ചിലതൊക്കെ മറക്കാൻ ശ്രമിക്കുകയാണ്, ഇനി വേണ്ട; ശ്രീകുമാർ മേനോനോട് മോഹൻലാൽ ആരാധകർ
മലയാള സിനിമാ ലോകത്ത് ഏറ്റവും കൂടുതൽ ചർച്ചയായ സിനിമകളിൽ ഒന്നാണ് 2018 ൽ പുറത്തിറങ്ങിയ ഒടിയൻ. പല കാരണങ്ങളാൽ ഇന്നും ഈ സിനിമ പ്രേക്ഷകർ ഓർക്കുന്നു. മോഹൻലാലിന്റെ കരിയറിൽ ഏറ്റവും ഹൈപ്പ് കിട്ടിയ സിനിമകളിൽ ഒന്നാണ് ഒടിയൻ. എന്നാൽ നടന് ഏറെ ട്രോളുകൾ ലഭിച്ചതും ഒടിയനിലൂടെയാണ്. പരസ്യ ചിത്രങ്ങളിലൂടെ ശ്രദ്ധ നേടിയ വിഎ ശ്രീകുമാർ മേനോൻ ആദ്യമായി സംവിധാനം ചെയ്ത ഒടിയൻ റിലീസ് ചെയ്തിട്ട് കഴിഞ്ഞ ദിവസം ആറ് വർഷം പൂർത്തിയായി.
ചിത്രത്തിന്റെ ഓർമ പുതുക്കിക്കൊണ്ട് ശ്രീകുമാർ മേനോൻ സോഷ്യൽ മീഡിയയിൽ പോസ്റ്റ് പങ്കുവെച്ചിരുന്നു. മോഹൻലാൽ ആരാധകർ ഒടിയൻ റിലീസിനോട് അനുബന്ധിച്ച് സ്ഥാപിച്ച കൂറ്റൻ കട്ടൗട്ടിന്റെ ചിത്രമാണ് സംവിധായകൻ പങ്കുവെച്ചത്. ഒടിയന്റെ ആറ് വർഷം. ഇന്നും തകർക്കാനാകാത്ത റെക്കോഡുകളോടെ ഉയർന്ന് നിൽക്കുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും ഉയരമുള്ള കട്ട് ഔട്ട് (124 അടി) ആണിതെന്നും ശ്രീകുമാർ മേനോൻ പോസ്റ്റിൽ പറയുന്നു. മോഹൻലാൽ ഫാൻസ് തൃശൂർ യൂണിറ്റാണ് ഇത് സ്ഥാപിച്ചതെന്നും സംവിധായകൻ പോസ്റ്റിൽ കുറിച്ചിട്ടുണ്ട്.

പരിഹാസം നിറഞ്ഞ കമന്റുകളാണ് പോസ്റ്റിന് കൂടുതലും വന്നത്. 'ഒടിയൻ ട്രോളുകൾ' കൊണ്ട് കമന്റ് ബോക്സ് നിറഞ്ഞു. 'എന്നാലും സഹോദരാ, കുന്നോളമുണ്ട് സങ്കടം, അമ്മാതിരി തള്ളല്ലേ തള്ളിയത്', 'അന്ന് വെച്ച താടിയാണ്, അഞ്ച് കൊല്ലമായി കളയാൻ പറ്റിയിട്ടില്ല. എല്ലാം അണ്ണന്റെ അനുഗ്രഹം', 'ചിലതൊക്കെ ഞാൻ മറക്കാൻ ശ്രമിക്കുകയാ, 'ഇനി വേണ്ട', 'ഹർത്താൽ പോലും തോറ്റ നാൾ', 'താനൊരുത്തൻ കാരണമാണ് ലാലേട്ടനെ ഞങ്ങൾക്ക് നഷ്ടപ്പെട്ടത്' എന്നിങ്ങനെ നീളുന്നു കമന്റുകൾ.
അതേസമയം ഒടിയനെ പ്രശംസിച്ചും കമന്റുകളുണ്ട്. നല്ല സിനിമയായിരുന്നു, രണ്ടാം ഭാഗം വേണം എന്നാണ് ഇവരുടെ അഭിപ്രായം. കുപ്രചരണങ്ങളാണ് സിനിമയെ ബാധിച്ചതെന്നും ചിലർ വാദിക്കുന്നുണ്ട്. ഒടിയന് ശേഷം മറ്റൊരു സിനിമയും ശ്രീകുമാർ മേനോൻ സംവിധാനം ചെയ്തിട്ടില്ല. ഒടിയനിലെ കഥാപാത്രത്തിനായി മോഹൻലാൽ നടത്തിയ മേക്കോവറും പ്രേക്ഷകർക്ക് ഇഷ്ടപ്പെട്ടിരുന്നില്ല.

ചിത്രത്തിനായി നടൻ 18 കിലോ കുറച്ചിരുന്നു. മുഖത്ത് പ്രായക്കുറവ് തോന്നാൻ വേണ്ടി നടൻ മുഖത്ത് ബോടോക്സ് ഇഞ്ചക്ഷൻ എടുത്തു എന്നും അഭ്യൂഹങ്ങൾ വന്നു. എന്നാൽ താരം ഇതേക്കുറിച്ച് പ്രതികരിച്ചില്ല. മഞ്ജു വാര്യർ, പ്രകാശ് രാജ്, സന അൽത്താഫ്, കൈലാഷ് തുടങ്ങിയവരാണ് ഒടിയനിൽ മോഹൻലാലിനൊപ്പം പ്രധാന വേഷം ചെയ്തത്.
ഒടിയനെതിരെ ആസൂത്രിക സൈബർ ആക്രമണം നടക്കുന്നുണ്ടെന്ന് റിലീസിന് ശേഷം ശ്രീകുമാർ മേനോൻ ആരോപിച്ചിരുന്നു. മോശം റിവ്യൂകൾ വന്നെങ്കിലും ബോക്സ് ഓഫീസിൽ മികച്ച കലക്ഷൻ നേടാൻ ഒടിയന് സാധിച്ചിട്ടുണ്ട്. ആദ്യ ദിനം ഏഴ് കോടി രൂപയാണ് ഒടിയൻ കേരളത്തിൽ നിന്ന് നേടിയ കലക്ഷൻ. റെക്കോഡ് കലക്ഷനായിരുന്നു ഇത്. കെജിഎഫ് ചാപ്റ്റർ 2 ആണ് പിന്നീട് ഒടിയന്റെ റെക്കോഡ് തകർത്തത്.


Click it and Unblock the Notifications











