'ധന്യമാണ് എന്റെ ജന്മം, പ്രതിസന്ധിയിൽ എന്റെ പിള്ളേരുണ്ടെടാ'; നിന്ന നിൽപ്പിൽ ലാൽ എടുത്തത് 6000ത്തോളം ഫോട്ടോകൾ!
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിലും സോഷ്യൽമീഡിയയിലുമെല്ലാം നിറഞ്ഞ് നിൽക്കുന്നത് നടൻ മോഹൻലാലാണ്. നേര് സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് പ്രമോഷനും മറ്റുമായി അണിയറപ്രവർത്തകർക്കൊപ്പം മോഹൻലാലും സജീവമാണ്. ഡിസംബർ 21നാണ് നേര് തിയേറ്ററുകളിൽ എത്തുന്നത്. ദൃശ്യം സീരിസിന്റെ വൻ വിജയത്തിന് ശേഷം തിയേറ്ററുകളിൽ എത്തുന്ന മോഹൻലാൽ ചിത്രമെന്ന പ്രത്യേകതയും നേരിനുണ്ട്.
അതേസമയം മോഹൻലാലിന്റെ ഒരു മാസ് പ്രസംഗം സോഷ്യൽമീഡിയയിൽ വൈറലാവുകയാണ്. നെടുമ്പാശ്ശേരി സിയാൽ കൺവെൻഷൻ സെന്ററിൽ മോഹൻലാൽ ഫാൻസ് അസോസിയേഷൻ 25ആം വാർഷികാഘോഷത്തിൽ മോഹൻലാൽ നടത്തിയ പ്രസംഗമാണ് വൈറലാകുന്നത്. ഏത് പ്രതിസന്ധിയിലും തനിക്ക് വിളിച്ച് പറയാൻ തന്റെ പിള്ളേരുണ്ട് എന്നാണ് മോഹൻലാൽ ആരാധകരെ നോക്കി പറഞ്ഞത്.

കേരളത്തിൽ ഏറ്റവും കൂടുതൽ ലോയൽ ഫാൻസുള്ള സൂപ്പർ താരമാണ് മോഹൻലാൽ. ഫാൻസ് മീറ്റിൽ ഒറ്റ നിൽപ്പിൽ ആറായിരത്തിന് അടുത്ത് ഫോട്ടോകൾക്കാണ് മോഹൻലാൽ പോസ് ചെയ്തത്. പരിപാടിയിൽ പങ്കെടുക്കാൻ എത്തിയ എല്ലാ ആരാധകർക്കും മോഹൻലാലിനൊപ്പം ഫോട്ടോയെടുക്കാൻ അവസരം ലഭിച്ചു.
ഒരു മണിക്കൂറോളം വൈകിയാണ് മോഹൻലാൽ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്. ട്രാഫിക്ക് ബ്ലോക്കിൽ കുടുങ്ങിയതിനാലാണ് വൈകിയതെന്നും അതിനുള്ള ക്ഷമ ചോദിക്കുന്നുവെന്ന് പറഞ്ഞുമാണ് മോഹൻലാൽ സംസാരിച്ച് തുടങ്ങിയത്. 'ഞാനുണ്ട് ഏട്ടാ... കൂടെയന്ന് ആയിരം പേർ ഒരുമിച്ച് പറയുമ്പോൾ കിട്ടുന്ന സന്തോഷവും ആത്മവിശ്വാസവും ഒന്ന് വേറെ തന്നെയാണ്.'
'ഇന്ന് ഇവിടെ എന്റെ പ്രിയപ്പെട്ട കൂട്ടുകാരുടെ നടുവിൽ നിൽക്കുമ്പോൾ നിങ്ങൾ നൽകുന്ന സ്നേഹം ഹൃദയത്തിൽ നിറയുമ്പോൾ എത്ര ധന്യമാണ് എന്റെ ജന്മം എന്നാണ് എനിക്ക് തോന്നുന്നത്. നേരിൽ കാണുമ്പോൾ ഒരുമിച്ച് നിന്നൊരു ഫോട്ടോയിൽ കൂടുതലൊന്നും നിങ്ങൾ ആവശ്യപ്പെടാറില്ല. മതിലുകളിൽ പതിച്ച പോസ്റ്ററിനേക്കാൾ മനോഹരമാണ് നിങ്ങളുടെ മനസിൽ എനിക്കുള്ള സ്ഥാനം.'
'ഏത് പ്രതിസന്ധിയിലും എനിക്ക് വിളിച്ച് പറയാൻ സിനിമയിലെ തിരക്കഥയിലുള്ളതുപോലെ ഒരു വാചകം എന്റെ മനസിലുണ്ട് എനിക്ക് എന്റെ പിള്ളേരുണ്ടെടാ... 25 വർഷങ്ങൾക്ക് മുമ്പ് രാജാജി നഗറിലുള്ള കുറച്ചുപേർ മോഹൻലാൽ ഫാൻസ് അസോസിയേഷൻ തുടങ്ങുന്നത്. എന്റെ അറിവും സമ്മതവും ഇല്ലാതെയാണ് എന്റെ പേരിൽ കൂട്ടായ്മകൾ തുടങ്ങിയത്.'

