ദൃശ്യം 3 പ്രഖ്യാപിച്ച് മോഹൻലാൽ: ജീത്തു ജോസഫിനോട് പുതിയ ടീം കണ്ടെത്തണമെന്ന് സോഷ്യൽ മീഡിയ
മലയാള സിനിമയിൽ ഏറ്റവും ആഘോഷിക്കപ്പെട്ട സിനിമ പരമ്പര ഏതെന്ന് ചോദിച്ചാൽ ഒറ്റ മറുപടി ദൃശ്യം എന്നാണ്. 2013ൽ പുറത്തിയിറങ്ങിയ ആദ്യ ഭാഗം വലിയ വിജയമായതോടെ, നായകൻ മോഹൻലാലും സംവിധായകൻ ജീത്തു ജോസഫും, നിർമാതാവ് ആന്റണി പെരുമ്പാവൂരും, ദൃശ്യം 2മായി 2021ൽ മടങ്ങിയെത്തി. ഇന്നിതാ, ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന്റെ മൂന്നാം ഭാഗം ഔദ്യോഗികമായി പ്രഖ്യാപിച്ചിരിക്കുകയാണ് മൂവർ സംഘം. ദൃശ്യം 3 എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ചിത്രീകരണം ഒക്ടോബറിൽ ആരംഭിക്കുമെന്നാണ് മോഹൻലാൽ അടുത്തിടെ അറിയിച്ചത്.
ദൃശ്യം 3 സംവിധായകൻ ജീത്തുവിനോട് സോഷ്യൽ മീഡിയ പറയുന്നത്
ദൃശ്യം പരമ്പരയുടെ മടങ്ങിവരവ് ആഘോഷിക്കുകയാണ് നായകൻ മോഹൻലാലിന്റേയും, സംവിധായകൻ ജീത്തു ജോസഫിന്റെയും ആരാധകരിപ്പോൾ. ഔദ്യോഗിക പ്രഖ്യാപനം നടന്നതിൽ പിന്നെ, ചിത്രത്തെ കുറിച്ചുള്ള തങ്ങളുടെ പ്രതീക്ഷകൾ സോഷ്യൽ മീഡിയയിൽ പങ്കു വയ്ക്കുന്ന തിരക്കിലാണ് മലയാളം സിനിമ പ്രേമികൾ. എന്നാൽ, നിഷ്പക്ഷമായി സിനിമയെ കാണുന്ന ചില പ്രേക്ഷകർ സംവിധായകൻ ജീത്തു ജോസഫിനോട് പുതിയൊരു ആവശ്യം മുന്നോട്ടു വച്ചിരിക്കുകയാണ്.

ദൃശ്യം 2 ഒരു അതി ഗംഭീര ചിത്രമായിരുന്നുവെന്നും, അതിന്റെ തിരക്കഥയും, നടീ-നടന്മാരുടെ പ്രകടനങ്ങളും ഗംഭീരമായിരുന്നുവെന്നും സമ്മതിക്കുമ്പോഴും, ചില വിമർശനങ്ങൾ സിനിമ പ്രേമികൾ അന്ന് മുന്നോട്ടു വച്ചിരുന്നു. അതിൽ പ്രധാനമാണ് ചിത്രത്തിന്റെ സിനിമാട്ടോഗ്രഫിയും, സംഗീതവും. ദൃശ്യം ഒന്നാം ഭാഗം പറയത്തക്ക ടെക്നിക്കൽ പ്രശ്നങ്ങൾ ഇല്ലാത്ത ചിത്രമായിരുന്നുവെങ്കിലും, ദൃശ്യം 2 ആ കാര്യത്തിൽ നിരാശപ്പെടുത്തിയിരുന്നു എന്ന് സിനിമയെ ഇഷ്ടപ്പെടുന്ന പ്രേക്ഷകർ പറയുന്നു. പ്രത്യേകിച്ച്, രണ്ടാം ഭാഗത്തിന്റെ വിഷ്വലുകളും, പശ്ചാത്തല സംഗീതവും, തിരക്കഥയോടും പ്രകടനങ്ങളോടും നീതി പുലർത്തിയിരുന്നില്ല എന്നാണ് ഒരു വിഭാഗം പ്രേക്ഷകർ റെഡിറ്റിൽ അഭിപ്രായപ്പെടുന്നത്.

