മോഹന്‍ലാലിന്റെ സിനിമ പത്തും പതിനഞ്ചും തവണ കാണുന്ന കട്ട ഫാന്‍! വൈറലായ കുറിപ്പിങ്ങനെ
ഇന്ത്യന്‍ സിനിമയിലെ സൂപ്പര്‍ താരങ്ങളില്‍ ഒരാളും മലയാള സിനിമയുടെ താരരാജാവുമാണ് മോഹന്‍ലാല്‍. നടന വിസ്മയം, കംപ്ലീറ്റ് ആക്ടര്‍ എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്ന മോഹന്‍ലാല്‍ ആണ് കേരള ബോക്‌സോഫീസിന്റെ രാജാവ്. പുലിമുരുകനിലൂടെ ആദ്യ നൂറ് കോടി ചിത്രം കേരളത്തിന് സമ്മാനിച്ചു. ലൂസിഫറിലൂടെ ആദ്യ 200 കോടി ചിത്രവും മോഹന്‍ലാലിന്റെ വകയായിരുന്നു.
ഇത് മാത്രമല്ല മോഹന്‍ലാലിന്റെ പേരില്‍ എഴുതി ചേര്‍ക്കപ്പെട്ട റെക്കോര്‍ഡുകള്‍ ഇതൊന്നുമല്ല. സ്വന്തം പേരിലുള്ള റെക്കോര്‍ഡുകളിലൂടെയല്ല അഭിനയം കൊണ്ടായിരുന്നു മോഹന്‍ലാല്‍ പ്രേക്ഷക ഹൃദയത്തിലേക്ക് എത്തുന്നത്. ലാലേട്ടന്‍ എന്ന് ആരാധകര്‍ വിളിക്കുന്ന മോഹന്‍ലാല്‍ തന്റെ ഫാന്‍സിനോടുള്ള സ്‌നേഹം പലപ്പോഴും വെളിപ്പെടുത്താറുണ്ട്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ കട്ട ഫാന്‍ ആയ നാരായണന്‍ എന്ന ആളെ കുറിച്ച് ഫാന്‍സ് ഗ്രൂപ്പുകളിലൂടെ വന്ന പോസ്റ്റ് വൈറലാവുകയാണ്.

ഇത് നാരായണേട്ടന്റെ കഥ... ഒരു കട്ട മോഹന്‍ലാല്‍ ഫാന്‍. ഒരുപാട് വര്‍ഷങ്ങള്‍ക്കു മുന്‍പ് മുതല്‍ മോഹന്‍ലാല്‍ സിനിമകള്‍ 4 മണിക്ക് എഴുന്നേറ്റ് പോയി തിയേറ്ററില്‍ ക്യൂ നിന്ന് ഫസ്റ്റ് ഡേ ഫസ്റ്റ് ഷോ കാണുന്ന നാരായണേട്ടന്‍ ഒരേ സിനിമ എട്ടും പത്തും തവണ കാണുകയും അതിലെ ഡയലോഗുകള്‍ കാണാപ്പാഠം പഠിച്ച് നാട്ടിലെ വൈകുന്നേരങ്ങളിലെ കളിസ്ഥലങ്ങളില്‍ കല്യാണ വീടുകളിലൊക്കെ ലാലേട്ടന് വേണ്ടി വാദിക്കുന്ന നാരായണേട്ടന്.

ഒരിക്കല്‍ നാടിന്റെ തൊട്ടടുത്ത് വടക്കും നാഥന്‍ സിനിമ ഷൂട്ടിംഗ് നടക്കുന്ന സമയത്ത് ഊണും ഉറക്കവും കളഞ്ഞ് പണിക്ക് പോലും പോവാതെ ഷൂട്ടിംഗ് സ്ഥലത്ത് ചുറ്റിപ്പറ്റി നടന്ന ലാലേട്ടന്‍ ഫാന്‍. മണ്‍കട്ട കെട്ടിയ അയാളുടെ വീട്ടില്‍ ഒരു കാലത്തെ ലാലേട്ടന്റെ മുഴുവന്‍ സിനിമകളുടെയും ഫോട്ടോകളും ഉണ്ടായിരുന്നു. അത്രയേറെ ലാലേട്ടനെ സ്‌നേഹിച്ച ആരാധിച്ച വ്യക്തി. അതുപോലെ ഒരു മമ്മൂട്ടി ഫാന്‍ രഘുവേട്ടനും അവിടുണ്ട്... ഏതൊരു ആഘോഷ ദിവസങ്ങളിലും നാട്ടുകാര്‍ അവരെ കളിയാക്കും.

