'ഇരുപതോളം സിനിമകളിൽ അഭിനയിച്ചെങ്കിലും ഫെയിം കിട്ടിയത് യോദ്ധയിലൂടെ, ബാലതാരമായതിന്റെ പ്രിവിലേജ് കിട്ടിയിരുന്നു'
ശശിധരൻ ആറാട്ടുവഴി എന്ന തിരക്കഥാകൃത്ത് മലയാള സിനിമയ്ക്ക് എക്കാലത്തേക്കും സമ്മാനിച്ച നിധിയാണ് യോദ്ധ സിനിമ. ഹാസ്യം കൈകാര്യം ചെയ്യുന്ന മലയാള നടൻമാരിൽ ഏറ്റവും മികച്ച രണ്ടാൾക്കാരുടെ കൊണ്ടും കൊടുത്തുമുള്ള പ്രകടനമാണ് യോദ്ധ സിനിമയെ മറ്റൊരു തലത്തിലേക്കുയർത്തിയത്. മോഹൻലാലും ജഗതി ശ്രീകുമാറും എന്നതിനപ്പുറം തൈപ്പറമ്പിൽ അശോകനും അരശുമ്മൂട്ടിൽ അപ്പുക്കുട്ടനും ഉണ്ണിക്കുട്ടനും ദമയന്തിയുമെല്ലാം ഇന്ന് മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട കഥാപാത്രങ്ങളാണ്.
മോഹൻലാലും ജഗതി ശ്രീകുമാറും തമ്മിലുള്ള കെമിസ്ട്രിയാണ് യോദ്ധയെ ഏറ്റവും പ്രിയപ്പെട്ടതാക്കുന്നത്. മത്സരിച്ചഭിനയിക്കുമ്പോഴും പലപ്പോഴും ജഗതിക്ക് മുമ്പിൽ വഴങ്ങി നിൽക്കുന്ന ലാലിനെ ഈ ചിത്രത്തിൽ കാണാം. മീന, ഒടുവിൽ ഉണ്ണികൃഷ്ണൻ, ഉർവശി, സുകുമാരി, മധുബാല, എം.എസ്.തൃപ്പുണിത്തുറ തുടങ്ങി സകല ആർട്ടിസ്റ്റുകളും നിറഞ്ഞാടിയ ചിത്രം കൂടിയാണ് യോദ്ധ.

ചിത്രം പുറത്തിറങ്ങിയ ശേഷം ഏറെ ശ്രദ്ധിക്കപ്പെട്ട മറ്റൊരു കഥാപാത്രമാണ് തൈപ്പറമ്പിൽ അശോകന്റെ പ്രിയപ്പെട്ട വിക്രു. ഇരുവരും തമ്മിലുള്ള ബന്ധവും യോദ്ധയിലെ ഹൃദ്യമായ ഭാഗങ്ങളിൽ ഒന്നാണ്. അക്കാലത്ത് സോഷ്യൽമീഡിയ ഉണ്ടായിരുന്നുവെങ്കിൽ അശോകനും അപ്പുക്കുട്ടനുമൊപ്പം വിക്രുവും ആഘോഷിക്കപ്പെട്ടേനെ. തിരുവനന്തപുരം സ്വദേശിയായ വിനീത് അനിലാണ് തൈപ്പറമ്പിൽ അശോകന്റെ വിക്രുവായി യോദ്ധയിൽ അഭിനയിച്ചത്.
നാല് വയസ് മുതൽ മലയാള സിനിമയിൽ അഭിനയിക്കാൻ തുടങ്ങിയതാണ് വിനീത് അനിൽ. പഠനത്തിനായി അഭിനയം ഉപേക്ഷിച്ചശേഷം അഭിനയത്തിലേക്ക് വിനീത് മടങ്ങി വന്നിട്ടില്ല. ഇപ്പോൾ താരം ക്യാമറയ്ക്ക് മുന്നിൽ അല്ല പിന്നിലാണ് പ്രവർത്തിക്കുന്നത്. യോദ്ധ റിലീസ് ചെയ്ത് 32 വർഷം പിന്നിടുമ്പോൾ അനുഭവങ്ങൾ പങ്കിടുകയാണ് വിക്രുവായി യോദ്ധയിൽ വിസ്മയിപ്പിച്ച വിനീത് അനിൽ.
'ബാലതാരമായി 13 വർഷം സിനിമയിലുണ്ടായിരുന്നു. തനിയാവർത്തനം, കൺകെട്ട്, വാസ്തുഹാര തുടങ്ങി നിരവധി സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്. അച്ഛൻ ഫിലിം ഡിസ്ട്രിബ്യൂട്ടറായിരുന്നു. ജൂബിലി എന്ന കമ്പനിയുടെ മാനേജറുമായിരുന്നു. അങ്ങനെയാണ് സിനിമയിലേക്ക് എത്തിയത്. സിനിമയിൽ തുടരാൻ താൽപര്യമുണ്ടായിരുന്നെങ്കിലും വീണ്ടുകാരുടെ നിർബന്ധത്തിന് വഴങ്ങിയാണ് അഭിനയം നിർത്തിയത്. പഠിച്ചുകൊണ്ടിരുന്ന സമയമായിരുന്നതിനാൽ അഭിനയം പഠനത്തെ ബാധിക്കാതിരിക്കാനായിരുന്നു സിനിമയിൽ നിന്നും പിന്മാറിയത്.'
'അഭിനയ രംഗത്ത് നിന്ന് പിന്മാറിയെങ്കിലും പഠനം പൂർത്തിയാക്കിയ ശേഷം ഇരുപത്തിരണ്ടാം വയസിൽ സീരിയലിലൂടെ സഹസംവിധായകനായി തിരിച്ചെത്തി. എന്നാൽ അധികകാലം തുടർന്നില്ല. മറ്റ് ജോലികൾ തേടി വിദേശത്തേക്ക് പോകേണ്ടി വന്നു. പിന്നീട് ചെറിയ ഇടവേളയ്ക്കുശേഷം സിനിമാ മോഹവുമായി വിദേശത്ത് നിന്ന് മടങ്ങി വരികയും 2017ൽ കവിയുടെ ഒസ്യത്ത് എന്ന സിനിമ സംവിധാനം ചെയ്തുകൊണ്ട് വീണ്ടും വെള്ളിത്തിരയിൽ സജീവമാകുകയുമായിരുന്നു.'

