ശ്രീനിയെ നഷ്ടപ്പെടുന്നത് വലിയ സങ്കടം... ഒരുപാടുകാലം ഒപ്പമുണ്ടായിരുന്നതല്ലേ; സുഹൃത്തിന്റെ വേർപാടിൽ മോഹൻലാൽ
മലയാള സിനിമപ്രേമികൾക്ക് ഏറെ പ്രിയപ്പെട്ട ഒരു കലാകാരനെ കൂടി നഷ്ടമായിരിക്കുന്നു. ആരോഗ്യം വീണ്ടെടുത്ത് പുതിയ കഥകളുമായി ശ്രീനിവാസൻ തിരികെ എത്തുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് ഇടയിലേക്കാണ് കുറച്ച് മുമ്പ് അദ്ദേഹത്തിന്റെ മരണ വാർത്ത എത്തിയത്. കേരളത്തിന്റെ ജീവിത രാഷ്ട്രീയ കാലാവസ്ഥകളെ ആത്മ വിമർശനത്തിന്റെ നർമ്മ ഭാവത്തോടെ സിനിമയിൽ പകർത്തിയ പ്രതിഭാശാലിയായ സംവിധായകനും തിരക്കഥാകൃത്തും നടനുമായിരുന്നു ശ്രീനിവാസന്‍.
ആരോഗ്യപ്രശ്നങ്ങളെ തുടര്‍ന്ന് തൃപ്പൂണിത്തുറയിലെ താലൂക്ക് ആശുപത്രിയില്‍ ചികിത്സയിൽ കഴിയവെയാണ് മരണം സംഭവിച്ചത്. ശ്രീനിവാസന്റെ പേരിനോട് ചേർന്ന് എപ്പോഴും ഉയർന്ന് കേൾക്കുന്ന മറ്റൊരു പേരാണ് മോഹൻലാൽ എന്നത്. ഇരുവരുടേയും സൗഹൃദത്തിൽ പിറന്ന സിനിമകൾ ഇന്നും മലയാളികൾ കണ്ട് ആസ്വദിക്കുന്നവയാണ്.

ദാസനേയും വിജയനേയും സിനിമാപ്രേമികൾ ഒരിക്കലും മറക്കുകയില്ല. പ്രിയ സുഹൃത്തും സഹപ്രവർത്തകനുമായ ശ്രീനിവാസൻ വിട വാങ്ങിയെന്ന വാർത്ത ഒരു പിടിച്ചിലോടെയാണ് മോഹൻലാൽ ശ്രവിച്ചത്. ശ്രീനിയെ നഷ്ടപ്പെടുന്നത് വലിയ സങ്കടമാണെന്ന് മോഹൻലാൽ പറയുന്നു. മലയാളികൾക്കിടയിൽ മോഹൻലാലിന് ഇത്രത്തോളം ഒരു വരവേൽപ്പും സ്നേഹവും ലഭിച്ചതിന് പിന്നിലെ പ്രധാന കാരണം ശ്രീനിവാസൻ എഴുതിയ സിനിമകളും കഥാപാത്രങ്ങളുമാണ്.
ശ്രീനി കൂടുതൽ സമയം ചിലവഴിച്ചിരുന്നത് സത്യേട്ടനും പ്രിയേട്ടനുമെല്ലാം ഒപ്പമാണ്. നല്ലൊരു നടൻ എന്ന രീതിയിൽ അല്ല ഞങ്ങളുടെ ബന്ധം. ഒരുപാട് വൈകാരിക മുഹൂർത്തങ്ങളിലൂടെ കടന്ന് പോയിട്ടുണ്ട്. അദ്ദേഹത്തിന്റെ ജീവിതവുമായും കുടുംബവുമായും ഒരുപാട് ബന്ധമുണ്ട് എനിക്ക്. അതൊന്നും സിനിമ നടൻ എന്ന പേരിലല്ല.
ഒരുപാട് സർക്കാസ്റ്റിക്ക് സിനിമകളിൽ ഒരുമിച്ച് പ്രവർത്തിച്ചിട്ടുണ്ട്. കാണുമ്പോൾ തമാശ പടങ്ങളാണെങ്കിലും അവയ്ക്കെല്ലാം ഒരു ഉൾക്കാമ്പുണ്ടായിരുന്നു. സിനിമയേയും ജീവിതത്തേയും വളരെ വ്യത്യസ്തമായി കണ്ടയാളാണ്. ഞാനുമായി നല്ലൊരു സൗഹൃദം കാത്തുസൂക്ഷിക്കുന്നയാളാണ്. അദ്ദേഹത്തെ നഷ്ടപ്പെടുക എന്നത് വലിയ സങ്കടം തന്നെയാണ്. പക്ഷെ കുറേക്കാലമായി അദ്ദേഹത്തിന് ഒരുപാട് അസുഖങ്ങൾ ഉണ്ടായിരുന്നു.
അതിൽ നിന്നും മുക്തി നേടി വരുന്നതിന് ഇടയിലാണ് മരണം സംഭവിച്ചത്. എന്റെ അടുത്ത് മാത്രമല്ല എല്ലാവരോടും ഇണങ്ങിയും പിണങ്ങിയുമുള്ള സൗഹൃദമായിരുന്നു ശ്രീനിക്ക്. ഞങ്ങൾ എപ്പോഴും കാണുകയും സംസാരിക്കുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ കുട്ടികളുമായും ബന്ധമുണ്ടായിരുന്നു. വീട്ടിൽ വരാറുള്ളവരാണ്. ഇണക്കവും പിണക്കവും എല്ലാവർക്കും ഉള്ളതുപോലെ തന്നെയാണ്.

