മമ്മൂട്ടി മോഹന്‍ലാല്‍ ആരാധകര്‍ക്ക് ചാകര! ക്യാരക്ടര്‍ പോസ്റ്ററുകള്‍ പുറത്ത് വിട്ട് താരരാജാക്കന്മാര്‍
കേരളത്തില്‍ ഏറ്റവും ഫാന്‍സുള്ള താരങ്ങളാണ് മോഹന്‍ലാലും മമ്മൂട്ടിയും. ഓണത്തിന് മുന്നോടിയായി റിലീസ് പ്രഖ്യാപിച്ചിട്ടുള്ള ചിത്രങ്ങളുടെ പ്രമോഷന്‍ ആരംഭിച്ചിരിക്കുകയാണ്. ഇതോടെ താരരാജാക്കന്മാരുടെ സിനിമാ റിലീസുകള്‍ ആഘോഷമാക്കാനുള്ള തയ്യാറെടുപ്പിലാണ് ആരാധകര്‍. ഈ ദിവസങ്ങളില്‍ സോഷ്യല്‍ മീഡിയ നിറയ രണ്ട് സിനിമകളെ കുറിച്ചുള്ള വിശേഷങ്ങളാണ് കൂടുതലും.
ഒന്ന് മോഹന്‍ലാലിന്റെ ഇട്ടിമാണി മേഡ് ഇന്‍ ചൈന, രണ്ട് മമ്മൂട്ടിയുടെ ഗാനഗന്ധര്‍വ്വന്‍. ഓണത്തിന് ഇട്ടിമാണി തിയറ്ററുകളിലേക്ക് എത്തുമ്പോള്‍ ഗാനഗന്ധര്‍വ്വന്‍ ഓണത്തിന് ശേഷമായിരിക്കും റിലീസ്. ഇതിനൊപ്പം ഇരു സിനിമകളിലെയും ക്യാരക്ടര്‍ പോസ്റ്ററുകള്‍ വന്ന് കൊണ്ടിരിക്കുകയാണ്. ഔദ്യോഗിക ഫേസ്ബുക്ക് പേജിലൂടെ മോഹന്‍ലാലും മമ്മൂട്ടിയുമാണ് പോസ്റ്ററുകള്‍ പുറത്ത് വിടുന്നത്.

മോഹന്‍ലാലിനെ നായകനാക്കി നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. ഫാമിലി എന്റര്‍ടെയിനറായി ഒരുക്കുന്ന ചിത്രം പേര് സൂചിപ്പിക്കുന്നത് പോലെ ചൈനയുമായി ബന്ധമുള്ള കഥയാണ് പറയുന്നത്. മാത്രമല്ല മോഹന്‍ലാല്‍ ഇരട്ടവേഷത്തില്‍ അഭിനയിക്കുന്നു എന്ന പ്രത്യേകതയുമുണ്ട്.
ഇക്കൊല്ലത്തെ ഓണത്തിന് മുന്നോടിയായി തിയറ്ററുകളിലെത്തിക്കാന്‍ തയ്യാറെടുക്കുന്ന ഇട്ടിമാണിയുടെ ഓഫീഷ്യല്‍ ടീസര്‍ കഴിഞ്ഞ ദിവസമാണ് പുറത്ത് വന്നത്. ചൈനീസ് ഭാഷയില്‍ സംസാരിക്കുന്ന മോഹന്‍ലാലും കെപിഎസി ലളിതയുമായിരുന്നു ടീസറില്‍ ശ്രദ്ധിക്കപ്പെട്ടത്.

ഇട്ടിമാണിയുടെ ടീസര്‍ തരംഗമായതിന് പിന്നാലെയാണ് സിനിമയില്‍ നിന്നും ക്യാരക്ടര്‍ പോസ്റ്ററുകള്‍ വന്ന് തുടങ്ങിയത്. നേരത്തെ മോഹന്‍ലാലിന്റെ സിനിമയിലെ വ്യത്യസ്ത ഗെറ്റപ്പുകള്‍ പുറത്ത് വന്നെങ്കിലും മറ്റ് താരങ്ങളെ കുറിച്ച് കൂടുതല്‍ വ്യക്തയില്ലായിരുന്നു.
മോഹന്‍ലാലിനൊപ്പം അജു വര്‍ഗീസ്, സലീം കുമാര്‍, ഹരീഷ് കണാരന്‍ എന്നിങ്ങനെയുള്ള താരങ്ങളാണ് ഇട്ടിമാണിയില്‍ അണിനിരക്കുന്നത്. സുഗുണന്‍ എന്ന കഥപാത്രത്തെ അജു അവതരിപ്പിക്കുമ്പോള്‍ ജോജി പോത്തന്‍ ആയിട്ടാണ് ഹരീഷ് കണാരന്‍ എത്തുന്നത്.

