട്ടിയ വര്‍ഷം! ഓണം ബോക്‌സോഫീസ് നിറച്ച താരരാജാക്കന്മാര്‍
വീണ്ടുമൊരു ഓണം വരികയാണ്. മലയാളികളുടെ ദേശീയ ഉത്സവമായതിനാല്‍ ഓണത്തെ വരവേല്‍ക്കാനുള്ള മുന്നൊരുക്കങ്ങളിലാണ് നാടും നഗരവും. സിനിമാലോകമാണ് ഏറ്റവുമാദ്യം തയ്യാറെടുപ്പുകള്‍ നടത്തി കൊണ്ടിരിക്കുന്നത്. ഇക്കൊല്ലത്തെ ഓണം അവധികള്‍ ലക്ഷ്യമാക്കി മാസങ്ങള്‍ക്ക് മുന്‍പ് തന്നെ പലരും സിനിമകള്‍ പ്രഖ്യാപിച്ചിരുന്നു. ഇതുവരെ ലഭിക്കുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം നാലോളം സിനിമകള്‍ ഓണത്തിന് മുന്നോടിയായി എത്തുമെന്നാണ്.
മോഹന്‍ലാല്‍, പൃഥ്വിരാജ്, നിവിന്‍ പോളി എന്നിങ്ങനെ മലയാളത്തിലെ മുന്‍നിര താരങ്ങളുടെ സിനിമകളാണ് ഈ ഓണത്തിനെത്തുന്നത്. വര്‍ഷങ്ങള്‍ക്ക് മുന്‍പും ഓണം ബോക്‌സോഫീസില്‍ താരരാജാക്കന്മാരുടെ മത്സരമുണ്ടായിരുന്നു. എക്കാലവും മലയാളികളുടെ പ്രിയപ്പെട്ട ചില സിനിമകളായിരുന്നു 1998 ലെ ഓണത്തിന് തിയറ്റററുകളിലേക്ക് എത്തിയത്. ഈ ഓണം വരുമ്പോഴും അത്തരം ചില രസകരമായ സിനിമാ വിശേഷങ്ങളാണ് പ്രേക്ഷകരെ കാത്തിരിക്കുന്നത്.

അവധി ദിവസങ്ങള്‍ ലക്ഷ്യമാക്കി എത്തുന്ന സിനിമാക്കാര്‍ക്ക് ചാകരയാണ് ഓണം സീസണ്‍. പത്ത് ദിവസത്തെ അവധിക്കാലം എല്ലാവരും തന്നെ തിയറ്ററുകളില്‍ പോയി സിനിമ കണ്ട് ആസ്വദിക്കുന്നതും പതിവാണ്. ഇതോടെ കുടുംബ പ്രേക്ഷകരെ ലക്ഷ്യം വെച്ച് നിരവധി സിനിമകളായിരിക്കും ഓണക്കാലത്ത് എത്താറുള്ളത്. ലവ് ആക്ഷന്‍ ഡ്രാമ, ഇട്ടിമാണി മേഡ് ഇന്‍ ചൈന, ബ്രദേഴ്‌സ് ഡേ, ഫൈനല്‍സ് എന്നീ സിനിമകളാണ് ഇക്കൊല്ലം റിലീസ് ചെയ്യുന്നത്. മുന്‍വര്‍ഷങ്ങളിലെ പോലെ താരരാജാക്കന്മാരും യൂത്തന്മാരും തമ്മിലാണ് ഇത്തവണ ബോക്‌സോഫീസില്‍ പോരാടുന്നത്.

ഓണക്കാലത്തെ സിനിമാ കഥ പറയുകയാണെങ്കില്‍ 1998 സിനിമകളെ കുറിച്ച് കൂടി പറയണം. മോഹന്‍ലാലിനും മമ്മൂട്ടിയ്ക്കുമൊപ്പം ദിലീപ്, ജയറാം സുരേഷ് ഗോപി എന്നിവരെല്ലാം അന്ന് മലയാള സിനിമയില്‍ തിളങ്ങി നിന്നവരാണ്. ഇന്നും മുതിര്‍ന്ന താരങ്ങളായി സിനിമയില്‍ സജീവമാണ് എല്ലാവരും. എങ്കിലും അക്കാലത്ത് ഇവരായിരുന്നു മലയാളികളെ ത്രസിപ്പിച്ചിരുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും ഒരൊറ്റ സിനിമയിലൂടെ ഒന്നിച്ച് കൈയടി വാങ്ങിയത് പോലെ ജയറാമും സുരേഷ് ഗോപിയും ഒന്നിച്ച് അഭിനയിച്ച സിനിമയായിരുന്നു അന്ന് റിലീസ് ചെയ്തത്. ഈ രണ്ട് കൂട്ടരോടും ഒറ്റയ്ക്കുള്ള മത്സരമായിരുന്നു ദിലീപിന്.