ദൃശ്യം 2 ഒ.ടി.ടി.യിൽ വന്ന ചിത്രമായാണ് കൊണ്ടാണോ അതിന്റെ വിഷ്വൽസ് ഇത്രയും കാലഹരണപ്പെട്ടതായി തോന്നുന്നതെന്നും ആരാധകർ ചോദിക്കുന്നു. ചിത്രത്തിന്റെ ദൃശ്യാവിഷ്‌കാരം ചിലയിടങ്ങളിൽ മലയാളം സീരിയലുകളെ ഓർമിപ്പിച്ചുവെന്നും അവർ പറയുന്നു. ദൃശ്യം മൂന്നാം ഭാഗം പുറത്തിറങ്ങുമ്പോൾ, കുറച്ചു കൂടി പുതുമ സിനിമാട്ടോഗ്രഫിയിലും സംഗീതത്തിലും കൊണ്ട് വരണമെന്നും, സാധിക്കുമെങ്കിൽ പുതിയൊരു ടെക്നിക്കൽ ടീമിനെ കണ്ടെത്തണം എന്നുമാണ് സംവിധായകൻ ജീത്തു ജോസഫിനോട് സോഷ്യൽ മീഡിയയിലെ സിനിമ പ്രേമികൾ ആവശ്യപ്പെട്ടിരിക്കുന്നത്.

സംവിധായകൻ ജീത്തു ജോസഫ് ഒരു അത്യുഗ്രൻ തിരക്കഥകൃത്താണ്, അദ്ധേഹത്തിന്റെ കഥ പറച്ചിൽ ശൈലിയും നല്ലതാണ് എന്നാണ് സോഷ്യൽ മീഡിയ വിലയിരുത്തുന്നത്. എന്നാൽ, ദൃശ്യ ഭാഷയിൽ ഉള്ള പുതുമക്കുറവ്, അദ്ധേഹത്തിന്റെ അടുത്തിടെയുള്ള ചിത്രങ്ങളുടെ ആസ്വാദനത്തെ ബാധിക്കുന്നു എന്നാണ് പ്രേക്ഷകരുടെ കണ്ടെത്തൽ. ദൃശ്യം 2 മാത്രമല്ല, 12ത് മാൻ, കൂമൻ, നേര്, തുടങ്ങി ജീത്തു ജോസഫിന്റെ പ്രശംസകൾ പിടിച്ചു പറ്റിയ ചിത്രങ്ങളിൽ എല്ലാം, നല്ല സംഗീതത്തിന്റെയും, സിനിമാട്ടോഗ്രഫിയുടെയും കുറവുണ്ട്. ഇത് ദൃശ്യം 3ൽ സംവിധായകൻ പരിഹരിക്കുമെന്നാണ് പ്രേക്ഷകരുടെ പ്രതീക്ഷ.
2013 ഡിസംബറിലാണ് ദൃശ്യം തീയറ്ററുകളിൽ എത്തിയത്. സ്വന്തം കുടുംബത്തിനായി ഏതറ്റം വരെയും പോകാൻ തയ്യാറായ നാലാം ക്ലാസ് പഠനം മാത്രം കഴിഞ്ഞ ജോര്‍ജ് കുട്ടിയായി മോഹൻലാൽ തകർത്ത് അഭിനയിച്ച ചിത്രം, മലയാള സിനിമയിലെ ഏറ്റവും മികച്ച ഫാമിലി ത്രില്ലറുകളിലൊന്നായി മാറി. മലയാളത്തിലും, മറ്റ് ഭാഷകളിലും രാജ്യങ്ങളിലും ഈ ചിത്രം റീമേക്ക് ചെയ്യപ്പെട്ടു. ഇന്ന്, ദൃശ്യം 3 മലയാളത്തിൽ ഒരുങ്ങുമ്പോൾ, ഒരേ സമയം ചിത്രത്തിന്റെ അജയ് ദേവ്ഗൺ നായകനായ ഹിന്ദി റീമേക്കിനും മൂന്നാം ഭാഗം ഒരുങ്ങുകയാണ്. രണ്ടു ചിത്രങ്ങളും ഏതാണ്ട് ഒരേ സമയം തീയറ്ററുകളിൽ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്.


Click it and Unblock the Notifications











