അമ്മയെ സുഖപ്പെടുത്തിയവർ, പരിഹാസങ്ങൾ വകവെക്കുന്നില്ല; അമൃതാനന്ദമയിയുമായി 52 വർഷത്തെ ബന്ധമെന്ന് മോഹൻലാൽ
മാതാ അമൃതാനന്ദമയി ഭക്തനാണ് മോഹൻലാൽ. ആൾ ദൈവം എന്ന രീതിയിലാണ് കേരളത്തിലെ ഒരു വിഭാഗം ആളുകൾ മാതാ അമൃതാനന്ദമയിയെ കാണുന്നത്. അതുകൊണ്ട് തന്നെ മോഹൻലാലിനെപ്പോലൊരു പ്രശസ്ത വ്യക്തി മാതാ അമൃതാനന്ദമയിയെ ആരാധിക്കുന്നതിനോട് ഒരു വിഭാഗം ആളുകൾക്ക് എതിർപ്പുണ്ട്. എന്നാൽ വ്യക്തി ജീവിതത്തിലെ ഇഷ്ടാനിഷ്ടങ്ങൾക്ക് മുൻതൂക്കം കൊടുക്കുന്ന നടൻ അമൃതാനന്ദമയിയുമായി ബന്ധപ്പെടുത്തിയുള്ള വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും മുഖം കൊടുക്കാറില്ല.
രണ്ട് വർഷം മുമ്പ് അമൃതാനന്ദമയിയുടെ സപ്തതി ആഘോഷത്തില്‍ പങ്കെടുത്ത് അനുഗ്രഹം തേടിയ മോഹന്‍ലാലിന്റെ വീഡിയോ വൈറലായിരുന്നു. ഇപ്പോഴിതാ അമൃതാനന്ദമയിയുടെ ഉടമസ്ഥതയിലുള്ള അമൃത ആശുപത്രിയിലെ ഒരു ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കവെ മോഹൻലാൽ പറഞ്ഞ വാക്കുകളാണ് വൈറലാകുന്നത്.

തളർന്നുപോയ തന്റെ അമ്മ ഇന്ന് സംസാരിക്കുന്നതിന് കാരണം അമൃത ആശുപത്രിയിലെ ചികിത്സയും അമൃതാനന്ദമയിയുടെ അനുഗ്രഹവുമാണെന്ന് നടൻ പറയുന്നു. ഓം അമൃതേശ്വരിയെ നമഃ എന്ന് ഉച്ചരിച്ചുകൊണ്ടാണ് മോഹൻലാൽ സംസാരിച്ച് തുടങ്ങിയത്.
വർഷങ്ങളായി മലയാളികൾക്ക് സാന്ത്വന താങ്ങായി നിലനിൽക്കുന്ന അമൃത ആശുപത്രിയിലെ ന്യൂറോളജി ഡിപ്പാർട്ട്മെന്റ് രജത ജൂബിലി ആഘോഷിക്കുന്ന ഈ അവസരത്തിൽ ഇവിട എത്താനും എല്ലാവരോടും രണ്ട് വാക്ക് സംസാരിക്കാനും സാധിച്ചത് ഭാഗ്യമായി കാണുന്നു. എന്നെ സംബന്ധിച്ചിടത്തോളം ഈ ചടങ്ങിൽ പങ്കെടുക്കുക എന്നത് നിയോഗം എന്നതിനേക്കാൾ കർത്തവ്യമായി കണക്കാക്കുന്നു.
കാരണം എന്റെ അമ്മ കഴിഞ്ഞ പതിമൂന്ന് വർഷങ്ങളായി വാക്കുകളിലൂടെയും അല്ലാതെയും ഞങ്ങളോടെല്ലാം സംസാരിക്കും വിധം ഞങ്ങൾക്ക് കാണാനും സന്തോഷങ്ങൾ പങ്കിടാനുമാക്കി തന്നത് ഈ ആശുപത്രിയിലെ ന്യൂറോ വിഭാഗത്തിലെ വിദഗ്ധരായ ഡോക്ടർമാരുടേയും ആരോഗ്യസേവകരുടേയും മറ്റ് പ്രവർത്തകരുടേയും ആത്മാർപ്പണത്തോടെയുള്ള പിന്തുണകൊണ്ട് മാത്രമാണ്. അമ്മയെ ഇവിടെ പ്രവേശിപ്പിച്ചിരുന്ന നാളുകളിൽ ഈ ആശുപത്രി എനിക്ക് എന്റെ വീട് തന്നെയായിരുന്നു.
അമ്മയുടെ മുറിയുടെ തൊട്ട് അടുത്ത് തന്നെയായിരുന്നു എന്റെ താമസം. ഇന്ന് ഞാൻ ഫോൺ ചെയ്യുമ്പോൾ മറുതലയ്ക്കൽ അമ്മയുടെ ശബ്ദം കേൾക്കാനും തിരക്കിനിടയിൽ നിന്നും ഓടി വരുമ്പോൾ ആ വാത്സല്യം അനുഭവിക്കാനും കഴിയുന്നത് മാതാ അമൃതാനന്ദമയി ദേവി അമ്മയുടെ കൃപയും ഇവിടുത്തെ സ്നേഹ പരിചരണവും കൊണ്ടാണെന്നുള്ളതിൽ എനിക്ക് മറ്റൊരു അഭിപ്രായമില്ല.