മാപ്രാണം വര്‍ക്കിയായി സലീം കുമാറും അലക്‌സ് എന്ന കഥാപാത്രത്തില് സിജോയ് വര്‍ഗീസും അഭിനയിക്കുന്നു. ഇതെല്ലാം സൂചിപ്പിച്ച് കൊണ്ടുള്ള പോസ്റ്ററുകളാണ് ഇതുവരെ വന്നത്. റിലീസ് ദിവസം വരെ സിനിമയിലെ എല്ലാ താരങ്ങളെയും പരിചയപ്പെടുത്തുമെന്നാണ് അറിയാന്‍ കഴിയുന്നത്.
അവസാനമായിരിക്കും മോഹന്‍ലാലിന്റെ കഥാപാത്രത്തെ വെളിപ്പെടുത്താന്‍ സാധ്യത. ഇതുവരെയും സിനിമയെ കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചിട്ടില്ലെങ്കിലും പ്രേക്ഷകരെ ചിരിപ്പിക്കുന്നൊരു ചിത്രമായിരിക്കുമിതെന്ന കാര്യത്തില്‍ സംശയമില്ല. ഹണി റോസാണ് നായിക. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മ്മാണം.

ഇട്ടിമാണിയ്‌ക്കൊപ്പം മത്സരിക്കാന്‍ ഗാനഗന്ധര്‍വ്വന്‍ കൂടി ഉണ്ടെന്നുള്ളതാണ് രസകരമായ മറ്റൊരു കാര്യം. കലാസദന്‍ ഉല്ലാസിന്റെ ജീവിത പരിസരങ്ങളില്‍ അനുകൂലിച്ചും പ്രതികൂലിച്ചും ഒപ്പമുള്ള കഥാപാത്രങ്ങളെ ഇന്ന് (18.08.2019) മുതല്‍ 40 ദിവസങ്ങളില്‍ ആയി നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു...
ക്യാരക്ടര്‍ പോസ്റ്റര്‍ പുറത്ത് വിടുന്നതുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ എഴുതിയ മമ്മൂട്ടിയുടെ കുറിപ്പാണിത്. 40 ദിവസത്തിനുള്ളില്‍ സിനിമ റിലീസിനെത്തുമെന്ന സൂചനയും ഇതില്‍ നിന്നും വ്യക്തമാണ്.

ഇതുവരെ രണ്ട് ക്യാരക്ടറുകള്‍ മാത്രമേ പരിചയപ്പെടുത്തിയിട്ടുള്ളു. പ്രിന്‍സ് (യുഎസ്) എന്ന കഥാപാത്രമായി ജോണി ആന്റണി അഭിനയിക്കുമ്പോള്‍ ബാലന്‍ എന്ന കഥാപാത്രത്തിലെത്തുന്നത് കുഞ്ചന്‍ ആണ്. വരും ദിവസങ്ങളില്‍ ഗാനഗന്ധര്‍വ്വനില്‍ അഭിനയിക്കുന്ന കൂടുതല്‍ താരങ്ങള്‍ ആരൊക്കെയാണെന്നുള്ള കാര്യം ഇതിലൂടെ വ്യക്തമാവും.
നടനും അവതാരകനുമായ രമേഷ് പിഷരാടി സംവിധാനം ചെയ്യുന്ന സിനിമയാണ് ഗാനഗന്ധര്‍വ്വന്‍. ഗാനമേളകളില്‍ പാട്ട് പാടുന്ന കലാസദന്‍ ഉല്ലാസ് എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുന്നത്. സിനിമയെ കുറിച്ചുള്ള കൂടുതല്‍ വിശേഷങ്ങള്‍ വരുന്നതേയുള്ളു.


Click it and Unblock the Notifications