ഓണം റിലീസില്‍ ചരിത്രം ആവര്‍ത്തിക്കുന്നു! മോഹന്‍ലാലിനൊപ്പം നിവിനും പൃഥ്വിരാജുമടക്കമുള്ള യൂത്തന്മാര്‍
Recommended Video
2017 ലെ ഓണത്തിന് താരരാജാക്കന്മാരായ മോഹന്‍ലാലും മമ്മൂട്ടിയും മത്സരിച്ചത് യൂത്തന്മാരായ നിവിന്‍ പോളിയോടും പൃഥ്വിരാജിനോടുമായിരുന്നു. അക്കൊല്ലത്തെ ഓണത്തിന് മുന്‍നിര താരങ്ങളുടെ സിനിമകളെല്ലാം ഒന്നിച്ച് തിയറ്ററുകളിലേക്ക് എത്തി. തിയറ്ററുകളിലും ബോക്‌സോഫീസിലും എല്ലാവരും ഒന്നിനൊന്ന് മികച്ച പ്രകടനമായിരുന്നു കാഴ്ച വെച്ചിരുന്നത്.
വീണ്ടുമൊരു ഓണം വരുമ്പോള്‍ ചരിത്രം വീണ്ടും ആവര്‍ത്തിക്കാന്‍ പോവുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. സെപ്റ്റംബര്‍ പകുതിയോടെയാണ് ഇക്കൊല്ലത്തെ ഓണം. അതിന് മുന്നോടിയായി നിരവധി സിനിമകളാണ് ഇതിനകം റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സൂപ്പര്‍താരങ്ങള്‍ അണിനിരക്കുന്നതിനാല്‍ ബോക്‌സോഫീസില്‍ പൊടിപ്പൂരമായിരിക്കുമെന്നാണ് സൂചനകള്‍ ലഭിക്കുന്നത്.

മോഹന്‍ലാല്‍ ആരാധകര്‍ വലിയ പ്രതീക്ഷ നല്‍കി കാത്തിരിക്കുന്ന ചിത്രമാണ് ഇട്ടിമാണി മേഡ് ഇന്‍ ചൈന. നവാഗതരായ ജിബി, ജോജു എന്നിവര്‍ ചേര്‍ന്ന് തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന സിനിമ ഓണത്തിന് മുന്നോടിയായി സെപ്റ്റംബര്‍ ആറിനാണ് റിലീസ് തീരുമാനിച്ചിരിക്കുന്നത്. കോടികള്‍ വാരിക്കൂട്ടിയ ലൂസിഫറിന് ശേഷം മോഹന്‍ലാലിന്റേതായി വരാനിരിക്കുന്ന ചിത്രമാണിത്. റിലീസിന് വേണ്ടിയുള്ള മുന്നൊരുക്കങ്ങളെല്ലാം പൂര്‍ത്തിയായി കൊണ്ടിരിക്കുകയാണ്. ആശീര്‍വാദ് സിനിമയുടെ ബാനറില്‍ ആന്റണി പെരുമ്പാവൂരാണ് നിര്‍മാണം.

മിഖായേലിന് ശേഷം നിവിന്‍ പോളി നായകനായിട്ടെത്തുന്ന ചിത്രമാണ് ലവ് ആക്ഷന്‍ ഡ്രാമ. ധ്യാന്‍ ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം നടന്‍ അജു വര്‍ഗീസാണ് നിര്‍മ്മിക്കുന്നത്. ഇട്ടിമാണിയ്ക്ക് തൊട്ട് മുന്‍പ് സെപ്റ്റംബര്‍ അഞ്ചിന് ഈ ചിത്രം റിലീസ് ചെയ്യാന്‍ സാധ്യതയുള്ളതായിട്ടാണ് അറിയാന്‍ കഴിയുന്നത്.
ശ്രീനിവാസന്‍ തിരക്കഥ ഒരുക്കിയ ഹിറ്റ് സിനിമ വടക്കുനോക്കി യന്ത്രത്തിലെ തളത്തില്‍ ദിനേശന്‍, ശോഭ എന്നീ കഥാപാത്രങ്ങള്‍ വീണ്ടും അവതരിപ്പിക്കുകയാണ് ഈ ചിത്രത്തിലൂടെ. തെന്നിന്ത്യന്‍ ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് നായിക. ധ്യാന്‍ ശ്രീനിവാസനാണ് രചന നിര്‍വഹിച്ചിരിക്കുന്നതും. ശ്രീനിവാസന്‍, ദുര്‍ഗ കൃഷ്ണ, അജു വര്‍ഗീസ്, ബേസില്‍ ജോസഫ് എന്നിവരും സിനിമയിലുണ്ട്.