അമ്പത്തിരണ്ട് വർഷങ്ങൾക്ക് മുമ്പ് എന്റെ അമ്മാവനോടൊപ്പം വള്ളിക്കാവിൽ അമ്മയെ കാണാൻ എത്തിയവനാണ് ഞാൻ. അമ്പത്തിരണ്ട് വർഷങ്ങൾ എന്ന് പറഞ്ഞാൽ വലിയ വർഷമാണ്. ഇന്ന് ഈ വേദിയിൽ അതിഥിയായി നിൽക്കുന്നത് അമ്മയുടെ അനുഗ്രഹമായി ഞാൻ കാണുന്നു.
അമ്മയുടെ ദീർഘ വീക്ഷണത്തിൽ പിറന്ന് കേരളത്തിന്റെ അഭിമാനമായി മാറിയ ലോക നിലവാരത്തിലുള്ള ഈ ആശുപത്രിയും ന്യൂറോ വിഭാഗവും ഇനിയും ആതുരസേവന ശുശ്രൂഷ രംഗത്ത് അമ്മയുടെ ഇച്ഛയും അനുഗ്രഹവും പോലെ തന്നെ വളർന്ന് പടർന്ന് പന്തലിക്കട്ടേയെന്നും ആയിരക്കണക്കിന് ആളുകൾക്ക് ആശ്രയവും ആശ്വാസവും ആകട്ടെയെന്നും ആശംസിക്കുന്നു എന്നാണ് മോഹൻലാൽ പറഞ്ഞത്. നടനെ കുറിച്ച് സംസാരിക്കുമ്പോൾ അമൃതാനന്ദമയിയും വാചാലയാകാറുണ്ട്. ലാലു മോൻ എന്നാണ് നടനെ വിശേഷിപ്പിക്കാറുള്ളത്.
ക്ലേശ സമയങ്ങളിൽ മോഹൻലാൽ ആദ്യം ആശ്രയം വെക്കുന്നത് അമൃതാനന്ദമയിയിലാണ്. അക്കാര്യം താരം തന്നെ പലപ്പോഴും വെളിപ്പെടുത്തിയിട്ടുമുണ്ട്. അമ്മയിലേക്ക് കൂടുതൽ കൂടുതൽ അടുപ്പിക്കുന്നത് എന്റെ അനുഭവങ്ങളാണ്. അതിൽ പലതും അദ്ഭുതങ്ങളാണ്. അത് ഞാൻ ഇന്നുവരെ ആരുമായും പങ്കുവെച്ചിട്ടില്ലെന്നാണ് മുമ്പൊരിക്കൽ മോഹൻലാൽ പറഞ്ഞത്. അമ്മയ്ക്ക് അസുഖം മൂർച്ഛിക്കുമ്പോൾ മോഹൻലാൽ ആദ്യം ആശ്രയിക്കുന്നത് അമൃതാനന്ദമയിയേയും അമൃത ആശുപത്രിയയുമാണ്. കഴിഞ്ഞ കുറച്ച് വർഷങ്ങളായി നടന്റെ അമ്മ ശാന്തകുമാരി ആരോഗ്യപരമായ അവശതകൾ മൂലം വീൽചെയറിലാണ്.


Click it and Unblock the Notifications