മോഹന്‍ലാല്‍ സിനിമ പത്തും പതിനഞ്ചും തവണ കാണുന്നതിലല്ല കാര്യം, നീ വല്യ ലാലേട്ടന്‍ ഫാനല്ലേ, ലാലേട്ടന്റെ കൂടെ നിന്റെ ഒരു ഫോട്ടോയെങ്കിലുമുണ്ടോന്ന്. നാരായണേട്ടന്‍ പറഞ്ഞു ഒരിക്കല്‍ ഞാന്‍ ലാലേട്ടന്റെ കൂടെ ഫോട്ടോ എടുത്തിരിക്കുമെന്ന്. നിന്നെ കാണുമ്പോ ചേര്‍ന്ന് നിന്ന് ഫോട്ടോ എടുക്കാന്‍ ലാലേട്ടന് നിന്നെ എങ്ങനെ അറിയാം എന്ന് ചോദിച്ചവര്‍ക്കുള്ള മറുപടി ആണ് ഈ ഫോട്ടോ. അത്രയേറെ ലാലേട്ടനെ ആരാധിക്കുന്ന, ഫേസ്ബുക്കിലും വാട്‌സപ്പും ഇല്ലാത്ത, ഓരോ ലാലേട്ടന്‍ പടവും എത്ര തിരക്കുള്ള പണിയും ലീവാക്കി വെള്ളിയാഴ്ച ഫസ്റ്റ് ഷോ തന്നെ കണ്ടു വരുന്ന, നമ്മുടെ സ്വന്തം നാരായണേട്ടന്‍ ഇതാ സ്വന്തം ലാലേട്ടന്റെ കൂടെ.

നാരായണേട്ടന് ഈ ഫോട്ടോ ഒരു ചെറിയ കാര്യമല്ല. ആ പാവം മനുഷ്യന്റെ ഒരുപാട് കാലത്തെ പ്രതീക്ഷയുടെ സ്വപ്ന സാക്ഷാത്ക്കാരം കൂടിയാണ്.'നമ്മള്‍ക്ക് ഒന്നുമല്ലെന്ന് തോന്നുന്ന കാര്യങ്ങള്‍ മറ്റു പലര്‍ക്കും അവരുടെ ലക്ഷ്യങ്ങളായിരിക്കാം.' പൗലോ കൊയ്‌ലോ പറഞ്ഞ പോലെ നമ്മള്‍ തീവ്രമായി ആഗ്രഹിക്കുന്ന കാര്യത്തിനായി ഇറങ്ങിപ്പുറപ്പെട്ടാല്‍ ഈ പ്രപഞ്ചം പോലും നിങ്ങളോടൊപ്പമുണ്ടാവും. ആ സാധു മനുഷ്യന്റെ ആഗ്രഹ പൂര്‍ത്തീകരണത്തിന് സഹായിച്ച മുഴുവന്‍ ആള്‍ക്കാര്‍ക്കും പിന്നെ ചേര്‍ത്ത് നിര്‍ത്തി ഫോട്ടോക്ക് നിന്നു കൊടുത്ത ലാലേട്ടനും നാരായണേട്ടന്റെ പേരില്‍ നന്ദി അറിയിക്കുന്നു... എന്നുമാണ് മോഹന്‍ലാല്‍ ഫാന്‍സ് ക്ലബ്ബിന്റെ സോഷ്യല്‍ മീഡിയ പേജിലൂടെ പുറത്ത് വന്ന കുറിപ്പില്‍ പറഞ്ഞിരിക്കുന്നത്.


Click it and Unblock the Notifications