പൃഥ്വിരാജിന്റേതായി ബ്രദേഴ്‌സ് ഡേ ആണ് ഓണം റിലീസിന് വേണ്ടി പ്രഖ്യാപിച്ചിരിക്കുന്നത്. ഇട്ടിമാണിയ്‌ക്കൊപ്പം സെപ്റ്റംബര്‍ ആറിനായിരിക്കും ബ്രദേഴ്‌സ് ഡേ എത്തുന്നത്. കലാഭവന്‍ ഷാജോണ്‍ രചന നിര്‍വഹിച്ച് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കോമഡിയും ആക്ഷനും മുന്‍നിര്‍ത്തി ഒരുക്കുന്ന ഫാമിലി എന്റര്‍ടെയിനര്‍ മൂവിയാണ് ബ്രദേഴ്‌സ് ഡേ.
ഏറെ കാലത്തിന് ശേഷം പൃഥ്വിരാജ് കോമഡി ചിത്രത്തിന്റെ ഭാഗമാവുന്നു എന്ന പ്രത്യേകതയും ഇതിനുണ്ട്. ഐശ്വര്യ ലക്ഷ്മി, പ്രയാഗ മാര്‍ട്ടിന്‍, മിയ, ഐമ സെബാസ്റ്റ്യന്‍ എന്നിങ്ങനെ നാല് നായികമാരാണ് ചിത്രത്തിലുള്ളത്. മാജിക് ഫ്രെയിമിന്റെ ബാനറില്‍ ലിസ്റ്റില്‍ സ്റ്റീഫനാണ് ചിത്രം നിര്‍മ്മിക്കുന്നത്. വിജയരാഘവന്‍, കോട്ടയം നസീര്‍, ധര്‍മജന്‍ ബോള്‍ഗാട്ടി, തമിഴ് നടന്‍ പ്രസന്ന, തുടങ്ങി വമ്പന്‍ താരങ്ങളാണ് ചിത്രത്തിലുള്ളത്.

രജിഷ വിജയന്‍ കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രമാണ് ഫൈനല്‍സ്. ഓണം റിലീസായി സെപ്റ്റംബര്‍ 6 നാണ് ഫൈനല്‍സ് റിലീസ് ചെയ്യുന്നത്. സ്‌പോര്‍ട്‌സ് ഡ്രാമയായി ഒരുക്കുന്ന ചിത്രത്തില്‍ സൈക്ലിസ്റ്റായ ആലീസ് എന്ന കഥാപാത്രത്തെയാണ് രജിഷ അവതരിപ്പിക്കുന്നത്. പിആര്‍ അരുണ്‍ ആണ് സംവിധാനം. സുരാജ് വെഞ്ഞാറമൂട്, നിരഞ്ജന്‍ മണിയന്‍പിള്ള രാജു എന്നിവരാണ് മറ്റ് താരങ്ങള്‍.
ഇത്തവണ കുടുംബസമേതം കണ്ടാസ്വദിക്കാവുന്ന ഒരു സ്‌പോര്‍ട്‌സ് ചിത്രമാണിതെന്നാണ് അണിയറ പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്. മണിയന്‍പിള്ള രാജു പ്രൊഡക്ഷന്‍സ്, ഹെവന്‍ലി മൂവീസ് എന്നീ ബാനറുകളില്‍ നടന്‍ മണിയന്‍പിള്ള രാജുവും പി രാജീവും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്.

മമ്മൂട്ടിയുടെ സിനിമകളൊന്നും ഓണത്തിന് ഇല്ലെന്നാണ് ഇതുവരെ അറിയുന്നത്. അതേ സമയം രമേഷ് പിഷാരടിയുടെ സംവിധാനത്തിലെത്തുന്ന ഗാനഗന്ധര്‍വ്വന്‍ ഓണത്തിന് ശേഷം സെപ്റ്റംബര്‍ അവസാനത്തോടെ റിലീസ് ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. ഗാനമേള വേദികളില്‍ അടിപൊളി പാട്ട് പാടുന്ന കലാസധന്‍ ഉല്ലാസ് ആയിട്ടാണ് ചിത്രത്തില്‍ മമ്മൂട്ടി അഭിനയിക്കുന്നത്.
ഏറെ കാലത്തിന് ശേഷം മെഗാസ്റ്റാറിന്റെ കരിയറിലെ ഏറ്റവും വ്യത്യസ്തമായൊരു കഥാപാത്രവുമായിട്ടെത്തുന്ന ചിത്രമാണിത്. രമേഷ് പിഷാരടിയും ഹരി പി നായരും ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയത്. മൂന്ന് പുതുമുഖങ്ങളടക്കം നാല് നായികമാരാണ് ചിത്രത്തിലുള്ളത്.


Click it and Unblock the Notifications