റാഫി മെക്കാര്‍ട്ടിന്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത ഹിറ്റ് സിനിമയായിരുന്നു പഞ്ചാബി ഹൗസ്. ദിലീപ് നായകനായിട്ടെത്തിയ ചിത്രം 1998 സെപ്റ്റംബര്‍ നാലിനായിരുന്നു തിയറ്ററുകളിലേക്ക് എത്തിയത്. അക്കൊല്ലത്തെ തിരുവോണത്തിന്റെ അന്നായിരുന്നു പഞ്ചാബി ഹൗസ് തിയറ്ററുകളിലേക്ക് എത്തിയത്. ദിലീപ്, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍, തിലകന്‍, എന്‍എം വര്‍ഗീസ്, ജോമോള്‍, ലാല്‍ എന്നിങ്ങനെ വമ്പന്‍ താരങ്ങള്‍ അണിനിരന്ന സിനിമ അക്കൊല്ലത്തെ ബ്ലോക്ക്ബസ്റ്ററായി മാറിയിരുന്നു. ഹരികൃഷ്ണന്‍സ് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ചതും പഞ്ചാബി ഹൗസിനായിരുന്നു. 2006 ല്‍ പ്രിയദര്‍ശന്‍ ഈ സിനിമ ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തിരുന്നു.

പഞ്ചാബി ഹൗസിനൊപ്പം തന്നെ 1998 സെപ്റ്റംബര്‍ നാലിന് റിലീസ് ചെയ്ത ചിത്രമായിരുന്നു സമ്മര്‍ ഇന്‍ ബെത്‌ലഹേം. സുരേഷ് ഗോപിയും ജയറാമുമായിരുന്നു നായകന്മാര്‍. നായികയായിട്ടെത്തിയ മഞ്ജു വാര്യര്‍ ശക്തമായ കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രം കൂടിയായിരുന്നിത്. രഞ്ജിത്ത് തിരക്കഥ ഒരുക്കിയ ചിത്രം സിബി മലയിലായിരുന്നു സംവിധാനം ചെയ്തത്. മോഹന്‍ലാല്‍ അതിഥി വേഷത്തിലെത്തി ഞെട്ടിച്ച ഈ ചിത്രം അക്കൊല്ലത്തെ മറ്റൊരു ബ്ലോക്ക്ബസ്റ്റര്‍ മൂവിയായിരുന്നു. ഈ സിനിമയും പ്രിയദര്‍ശന്‍ തമിഴിലേക്ക് റീമേക്ക് ചെയ്തു.

ദിലീപും സുരേഷ് ഗോപിയും ജയറാമുമെല്ലാം ബോക്‌സോഫീസില്‍ തകര്‍പ്പന്‍ പ്രകടനം കാഴ്ച വെക്കുന്നതിന് പിന്നാലെ തന്നെ മോഹന്‍ലാലും മമ്മൂട്ടിയും ഒന്നിച്ചെത്തി. ഹരികൃഷ്ണന്‍സിലൂടെ ആ വര്‍ഷത്തെ സകല റെക്കോര്‍ഡുകളും താരരാജാക്കന്മാര്‍ സ്വന്തം പേരില്‍ എഴുതി ചേര്‍ത്തു. ഓണത്തിന്റെ ബഹളങ്ങള്‍ക്ക് ശേഷം സെപ്റ്റംബര്‍ പതിനെട്ടിനായിരുന്നു ഹരികൃഷ്ണന്‍സ് റിലീസ് ചെയ്തത്. ഫാസില്‍ രചന നിര്‍വഹിച്ച് സംവിധാനം ചെയ്ത സിനിമയില്‍ ബോളിവുഡ് നടി ജൂഹി ചൗളയായിരുന്നു നായികയായിട്ടെത്തിയത്. 1998 ല്‍ ഏറ്റവുമധികം കളക്ഷന്‍ നേടിയ ചിത്രവും ഇതായിരുന്നു.


Click it and Unblock the Notifications