'അന്ന് അതേ കുറിച്ച് അവരോട് ചോദിച്ചപ്പോൾ സ്നേഹിക്കാൻ എന്തിനാ ലാലേട്ടാ സമ്മതം എന്നാണ് അവർ തിരിച്ച് ചോദിച്ചത്. അന്ന് ഞാൻ വെച്ച ഒരു നിബന്ധന എന്റെ പേരിൽ മത്സരങ്ങൾ പാടില്ലെന്നത് മാത്രമാണ്. നമ്മുടെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് എന്റെ സിനിമാ യാത്രയില്‍ വലിയ സ്ഥാനമാണ് ഉള്ളത്. സംഘടന ഉദ്‍ഘാടനം ചെയ്‍തത് മമ്മൂട്ടിയാണ്.'
'നന്നായി പോകുന്നത് അദേഹത്തിന്റെ ഗുരുത്തമാണ്. ഒരുമിച്ച് നില്‍ക്കുമ്പോഴാണ് വളരാനാകുകയെന്നും', മോഹൻലാൽ കൂട്ടിച്ചേർത്തു. കുട്ടികൾ മുതൽ വയസായ അമ്മമാർ വരെ ഫാൻസ് മീറ്റിൽ പങ്കെടുക്കാൻ എത്തിയിരുന്നു. വക്കീല്‍ വേഷത്തിലാണ് മോഹൻലാല്‍ നേരിലെത്തുന്നത്. നേരിന്റെ മിക്സിങ് കഴിഞ്ഞുവെന്നും ചിത്രം റിലീസിന് പൂര്‍ണമായും തയ്യാറായിയെന്നും അണിയറപ്രവർത്തകർ അറിയിച്ചിരുന്നു.
ഡിസ്‍നി പ്ലസ് ഹോട്‍സ്റ്റാര്‍ ചിത്രത്തിന്റെ ഒടിടി റൈറ്റ്‍സ് നേടിയിരിക്കുകയാണ് എന്നും നേരിന്റെ റിലീസിന് ഒരു മാസത്തിന് ശേഷമാണ് ഓണ്‍ലൈനില്‍ പ്രദര്‍ശനത്തിനെത്താൻ സാധ്യത എന്നുമാണ് ഔദ്യോഗിക വൃത്തങ്ങള്‍ അറിയിക്കുന്നത്. നേരിന്റെ ഛായാഗ്രാഹണം സതീഷ് കുറുപ്പാണ് നിർവഹിച്ചിരിക്കുന്നത്. സംഗീതം വിഷ്‍ണു ശ്യാമാണ്.
നേരില്‍ മോഹൻലാല്‍ തിളങ്ങുമെന്ന് പ്രതീക്ഷിക്കുന്ന ആരാധകര്‍ കേരളത്തിന് പുറമെ വിദേശത്ത് റിയാദിലും ജിദ്ദയിലുമൊക്കെ ഫാൻസ് ഷോ ചാര്‍ട്ട് ചെയ്‍തിട്ടുണ്ട്. അവസാനം മോഹൻലാൽ അഭിനയിച്ച് തിയേറ്ററുകളിൽ എത്തിയ സിനിമ ജയിലറാണ്.


Click it and Unblock the Notifications