ഞാൻ ആരുമായും കൂടുതൽ പിണങ്ങാറില്ല. ശ്രീനിയുമായിട്ടും അങ്ങനെ തന്നെയായിരുന്നു. പിണക്കങ്ങൾ ജീവിതത്തിലെ ഭാഗ്യമാണ്. ഒരുപാട് വർഷത്തെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ആളല്ലേ. അദ്ദേഹം പോകുന്ന സമയത്ത് പല കാര്യങ്ങളും ഓർത്തെടുക്കാൻ ബുദ്ധിമുട്ടുണ്ട്. വളരെ അധികം സങ്കടമാണ്. അദ്ദേഹത്തിന്റെ ബാക്കി കാര്യങ്ങൾ എങ്ങനെയാണ് ചെയ്യേണ്ടത് എന്നത് അറിയാനുള്ള തിടുക്കത്തിലൂടെയാണ് ഞാൻ കടന്ന് പോകുന്നതെന്നും മോഹൻലാൽ പറഞ്ഞു.
അടുത്തിടെ ഹൃദയത്തിന്റെ സെറ്റിൽ മോഹൻലാലിനെ കാണാനായി ശ്രീനിവാസൻ എത്തിയിരുന്നു. അതിന് മുമ്പ് ഇരുവരും ഒരുമിച്ച് ഒരു വേദി പങ്കിട്ടത് മഴവിൽ മനോരമ എന്റർടെയ്ൻമെന്റ് അവാർഡ് നടന്നപ്പോഴാണ്. അന്ന് വേദിയിൽ വെച്ച് ലാൽ ശ്രീനിയെ ചുംബിക്കുന്ന രംഗങ്ങൾ വൈറലായിരുന്നു. ഏവരുടെയും മനസുനിറഞ്ഞ നിമിഷമായിരുന്നു അത്.
ശ്രീനിക്ക് അസുഖം എന്ന് ഞാൻ പറയില്ല. ശരീരത്തിന്‍റെ ഒരു പ്രത്യേക അവസ്ഥയിലേക്ക് കടന്ന് പോകുമ്പോള്‍ സങ്കടം വരുമെന്നും ആ സങ്കടത്തെ എന്ത് പേരിട്ട് വിളിക്കുമെന്ന് അറിയില്ലെന്നുമായിരുന്നു മോഹന്‍ലാല്‍ അന്ന് പ്രിയ സുഹൃത്തിന്റെ ആരോഗ്യസ്ഥിതിയെ കുറിച്ച് പറഞ്ഞത്. ദിലീപ്, പൃഥ്വിരാജ് സുകുമാരൻ, വിനയൻ, ഉർവശി, ബേസിൽ ജോസഫ്, കൃഷ്ണപ്രഭ, മാലാപാർവതി, ഷെയ്ൻ നിഗം, ടിനി ടോം തുടങ്ങി ചലച്ചിത്ര രംഗത്തെ നിരവധി പേർ പ്രിയ നടന് ആദരാഞ്ജലികൾ നേർന്ന് എത്തി.


Click it and Unblock the Notifications











