മേനകയും മോഹന്‍ലാലും വീണ്ടും ഒന്നിച്ചപ്പോള്‍! ചന്ദ്രികയില്‍ അലിഞ്ഞു ചന്ദ്രകാന്തമായി പഴയ താരജോഡികള്‍
എണ്‍പതുകളില്‍ തെന്നിന്ത്യന്‍ സിനിമാലോകത്ത് തിളങ്ങി നിന്ന താരങ്ങള്‍ ഒരുമിച്ച് ഒത്തുകൂടാറുണ്ട്. മുന്‍കാലങ്ങളിലെ പോലെ തന്നെ ഇക്കൊല്ലവും എല്ലാവരും ഒരുമിച്ചെത്തി. ഈ വര്‍ഷത്തെ ആഘോഷങ്ങള്‍ തെലുങ്ക് താരം ചിരഞ്ജീവിയുടെ വീട്ടില്‍ വെച്ചായിരുന്നു നടത്തിയത്. കറുപ്പും ഗോള്‍ഡന്‍ നിറവും ചേര്‍ന്ന തീം ആയിരുന്നു ഇക്കൊല്ലത്തെ വസ്ത്രത്തിന് വേണ്ടി താരങ്ങള്‍ ഏറ്റെടുത്തത്.
കഴിഞ്ഞ ദിവസം മുതല്‍ സോഷ്യല്‍ മീഡിയ നിറയെ 80' s Reunion എന്ന പേരില്‍ സംഘടിപ്പിക്കാറുള്ള ഗെറ്റ് ടുഗദറിന്റെ ചിത്രങ്ങളാണ്. അതിനൊപ്പം മോഹന്‍ലാലിന്റെ ഒരു വീഡിയോ കൂടി ഉണ്ടെന്നുള്ളതാണ് രസകരമായ കാര്യം. മോഹന്‍ലാല്‍ മാത്രമല്ല മുന്‍കാല നടി മേനകയും വീഡിയോയിലുണ്ട്.ഇരുവരും തമ്മില്‍ ചന്ദ്രികയില്‍ അലിയുന്ന ചന്ദ്രകാന്തം എന്ന് തുടങ്ങുന്ന പാട്ട് പാടി ഡാന്‍സ് കളിക്കുന്ന വീഡിയോ ആണ് വന്നിരിക്കുന്നത്.

മോഹന്‍ലാല്‍ ഫാന്‍സുകാര്‍ ഏറ്റെടുത്തിരിക്കുന്ന ഈ വീഡിയോ സമൂഹ മാധ്യമങ്ങളിലൂടെ അതിവേഗമാണ് വൈറലായത്. ഒരു കാലത്ത് മലയാള സിനിമാപ്രേമികളുടെ ഏറ്റവും പ്രിയപ്പെട്ട താരജോഡികളായിരുന്നു മോഹന്‍ലാലും മേനകയും. പൂച്ചക്കൊരു മൂക്കുത്തി, ദൂരൈ ദൂരൈ ഒരു കൂടു കൂട്ടാം, എങ്ങനെ നീ മറക്കും, എന്റെ മോഹങ്ങള്‍ പൂവണിഞ്ഞു എന്നിങ്ങനെ ഒട്ടനവധി സിനിമകളില്‍ ഇരുവരും നായിക നായകന്മാരായി അഭിനയിച്ചിരുന്നു.
പണ്ട് തകര്‍ത്തഭിനയിച്ച താരങ്ങളെ വീണ്ടും അതുപോലെ കാണാന്‍ കഴിഞ്ഞതിന്റെ സന്തോഷത്തിലാണ് ആരാധകര്‍. റീയൂണിയന്‍ ക്ലബ്ബില്‍ അമ്പത് അംഗങ്ങളാണുള്ളത്. 2009 ല്‍ ലിസിയും സുഹാസിനിയും ചേര്‍ന്നായിരുന്നു റീയൂണിയന്‍ എന്ന പരിപാടി ആരംഭിക്കുന്നത്. പത്ത് വര്‍ഷത്തോളമായി ഇത് തുടരുകയാണ്.


Click it and Unblock the Notifications