സുരേഷ് ഗോപിയ്‌ക്കൊപ്പം മോഹന്‍ലാലും മമ്മൂട്ടിയും; ഒടുവില്‍ സൂപ്പര്‍താരങ്ങള്‍ ഒരുമിച്ചെത്തിയ നിമിഷമിങ്ങനെ
മലയാള സിനിമയിലെ സൂപ്പര്‍സ്റ്റാറുകള്‍ എന്ന് പറയുമ്പോള്‍ അത് മോഹന്‍ലാലും മമ്മൂട്ടിയും സുരേഷ് ഗോപിയുമാണ്. ഏകദേശം ഒരേ കാലഘട്ടത്തില്‍ നായകന്മാരായി തിളങ്ങി നിന്ന മൂന്ന് പേരും ഒരുമിച്ച് അഭിനയിച്ച നിരവധി സിനിമകളുണ്ട്. എന്നാല്‍ സുരേഷ് ഗോപി മാത്രം കൂട്ടത്തില്‍ നിന്നും മാറി ചെറിയ ഇടവേളകള്‍ എടുത്തിരുന്നു.
ഇപ്പോഴിതാ സിനിമയിലേക്ക് സജീവമായി തിരിച്ചെത്തിയ താരം ഇന്ന് ജന്മദിനം ആഘോഷിക്കുകയാണ്. 1958 ജൂണ്‍ ഇരുപത്തിയാറിന് ജനിച്ച സുരേഷ് ഗോപി തന്റെ അറുപത്തിനാലാം ജന്മദിനമാണ് ഇന്ന് ആഘോഷിക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെ താരരാജാക്കന്മാരും ആശംസകളുമായി എത്തിയിരുന്നു. ഇതിനൊപ്പം മറ്റൊരു സന്തോഷ നിമിഷത്തിലെ ഫോട്ടോയാണ് സുരേഷ് ഗോപി പോസ്റ്റ് ചെയ്തിരിക്കുന്നത്.

സുരേഷ് ഗോപിയ്ക്ക് ജന്മദിന സന്ദേശവുമായി മോഹന്‍ലാലും മമ്മൂട്ടിയും എത്തിയിരുന്നു. സോഷ്യല്‍ മീഡിയയിലൂടെ സുരേഷിനൊപ്പമുള്ള ഫോട്ടോ പങ്കുവെച്ചാണ് ഇരുവരും ആശംസ അറിയിച്ചത്. എന്നാല്‍ അമ്മയുടെ വാര്‍ഷിക പൊതുയോഗത്തിന് എത്തിയ ഫോട്ടോയുമായിട്ടാണ് സുരേഷ് ഗോപി ഇപ്പോള്‍ വന്നിരിക്കുന്നത്. മൂന്ന് പേരും ഒരുമിച്ച് നില്‍ക്കുന്ന ഫോട്ടോയാണ് താരം പങ്കുവെച്ചത്. ഒപ്പം മൂന്ന് ലവ് ചിഹ്നം കൂടി ക്യാപ്ഷനില്‍ കൊടുത്തു.

അതേ സമയം അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ സുരേഷ് ഗോപിയുടെ പിറന്നാളും ആഘോഷിച്ചു. ഇതിന്റെ ഫോട്ടോസും വീഡിയോസും സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുകയും ചെയ്തു. ഇത്തവണ കുടുംബസമേതമാണ് സുരേഷ് ഗോപി യോഗത്തിന് എത്തിയതെന്ന പ്രത്യേകതയുമുണ്ട്. ഭാര്യ രാധികയും മകന്‍ ഗോകുല്‍ സുരേഷും മകളും താരത്തിനൊപ്പം ഉണ്ടായിരുന്നു.

മമ്മൂട്ടി, മോഹന്‍ലാല്‍, റഹ്മാന്‍ തുടങ്ങി പ്രമുഖ താരങ്ങള്‍ക്കൊപ്പം വേദിയില്‍ വെച്ച് കേക്ക് മുറിച്ച സുരേഷ് ഗോപിയ്ക്ക് ആദ്യം കേക്ക് കൊടുത്തത് മമ്മൂട്ടിയാണ്. രണ്ടാമത് മോഹന്‍ലാലും പിന്നീട് മറ്റ് താരങ്ങളുമൊക്കെ മധുരം കൈ മാറി. വര്‍ഷങ്ങള്‍ക്ക് മുന്‍പേ അമ്മ സംഘടനയില്‍ നിന്നും മാറി നിന്ന സുരേഷ് ഗോപിയുടെ തിരിച്ച് വരവാണിത്. 1997 ന് ശേഷം അമ്മയുടെ പരിപാടികളിലൊന്നും സുരേഷ് ഗോപി പങ്കെടുത്തിരുന്നില്ല.
ആ വര്‍ഷം ഗള്‍ഫില്‍ വെച്ച് നടത്തിയ അമ്മയുടെ പരിപാടിയിലുണ്ടായ തര്‍ക്കത്തെ തുടര്‍ന്നാണ് സുരേഷ് ഗോപി സംഘടനയില്‍ നിന്നും മാറി നിന്നത്. പല തവണ സംഘടനയുമായിട്ടുള്ള വിയോജിപ്പ് താരം പറയുകയും ചെയ്തിരുന്നു. അങ്ങനെ വര്‍ഷങ്ങളോളം നീണ്ട ഗ്യാപ്പിന് ശേഷം സുരേഷ് ഗോപിയും അമ്മയിലേക്ക് തിരിച്ചെത്തി.

എന്റെ ജീവിതത്തിലെ ഏറ്റവും അവിസ്മരണീയമായ ക്ലിക്ക് എന്ന് പറഞ്ഞ് നടന്‍ ടിനി ടോമും അമ്മയില്‍ നിന്നുള്ള ഫോട്ടോ പങ്കുവെച്ചിരുന്നു. നടന്മാരായ മോഹന്‍ലാലും സുരേഷ് ഗോപിയും റഹ്മാനും മമ്മൂട്ടിയുമൊക്കെ ഒരുമിച്ചിരുന്ന് സംസാരിക്കുമ്പോഴുള്ള ഫോട്ടോയാണ് ടിനി പങ്കുവെച്ചത്. വീണ്ടും താരങ്ങളെ ഒരുമിച്ച് കണ്ടതിന്റെ സന്തോഷം മലയാള സിനിമാപ്രേമികളും പങ്കുവെക്കുകയാണ്.


Click it and Unblock the Notifications