'ക്യാമറയ്ക്ക് മുന്നിലില്ലെങ്കിലും ചീഫ് അസോസിയേറ്റ്, അസോസിയേറ്റ് ഡയറക്ടർ തുടങ്ങിയ റോളുകളിൽ ഇപ്പോഴും സിനിമയിൽ തന്നെയുണ്ട്. ഇരുപതിലധികം ചിത്രങ്ങളിൽ പ്രമുഖ താരങ്ങൾക്കൊപ്പം അഭിനയിച്ചെങ്കിലും ലാലേട്ടനോടൊപ്പം ചെയ്ത യോദ്ധയിലെ വിക്രുവെന്ന ക്യാരക്ടറാണ് പ്രേക്ഷകർ ഏറ്റെടുത്തത്.'
'യോദ്ധയുടെ സെറ്റ് ജീവിതത്തിലെ നല്ല അനുഭവമായിരുന്നു. ലാലേട്ടൻ, ജഗതി ശ്രീകുമാർ കോംബോ അത്ര അടിപൊളിയായിരുന്നു. അത് നേരിട്ട് കാണാൻ സാധിച്ചു. ഇന്ന് വളരെ കോമണായി ആളുകൾ പറയുന്ന ആ സിനിമയിലെ തഗ്ഗ് ഡയലോഗുകൾ സക്രിപ്റ്റിൽ ഉണ്ടായിരുന്നതുപോലും ആയിരുന്നില്ല. പലതും ലാലേട്ടനും ജഗതി അങ്കിളും ആ സമയത്ത് കയ്യിൽ നിന്നിട്ടതാണ്.'
'കോംബിനേഷൻ സീനുകൾ ചെയ്യുമ്പോൾ എങ്ങനെയാണ് ഒരോ ഡയലോഗും പറയേണ്ടതെന്നും ആക്ഷനുകൾ കാണിക്കേണ്ടതെന്നും ലാലേട്ടൻ പറഞ്ഞു തരുമായിരുന്നു. അവർക്കൊപ്പം അഭിനയിക്കുമ്പോൾ നമ്മൾ തന്നെ അറിയാതെ ചിരിച്ചുപോകും. ചിരി അടക്കാൻ പറ്റാത്ത അവസ്ഥയായിരുന്നു പല സന്ദർഭങ്ങളിലും. അഭിനയിക്കുമ്പോൾ ലാലേട്ടൻ വളരെ ഹെൽപ്പ്ഫുള്ളാണ്. റിയാക്ഷൻ ഇടേണ്ടത് പറഞ്ഞ് തന്നിരുന്നത് ലാലേട്ടനാണ്.'
'നാലാമത്തെ വയസിലാണ് സിനിമയിലേക്ക് വരുന്നത്. തനിയാവർത്തനമായിരുന്നു ആദ്യ സിനിമ. പിന്നെ സിബി സാറിന്റെ തന്നെ എഴുതാപ്പുറങ്ങൾ എന്ന സിനിമ ചെയ്തിട്ടുണ്ടായിരുന്നു. സുരേഷ് ഗോപി സാറിന്റെയും ശ്രീനിവാസൻ സാറിന്റെയും കൂടെയൊക്കെ അഭിനയിച്ചു. വാസ്തുഹാരയിൽ ലാലേട്ടന്റെ കുട്ടിക്കാലം ചെയ്തതും ഞാനായിരുന്നു. അഭിനയിക്കാൻ പോകുന്നതുകൊണ്ട് സ്കൂളിന് ഞാൻ അഭിമാനം പോലെയായിരുന്നു.'
'അതിന്റെ പ്രിവിലേജും കിട്ടിയിരുന്നു. അഭിനയിത്തിലേക്ക് തിരിച്ച് വരുന്നതിനോട് താൽപര്യമുണ്ട്. അതിനേക്കാളുപരി സിനിമാ ഫീൽഡിൽ തന്നെ തുടരുക എന്നതാണ് ആഗ്രഹം. സംവിധാനമാണ് കൂടുതൽ താൽപര്യം. പ്രൊഡക്ഷൻ ഹൗസ് തുടങ്ങാനും താൽപര്യമുണ്ടെന്നാണ്', വിനീത് അനിൽ മനോരമ ഓൺലൈനിന് നൽകിയ അഭിമുഖത്തിൽ വിശേഷങ്ങൾ പങ്കിട്ട് പറഞ്ഞത്.


Click it and Unblock the Notifications